Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജയിച്ച പാർട്ടി തോറ്റ പാർട്ടിക്കു സീറ്റ് വിട്ടുകൊടുക്കേണ്ട കാര്യമുണ്ടോ? പാലായിൽ മാണി കാപ്പൻ ഉയർത്തുന്ന ചോദ്യം ചർച്ചയാക്കൻ ദള്ളിലെ സികെ നാണുവും; സോഷ്യലിസ്റ്റ് ലയനം ഉറപ്പാക്കാൻ കൃഷ്ണൻകുട്ടി സജീവ ഇടപെടൽ നടത്തും; ശ്രേയംസ്‌കുമാറിനേയും മാത്യു ടി തോമസിനേയും ഒരു പാർട്ടിയാക്കാൻ പിണറായി

ജയിച്ച പാർട്ടി തോറ്റ പാർട്ടിക്കു സീറ്റ് വിട്ടുകൊടുക്കേണ്ട കാര്യമുണ്ടോ? പാലായിൽ മാണി കാപ്പൻ ഉയർത്തുന്ന ചോദ്യം ചർച്ചയാക്കൻ ദള്ളിലെ സികെ നാണുവും; സോഷ്യലിസ്റ്റ് ലയനം ഉറപ്പാക്കാൻ കൃഷ്ണൻകുട്ടി സജീവ ഇടപെടൽ നടത്തും; ശ്രേയംസ്‌കുമാറിനേയും മാത്യു ടി തോമസിനേയും ഒരു പാർട്ടിയാക്കാൻ പിണറായി

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: 'ജയിച്ച പാർട്ടി തോറ്റ പാർട്ടിക്കു സീറ്റ് വിട്ടുകൊടുക്കേണ്ട കാര്യമുണ്ടോ?' പാലാ സീറ്റ് വിഷയത്തിലെ ഈ ചോദ്യം വടകരയിൽ ഉയരില്ലെന്നാണ് ഇടതു പക്ഷത്തിന്റെ പ്രതീക്ഷ. വടകര എൽജെഡിക്ക് കൊടുക്കണമെന്നാണ് സിപിഎമ്മിന് താൽപ്പര്യം. എന്നാൽ ജനതാദൾ എസിന്റെ സിറ്റിങ് സീറ്റാണ് ഇത്. ഈ വിവാദം മറികടക്കാനാണ് രണ്ട് ദള്ളുകളോടും ലയിക്കാൻ സിപിഎം നിർദ്ദേശിച്ചത്. ഇത് നടക്കുമെന്നാണ് സിപിഎമ്മന്റെ പ്രതീക്ഷ.

മന്ത്രി കൃഷ്ണൻ കുട്ടിയെ ഈ ദൗത്യം മുഖ്യമന്ത്രി പിണറായി വിജയൻ ഏൽപ്പിച്ചു കഴിഞ്ഞു. ദള്ളുകളുടെ ലയനത്തിന് കൃഷ്ണൻകുട്ടി അനുകൂലമാണ്. സികെ നാണുവും പാതി സമ്മതത്തിൽ എത്തി കഴിഞ്ഞു. എന്നാൽ ദേവഗൗഡയുടെ മകൻ കുമാരസ്വാമി ബിജെപിയുമായി അടുക്കുമോ എന്ന ആശങ്ക എൽജെഡിക്കുണ്ട്. ഇക്കാര്യം ശ്രേയംസ് കുമാർ ബന്ധപ്പെട്ടവരെ അറിയിച്ചു കഴിഞ്ഞു. പാർട്ടികൾ ലയിച്ച ശേഷം ബിജെപിയുമായി കുമാരസ്വാമിയുടെ മകൻ അടുത്താൽ കേരള ഘടകം ഒന്നിച്ച് അതിനെ എതിർക്കും. എല്ലാവരും ചേർന്ന് പുതിയ പാർട്ടി. ഈ ഫോർമുല കൃഷ്ണൻകുട്ടി രൂപം കൊടുത്തുവെന്നാണ് സൂചന.

എന്നാൽ മാത്യു ടി തോമസ് പക്ഷം ശ്രേയംസ് കുമാർ വിഭാഗത്തെ ഉൾക്കൊള്ളുന്നില്ല. ജനതാദൾ എസിന് മൂന്ന് എംഎൽമാരുണ്ട്. എൽഡെഡിക്ക് ആരുമില്ല. അതിനാൽ ഏകപക്ഷീയമായ ലയനം പറ്റില്ല. ശ്രേയംസ് കുമാറിന്റെ ആവശ്യങ്ങൾ അംഗീകരിക്കില്ലെന്നും അവർ പറയുന്നു. നീലലോഹിത ദാസൻ നടാർ അടക്കമുള്ളവർ ഈ പക്ഷത്താണ്. അതായത് മലബാറിൽ നിന്നുള്ള സോഷ്യലിസ്റ്റ് നേതാക്കൾക്ക് മാത്രമേ എങ്ങനേയും ലയനം വേണമെന്ന നിലപാടുള്ളൂ.

അങ്ങനെ വന്നാൽ ലയനം നടക്കില്ല. എങ്കിൽ വടകരയിൽ പ്രശ്‌നമുണ്ടാകും. അങ്ങനെ വരുമ്പോൾ എൻസിപി നേതാക്കൾ ഉന്നയിക്കുന്ന അതേ ചോദ്യമാണ് മലബാറിൽ ജനതാദൾ (എസ്) ചോദിക്കുന്നത്. ഇവിടെ വടകര സീറ്റാണ് തർക്കവിഷയം. രണ്ടുവട്ടം എൽജെഡിയോട് ഏറ്റുമുട്ടി ജനതാദൾ (എസ്) ജയിച്ച മണ്ഡലം ഇക്കുറി എൽജെഡിക്കു നൽകാനുള്ള നീക്കത്തോടാണ് എതിർപ്പ്. രണ്ടു ദളും ലയിച്ച് ഒന്നായാലും പാർട്ടിക്കുള്ളിൽ സീറ്റിന്റെ പേരിൽ പോര് തുടരും. സികെ നാണു വീണ്ടും മത്സരിക്കാനാണ് സാധ്യത.

1957 ലെ തിരഞ്ഞെടുപ്പിലൊഴികെ സോഷ്യലിസ്റ്റ് പാർട്ടി സ്ഥാനാർത്ഥികളെ മാത്രം ജയിപ്പിച്ചിട്ടുള്ള മണ്ഡലമാണ് വടകര. മണ്ഡലം എൽജെഡിക്ക് അവകാശപ്പെട്ടതാണെന്നു ജില്ലാ നേതൃത്വം പ്രഖ്യാപിച്ചുകഴിഞ്ഞു. എൽഡിഎഫ് ജില്ലാ നേതൃത്വത്തിനും ഒപ്പമുണ്ടായിരുന്ന ജെഡിഎസിനേക്കാൾ പ്രിയം തിരിച്ചെത്തിയ എൽജെഡിയോടാണ് എന്നു തദ്ദേശ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം തെളിയിച്ചതുമാണ്. ഇത് ജനതാദള്ളിനേയും ചൊടിപ്പിക്കുന്നു.

2009 ലെ പിളർപ്പിനുശേഷം നടന്ന 2 തിരഞ്ഞെടുപ്പുകളിലും ജനതാദളിലെ 2 വിഭാഗങ്ങളും പരസ്പരം ഏറ്റുമുട്ടിയ ഏക മണ്ഡലമാണ് വടകര. രണ്ടു വട്ടവും എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച ജനതാദൾ (എസ്)ലെ സി.കെ. നാണുവിനായിരുന്നു വിജയം. 'എൽജെഡി ജെഡിഎസ് ലയനം നടന്നാൽ പിന്നെ രണ്ടു പാർട്ടിയില്ലല്ലോ; പിന്നെന്തു തർക്കം' എന്നു മന്ത്രി കെ.കൃഷ്ണൻകുട്ടി ഉൾപ്പെടെയുള്ളവർ ചോദിക്കുന്നുണ്ട്.

ജനതാദൾ (എസ്) സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തു നീക്കിയതിനു ശേഷം ആദ്യമായി സി.കെ.നാണു എംഎൽഎ പാർട്ടി വേദിയിൽ എത്തിയെന്നതും ലയനത്തിന് അനുകൂല ഘടകമാണ്. ഇന്നലെ കോഴിക്കോട് നടന്ന ഉത്തരമേഖലാ നേതൃസംഗമത്തിലാണ് അദ്ദേഹം പങ്കെടുത്തത്. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് നാണു പ്രസിഡന്റായ സംസ്ഥാന സമിതി ദേശീയ നേതൃത്വം പിരിച്ചുവിട്ടത്.

ഇതിനു പിന്നാലെ നാണുവിനെ അനുകൂലിക്കുന്നവർ സമാന്തര സംസ്ഥാന കമ്മിറ്റിക്കു രൂപം നൽകി. ഇത് പുതിയ പ്രശ്‌നങ്ങൾക്കും ദള്ളിൽ സാധ്യതയുണ്ടാക്കി. എന്നാൽ വിമതനാകാനില്ലെന്ന സൂചനയാണ് നാണു നൽകുന്നത്.

കമ്മിറ്റി പിരിച്ചുവിട്ടതിനു ശേഷം ജനതാദൾ (എസ്) പരിപാടികളിൽനിന്നു വിട്ടുനിൽക്കുകയായിരുന്നു നാണു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു വച്ച് മന്ത്രി കൃഷ്ണൻ കുട്ടി, മാത്യു ടി.തോമസ് എംഎൽഎ എന്നിവരുമായി നടത്തിയ ചർച്ചയിലാണ് അകൽച്ച നീങ്ങിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP