Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഒടുവിൽ പ്രധാന അവതാരം പടിയിറങ്ങി; എം കെ ദാമോദരൻ മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവു സ്ഥാനം ഏറ്റെടുക്കില്ല; സ്ഥാനം സ്വീകരിച്ചില്ലെന്നു ഹൈക്കോടതിയിൽ സർക്കാരും; ആനുകൂല്യങ്ങൾ ഇല്ലാത്ത പദവി മാത്രം കിട്ടുന്നതു കൊണ്ടു പിന്മാറ്റം എന്ന് ആരോപിച്ചു ചാനലുകൾ

ഒടുവിൽ പ്രധാന അവതാരം പടിയിറങ്ങി; എം കെ ദാമോദരൻ മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവു സ്ഥാനം ഏറ്റെടുക്കില്ല; സ്ഥാനം സ്വീകരിച്ചില്ലെന്നു ഹൈക്കോടതിയിൽ സർക്കാരും; ആനുകൂല്യങ്ങൾ ഇല്ലാത്ത പദവി മാത്രം കിട്ടുന്നതു കൊണ്ടു പിന്മാറ്റം എന്ന് ആരോപിച്ചു ചാനലുകൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുഖ്യ നിയമോപദേഷ്ടാവ് സ്ഥാനം അഡ്വ. എം.കെ. ദാമോദരൻ ഏറ്റെടുക്കില്ല. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ എം.കെ ദാമോദരനെതിരെ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഈ ഹർജി ഹൈക്കോടതി പരിഗണിക്കുന്നതിന് മുന്നെയാണ് മാദ്ധ്യമങ്ങളോട് സ്ഥാനം ഒഴിയുന്ന കാര്യം അദ്ദേഹം വ്യക്തമാക്കിയത്.

താൻ ഇതുവരെ മുഖ്യമന്ത്രിയുടെ നിയമോപദേശകൻ എന്ന നിയമന ഉത്തരവ് കൈപ്പറ്റിയിട്ടില്ല. ഇക്കാരണത്താൽ വിവാദങ്ങളിൽ അതൃപ്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. പദവി ഏറ്റെടുത്തിട്ടില്ല എന്ന കാര്യം ഹൈക്കോടതിയെ അറിയിക്കുമെന്നും ദാമോദരൻ വ്യക്തമാക്കി. ഇതോടെയാണ് നിയമോപദേഷ്ടാവ് സ്ഥാനം ദാമോദരൻ ഒഴിയുമെന്നു വ്യക്തമായത്.

അതിന് പിന്നാലെ മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് സ്ഥാനം ഏറ്റെടുത്തിട്ടില്ല എന്നും സ്ഥാനം സ്വീകരിക്കില്ല എന്നും അഡ്വ. എം.കെ. ദാമോദരൻ ഹൈക്കോടതിയെ അറിയിച്ചു. ദാമോദരൻ പദവി ഏറ്റെടുത്തിട്ടില്ല എന്ന് സർക്കാർ ഹൈക്കോടതിയെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. പ്രിൻസിപ്പൽ സെക്രട്ടറിക്കു സമാനമായ പദവിയിൽ നിയമോപദേഷ്ടാവായി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് ജൂൺ 10നാണ് ഇറങ്ങിയത്. എന്നാൽ ഇതുവരെ ദാമോദരൻ സ്ഥാനം ഏറ്റെടുത്തിട്ടില്ല. ലോട്ടറി രാജാവായ സാന്റിയാഗോ മാർട്ടിനു വേണ്ടിയും കശുവണ്ടി വികസന കോർപറേഷൻ അഴിമതിയാരോപണത്തിൽ വിജിലൻസ് കേസ് നേരിടുന്ന ഐ.എൻ.ടി.യു.സി. സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരനു വേണ്ടിയും പാറമട ഉടമകൾക്കുവേണ്ടിയും ദാമോദരൻ കോടതിയിൽ ഹാജരായിരുന്നു. സർക്കാർ കക്ഷിയായ കേസുകളിൽ എതിർഭാഗത്തിനായി വാദിക്കുന്നയാൾ മുഖ്യമന്ത്രിയുടെ നിയമോപദേശകൻ സ്ഥാനം വഹിക്കുന്നതിലെ വൈരുധ്യതയാണ് വിവാദങ്ങളിലേക്ക് നയിച്ചത്. മുഖ്യമന്ത്രിയുടെ നിയമോപദേശകൻ സർക്കാരിനെതിരായ കേസിൽ ഹാജരായാൽ അത് നിയമപരമായി നിലനിൽക്കില്ലെന്ന് വ്യക്തമാക്കിയാണ് ബിജെപി. സംസ്ഥാനപ്രസിഡന്റ് കുമ്മനം രാജശേഖരൻ പൊതുതാൽപര്യ ഹർജി നൽകിയത്. അതേസമയം മുഖ്യമന്ത്രിക്ക് നിയമോപദേശകനെ നിയമിക്കുന്നതിൽ തെറ്റില്ലെന്ന് കോടതി നിരീക്ഷിച്ചു. വിവാദം ഉയർന്ന സാഹചര്യത്തിൽ പദവിയുടെ പ്രസക്തിയെ കുറിച്ച് വാദം കേൾക്കാമെന്നും കോടതി അറിയിച്ചു.

ദാമോദരന്റെ പ്രവൃത്തികൾ എൽ.ഡി.എഫിന്റെ പ്രതിച്ഛായക്ക് കളങ്കം സൃഷ്ടിക്കുന്നെന്ന് സിപിഐ സംസ്ഥാന നേതൃത്വം സിപിഎമ്മിനെ അറിയിച്ചിരുന്നു. സിപിഐ(എം) നേതൃത്വവുമായി നടത്തിയ ഉഭയകക്ഷി കൂടിക്കാഴ്ചയിലാണ് സിപിഐ നേതൃത്വം സർക്കാറിനെ വിവാദത്തിലാക്കിയ എം.കെ. ദാമോദരൻ വിഷയത്തിലെ അതൃപ്തി വ്യക്തമാക്കിയതെന്നാണ് അറിവ്. മുഖ്യ നിയമോപദേഷ്ടാവായി നിയമിച്ചശേഷം ദാമോദരൻ അന്യസംസ്ഥാന ലോട്ടറി തട്ടിപ്പിൽ ആരോപണവിധേയനായ സാന്റിയാഗോ മാർട്ടിനും ക്വാറി ഉടമകൾക്കും കശുവണ്ടി വികസന കോർപറേഷൻ അഴിമതിയിൽ ഐ.എൻ.ടി.യു.സി നേതാവിനും വേണ്ടി സംസ്ഥാന സർക്കാറിനെതിരെ ഹാജരായതാണ് സിപിഐ ഉയർത്തിയത്. ഇടതുപക്ഷത്തെ രണ്ടാമത്തെ കക്ഷി തന്നെ വിമർശനം ഉയർത്തുന്ന സാഹചര്യത്തിലായിരുന്നു ദാമോദരന്റെ പിന്മാറ്റം.

പ്രത്യേക ഉപദേഷ്ടാവായ ദാമോദരന് പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനമാണ് നൽകിയത്. എന്നാൽ പ്രിൻസിപ്പൽ സെക്രട്ടറിക്കുള്ള ആനുകൂല്യമൊന്നും നൽകിയതുമില്ല. ഇതിൽ പ്രതിഷേധിച്ചാണ് രാജിയെന്നാണ് മനോരമയുൾപ്പെടെയുള്ള ചാനലുകൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഇടതുപക്ഷത്ത് നിന്നുയരുന്ന അതൃപ്തിയാണ് രാജിക്ക് കാരണമെന്നാണ് മറുനാടന് ലഭിച്ച വിശ്വസനീയമായ വിവരം. ഇനി ആരുടേയും കേസ് വാദിക്കാൻ ദാമോദരന് കഴിയുകയും ചെയ്യും. പിണറായി വിജയന് നിയമോപദേശം നൽകാൻ ഔദ്യോഗിക പദവികളൊന്നും വേണ്ടതില്ലെന്ന നിലപാടിലേക്ക് ദാമോദരൻ എത്തുകയായിരുന്നു.

നേരത്തേ ഐസ്‌ക്രീം കേസ് അട്ടിമറി ആരോപിച്ച് ദാമോദരനെതിരെ ഉൾപ്പെടെ വി എസ്. അച്യുതാനന്ദൻ നൽകിയ കേസിൽ സുപ്രീം കോടതിയിൽ സംസ്ഥാനം എതിർനിലപാട് സ്വീകരിച്ചിരുന്നു. സർക്കാർ അധികാരമേറ്റ് ഒരു മാസത്തിനുള്ളിൽ തന്നെ ഉണ്ടായ ഈ സംഭവങ്ങൾ മൂലം സമൂഹത്തിൽ മോശം പ്രതിച്ഛായ ഉണ്ടായെന്ന് സിപിഐ നേതൃത്വം കോടിയേരി ബാലകൃഷ്ണനെ രേഖാമൂലം അറിയിച്ചു. മുഖ്യ നിയമോപദേശകൻ എന്ന പദവിയിൽ സർക്കാറിന്റെ ഭാഗമായ ഉദ്യോഗസ്ഥൻ സർക്കാറിന്റെയും മുന്നണിയുടെയും താൽപര്യത്തിനെതിരായി നിൽക്കുന്നത് ശരിയല്ലെന്നും സിപിഐ നേതാക്കൾ ചൂണ്ടിക്കാട്ടി. സർക്കാറിന്റെയും എൽ.ഡി.എഫിന്റെയും പ്രതിച്ഛായയെ മുൻനിർത്തി തങ്ങളുടെ ഭിന്നസ്വരം പരസ്യമാക്കേണ്ടതില്‌ളെന്ന അഭിപ്രായമാണ് സിപിഐക്ക്. ഇത് മുഖവിലയ്‌ക്കെടുക്കാതിരിക്കാൻ സിപിഎമ്മിന് കഴിയാത്ത സാഹചര്യവുമുണ്ട് മറ്റ് ഘടകകക്ഷികൾക്കും ഈ വിഷയത്തിൽ അതൃപ്തിയുണ്ട്.

മുഖ്യ നിയമോപദേശകൻ സ്വയം ഒഴിവാകണമെന്ന അഭിപ്രായം സിപിഐ(എം) സംസ്ഥാനനേതൃത്വത്തിലും ഒരു വിഭാഗത്തിൽ ശക്തമാണ്. സർക്കാറിന്റെ ശമ്പളം പറ്റാതെയാണ് ദാമോദരൻ ജോലി ചെയ്യുന്നതെന്നും ഏത് കേസും ഏറ്റെടുക്കാൻ അദ്ദേഹത്തിന് അവകാശമുണ്ടെന്നുമാണ് മുഖ്യമന്ത്രി നിയമസഭയിൽ മറുപടി നൽകിയത്. ഇതോടെയാണ് സിപിഐ പരസ്യ വിമർശനവുമായെത്തിയതെന്നതും ശ്രദ്ധേയമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP