Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പയ്യന്നൂരിൽ നിർണായക ഏരിയാ കമ്മിറ്റി യോഗം നാളെ: അണികൾക്ക് മുമ്പിൽ പുതിയ കണക്ക് അവതരിപ്പിക്കാൻ സിപിഎം; ധനരാജ് ഫണ്ട് വിവാദം തുടരുമ്പോൾ

പയ്യന്നൂരിൽ നിർണായക ഏരിയാ കമ്മിറ്റി യോഗം നാളെ: അണികൾക്ക് മുമ്പിൽ പുതിയ കണക്ക് അവതരിപ്പിക്കാൻ സിപിഎം; ധനരാജ് ഫണ്ട് വിവാദം തുടരുമ്പോൾ

അനീഷ് കുമാർ

കണ്ണൂർ: പയ്യന്നൂരിൽ ഫണ്ട് വിവാദത്തെ തുടർന്ന് സിപിഎം സംഘടനാ സംവിധാനത്തിൽ അനിശ്ചിതാവസ്ഥയുടെ മഞ്ഞുരുകിയില്ല. നിലവിലെ ഏരിയാ സെക്രട്ടറി വി.കുഞ്ഞികൃഷ്ണനെ മാറ്റിയതും പ്രത്യക്ഷത്തിൽ തെളിവുണ്ടായിട്ടും രക്തസാക്ഷി ഫണ്ടിലെ ക്രമക്കേടിൽ ഉൾപ്പെടെ പാർട്ടി ജില്ലാ നേതൃത്വം സ്വീകരിച്ച നിഷേധാത്മക നിലപാടുകളും വലിയൊരു വിഭാഗം പ്രവർത്തകരെ വ്രണപ്പെടുത്തിയിട്ടുണ്ട്.

വിവാദങ്ങളും പാർട്ടി പ്രവർത്തകരിലെ അതൃപ്തിയും അണയാതെ നിൽക്കുന്ന സാഹചര്യത്തിൽ സിപിഎം പയ്യന്നൂർ ഏരിയാ കമ്മിറ്റി യോഗം വെള്ളിയാഴ്‌ച്ച ചേരും. ആക്ടിങ് സെക്രട്ടറി ടി.വി രാജേഷ് ചുമതലയേറ്റതിനു ശേഷമുള്ള ആദ്യ ഏരിയാ കമ്മിറ്റി യോഗമാണ് വെള്ളിയാഴ്‌ച്ച ചേരുക . പാർട്ടി ഫണ്ട് വിവാദത്തിൽ ആരോപണമുന്നയിച്ചതിന് തൽസ്ഥാനത്തു നിന്നും നീക്കം ചെയ്ത മുൻ ഏരിയാ സെക്രട്ടറി വി.കുഞ്ഞികൃഷ്ണനെ ഏരിയാ കമ്മിറ്റി അംഗമായി നിലനിർത്തിയിട്ടുണ്ടെങ്കിലും അദ്ദേഹം ഏരിയാ കമ്മിറ്റി യോഗത്തിൽ പങ്കെടുക്കില്ലെന്നാണ് സൂചന.

കഴിഞ്ഞ ദിവസം വെള്ളൂർ ബ്രാഞ്ച് കമ്മിറ്റി ഉദ്ഘാടന പരിപാടിയിൽ വി.കുഞ്ഞികൃഷ്ണൻ പങ്കെടുത്തിരുന്നുവെങ്കിലും ആൾക്കൂട്ടത്തിൽ ഒരാളായാണ് അദ്ദേഹം ഇരുന്നത്. കുഞ്ഞികൃഷ്ണനെ അനുനയിപ്പിക്കാനും പാർട്ടിയിലേക്ക് തിരിച്ചു കൊണ്ടുവരാനും സിപിഎം നേതൃത്വം കിണഞ്ഞുപരിശ്രമിക്കുന്നുണ്ടെങ്കിലും അദ്ദേഹം വഴങ്ങിയിട്ടില്ലെന്നാണ് സൂചന. പാർട്ടി ഫണ്ട് വെട്ടിപ്പോ, ധനാപഹരണമോ നടന്നിട്ടില്ലെന്ന് പറയുന്ന സിപിഎം ജില്ലാ നേതൃത്വം ലോക്കൽ ജനറൽ ബോഡി യിൽ ബദൽ കണക്ക് അവതരിപിക്കുന്നതിൽ പരാജയപ്പെട്ടിരുന്നു.

കുഞ്ഞികൃഷ്ണന്റെ കൈയിലാകട്ടെ ധനരാജ് രക്തസാക്ഷി ഫണ്ടിലടക്കം നടത്തിയ ക്രമക്കേടുകളുടെ കൃത്യമായ കണക്ക് ഉണ്ടെന്നാണ് സൂചന. അതുകൊണ്ടു തന്നെ നാളെ ചേരുന്ന ഏരിയാ കമ്മിറ്റിയോഗത്തിൽ ഇതിന് സമാന്തരമായി ഏരിയാ കമ്മിറ്റി പുതിയ കണക്കുകൾ ഉണ്ടാക്കാനും ഇതു ബ്രാഞ്ച് യോഗങ്ങളിൽ അവതരിപ്പിക്കാനുമാണ് ഉദ്ദ്യേശിക്കുന്നത്. എന്നാൽ യഥാർത്ഥ കണക്ക് ഇതിനു ശേഷം വിമത വിഭാഗം പുറത്തുവിട്ടാലും പുതിയ കണക്കു കൊണ്ട് ഇതിനെ നേരിടാനാണ് പാർട്ടി ജില്ലാ നേതൃത്വം തീരുമാനിച്ചിരിക്കുന്നത്.

ഏരിയാ കമ്മിറ്റി യോഗത്തിന് ശേഷം പയ്യന്നൂരിലെ ലോക്കലുകൾക്ക് കീഴിലെ ബ്രാഞ്ച് യോഗങ്ങളും വിളിച്ചു ചേർക്കും വി.കുഞ്ഞികൃഷ്ണനെ ഏരിയാ സെക്രട്ടറി സ്ഥാനത്തു നിന്നും നീക്കം ചെയ്ത സാഹചര്യത്തിൽ ബ്രാഞ്ചുകളിൽ നിന്നും കടുത്ത വിമർശനം നേതൃത്യം പ്രതീക്ഷിക്കുന്നുണ്ട്. ഇതിനെ നേരിടാൻ ജില്ലാ നേതൃത്വത്തിലെ വൻ സന്നാഹമാണ് പയ്യന്നുരിലെ യോഗങ്ങളിൽ പങ്കെടുക്കാനായി ഇറങ്ങുക.

സാധാരണമായി ഏരിയാ കമ്മിറ്റിയംഗങ്ങളാണ് ബ്രാഞ്ച് യോഗങ്ങളിൽ പങ്കെടുക്കേണ്ടതെങ്കിലും പയ്യന്നൂർ ഏരിയാ കമ്മിറ്റിയിലെ 21 പേരിൽ 16 പേരും കുഞ്ഞികൃഷ്ണനെ അനുകൂലിക്കുന്നവരാണ് ഈ സാഹചര്യത്തിലാണ് ബ്രാഞ്ച് യോഗങ്ങളിൽ പങ്കെടുക്കുന്നതിനായി ജില്ലാ നേതൃത്വം തന്നെ ഇറങ്ങുന്നത്. ഇതിനിടെ ജില്ലാ മ്മിറ്റി ചുമതലപ്പെടുത്തിയ പുതിയ ഏരിയാ സെക്രട്ടറിയായ ടി.വി രാജേഷുമായി സഹകരിക്കില്ലെന്ന് വെള്ളൂർ സഖാക്കൾ രഹസ്യമായി തീരുമാനിച്ചിട്ടുണ്ടെന്നാണ് സൂചന.

അതുകൊണ്ടു തന്നെ വരും ദിനങ്ങളിൽ പാർട്ടിയുടെ ചുവന്ന കോട്ടയായ പയ്യന്നുരിൽ സിപിഎം സംഘടനാ സംവിധാനത്തിന് ക്ഷീണം ചെയ്യാനാണ് സാധ്യത. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP