Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202329Wednesday

സർക്കുലറുകൾ മാറ്റിമാറ്റി ഇറക്കിയും നിർദ്ദേശങ്ങൾ പുതുക്കിയും ആശയക്കുഴപ്പം സൃഷ്ടിക്കുന്ന കെപിസിസി; മിക്ക ജില്ലകളിലും പുനഃസംഘടനയിൽ പരസ്യ പ്രതിഷേധം; പത്തനംതിട്ടയിൽ എല്ലാം കൈവിട്ട കളി; ഡിസിസി പുനഃസംഘടനയ്ക്ക് തടസ്സങ്ങൾ ഏറെ; കോൺഗ്രസിൽ തർക്കം തീരുന്നില്ല

സർക്കുലറുകൾ മാറ്റിമാറ്റി ഇറക്കിയും നിർദ്ദേശങ്ങൾ പുതുക്കിയും ആശയക്കുഴപ്പം സൃഷ്ടിക്കുന്ന കെപിസിസി; മിക്ക ജില്ലകളിലും പുനഃസംഘടനയിൽ പരസ്യ പ്രതിഷേധം; പത്തനംതിട്ടയിൽ എല്ലാം കൈവിട്ട കളി; ഡിസിസി പുനഃസംഘടനയ്ക്ക് തടസ്സങ്ങൾ ഏറെ; കോൺഗ്രസിൽ തർക്കം തീരുന്നില്ല

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെപിസിസിയിൽ വീണ്ടും തർക്കം സജീവമാകുന്നു. ഡിസിസി പുനഃസംഘടന പ്രശ്‌നത്തിൽ ചില ജില്ലകളിൽ പരസ്യ പ്രതിഷേധം ഉയരുന്നത് ഗ്രൂപ്പ് മാനേജർമാരുടെ അതൃപ്തി കാരണമാണ്. അനിശ്ചിതമായി പുനഃസംഘടന നീളാനും സാധ്യതയുണ്ട്. പുനഃസംഘടനയിൽ തഴയുന്നുവെന്ന അഭിപ്രായം എ ഗ്രപ്പിൽ സജീവമാണ്. അസുഖ ആകുലതകൾ കാരണം ഉമ്മൻ ചാണ്ടിക്ക് സജീവമായി രംഗത്തിറങ്ങാൻ കഴിയാത്തതും പ്രശ്‌നം സങ്കീർണ്ണമാക്കുന്നു. ഡിസിസി ഭാരവാഹികളുടെ പട്ടിക തയ്യാറാക്കാനുള്ള അവസാന തീയതി ഇന്ന് അവസാനിക്കെ ഒരു ജില്ലയും പട്ടിക സമർപ്പിച്ചില്ല. തെരഞ്ഞെടുപ്പ് രീതി സംബന്ധിച്ച് കെപിസിസി ഇറക്കുന്ന സർക്കുലറുകളും അടിക്കടി മാറുകയാണ്.

സർക്കുലറുകൾ മാറ്റിമാറ്റി ഇറക്കിയും നിർദ്ദേശങ്ങൾ പുതുക്കിയും ആശയക്കുഴപ്പം സൃഷ്ടിക്കുന്ന നടപടിയിൽ തിരുവനന്തപുരം ഡിസിസിയുടെ പുനഃസംഘടനാ സമിതി ചർച്ചയിൽ കടുത്ത വിമർശനം ഉയർന്നു. ജില്ലകളിൽ സ്‌ക്രൂട്ടിനി വേണ്ട എന്നാണെങ്കിൽ പുനഃസംഘടനാസമിതി പിരിച്ചുവിട്ടു തപാൽ വശം പേരുകൾ അയച്ചാൽ മതിയല്ലോയെന്നു പരിഹാസം ഉയർന്നു. ആക്ഷേപം പരിഹരിക്കാനായി പുതുക്കി ഇറക്കിയ നിർദ്ദേശവും അവ്യക്തമാണെന്നു ആക്ഷേപമുണ്ടായി.

പുനഃസംഘടനയിൽ പാർട്ടി നടപടി നേരിട്ടവരെ ഉൾപ്പെടുത്താത്തതിനെ ചൊല്ലിയാണു പത്തനംതിട്ട ഡിസിസിയിൽ തർക്കം. മലപ്പുറത്ത് പുനഃസംഘടനയിൽ തീരുമാനമായില്ല. എല്ലാ പദവികളിലേക്കും ഒന്നിലേറെ പേരുള്ളതിനാൽ കെപിസിസിക്കു പാനൽ നൽകാൻ ധാരണയായി. കോഴിക്കോട് ജില്ലയിൽ 36 ഭാരവാഹികളുടെ സ്ഥാനത്തേക്കു തയാറാക്കിയ പട്ടികയിൽ 64 പേരുകളുണ്ട്. ജംബോ കമ്മറ്റികളുണ്ടെങ്കിൽ മാത്രമേ പ്രശ്‌ന പരിഹാരം സാധ്യമാകൂവെന്നതാണ് അവസ്ഥ. കാസർകോട് ജില്ലയിലെ ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ടു ചേർന്ന യോഗത്തിൽ ഡിസിസി പ്രസിഡന്റിനെ മാറ്റണമെന്ന് ഒരു വിഭാഗം നേതാക്കൾ ആവശ്യപ്പെട്ടു.

കോൺഗ്രസ് പുനഃസംഘടനയുടെ ഭാഗമായി ജില്ലാ സമിതികൾ രൂപീകരിച്ച് ചർച്ച ആരംഭിക്കാൻ കെപിസിസി നിർദ്ദേശം നൽകിയെങ്കിലും ആശയക്കുഴപ്പം തുടരുകയാണ്. കെപിസിസി നിർദ്ദേശം മറികടന്നാണ് തിരുവനന്തപുരത്ത് പ്രത്യേക പുനഃസംഘടനാസമിതി രൂപീകരിച്ചത്. ഭാരവാഹികളെ നിശ്ചയിക്കാനുള്ള സമിതികളിലേക്കുവരെ വൻ തള്ളാണെന്നതിനാൽ പട്ടിക രൂപീകരിക്കാൻ 'യുദ്ധം' വേണ്ടിവരുമെന്നാണ് ഡിസിസി നേതൃത്വം പറയുന്നത്. അഞ്ചുവർഷമായവരെ നീക്കാനുള്ള ആദ്യ തീരുമാനം എതിർപ്പിനെത്തുടർന്ന് ഉപേക്ഷിച്ചു.

പരിചയ സമ്പന്നരെ നിലനിർത്തണമെന്ന് ധാരണയായയെങ്കിലും ആരെയൊക്കെ, എത്ര എണ്ണംവരെയാകാം തുടങ്ങിയ കാര്യങ്ങളിൽ തർക്കമുണ്ട്. ജില്ലാ സമിതിയാണ് പട്ടിക തയ്യാറാക്കേണ്ടതെന്ന് സംഘടനാ ചുമതലയുള്ള കെപിസിസി ജനറൽ സെക്രട്ടറി ടി യു രാധാകൃഷ്ണൻ പറഞ്ഞിരുന്നു. എന്നാൽ, ഡിസിസി, ബ്ലോക്ക്, മണ്ഡലം അധ്യക്ഷന്മാരടക്കമുള്ള ഭാരവാഹികളെ ഒറ്റ സമിതിതന്നെ തീരുമാനിക്കുന്നതിലെ പ്രായോഗികതയാണ് പല കമ്മിറ്റികളും ചോദ്യം ചെയ്യുന്നത്.

തിരുവനന്തപുരത്ത് ഡിസിസി അധ്യക്ഷൻ പാലോട് രവി രൂപീകരിച്ച മാതൃകയിൽ രണ്ടു തട്ടിൽ പുനഃസംഘടനാ സമിതികൾ വേണമെന്നാണ് അഭിപ്രായം ചില കോണുകൾ ഉയർത്തുന്നുണ്ട്. പത്തു ജില്ലകളിൽ കണ്ടത്തേണ്ടത് പ്രസിഡന്റ് അടക്കം 35 ഭാരവാഹികളെ വീതം. ഈ ജില്ലകളിൽ 27 ജനറൽസെക്രട്ടറിമാരെയും ആറ് വൈസ് പ്രസിഡന്റുമാരെയും ഒരു ട്രഷററെയും തീരുമാനിക്കാനാണ് മാസങ്ങളുടെ താമസം. ഗ്രൂപ്പ് തർക്കം രൂക്ഷം. പട്ടിക ചുരുക്കൽ അതിലേറെ പ്രയാസം.

കാസർകോട്, വയനാട്, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ ഭാരവാഹികളുടെ എണ്ണം ഇതിലും കുറവ് മതി. പക്ഷേ ഇതിനായി നിയോഗിച്ച നേതാക്കൾക്ക് ജില്ലാതലത്തിൽ ഇനിയും യോജിപ്പിൽ എത്താനായിട്ടില്ല. ഡിസിസി ഭാരവാഹികളെ തീരുമാനിച്ചു കഴിഞ്ഞാൽ എക്‌സിക്യൂട്ടീവിനെയും ഡിസിസി അംഗങ്ങളെയും ബ്ലോക്ക് ഭാരവാഹികളെയുമാണ് നോമിനേറ്റ് ചെയ്യേണ്ടത്. ജില്ലാതല സമിതികൾക്കായിരുന്നു അധികാരം.

പരാതികളേറിയതോടെ അന്തിമ തീരുമാനം കെപിസിസി തന്നെ ഏറ്റെടുത്തു. ഇങ്ങനെ പാർട്ടി ആസ്ഥാനത്തുനിന്ന് സർക്കുലറുകൾ പലതും മാറിമാറി ഇറങ്ങുകയാണ്. പറഞ്ഞ തീയതിയിൽ പൂർത്തിയാക്കിയ പുനഃസംഘടന കോൺഗ്രസിന്റെ ചരിത്രത്തിൽ തന്നെ അപൂർവമാണ്. അതുകൊണ്ട് തന്നെ വൈകിയാലും കുഴപ്പമില്ലെന്ന് പറയുന്നവരുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP