Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഖേദം പ്രകടിപ്പിക്കാതെ അന്തസ് കാത്തു; നിലപാടിൽ ഉറച്ച് നിന്നു കോടതിയെ ഞെട്ടിച്ചു; ജയരാജൻ ജയിലിൽ പോകുന്നത് ഭരണഘടന ഉറപ്പ് നൽകുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി: കോടതി വിധിയിൽ ആവേശം പൂണ്ട് സിപിഐ(എം) പ്രവർത്തകർ

ഖേദം പ്രകടിപ്പിക്കാതെ അന്തസ് കാത്തു; നിലപാടിൽ ഉറച്ച് നിന്നു കോടതിയെ ഞെട്ടിച്ചു; ജയരാജൻ ജയിലിൽ പോകുന്നത് ഭരണഘടന ഉറപ്പ് നൽകുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി: കോടതി വിധിയിൽ ആവേശം പൂണ്ട് സിപിഐ(എം) പ്രവർത്തകർ

കണ്ണൂർ: ഒരു നേതാവിന്റെ ഒരു മാസത്തെ ജയിൽ ശിക്ഷകൊണ്ട് സിപിഐ(എം) നേടുന്നത് വലിയ തോതിലുള്ള സഹതാപ തരംഗമാണ്. കള്ളന്മാരും കൊലപാതകികളും അഴിമതിക്കാരുമായ അനേകം പേർ സുഖമായി കഴിയുമ്പോൾ ഒരു പ്രസംഗത്തിന്റെ പേരിൽ ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരുന്നത് പാർട്ടിക്കും ജയരാജനും ഗുണം മാത്രമേ ഉണ്ടാകൂ. ശുംഭൻ എന്ന വാക്കിന്റെ അർത്ഥം വ്യാഖ്യാനം നൽകി തടിതപ്പാൻ ശ്രമിച്ചതിന്റെ പേരിൽ ഉണ്ടായ പേരുദോഷം പിന്നീട് ആ നിലപാടിൽ ഉറച്ച് നിന്നത് വഴി ജയരാജന് ഗുണകരമായി.

കോടതിക്കെതിരെ നടത്തിയ ശുംഭൻ പ്രയോഗത്തിന്റെ പേരിൽ സുപ്രീം കോടതി വിധിച്ച നാലാഴ്ചത്തെ തടവുശിക്ഷ അംഗീകരിക്കുന്നതായി എം വി ജയരാജൻ പറഞ്ഞു. ജയലിൽ പോകാൻ തയ്യാറാണ്. കമ്മ്യൂണിസ്റ്റുകാർക്ക് ജയിലും മർദനവുമൊന്നും പുത്തരിയല്ല. ഉമ്മൻ ചാണ്ടിയേയോ കെ.എം. മാണിയേയോ പോലെ കട്ടിട്ടോ പിടിച്ചുപറിച്ചിട്ടോ ഒന്നുമല്ലല്ലോ ജയിലിൽ പോകുന്നത്. ജനാധിപത്യാവകാശത്തിനുവേണ്ടി പോരാട്ടം നടത്തിയാണ് ജയിൽ പോകുന്നത്. ജുഡീഷ്യറിയിൽ എനിക്ക് എന്നും വിശ്വാസമുണ്ട്. പാതയോര പൊതുയോഗങ്ങൾ വിലക്കിയ കോടതിയുടെ വിധിന്യായത്തെയാണ് വിമർശിച്ചത്. അതിൽ എന്തെങ്കിലും വാക്കോ നോക്കോ തെറ്റിയിട്ടുണ്ടെങ്കിൽ അത് പൊറുക്കാവുന്നതേയുള്ളൂ. തെറ്റ് പറ്റാത്ത മനുഷ്യനൊന്നുമല്ലോ ഞാൻ. കോടതിയലക്ഷ്യക്കുറ്റം ചെയ്യാത്തതുകൊണ്ടാണ് മാപ്പ് പറയാത്തത്-ജയരാജൻ സുപ്രീം കോടതി വിധി വന്നശേഷവും ജയരാജൻ വിശദീകരിച്ചു.

പാതയോരത്ത് പ്രകടനവും പൊതുയോഗങ്ങളും നിരോധിച്ച കോടതി വിധിക്കെതിരെയാണ് എം വി ജയരാജൻ 'ശുംഭൻ' പരാമർശം നടത്തിയത്. സിപിഐ(എം) നിലപാട് തന്നെയാണ് യോഗത്തിൽ ജയരാജൻ പ്രകടിപ്പിച്ചത്. തെറ്റ് ആര് ചെയ്താലും തുറന്നു പറയുന്നവരാണ് കമ്മ്യൂണിസ്റ്റുകൾ. അതു ചെയ്തതിന്റെ പേരിൽ ജയിലിൽ അടയ്ക്കുന്നതും രക്തസാക്ഷിത്വം തന്നെയെന്ന നിലപാടാണ് സിപിഎമ്മിനുള്ളത്. അതുകൊണ്ട് തന്നെ ജയരാജിന്റെ നിലപാടിനെ ആദ്യം മുതലേ സിപിഐ(എം) അനുകൂലിച്ചു. കോടതിയിൽ മാപ്പു പറയേണ്ടതില്ലെന്ന തീരുമാനത്തിൽ ജയരാജൻ എത്തിയതും സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ മനസ്സ് അറിഞ്ഞുകൂടിയാണ്. അതുകൊണ്ട് തന്നെ സിപിഐ(എം) രാഷ്ട്രീയത്തിലെ മറ്റ് രണ്ട് ജയരാജന്മാർക്ക് ലഭിക്കുന്ന പ്രസക്തി കണ്ണൂരിൽ ഇനി എം വി ജയരാജനും ലഭിക്കും.

അഭിപ്രായ സ്വാതന്ത്ര്യമെന്ന മൗലികാവകാശത്തിന് വേണ്ടിയാണ് ജയരാജൻ നിലയുറപ്പിച്ചത്. അര് തെറ്റ് ചെയ്താലും തുറന്നു പറയും. നിയമനിർമ്മാണ സഭകളുടെ മേൽ ജ്യുഡീഷ്യറിയുടെ കടന്നുകയറ്റത്തെയാണ് ജയരാജൻ എതിർത്തത്. ഇത് തന്നെയാണ് സിപിഎമ്മിന്റേയും പ്രഖ്യാപിത നയം. അതിനാൽ ജയരാജിന്റേത് പാർട്ടി നയത്തിനായുള്ള പോരാട്ടമാണെന്നും വിശദീകരിക്കും. കണ്ണൂരിലെ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ആറ് കൊല്ലം മുമ്പ് തോൽവി വഴങ്ങിയതോടെ കണ്ണൂർ രാഷ്ട്രീയത്തിൽ എംവിയെന്നറിയപ്പെടുന്ന ജയരാജിന്റെ ശോഭ മങ്ങിയിരുന്നു. ജയിൽ വാസത്തിനുള്ള കോടതി വിധിയോടെ കണ്ണൂർ രാഷ്ട്രീയത്തിൽ ജയരാജൻ വീണ്ടും സജീവമാകുകയും ചെയ്യും.

ഈ കോടതി വിധി രാഷ്ട്രീയമായി ഒരു നഷ്ടവും ജയരാജനോ സിപിഎമ്മിനോ ഉണ്ടാകുന്നില്ല. കാരണം ഒരു മാസത്തെ തടവ് ശിക്ഷയായതിനാൽ തെരഞ്ഞെടുപ്പ് മത്സരത്തിന് അയോഗ്യതയോ വിലക്കോ ഒന്നും ഉണ്ടാകില്ല. മൂന്നാഴ്ച മാത്രം ജയിലിൽ കിടന്നാലും മതി. അതിന് ശേഷം പാർട്ടിയെ ഊർജ്ജ്വസലമാക്കാനുള്ള പ്രവർത്തനത്തിന് കണ്ണൂരിൽ നേതൃത്വം നൽകും. എന്തുകൊണ്ട് ശുംഭൻ പ്രയോഗത്തിൽ ഉറച്ച് നിന്നുവെന്നത് രാഷ്ട്രീമായി തന്നെ വിശദീകരിക്കുകയും ചെയ്യും. കണ്ണൂരിൽ ഉടനീളം ഇതിന്റെ നേട്ടം സിപിഎമ്മിനുണ്ടാകുമെന്നാണ് ജയരാജിന്റെ വിലിയരുത്തൽ. പാർട്ടിക്ക് വേണ്ടി ജീവിച്ച് മരിക്കുന്നവരാണ് കമ്മ്യൂണിസ്റ്റുകാർ എന്ന നിലപാടും വിശദീകരിക്കും. അങ്ങനെ ടിപി ചന്ദ്രശേഖരൻ വധത്തെ തുടർന്ന് കണ്ണൂരിൽ പാർട്ടിക്കുണ്ടായ കോട്ടം തിരിച്ചുപിടിക്കാൻ ജയരാജിന്റെ ജയിൽ വാസത്തിന് കഴിയുമെന്നാണ് പ്രതീക്ഷ.

കണ്ണൂരിൽ ജില്ലാ സമ്മേളനം നടക്കുമ്പോഴാണ് കോടതി വിധി വന്നത്. ഇതോടെ നേതൃത്വത്തിനെതിരെ ഉയർന്ന വിവാദങ്ങളും അപ്രസക്തമായി. സമ്മേളനത്തിൽ ജയരാജാണ് താരം. അദ്ദേഹത്തെ അഭിനന്ദിക്കാനാണ് സമ്മേളന പ്രതിനിധികൾ മത്സരിക്കുന്നത്. ഇതിലൂടെ കണ്ണൂരിൽ ആഗ്രഹിക്കുന്നത് നടപ്പാക്കാൻ പിണറായി വിജയനും കഴിയും. പി ജയരാജിനെ വീണ്ടും സെക്രട്ടറിയാക്കുമെന്ന് ഉറപ്പാണ്. അതിനൊപ്പം ജില്ലാ കമ്മറ്റി അംഗങ്ങളും സംസ്ഥാന സമ്മേളന പ്രതിനിധികളുമെല്ലാം തന്റെ അടുപ്പക്കാർ മാത്രമാക്കി മാറ്റാനും പിണറായിക്ക് കഴിയും. പാർട്ടി ഒന്നിച്ചു നിൽക്കേണ്ട സാഹചര്യമുണ്ടെന്നും കണ്ണൂരിൽ സിപിഎമ്മിന് നല്ല ദിനങ്ങൾ എത്തുമെന്നും പിണറായി വാദിക്കും. ജയരാജിന്റെ ജയിൽവാസം പാർട്ടിക്ക് കിട്ടിയ രാഷ്ട്രീയ ആയുധമായി ഉപയോഗിക്കണമെന്നും ആവശ്യപ്പെടും.

ബാർ കോഴയിലും സോളാർ വിവാദത്തിലും അന്വേഷണത്തെ പോലും ഭയക്കുന്ന മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയേയും ധനമന്ത്രി കെഎം മാണിയേയും കടന്നാക്രമിക്കാനും ഈ വിഷയത്തിലൂടെ സിപിഐ(എം) ശ്രമിക്കും. മാപ്പ് പറഞ്ഞാൽ പോലും ജയിൽ വാസം ഒഴിവാക്കാമായിരുന്നു. എന്നാൽ സത്യസന്ധമായ രാഷ്ട്രീയ നിലപാടിലൂടെ ജയിൽ വാസം പോലും അനുഭവിക്കുന്ന ജയരാജിനെ പോലുള്ളവരെ മാതൃകയാക്കാനും മുദ്രാവാക്യം ഉയർത്താം. ഇതെല്ലാം സംസ്ഥാന രാഷ്ട്രീയത്തിൽ ഇടതുപക്ഷത്തിന് മുൻതൂക്കം നൽകുമെന്നാണ് പ്രതീക്ഷ. കണ്ണൂരിലെ രാഷ്ട്രീയം അനുകൂലമാക്കി അധികാരത്തിൽ തിരിച്ചെത്താനുള്ള സിപിഐ(എം) തന്ത്രങ്ങൾക്ക് ജയരാജന്റെ അറസ്റ്റും ഗുണകരമാകുമെന്ന് തന്നെയാണ് രാഷ്ട്രീയ നിരീക്ഷകരുടേയും വിലയിരുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP