Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തുടർ ഭരണത്തിൽ പാർട്ടി തീരുമാനിച്ചത് ആദ്യ ടേമിലെ സ്റ്റാഫുകൾ തുടരേണ്ടെന്ന്; മറ്റ് മന്ത്രിമാരുടെ ഓഫീസ് നടപ്പാക്കി; മുൻ സർക്കാരിന് നാണക്കേടുണ്ടാക്കിയ സ്റ്റാഫിനെ നിലനിർത്തി മുഖ്യമന്ത്രി; മാനദണ്ഡം പാലിച്ചില്ലെന്ന് സിപിഎം വഞ്ചിയൂർ ഏരിയ കമ്മിറ്റിയുടെ വിമർശനം; 'വിഭാഗീയത തടുക്കാൻ' പിണറായി നേരിട്ടിറങ്ങും; എല്ലാ ജില്ലാ സമ്മേളനങ്ങളിലും പങ്കെടുക്കും

തുടർ ഭരണത്തിൽ പാർട്ടി തീരുമാനിച്ചത് ആദ്യ ടേമിലെ സ്റ്റാഫുകൾ തുടരേണ്ടെന്ന്; മറ്റ് മന്ത്രിമാരുടെ ഓഫീസ് നടപ്പാക്കി; മുൻ സർക്കാരിന് നാണക്കേടുണ്ടാക്കിയ സ്റ്റാഫിനെ നിലനിർത്തി മുഖ്യമന്ത്രി; മാനദണ്ഡം പാലിച്ചില്ലെന്ന് സിപിഎം വഞ്ചിയൂർ ഏരിയ കമ്മിറ്റിയുടെ വിമർശനം; 'വിഭാഗീയത തടുക്കാൻ' പിണറായി നേരിട്ടിറങ്ങും; എല്ലാ ജില്ലാ സമ്മേളനങ്ങളിലും പങ്കെടുക്കും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സ്റ്റാഫ് അംഗങ്ങളുടെ നിയമനത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ സിപിഎം വഞ്ചിയൂർ ഏര്യാ സമ്മേളനത്തിൽ കടുത്ത വിമർശനം. മുഖ്യമന്ത്രിയുടെ സ്റ്റാഫിൽ മാറ്റം വരുത്താത്തതിലാണ് വിമർശനം. തുടർഭരണം കിട്ടിയപ്പോൾ ആദ്യ ടേമിലെ മന്ത്രിമാരുടെ സ്റ്റാഫ് അംഗങ്ങൾ തുടരേണ്ടതില്ലെന്നായിരുന്നു പാർട്ടി തീരുമാനം. എന്നാൽ ഈ മാനദണ്ഡം മുഖ്യമന്ത്രി പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിമർശനം.

അതേ സമയം വിഭാഗീയതയും പ്രതിഷേധവും തമ്മിൽതല്ലും പാർട്ടിക്ക് നാണക്കേട് ഉണ്ടാക്കുകയും സർക്കാരിനെതിരെ വിമർശനങ്ങൾ കടുക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ എതിർ സ്വരങ്ങൾ അമർച്ച ചെയ്യാൻ സിപിഎമ്മിന്റെ എല്ലാ ജില്ലാ സമ്മേളനങ്ങളിലും മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് പങ്കെടുക്കാനാണ് തീരുമാനം. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റാണ് ഇക്കാര്യത്തിൽ തീരുമാനം കൈക്കൊണ്ടത്.

കഴിഞ്ഞ തവണ പകുതി വീതം ജില്ലകളിൽ പിണറായിയും സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണനുമാണു സമ്മേളനങ്ങൾ നിയന്ത്രിച്ചത്. പാർട്ടി ചുമതല നൽകിയ എല്ലാ ജില്ലാ സമ്മേളനങ്ങളിലും പിണറായി വിജയൻ മുഴുവൻ സമയവും പങ്കെടുത്തിരുന്നു. എന്നാൽ ഇത്തവണ പിണറായി നേരിട്ട് രംഗത്തിറങ്ങും.

എല്ലാ ജില്ലാ സമ്മേളനങ്ങളിലും മുഖ്യമന്ത്രിയുടെ സാന്നിധ്യം ഉറപ്പിക്കുന്നതോടെ സർക്കാരിനെതിരെ ഉയർന്നേക്കാവുന്ന വിമർശനങ്ങളുടെ തീവ്രത കുറയ്ക്കാമെന്നും സിപിഎം കരുതുന്നു. പാർട്ടി കോൺഗ്രസ് നടക്കേണ്ട കണ്ണൂരിലാണ് ആദ്യ ജില്ലാ സമ്മേളനം. ഡിസംബർ 10 ന് തുടങ്ങുന്ന കണ്ണൂർ ജില്ലാ സമ്മേളനത്തിൽ മുഖ്യമന്ത്രിക്കു പുറമേ പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനും പങ്കെടുക്കും.

മുഖ്യമന്ത്രിക്കു പുറമേ പൊളിറ്റ് ബ്യൂറോ അംഗങ്ങളായ കോടിയേരി ബാലക്യഷ്ണൻ, എസ്.രാമചന്ദ്രൻ പിള്ള, എം.എ.ബേബി എന്നിവരുടെ നേതൃത്വത്തിൽ രണ്ടു ടീമായി നേതൃത്വത്തെ തിരിച്ചു സമ്മേളനങ്ങളുടെ നടത്തിപ്പു ചുമതല നൽകും. കേന്ദ്ര കമ്മിറ്റി അംഗങ്ങളും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളും ഈ ടീമിൽ ഉണ്ടാകും.

ഒരു സംസ്ഥാന സെക്രട്ടേറിയറ്റ് അംഗത്തിന് മൂന്നു മുതൽ നാല് ജില്ലാ സമ്മേളനങ്ങളിൽ പങ്കെടുക്കേണ്ടി വരും. വിഭാഗീയതയും മത്സരങ്ങളും നിയന്ത്രിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണു നേതാക്കളുടെ വലിയൊരു സംഘത്തിനെ സമ്മേളന നടപടികൾ നിയന്ത്രിക്കാൻ സിപിഎം വിന്യസിക്കുന്നത്. ഓരോ ഏരിയ സമ്മേളനത്തിലും മൂന്നും നാലും സംസ്ഥാന സമിതി അംഗങ്ങളാണു പങ്കെടുക്കുന്നത്. ഇതിനു പുറമേ ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങൾക്കും ചുമതല നൽകിയിട്ടുണ്ട്.

മുൻ സ്റ്റാഫ് അംഗങ്ങളെ മറ്റ് മന്ത്രിമാരുടെ ഓഫീസിൽ നിന്ന് ഒഴിവാക്കിയെങ്കിലും കഴിഞ്ഞ സർക്കാരിന് നാണക്കേടുണ്ടാക്കിയ സ്റ്റാഫിനെ മുഖ്യമന്ത്രി നിലനിർത്തിയെന്നാാണ് വഞ്ചിയൂർ ഏര്യാ സമ്മേളനത്തിലെ വിമർശനം. സി എം രവീന്ദ്രനെ അടക്കം നിലനിർത്തി കഴിഞ്ഞ തവണത്തേതിൽ നിന്ന് കാര്യമായ മാറ്റങ്ങളില്ലാതെയാണ് മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫ് സംഘം. ശാസ്ത്ര സാങ്കേതിക വിഭാഗം ഉപദേശകനായിരുന്ന എം സി ദത്തനെ സയൻസ് വിഭാഗം മെന്റർ എന്ന നിലയിലാണ് നിലനിർത്തിയത്.

സ്വർണക്കടത്ത് കേസിൽ സ്വപ്‌ന സുരേഷിന്റെ നിർണായക മൊഴിയുടെ അടിസ്ഥാനത്തിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് വിളിച്ചുവരുത്തി മൊഴിയെടുത്തവർ അടക്കം നിലവിൽ സ്റ്റാഫ് അംഗങ്ങളായി തുടരുന്നുണ്ട്.

ദത്ത് വിവാദത്തിനെതിരെയും ഏര്യാ സമ്മേളനത്തിൽ വിമർശനമുയർന്നു. അനുപമ വിഷയം പാർട്ടിക്ക് നാണക്കേട് ഉണ്ടാക്കിയെന്നാണ് സമ്മേളനത്തിൽ ഉയർന്ന അഭിപ്രായം. ശിശുക്ഷേമ സമിതിക്കും വിമർശനമുണ്ട്. നടപടി വൈകുന്നതിനെതിരെയും ഏര്യാ സമ്മേളനത്തിൽ വിമർശനമുണ്ടായി.

എൻ പ്രഭാവർമ മുഖ്യമന്ത്രിയുടെ മീഡിയ വിഭാഗം സെക്രട്ടറിയായി. ഒന്നാം പിണറായി സർക്കാരിൽ മുഖ്യമന്ത്രിയുടെ മാധ്യമ വിഭാഗം ഉപദേഷ്ടാവായിരുന്നു ഇദ്ദേഹം. പി എം മനോജാണ് ഇത്തവണയും പ്രസ് സെക്രട്ടറി. അഡ്വ എ രാജശേഖരൻ നായർ സ്‌പെഷ്യൽ പ്രൈവറ്റ് സെക്രട്ടറിയാണ്. സി എം രവീന്ദ്രൻ, പി ഗോപൻ, ദിനേശ് ഭാസ്‌കർ എന്നിവരാണ് അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിമാർ. എ സതീഷ് കുമാർ, സാമുവൽ ഫിലിപ്പ് മാത്യു എന്നിവർ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിമാരാണ്.

വി എം സുനീഷാണ് പേഴ്‌സണൽ അസിസ്റ്റന്റ്. ജി കെ ബാലാജി അഡീഷണൽ പിഎയാണ്. സിപിഎം സംസ്ഥാന കമ്മിറ്റിയംഗവും മുൻ രാജ്യസഭാംഗവുമായ കെ കെ രാഗേഷാണ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി. പുത്തലത്ത് ദിനേശൻ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി തുടരുകയും ചെയ്യുന്നു.

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കറിന് മാത്രമല്ല മുഖ്യമന്ത്രിയുടെ ഓഫീസിലെ പലർക്കും സ്വർണ്ണക്കടത്തിനെക്കുറിച്ച് അറിയാമായിരുന്നുവെന്ന സ്വപ്ന ഇഡിക്ക് നൽകിയ മൊഴി അന്വേഷണത്തിൽ നിർണായകമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP