Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മഹേഷ് പുറത്ത് പോയത് തരം കിട്ടുമ്പോൾ തളർത്താൻ കാത്തിരുന്ന വിഷ്ണുനാഥിന്റെ നിലപാടിൽ പ്രതിഷേധിച്ച്; രാഹുലിനെതിരെയുള്ള പോസ്റ്റ് പുലിവാല് പിടിച്ചതോടെ ഇനി നിന്നിട്ടും കാര്യമില്ലെന്ന് അറിഞ്ഞ് ചാടി; തീപ്പൊരി യുവനേതാവിനെ സ്വന്തമാക്കാൻ കരുനീക്കവുമായി ബിജെപി രംഗത്ത്

മഹേഷ് പുറത്ത് പോയത് തരം കിട്ടുമ്പോൾ തളർത്താൻ കാത്തിരുന്ന വിഷ്ണുനാഥിന്റെ നിലപാടിൽ പ്രതിഷേധിച്ച്; രാഹുലിനെതിരെയുള്ള പോസ്റ്റ് പുലിവാല് പിടിച്ചതോടെ ഇനി നിന്നിട്ടും കാര്യമില്ലെന്ന് അറിഞ്ഞ് ചാടി; തീപ്പൊരി യുവനേതാവിനെ സ്വന്തമാക്കാൻ കരുനീക്കവുമായി ബിജെപി രംഗത്ത്

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം : നോർത്ത് ഈസ്റ്റ് മോഡൽ കേരളത്തിൽ നടപ്പാക്കുകയാണ് ബിജെപി ദേശീയ നേതൃത്വത്തിന്റെ ലക്ഷ്യം. ജനകീയരായ കോൺഗ്രസ് നേതാക്കളെ ബിജെപിയിലെത്തിക്കുന്ന തന്ത്രം കേരളത്തിലും ബിജെപി നടപ്പാക്കും. ഇതിനുള്ള തന്ത്രങ്ങൾ മെനയുന്നതിനിടെയാണ് സി ആർ മഹേഷ് യൂത്ത് കോൺഗ്രസിൽ നിന്ന് രാജി പ്രഖ്യാപിച്ചത്. കോൺഗ്രസ് വിടാനുള്ള യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് സി.ആർ.മഹേഷിന്റെ പ്രഖ്യാപനം പാർട്ടിക്കും യൂത്ത് കോൺഗ്രസിനും ഒരേസമയം ഞെട്ടലും ക്ഷീണവുമായെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യം മുതലെടുക്കാനാണ് ബിജെപിയുടെ നീക്കം. മഹേഷിനെ ബിജെപിയിൽ എത്തിക്കാൻ നേതാക്കൾ കരുനീക്കം തുടങ്ങിയിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പും മഹേഷിനെ നോട്ടമിട്ട് സംഘപരിവാർ സംഘടനകൾ ചർച്ചകൾ സജീവമാക്കിയിരുന്നു. എന്നാൽ മഹേഷ് വഴങ്ങിയില്ല.

കോൺഗ്രസിലെ ഒറ്റയാനായിരുന്നു മഹേഷ്. തീപ്പൊരി നേതാവ് നേതൃത്വത്തിലെ അനീതിയ്‌ക്കെതിരെ എന്നും ശബ്ദമുയർത്തി. നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് കൊടുക്കാതിരിക്കാനും നീക്കമുണ്ടായി. അപ്പോഴായിരുന്നു ബിജെപി രംഗത്ത് എത്തിയത്. ഇത് മനസ്സിലാക്കി കരുനാഗപ്പള്ളിയിൽ സീറ്റ നൽകി. അപ്പോഴും പിന്നിൽ നിന്ന് കുത്തി വീഴ്‌ത്തി. അങ്ങനെ കരുനാഗപ്പള്ളിയിൽ മഹേഷ് തോറ്റു. അതിന് ശേഷവും നേതൃത്വത്തിനെതിരെ നിരന്തരം പോരാട്ടം നയിച്ചു. എഐസിസി ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിക്കും എ.കെ.ആന്റണിക്കും എതിരെ ഫേസ്‌ബുക് പോസ്റ്റിലൂടെ രൂക്ഷവിമർശനം ഉന്നയിച്ചതിനു പാർട്ടി നടപടി ഉറപ്പായതിനു പിന്നാലെയാണ് മഹേഷ് രാജി പ്രഖ്യാപിച്ചത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കരുനാഗപ്പള്ളിയിൽ 1,759 വോട്ടിനു തോറ്റ മഹേഷ്, തന്നെ കാലുവാരി തോൽപിച്ചതാണെന്ന് ആരോപിച്ച് അന്നേ രംഗത്തെത്തിയിരുന്നു. പുതിയ സാഹചര്യത്തിൽ ബിജെപി മഹേഷിനായി വീണ്ടും രംഗത്ത് വരികെയാണ്. സംസ്ഥാന നേതൃത്വത്തിലെ മുതിർന്ന നേതാക്കൾ തന്നെ മഹേഷുമായി ചർച്ച തുടങ്ങിയിട്ടുണ്ട്. ഇക്കാര്യത്തിൽ ഉടൻ വ്യക്തതയും തീരുമാനവുമുണ്ടാകുമെന്നാണ് സൂചന.

ആർഎസ്എസ് ബന്ധമുണ്ടെന്ന് ആരോപിച്ചു പാർട്ടിയിലെ ഒരുവിഭാഗം രഹസ്യനീക്കം നടത്തിയതും ചർച്ചയായിരുന്നു. നേതൃത്വം ഏറ്റെടുത്തു മുന്നിൽ നിന്നു നയിക്കാൻ കഴിയില്ലെങ്കിൽ രാഹുൽ ഗാന്ധി ഒഴിയണമെന്നും എ.കെ.ആന്റണി ഡൽഹിയിൽ മൗനി ബാബയായി തുടരുകയാണെന്നുമായിരുന്നു മഹേഷിന്റെ ഫേസ്‌ബുക് പോസ്റ്റ്. യുപി ഉൾപ്പെടെ നിയമസഭാ തിരഞ്ഞെടുപ്പുകളിലെ തോൽവി, കെപിസിസിക്കു പുതിയ അധ്യക്ഷനെ നിശ്ചയിക്കാൻ കഴിയാത്തത്, കെഎസ്‌യു സംഘടനാ തിരഞ്ഞെടുപ്പിന്റെ പേരിലുള്ള തമ്മിലടി എന്നിവയോടുള്ള പ്രതികരണമായിരുന്നു ഫേസ്‌ബുക് പോസ്റ്റ്. ഫേസ്‌ബുക് പോസ്റ്റിനു മറുപടിയുമായി കെപിസിസി ജനറൽ സെക്രട്ടറി പി.സി.വിഷ്ണുനാഥ് രൂക്ഷമായ ഭാഷയിൽ രംഗത്തുവന്നതും മഹേഷിന്റെ രാജിക്കു പ്രകോപനമായി. രാഹുൽ ഗാന്ധിയെ ദുർബലപ്പെടുത്തുക എന്ന വർഗീയ ശക്തികളുടെ ആവശ്യം അറിഞ്ഞോ അറിയാതെയോ ചിലയാളുകൾ ഏറ്റുപിടിക്കുന്നതു ദൗർഭാഗ്യകരമാണെന്നായിരുന്നു വിഷ്ണുനാഥിന്റെ മറുപടി.

വിഷ്ണുനാഥുമായി നല്ല ബന്ധം ഉണ്ടായിരുന്നില്ല. കൊല്ലത്ത് നിന്ന് മറ്റൊരു യുവ നേതാവ് ഉയർന്നുവരുന്നതിനോട് വിഷ്ണുനാഥിന് താൽപ്പര്യമില്ലത്രേ. ഇതും മഹേഷിനെ പാർട്ടിക്ക് പുറത്തേക്ക് പോകാൻ വഴിയൊരുക്കിയെന്ന് വിശ്വസിക്കുന്നവരുമുണ്ട്. ഡിസിസി പ്രസിഡന്റ് സ്ഥാനത്തേക്കും കെപിസിസി ഭാരവാഹിത്വത്തിലേക്കും പരിഗണിച്ചിരുന്ന മഹേഷ് നടപടിയുണ്ടാകുമെന്ന് ഉറപ്പിച്ചു തന്നെയാണ് നേതൃത്വത്തിനെതിരെ രംഗത്തുവന്നത്. ഡിസിസി പ്രസിഡന്റ് സ്ഥാനം വിഷ്ണുനാഥും മോഹിക്കുന്നുണ്ട്. ഇതെല്ലാം മഹേഷിനെ പാർട്ടിയിൽ നിന്നും അകറ്റിയിരുന്നു. ഇതിന്റെ പ്രതിഫലനമാണ് മഹേഷിന്റെ പോസ്റ്റിലും പ്രതിഫലിച്ചതെന്ന് കരുതുന്നവരുമുണ്ട്. ഈ യുവനേതാവിന്റെ പാർട്ടിയിൽ നിന്നുള്ള പോക്ക് കോൺഗ്രസിന് വലിയ നഷ്ടമാകുമെന്ന് കരുതുന്നവരാണ് ഏറെയും.

ശക്തമായ നേതൃഗുണവും സംഘാടനമികവുമാണ് ഐ ഗ്രൂപ്പുകാരനായ സി.ആർ. മഹേഷിനെ സംസ്ഥാനത്തെ യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയർന്നുവരാൻ സഹായിച്ച ഘടകങ്ങൾ. കമ്യൂണിസ്റ്റ് പാരമ്പര്യം പേറുന്ന കുടുംബത്തിൽ ജനിച്ച് കോൺഗ്രസ് രാഷ്ട്രീയം സ്വീകരിച്ച മഹേഷിന് മികച്ച നേതാവെന്ന പ്രതിച്ഛായ വിദ്യാർത്ഥി കാലം മുതൽ സ്വന്തമായിരുന്നു. പഞ്ചായത്ത് മെംബർ എന്ന നിലയിലുള്ള പ്രവർത്തനത്തെ പ്രതിപക്ഷം പോലും പ്രശംസിച്ചിരുന്നു. കരുനാഗപ്പള്ളിയിലെ തഴവ തെക്കുംമുറിമേക്ക് ചെമ്പകശ്ശേരിൽ വീട്ടിൽ രാജശേഖരൻ- ലക്ഷ്മിക്കുട്ടിഅമ്മ ദമ്പതികളുടെ മകനായ മഹേഷ് വിദ്യാർത്ഥികാലം മുതൽ രാഷ്ട്രീയത്തിൽ സജീവമായിരുന്നു. കുടുംബത്തിന്റെ രാഷ്ട്രീയം കമ്മ്യൂണിസം ആയിരുന്നെങ്കിലും മഹേഷിന്റെ രാഷ്ട്രീയപാത കോൺഗ്രസിന്റേതായി. കെഎസ്‌യു സ്ഥാനാർത്ഥിയായി ശാസ്താംകോട്ട ഡിബി കോളേജ് യൂണിയൻ ചെയർമാനായത് ആദ്യ തിരഞ്ഞടുപ്പ് വിജയം. 2005-ൽ സ്വന്തം വാർഡിൽ നിന്ന് തഴവ ഗ്രാമ പഞ്ചായത്തിലേക്ക് തിരഞ്ഞെടുപ്പെട്ടു. അതേവർഷം തന്നെ യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിയും പിന്നീട് പ്രസിഡന്റുമായി.

കോൺഗ്രസ് ജില്ലാ സെക്രട്ടറി ആയിരുന്നപ്പോൾ കേരളത്തിലെ നിയോജകമണ്ടലം തലത്തിലുള്ള പരിപാടികളിൽ ഏറ്റവും കൂടുതൽ യുവജനങ്ങളെ പങ്കെടുപ്പിച്ചു കേരളത്തിൽ തന്നെ ചരിത്രം സൃഷ്ടിച്ചു ഈ യുവ നേതാവ്. ഏറ്റവും കൂടുതൽ ജില്ല തല പരിപാടികൾ സങ്കടിപ്പിച്ചും സമരങ്ങളിൽ പൊലീസ് മർദനം ഏറ്റുവാങ്ങിയും ജയിൽവാസം അനുഭവിച്ചും മഹേഷ് നേതൃനിരയിലേക്ക് ഉയർന്നുവന്നു. ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിലും അസ്സംബ്ലി തെരഞ്ഞെടുപ്പിലും സീറ്റ് വാഗ്ദാനം നല്കപ്പെടുകയും പിന്നീട് മറ്റുള്ളവർക്കു വേണ്ടി മാറി നില്കാൻ പാർട്ടി ആവശ്യപ്പെട്ടപ്പോൾ അച്ചടക്കമുള്ള പ്രവർത്തകനായി അനുസരണ കാട്ടുകയും ചെയ്തിട്ടുണ് മഹേഷ്. 2013 ൽ എ ഗ്രൂപ്പിലെ ഡീൻ കുര്യാക്കോസ് യൂത്ത് കോൺഗ്രസ് പ്രസിഡന്റായപ്പോൾ ഐ ഗ്രൂപ്പിലെ മഹേഷിനാണ് വൈസ് പ്രസിഡന്റാകാൻ നിയോഗമുണ്ടായത്.

ചവറ കെ.എം.എം.എല്ലിലെ നിയമങ്ങളിലെ അഴിമതിക്കെതിരെ മഹേഷ് നയിച്ച യുവജനസമരങ്ങൾ അടുത്ത കാലത്ത് ജനശ്രദ്ധ പിടിച്ചുപറ്റി. സമരത്തെ തുടർന്ന് നിയമന നടപടികൾ കമ്പനി നിർത്തിവച്ചത് മഹേഷിന്റെ ജനപ്രീതി വർധിപ്പിക്കുകയും കോൺഗ്രസ് നേതൃത്വത്തിനുള്ള അദ്ദേഹത്തോടു കൂടുതൽ മതിപ്പുളവാക്കുകയും ചെയ്തു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കരുനാഗപ്പള്ളി മണ്ഡലത്തിൽ സ്ഥാനാർത്ഥിയെ നിർത്താൻ കോൺഗ്രസ് തീരുമാനിച്ചപ്പോഴും ഉയർന്നുവന്നത് മഹേഷിന്റെ പേരായിരുന്നു. മുമ്പത്തെ മൂന്നു തെരഞ്ഞെടുപ്പുകളിലും സഖ്യകക്ഷികൾക്കായിരുന്നു യുഡിഎഫ് സീറ്റ്. കരുനാഗപ്പള്ളിയെ ഇടതുപിടിയിൽനിന്നു മോചിപ്പിക്കാൻ നിയോഗം ലഭിച്ചെങ്കിലും അതു വിജയത്തിലെത്തിക്കാൻ മഹേഷിനായില്ല. സിപിഐയുടെ ആർ. രാമചന്ദ്രൻ നായരുമായുള്ള വാശിയേറിയ പോരാട്ടത്തിൽ 1759 വോട്ടുകൾക്കാണു മഹേഷ് തോറ്റത്. ചിലരുടെ കാലുവാരൽ മൂലമാണ് താൻ പരാജയപ്പെട്ടതെന്ന് അന്ന് മഹേഷ് ആരോപിച്ചിരുന്നു.

കെപിസിസിക്ക് പുതിയ അധ്യക്ഷനെ നിയമിക്കാത്തതിനേയും ഗ്രൂപ്പ് രാഷ് ട്രീയത്തേയും കെഎസ്‌യു തിരഞ്ഞെടുപ്പിലെ ഗ്രൂപ്പ് പോരിനേയും മഹേഷ് വിമർശിച്ചിരുന്നു. ഒരു മഹത്തായ രാഷ്ട്രീയ പ്രസ്ഥാനം, രാജ്യത്തും, സംസ്ഥാനത്തും ഉരുകി തീരുന്നത് ലാഘവത്തോടെ കണ്ട് നിൽക്കുന്ന കോൺഗ്രസ് നേതൃത്വം റോമാ സാമ്രാജ്യം കത്തി എരിഞ്ഞപ്പോൾ വീണ വായിച്ച ചക്രവർത്തിയെ അനുസ്മരിപ്പിക്കുന്നു. പാർട്ടിയെ സ്‌നേഹിക്കുന്നവരുടെ മനസ്സ് തേങ്ങുകയാണ്. ജനവിരുദ്ധ സർക്കാർ നയങ്ങൾക്ക് എതിരെ പട നയിക്കേണ്ടവർ പകച്ചു നിൽക്കുന്നു. ബഹുമാനപ്പെട്ട രാഹുൽ ഗാന്ധിക്ക് നേതൃത്വം ഏറ്റെടുത്ത് മുന്നിൽ നിന്ന് നയിക്കാൻ താല്പര്യം ഇല്ലെങ്കിൽ അദ്ദേഹം ഒഴിയണം. ഒരു മഹത്തായ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ രാജ്യം മുഴുവൻ പടർന്ന് പന്തലിച്ചിരുന്ന വേരുകൾ അറ്റ് പോവുന്നത് അങ്ങ് കണ്ണ് തുറന്ന് കാണണം- മഹേഷിന്റെ ഫേസ്‌ബുക്ക് വിമർശനം ഇങ്ങനെയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP