Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജോർജ്ജിന്റെ കാര്യത്തിൽ വ്യാഴാഴ്‌ച്ച തീരുമാനമെന്ന് ഉമ്മൻ ചാണ്ടി; മൗനം വെടിഞ്ഞ് പി ജെ ജോസഫും; കുരിശ് ജീവിതത്തിന്റെ അവിഭാജ്യ ഘടകമെന്ന് കെ എം മാണി; മാണിയുടെ ശ്രമം മറ്റൊരു ഗ്രൂപ്പെന്ന് പി സി ജോർജ്: വിഴുപ്പലക്കൽ തുടരുന്നു

ജോർജ്ജിന്റെ കാര്യത്തിൽ വ്യാഴാഴ്‌ച്ച തീരുമാനമെന്ന് ഉമ്മൻ ചാണ്ടി; മൗനം വെടിഞ്ഞ് പി ജെ ജോസഫും; കുരിശ് ജീവിതത്തിന്റെ അവിഭാജ്യ ഘടകമെന്ന് കെ എം മാണി; മാണിയുടെ ശ്രമം മറ്റൊരു ഗ്രൂപ്പെന്ന് പി സി ജോർജ്: വിഴുപ്പലക്കൽ തുടരുന്നു

കോട്ടയം: ചീഫ് വിപ്പ് സ്ഥാനത്തു നിന്നും പി സി ജോർജ്ജിനെ മാറ്റണമെന്ന ആവശ്യത്തിൽ വിട്ടുവീഴ്‌ച്ചയില്ലാത്ത നിലപാടുമായി കേരളാ കോൺഗ്രസ് ചെയർമാൻ കെ എം മാണി തുടരവേ ഇതേചൊല്ലി ഇന്നും പരസ്പരം നേതാക്കൾ തമ്മിലുള്ള തമ്മിലടി തുടർന്നു. ചീഫ് വിപ്പ് പി.സി.ജോർജിനെ മാറ്റുന്ന കാര്യത്തിൽ വ്യാഴാഴ്ച താൻ വിദേശത്ത് നിന്ന് മടങ്ങിയെത്തിയ ശേഷം തീരുമാനം കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. ഇക്കാര്യം എല്ലാവരുമായി ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

ജോർജിന്റെ കാര്യത്തിൽ കഴിവതും വേഗത്തിൽ തീരുമാനമുണ്ടാവും. സ്ഥാനം ഒഴിയുന്നതിന് ജോർജ് എന്തെങ്കിലും ഉപാധികൾ മുന്നോട്ട് വച്ചിട്ടുണ്ടോയെന്ന ചോദ്യത്തിന് വിശദാംശങ്ങളൊന്നും ഇപ്പോൾ പറയാനാവില്ലെന്ന് ഉമ്മൻ ചാണ്ടി വ്യക്തമാക്കി. ജോർജിന്റെ കാര്യത്തിൽ തീരുമാനം മുഖ്യമന്ത്രി കൈക്കൊള്ളുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ജോർജ് വിഷയം മുന്നണിയുടെ കെട്ടുറപ്പിനെ ബാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസയമം കുരിശില്ലാതെ യേശു ഇല്ലെന്നും കുരിശ് ജീവിതത്തിന്റെ അവിഭാജ്യ ഘടകമെന്നുമാണ് ധനമന്ത്രി കെ എം മാണി ഇന്ന് പറഞ്ഞത്. സെന്റ് തോമസ് കത്തീഡ്രലിൽ കുരുത്തോലപ്പെരുന്നാൾ ചടങ്ങുകളിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് പി സി ജോർജിനെ പരോക്ഷമായി സൂചിപ്പിച്ച് ധനമന്ത്രിയുടെ പ്രതികരണം. മാണിയുടെ കർശന നിലപാട് തുടരുന്നതിനിടെ കെ എം മാണിയെയും പി ജെ ജോസഫിനെയും വിമർശിച്ച് പി സി ജോർജും തിരിച്ചടിച്ചു. മാണി തെരഞ്ഞെടുപ്പിൽ തോൽക്കും. പാർട്ടിയിൽ മറ്റൊരു ഗ്രൂപ്പുണ്ടാക്കാനാണ് മാണി ശ്രമിക്കുന്നതെന്നും ജോർജ് പറഞ്ഞു.

ജീവിതത്തിൽ സന്തോഷവും ദുഃഖവും ഉണ്ടാകുമെന്നും ആ ദുഃഖത്തെ സന്തോഷമാക്കിമാറ്റാൻ കഴിയുമെന്നുമാണ് കെ എം മാണി പറഞ്ഞത്. നിരാശയില്ലാതെ ജീവിച്ചാൽ ദുഃഖം മാറി സന്തോഷം വരുമെന്നും കെ എം മാണി പറഞ്ഞു. വിശുദ്ധ വാരത്തോട് അനുബന്ധിച്ച് പള്ളിയിൽ പ്രാർത്ഥനയ്ക്കു ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് പി സി ജോർജുമായി ബന്ധപ്പെട്ട വിഷയങ്ങളെ പരോക്ഷമായി സൂചിപ്പിച്ച് മാണിയുടെ പ്രസ്താവന വന്നത്.

അതിനിടെയാണ് കെ എം മാണിക്കെതിരേ ആഞ്ഞടിച്ചു പി സി ജോർജ് വീണ്ടുമെത്തിയത്. കേരള കോൺഗ്രസിൽ മറ്റൊരു ഗ്രൂപ്പുണ്ടാക്കാനാണു മാണി ശ്രമിക്കുന്നത്. തന്നെ മറ്റൊരു ഗ്രൂപ്പാക്കാനാണ് അദ്ദേഹത്തിന്റെ നീക്കം. മാണി അടുത്ത തെരഞ്ഞെടുപ്പിൽ തോൽക്കുമെന്നും ജോർജ് പറഞ്ഞു. തനിക്കെതിരെ നടപടിയെടുത്ത യോഗത്തിൽ ജോസഫ് ഗ്രൂപ്പ് മൗനം പാലിച്ചതിൽ ദുരൂഹതയുണ്ട്.

ജോസഫ് ഗ്രൂപ്പിനെ മാണിക്കനുകൂലമാക്കാൻ എന്തെങ്കിലുമൊക്കെ കൊടുക്കേണ്ടി വന്നിട്ടുണ്ടാകും. മാന്യന്മാരായ എംഎൽഎമാർ ഇന്നലെവരെ മാണിയെക്കുറിച്ചു പറഞ്ഞു നടന്നതെന്തെന്ന് എല്ലാവർക്കും അറിയാമെന്നും അദ്ദേഹം പറഞ്ഞു. ഓടിയൊളിക്കുന്നവനല്ല താനെന്നും സ്ഥാനമില്ലാത്ത പി സി ജോർജ് നൂറിരട്ടി ശക്തനായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പറയാൻ തുടങ്ങുമ്പോൾ എല്ലാം തുറന്നു പറയും. യുഡിഎഫിന്റെ മാന്യമായ പ്രതികരണത്തിന് കാത്തിരിക്കുകയാണെന്നും പി.സി.ജോർജ് വ്യക്തമാക്കി.

വിഷയത്തിൽ ഇതുവരെ നിലപാട് വ്യക്തമാക്കാത്ത പി ജെ ജോസഫും ഇന്ന് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. പി സി ജോർജിനെ ചീഫ് വിപ്പ് സ്ഥാനത്തുനിന്ന് മാറ്റാനുള്ള തീരുമാനം എടുത്തത് പാർട്ടി ഒറ്റക്കെട്ടായാണെന്ന് പി ജെ ജോസഫ്. പറഞ്ഞു. എട്ട് എംഎൽഎമാർ ചേർന്നെടുത്ത തീരുമാനമാണ് മുഖ്യമന്ത്രിയെ അറിയിച്ചത്. വിഷയത്തിൽ സമയബന്ധിതമായി തീരുമാനമെടുക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. തനിക്കെതിരായ തീരുമാനത്തിന് മന്ത്രി പി ജെ ജോസഫിന്റെ പിന്തുണയില്ലെന്നും എം എൽ എമാരുടെ യോഗത്തിൽ അദ്ദേഹം മൗനം പാലിച്ചുവെന്നും പി സി ജോർജ് അവകാശപ്പെട്ടിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP