Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202021Wednesday

കാനം രാജേന്ദ്രന് ഇത് എന്തുപറ്റി? സ്വന്തം എംഎൽഎയെ തല്ലി കൈയൊടിച്ചിട്ടും പൊലീസിനെതിരെ വിമർശനമില്ല; വീട്ടിലിരുന്നിട്ടല്ല സമരത്തിന് പോയിട്ടാണ് എംഎൽഎയെ പൊലീസ് മർദ്ദിച്ചതെന്ന് കാനം; അനീതിയെ എതിർക്കുന്നതിനിടെ പൊലീസ് നടപടി നേരിടേണ്ടി വരും; മാധ്യമങ്ങളുടെ ട്യൂണിന് അനുസരിച്ച് തുള്ളുന്ന പാർട്ടിയല്ല സിപിഐ എന്നും സംസ്ഥാന സെക്രട്ടറി; തൊട്ടതിനും പിടിച്ചതിനും സിപിഎമ്മിനെ എതിർത്തിരുന്ന കാനത്തിന്റെ ഇപ്പോഴത്തെ മൗനം ദുരൂഹമെന്ന് അണികൾ

കാനം രാജേന്ദ്രന് ഇത് എന്തുപറ്റി? സ്വന്തം എംഎൽഎയെ തല്ലി കൈയൊടിച്ചിട്ടും പൊലീസിനെതിരെ വിമർശനമില്ല; വീട്ടിലിരുന്നിട്ടല്ല സമരത്തിന് പോയിട്ടാണ് എംഎൽഎയെ പൊലീസ് മർദ്ദിച്ചതെന്ന് കാനം; അനീതിയെ എതിർക്കുന്നതിനിടെ പൊലീസ് നടപടി നേരിടേണ്ടി വരും; മാധ്യമങ്ങളുടെ ട്യൂണിന് അനുസരിച്ച് തുള്ളുന്ന പാർട്ടിയല്ല സിപിഐ എന്നും സംസ്ഥാന സെക്രട്ടറി; തൊട്ടതിനും പിടിച്ചതിനും സിപിഎമ്മിനെ എതിർത്തിരുന്ന കാനത്തിന്റെ ഇപ്പോഴത്തെ മൗനം ദുരൂഹമെന്ന്  അണികൾ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് എന്താണ് പറ്റിയയെന്ന് ചോദിക്കുന്നത് സ്വന്തം പാർട്ടിയിലെ അണികൾ തന്നെയാണ്. ഒരു വർഷം മുമ്പുവരെ സർക്കാറിനെയും സിപിഎമ്മിനെയും നിശിതമായി വിമർശിച്ചുവന്ന കാനം രാജേന്ദ്രൻ ഇപ്പോൾ മിക്ക വിഷയങ്ങളിലും മൗനം പാലിക്കയാണ് പതിവ്. മാത്രമല്ല സ്വന്തം പാർട്ടി എംഎൽഎയെ തല്ലി പൊലീസ് കൈയൊടിച്ചിട്ടുപോലും ഉദാസീനമായ മറുപടിയാണ് അദ്ദേഹത്തിൽ നിന്ന് ഉണ്ടായത്. ഇതിനെതിരെ പാർട്ടിയിൽ രോഷം അണപൊട്ടുകയാണ്. ഐജി ഓഫീസിലേക്ക് നടത്തിയ മാർച്ചിനിടെ സിപിഐ എംഎൽഎ എൽദോ എബ്രഹാമിന്റെ കൈ തല്ലിയൊടിച്ച പൊലീസിനെ വിമർശിക്കാതെ കാനം രാജേന്ദ്രന്റെ പ്രതികരണം. വീട്ടിലിരുന്ന എംഎൽഎയെ അല്ല, സമരത്തിന് പോയിട്ടാണ് എംഎൽഎയെ പൊലീസ് മർദ്ദിച്ചതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അനീതിയെ എതിർക്കേണ്ടത് രാഷ്ട്രീയപാർട്ടികളുടെ കടമയാണ്. ഇതിനിടെ പൊലീസ് നടപടി നേരിടേണ്ടി വരും. മാധ്യമങ്ങളുടെ ട്യൂണിന് അനുസരിച്ച് തുള്ളുന്ന പാർട്ടിയല്ല സിപിഐ. പക്വതയോടെ മാത്രമേ സിപിഐ പ്രതികരിക്കൂ എന്നും കാനം പറഞ്ഞു.

ഒരു വർഷം മുമ്പുവരെ എന്തിനും ഏതിനും പ്രതികരിച്ച് മാധ്യമങ്ങളിൽ നിറഞ്ഞു നിന്നിരുന്ന വ്യക്തിത്വമായിരുന്നു കാനം രാജേന്ദ്രന്റെത്. പിണറായി സർക്കാർ അധികാരത്തിൽ ഏറിയ ആദ്യത്തെ രണ്ടുവർഷങ്ങളിൽ പ്രതിപക്ഷത്തേക്കാൾ പലപ്പോഴും സർക്കാറിന് തലവേദനയായത് സിപിഐ സംസ്ഥാന സെക്രട്ടറിയുടെ നിലപാടുകൾ ആയിരുന്നു. നിലമ്പൂരിലെ മാവോയിസ്റ്റ് വേട്ടയിലടക്കം കാനം ശക്തമായി പ്രതികരിച്ചത് ആഭ്യന്തര വകുപ്പിനും മുഖ്യമന്ത്രിക്കും ഉണ്ടാക്കിയ പൊല്ലാപ്പുകൾ ചില്ലറയല്ല. അതുപോലെ സിപിഐ മന്ത്രിമാരെ ഒരു ഘട്ടത്തിൽ മന്ത്രസഭയിൽ നിന്ന് പിൻവലിച്ചുകൊണ്ടുതന്നെ അദ്ദേഹം പ്രതിഷേധം ഉയർത്തി. ഒരു വേള കേരളത്തിലെ യഥാർഥ പ്രതിപക്ഷം സിപിഐ ആണെന്നുവരെ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തി.

എന്നാൽ കഴിഞ്ഞ ഒരു വർഷമായി സർക്കാറിനെ വെട്ടിലാക്കുന്നതരത്തിലുള്ള യാതൊരു പ്രതികരണങ്ങളും കാനം നടത്താറില്ല. ആന്തൂർ സംഭവം, കസ്റ്റഡിമരണം, വയനാട്ടിലെ മാവോയിസ്റ്റ് കൊല, തെരെഞ്ഞടുപ്പ് പരാജയം, ബിനോയ് കോടിയേരി വിഷയം എന്നിവയിലൊന്നും കാനം ശക്തമായി പ്രതികരിച്ചിട്ടില്ല. എല്ലായിപ്പോഴും മുഖം നോക്കാതെ പാർട്ടിയുടെ നിലപാട് പറയുന്ന കാനം ഇപ്പോൾ വാർത്താ സമ്മേളനങ്ങളിൽ പോലും സൂക്ഷിച്ചാണ് പ്രതികരിക്കാറ്. ദയനീയമായ ശരീരഭാഷയാണ് വാർത്താ സമ്മേളനിലൊക്കെ അദ്ദേഹത്തിനുള്ളത്. ഏറ്റവും ഒടുവിലായി സ്വന്തം പാർട്ടിയുടെ ഒരു എംഎൽഎയെ പൊലീസ് തല്ലി കൈയൊടിച്ചിട്ടും കാനത്തിന് പൊലീസിനെതിരെ ശക്തമായി പ്രതികരിക്കാനായിട്ടില്ല എന്നു മാത്രമല്ല, പൊലീസിനെ ന്യായീകരിക്കുന്ന സമീപനമാണ് അദ്ദേഹം സ്വീകരിച്ചത്. ഇതിനെതിരെ പാർട്ടിയിൽ രോഷം അണപൊട്ടുകയാണ്. എന്തു ഘടകമാണ് സർക്കാറിനും പിണറായിക്കുമെതിരെ പ്രതികരിക്കാൻ കാനത്തെ പിറകോട്ട് അടിപ്പിക്കുന്നതെന്ന് ഇപ്പോഴും വ്യക്തമല്ല.

ചൊവ്വാഴ്ചയാണ് എറണാകുളത്തെ റേഞ്ച് ഐജി ഓഫീസിലേക്ക് സിപിഐ നടത്തിയ മാർച്ചിന് നേരെ പൊലീസ് നടപടിയുണ്ടായത്. നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ഞാറയ്ക്കൽ സിഐക്കെതിരെ നടപടി ആവശ്യപ്പെട്ടായിരുന്നു സിപിഐയുടെ മാർച്ച്. മാർച്ചിനിടെയുണ്ടായ സംഘർഷത്തിൽ സിപിഐ ജില്ലാ സെക്രട്ടറി പി രാജു, മൂവാറ്റുപുഴ എംഎൽഎ എൽദോ എബ്രഹാം എന്നിവർക്ക് പൊലീസ് മർദ്ദനമേറ്റിരുന്നു. പൊലീസ് നടപടിയിൽ കൈയൊടിഞ്ഞ എംഎൽഎ ഇന്നാണ് ആശുപത്രി വിട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP