Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഉൾപാർട്ടി വിമർശനങ്ങൾ വരുമെങ്കിലും എല്ലാം കർശന പാർട്ടി അച്ചടക്കത്തോടെ; തുടക്കം കണ്ണൂരിൽ നിന്ന്; ജില്ലാ സമ്മേളനം മാതൃകാപരമാക്കാൻ സി.പി. എം; മുഴുവൻ സമയ പങ്കാളികളായി മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരിയും

ഉൾപാർട്ടി വിമർശനങ്ങൾ വരുമെങ്കിലും എല്ലാം കർശന പാർട്ടി അച്ചടക്കത്തോടെ; തുടക്കം കണ്ണൂരിൽ നിന്ന്; ജില്ലാ സമ്മേളനം മാതൃകാപരമാക്കാൻ സി.പി. എം; മുഴുവൻ സമയ പങ്കാളികളായി മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരിയും

അനീഷ് കുമാർ

 കണ്ണൂർ: ഇരുപത്തി മൂന്നാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി നടക്കുന്ന ആദ്യ ജില്ലാസമ്മേളനമാണ് പാർട്ടി കോൺഗ്രസിന് ഏപ്രിലിൽ വേദിയാകുന്ന കണ്ണൂരിൽ നടക്കുന്നത്. മുഖ്യമന്ത്രിയുടെയും സംസ്ഥാനസെക്രട്ടറിയുടെയും ജില്ലയായ കണ്ണൂരിൽ പാർട്ടി ജില്ലാസമ്മേളനം മാതൃകാപരമായി കാണിക്കുകയെന്ന ലക്ഷ്യവും പാർട്ടി സംസ്ഥാന നേതൃത്വത്തിനുണ്ട്. അതുകൊണ്ടു തന്നെ ഉൾപാർട്ടി വിമർശനങ്ങളും മറ്റും സ്വാഭാവികമായി നടക്കുമെങ്കിൽ കൂടിയും കർശന പാർട്ടി അച്ചടക്കം സമ്മേളനത്തിൽ പാലിക്കപ്പെടുമെന്നാണ് വിലയിരുത്തൽ.

സമ്മേളനം ഉദ്ഘാടനം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഭൂരിഭാഗം സമയവും സമ്മേളനത്തിൽ പങ്കെടുക്കുന്ന വിധത്തിലാണ് ക്രമീകരണങ്ങളൊരുക്കിയിട്ടുള്ളത്. ഭരണതുടർച്ചയെന്ന ചരിത്രനേട്ടം കരസ്ഥമാക്കി കൊണ്ടു വിജയകുതിപ്പിന്റെ പാതയിലാണ് പിണറായി സർക്കാരും പാർട്ടിയും.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിനു ശേഷം നടന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും പിന്നീട് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലും വെന്നിക്കൊടി പാറിക്കാൻ പിണറായിയുടെ നേതൃത്വത്തിലെ ഭരണത്തിന് കഴിഞ്ഞു. ഇതോടൊപ്പം കഴിഞ്ഞ ദിവസം നടന്ന തദ്ദേശസ്വയംഭരണ ഉപതെരഞ്ഞെടുപ്പുകളിൽ ആവർത്തിക്കപ്പെട്ട വിജയം കേരളത്തിൽ ഇപ്പോഴും ഭരണാനുകൂല തരംഗം തന്നെയാണെൻന്നു തെളിയിക്കപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിൽ ട്രിപ്പിൾ ഭരണതുടർച്ചയെന്ന മുദ്രാവാക്യമാണ് പാർട്ടി ഇപ്പോൾ മുഴക്കുന്നത്.

സംസ്ഥാനത്ത് ഇടതുമുന്നണി പ്രവർത്തകർ മാതൃകാപരമായി പ്രവർത്തിച്ചാൽ ഇനിയും ഭരണതുടർച്ച ലഭിക്കുമെന്ന് സി.പി. എം സംസ്ഥാനസെക്രട്ടറിയായി ചുമതലയേറ്റതിനു ശേഷം കോടിയേരി ബാലകൃഷ്ണൻ പറഞ്ഞത് ഇതിന്റെ അടിസ്ഥാനത്തിലാണ്. ചുവപ്പുകോട്ടയെന്നു അറിയപ്പെടുന്ന കണ്ണൂരിൽ പി.ജയരാജനു ശേഷം ജില്ലാസെക്രട്ടറിയായി ചുമതലയേറ്റ എം.വി ജയരാജന്റെ നേതൃത്വത്തിൽ ഒറ്റക്കെട്ടായി നിന്നു കരുത്തു തെളിയിച്ച ചരിത്രം തന്നെയാണ് സി.പി. എമ്മിനു പറയാനുള്ളത്.

കഴിഞ്ഞ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ യു.ഡി. എഫ് ശക്തികേന്ദ്രങ്ങളായ മലയോരത്തെ അഞ്ചു പഞ്ചായത്തുകൾ പിടിച്ചെടുക്കാൻ സി.പി. എമ്മിന് കഴിഞ്ഞു. കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പുകളിൽ റെക്കാർഡു ഭൂരിപക്ഷമാണ് വിജയിച്ച എട്ടിടങ്ങളിൽപലയിടങ്ങളിലും എൽ.ഡി. എഫ് സ്ഥാനാർത്ഥികൾ നേടിയത്. രണ്ടു തെരഞ്ഞെടുപ്പുകളിൽ സി.പി. എമ്മിനെ അടിയറവു പറയിപ്പിച്ച കെ. എം ഷാജിയെ അഴീക്കോട് മണ്ഡലത്തിൽ നിന്നും തോൽപിച്ചുവിടാനും കനത്ത വെല്ലുവിളിയുയർത്തിയ സതീശൻ പാച്ചേനിയെ കണ്ണൂർ മണ്ഡലത്തിൽ നിന്നും തറപറ്റിച്ചു കണ്ണൂർ സീറ്റു നിലനിർത്താനും സി.പി. എം സംഘടനാസംവിധാനത്തിന് കഴിഞ്ഞു.യു.ഡി. എഫ് പേരാവൂരും ഇരിക്കൂറും ജയിച്ചതാകട്ടെ ഏറെ വിയർപ്പൊഴുക്കിയുമായിരുന്നു.

കണ്ണൂരുകാരനായ കോടിയേരി ബാലൃഷ്ണൻ സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റതിനു ശേഷം ആദ്യമായി നടക്കുന്ന കണ്ണൂർ ജില്ലാസമ്മേളനത്തിന് രാഷ്ട്രീയ കേന്ദ്രങ്ങൾ ഏറെ പ്രസക്തി കൽപ്പിക്കുന്നുണ്ട്. വി. എസ് യുഗത്തിനു ശേഷം ഭരണവും പാർട്ടിയും പിണറായി -കോടിയേരി അച്ചുതണ്ടിലേക്ക് ചുരുങ്ങുകയും ശാക്തീകരണം നടക്കുകയും ചെയ്യുന്നതിന്റെ ആദ്യ പ്രതിഫലനമാണ് കണ്ണൂർ സമ്മേളനത്തിൽ തെളിയുക.കണ്ണൂരിലെ സമ്മേളനത്തിന് ശേഷം 15ന് വയനാടും സംസ്ഥാന സമ്മേളനം നടക്കുന്ന എർണാകുളത്തും ജില്ലാസമ്മേളനങ്ങൾ നടക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP