Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202120Sunday

സൈബർ ഇടത്തിലെ ആവശ്യം വനിതാ മുഖ്യമന്ത്രിയായി കെ കെ ശൈലജ വേണമെന്ന്; മട്ടന്നൂരെ സാധാരണക്കാർ ചോദിക്കുന്നത് ഉപമുഖ്യമന്ത്രി എങ്കിലും ആക്കുമോയെന്നും; റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിച്ച ആരോഗ്യമന്ത്രിയുടെ പ്രശസ്തി സുഖിക്കാതെ പാർട്ടിക്കുള്ളിലെ ചില നേതാക്കളും; പുരുഷാധിപത്യത്തിന്റെ ഇരയായി ശൈലജയും മാറുമോ?

സൈബർ ഇടത്തിലെ ആവശ്യം വനിതാ മുഖ്യമന്ത്രിയായി കെ കെ ശൈലജ വേണമെന്ന്; മട്ടന്നൂരെ സാധാരണക്കാർ ചോദിക്കുന്നത് ഉപമുഖ്യമന്ത്രി എങ്കിലും ആക്കുമോയെന്നും; റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിച്ച ആരോഗ്യമന്ത്രിയുടെ പ്രശസ്തി സുഖിക്കാതെ പാർട്ടിക്കുള്ളിലെ ചില നേതാക്കളും; പുരുഷാധിപത്യത്തിന്റെ ഇരയായി ശൈലജയും മാറുമോ?

അനീഷ് കുമാർ

കണ്ണൂർ: കെ ആർ ഗൗരിയമ്മയിലൂടെ കേരളത്തിന് നഷ്ടമായ വനിതാ മുഖ്യമന്ത്രി സ്ഥാനം കെ കെ ശൈലജയിലൂടെ ലഭിക്കുമോ? വ്യക്തമായ ഭൂരിപക്ഷത്തോടെ എൽഡിഎഫ്് അധികാരത്തിൽ എത്തിയപ്പോൾ മുതൽ സൈബർ ഇടത്തിൽ ഉയർന്ന ചോദ്യം ഇതായിരുന്നു. സൈബർ ഇടത്തിൽ കെ കെ ശൈലജയെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവുമായി ചിലർ രംഗത്തുവരികയും ചെയ്തു. എന്നാൽ, ഇതൊന്നും സിപിഎം കേട്ടിട്ടില്ല. അവർ അതൊക്കെ കണ്ടില്ലെന്ന് നടിച്ച് മുന്നോട്ടു പോകുകയാണ്.

സൈബർ ഇടത്തിൽ മുഖ്യമന്ത്രിയായി കെ കെ ശൈലജയെ നിയമിക്കുമോ എന്ന ചോദ്യം ഉയരുമ്പോൾ നാട്ടുകാർ ചോദിക്കുന്നത് ഉപമുഖ്യമന്ത്രിയെങ്കിലും ആക്കുമോയെന്നാണ്. സംസ്ഥാനത്തിന്റെ ആദ്യ വനിതാ ഉപമുഖ്യമന്ത്രിയായി മന്ത്രി കെ.കെ.ശൈലജയെ നിയോഗിക്കണമെന്ന ആവശ്യവുമായി മട്ടന്നുരിലെ വോട്ടർമാരും സിപിഎം പ്രാദേശിക നേതൃത്വവും രംഗത്തുവന്നു. എന്നാൽ, ശൈലജക്കു ലഭിക്കുന്ന ഈ പ്രശസ്തി ദഹിക്കാത്തവർ അവരെ മന്ത്രിസഭയിൽ നിന്നും മാറ്റിനിർത്താനുള്ള ശ്രമങ്ങളും ഇതിനോടകം നടത്തിയിട്ടുണ്ട്.

സംസ്ഥാനത്തെ തന്നെ 140 മണ്ഡലങ്ങളിൽ റെക്കോർഡ് ഭൂരിപക്ഷമാണ് മന്ത്രി കെ.കെ.ശൈലജയ്ക്ക് ജന്മനാടായ മണ്ഡലം ഇക്കുറി നൽകിയത്. കണ്ണൂർ ജില്ലയിൽ നിന്നും മത്സരിച്ച മുഖ്യമന്ത്രിയടക്കമുള്ള പലസ്ഥാനാർത്ഥികളും ശൈലജയുടെ അടുത്ത് പോലുമെത്തിയില്ല. ജനപ്രീതിയുടെ കാര്യത്തിൽ കേരളത്തിൽ നമ്പർ വണ്ണായ ടീച്ചറമ്മ ഇക്കുറി ആരോഗ്യ മന്ത്രി സ്ഥാനം നിലനിർത്തുമെന്ന പ്രതീക്ഷയോടൊപ്പം മറ്റു ചില കണക്ക് കൂട്ടലുകളും മട്ടന്നൂരുകാർക്കുണ്ട്.

മട്ടന്നൂരിനെ പ്രതിനിധീകരിക്കുന്ന കെ.കെ.ശൈലജ ഇക്കുറി സംസ്ഥാനത്തിന്റെ ആദ്യ ഉപ മുഖ്യമന്ത്രിയാകണേയെന്ന ആഗ്രഹവും ഇവർക്കുണ്ട്. ആരോഗ്യ മന്ത്രിയെന്ന നിലയിൽ മികവുറ്റ പ്രവർത്തനം കാഴ്‌ച്ചവെച്ച കെ.കെ.ശൈലജയെ ഉപമുഖ്യമന്ത്രിയാകണമന്ന ആവശ്യം സിപിഎം സൈബർ പോരാളികളും ഉയർത്തുന്നുണ്ട്. എന്നാൽ താൻ മന്ത്രിയായി തുടരണമോയെന്ന കാര്യം പാർട്ടിയാണ് തീരുമാനികേണ്ടതെന്ന് ഈ വിഷയത്തിൽ കെ.കെ ശൈലജ പ്രതികരിച്ചു പാർട്ടി എന്തു തീരുമാനമെടുത്താലും അനുസരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. മട്ടന്നുരിന്റെ മണ്ണിൽ ചവുട്ടി നടന്ന് നേതാവായതാണ് നാട്ടുകാർ ടീച്ചർ എന്നു വിളിക്കുന്ന കെ.കെ.ശൈലജ. മട്ടന്നുരിന്റെ മകളായാണ് ഇവർ വിശേഷിക്കപ്പെടുന്നത്.

മട്ടന്നൂർ നഗരത്തിൽ നിന്നും മൂന്ന് കിലോമീറ്റർ ഇടത്തോട്ട് മാറി സബ്സ്റ്റേഷൻ റോഡിലൂടെ അൽപമൊന്ന് മുൻപോട്ട് പോയാൽ മന്ത്രി ശൈലജയുടെ വീട്ടിലെക്കെത്താം. നെൽപാടങ്ങളും വാഴത്തോട്ടവും മനം കുളിർപ്പിക്കുന്ന കാഴ്‌ച്ച കഴിയുമ്പോൾ തലയുയർത്തി പിടിച്ചു നിൽക്കുന്ന ഒരു ഇടത്തരം കോൺക്രീറ്റ് ഇരു നില വീടാണത്. മറ്റുവീടുകളിൽ നിന്നും വ്യത്യസ്തമായി ഈവീട്ടിനു മുൻപിലെ കവുങ്ങിൽ ഒന്നിലധികം ചെങ്കൊടികൾ കെട്ടിയിരിക്കുന്നു. ഉമ്മറത്തെ ചുവരിൽ വൃത്തത്തിൽ കൊത്തിയെടുത്ത അരിവാൾ ചുറ്റിക നക്ഷത്രമെന്ന സിപിഎം ചിഹ്നവുമുണ്ട്. ഇവിടെയെല്ലാം പാർട്ടി മയമാണ്.

വൈദേശിക ഭരണത്തിനെതിരെ വീരപഴശിയുടെ പടയോട്ടങ്ങളും കർഷക സമര പോരാട്ടങ്ങളും ഒരു പാട് കണ്ട പഴശിയെന്ന കമ്മ്യൂണിസ്റ്റ്ഗ്രാമത്തിൽ നിന്നും ഉയർന്നുവന്ന വിപ്‌ളവ വനിതയാണ് കെ.കെ.ശൈലജ. അവരുടെ ആ മന: കരുത്തും ഭരണ നൈപുണ്യവും കേരളവും ലോകവും ഒരുപാട് കണ്ടതും കേട്ടതുമാണ്. നിപ്പയും കൊവിഡുമൊക്കെ കേരളം നേരിട്ടത് ശിവപുരം സ്‌കൂളിലെ സയൻസ് ടീച്ചറായ കെ.കെ.ശൈലജയുടെ കൃത്യമായ കണക്കുകൂട്ടലിന്റെയും ചടുലനീക്കങ്ങളുടെയും കരുത്തിലാണ്.

ഭർത്താവ് കെ.ഭാസ്‌കരൻ മാസ്റ്ററോടൊപ്പം കെ.എസ്.വൈ എഫിലൂടെ പ്രവർത്തിച്ച് സജീവ രാഷ്ട്രീയക്കാരിയായ കെ.കെ ശൈലജ ഇന്ന് കേരളം മുഴുവൻ കാതോർക്കുന്ന ഭരണാധികാരിയും വനിതാ നേതാവുമാണ്. കേരളത്തിന്റെ ടീച്ചറമ്മയായി സോഷ്യൽ മീഡിയ വിശേഷിപിക്കുന്ന കെ.കെ ശൈലജയണ് സംസ്ഥാനത്ത് തന്നെ ഏറ്റവും വലിയ റെക്കാർഡ് ഭൂരിപക്ഷമാണ് സ്വന്തം ജന്മനാടായ മട്ടന്നൂർ കഴിഞ്ഞ തെരഞ്ഞടുപ്പിൽ മനസറിഞ്ഞ് നൽകിയത്. തെരഞ്ഞെടുപ്പിൽ. എ പ്ലസ് നേടി ടീച്ചറമ്മ വിജയിച്ചു കഴിഞ്ഞു. ഇനി ഉപമുഖ്യമന്ത്രിയാകുമോയെന്നതാണ് മട്ടന്നുരുകാരുടെ ചോദ്യം.

അർഹതപെട്ട സ്ഥാനമാണെങ്കിലും അതിന് പാർട്ടിയും മുഖ്യമന്ത്രി പിണറായി വിജയനും കനിയണം. ഏതു മന്ത്രി സ്ഥാനത്തുകൊണ്ടിട്ടാലും തങ്ങളുടെ ടീച്ചറമ്മ ഒന്നാം റാങ്ക് തന്നെയടിക്കുമെന്ന വിശ്വാസത്തിലാണ് മട്ടന്നൂർ. വീരപഴശിയുടെ നാട്ടുകാരിക്ക് ഭരണതന്ത്രങ്ങൾ മറ്റാരും പറഞ്ഞു കൊടുക്കേണ്ടതില്ലെന്നും മറ്റാരെക്കാളും അവർക്കറിയാം. എന്നാൽ മന്ത്രിസഭാ രൂപീകരണ ചർച്ചകൾ അടുത്തു കൊണ്ടിരിക്കെ ചില അസുഖകരമായ വാർത്തകളും സിപിഎമ്മിനകത്തു നിന്നും വരുന്നുണ്ട്.

മന്ത്രിസ്ഥാനം വീതം വയ്ക്കലിൽ ചില സമവാക്യങ്ങൾ രൂപപ്പെട്ടാൽ മന്ത്രിസഭയിലെ രണ്ടാം സ്ഥാനം മാത്രമല്ല കഴിഞ്ഞ തവണ കൈയാളിയ ആരോഗ്യ വകുപ്പ് തന്നെ കെ.കെ.ശൈലജയ്ക്ക് നഷ്ടപെട്ടേക്കാമെന്ന ആശങ്കയും ശക്തമാണ്. ഗൗരിയമ്മയുടെ വിയോഗത്തിന്റെ കനലണയാത്ത മലയാളി മനസിൽ വീണ്ടും രാഷ്ട്രീയത്തിലെ പുരുഷാധിപത്യത്തിന്റെ ഇരയായി മന്ത്രി ശൈലജയും മാറുമോയെന്ന ആശങ്ക മുയരുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP