Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

തിരഞ്ഞെടുപ്പുകാലത്തും സിപിഎമ്മിൽ അച്ചടക്ക നടപടി; ലോക്കൽ സമ്മേളനത്തിലെ വിഭാഗീയതയുടെ പേരിൽ ഒമ്പത് പ്രാദേശിക നേതാക്കൾക്കെതിരെ നടപടിയെടുത്ത് കോഴിക്കോട് ജില്ലാ കമ്മിറ്റി; നടപടി എ.പ്രദീപ് കുമാറിനെ തടഞ്ഞതിന്റെ പേരിൽ; പ്രദീപ് കുമാർ സ്ഥാനാർത്ഥിയായിരിക്കെയുണ്ടായ നടപടി എൽഡിഎഫിന്റെ സാധ്യതയെ ബാധിക്കുമെന്ന ആശങ്കയോടെ അണികൾ

തിരഞ്ഞെടുപ്പുകാലത്തും സിപിഎമ്മിൽ അച്ചടക്ക നടപടി; ലോക്കൽ സമ്മേളനത്തിലെ വിഭാഗീയതയുടെ പേരിൽ ഒമ്പത് പ്രാദേശിക നേതാക്കൾക്കെതിരെ നടപടിയെടുത്ത് കോഴിക്കോട് ജില്ലാ കമ്മിറ്റി; നടപടി എ.പ്രദീപ് കുമാറിനെ തടഞ്ഞതിന്റെ പേരിൽ; പ്രദീപ് കുമാർ സ്ഥാനാർത്ഥിയായിരിക്കെയുണ്ടായ നടപടി എൽഡിഎഫിന്റെ സാധ്യതയെ ബാധിക്കുമെന്ന ആശങ്കയോടെ അണികൾ

കെ വി നിരഞ്ജൻ

കോഴിക്കോട്: ശക്തമായ പോരാട്ടമാണ് കോഴിക്കോട് മണ്ഡലത്തിൽ നടക്കുന്നത്. സിറ്റിങ് എം പിയായ എം കെ രാഘവനെതിരെ, കോഴിക്കോട് നോർത്ത് എംഎൽ എ ആയ എ പ്രദീപ് കുമാർ മത്സര രംഗത്തെത്തിയതോടെ മത്സരം ചൂടുപിടിച്ചു. മികച്ച സ്ഥാനാർത്ഥികളാണ് ഇരുവരുമെന്നാണ് അഭിപ്രായം ഉയരുന്നത്. ഇതിനിടയിലാണ് ഒന്നര വർഷം മുമ്പ് നടന്ന ഒരു സംഭവം പ്രദീപ് കുമാറിന് തിരിച്ചടിയാകുന്നത്. 2017 ൽ കരുവിശ്ശേരി ലോക്കൽ സമ്മേളനത്തിലെ വിഭാഗീയതയുടെ പേരിൽ ഒമ്പത് പ്രാദേശിക നേതാക്കൾക്കെതിരെ സി പി എം ജില്ലാ കമ്മിറ്റി നടപടി സ്വീകരിച്ചതാണ് സ്ഥാനാർത്ഥിക്ക് പുതിയ പ്രശ്‌നങ്ങൾക്ക് കാരണമാകുമെന്ന സംശയം ഉയർത്തുന്നത്. തെരഞ്ഞടുപ്പ് കാലത്ത് മുമ്പത്തെ സംഭവത്തിന്റെ പേരിൽ നടപടി സ്വീകരിച്ചതും പാർട്ടിക്കുള്ളിലെ വിഭാഗീയതയും കോഴിക്കോട് നഗരത്തിൽ ഇടത് സ്ഥാനാർത്ഥിയെ പ്രയാസത്തിലാക്കും.

എൽഡിഎഫ് ലോക്‌സഭാ സ്ഥാനാർത്ഥി കൂടിയായ എ പ്രദീപ് കുമാറിനെ കരുവിശ്ശേരി ലോക്കൽ സമ്മേളനകാലത്ത് തടഞ്ഞതിന്റെ പേരിലാണ് നടപടി ഉണ്ടായിരിക്കുന്നത്. പാർട്ടിയിലെ വിഭാഗീയതയെത്തുടർന്ന് പാർട്ടിയുടെ ശക്തി കേന്ദ്രമായ കോഴിക്കോട് കരുവിശ്ശേരിയിലെ ലോക്കൽ സമ്മേളനം നിർത്തിവെച്ചത് സംസ്ഥാന നേതൃത്വത്തെ വരെ ഞെട്ടിച്ചിരുന്നു. പ്രാദേശിക ഗ്രൂപ്പുകൾ തമ്മിലുള്ള പ്രശ്‌നങ്ങൾ കാരണമായിരുന്നു സമ്മേളനം നിർത്തിവെച്ചത്. ഉൾപാർട്ടി മത്സരം അനുവദിക്കില്ലെന്ന് പറഞ്ഞ പ്രദീപ്കുമാറിനെ തടഞ്ഞുവെക്കാനും ചില സമ്മേളന പ്രതിനിധികൾ തയാറായി. പാർട്ടി അംഗങ്ങൾ തമ്മിൽ കൈയാങ്കളിയുമുണ്ടായി.

രണ്ടു ദിവസങ്ങളിലായി നടന്ന ലോക്കൽ സമ്മേളനത്തിന്റെ ആദ്യ ദിവസം തന്നെ പ്രശ്‌നങ്ങൾ ഉടലെടുത്തു. പ്രതിനിധി സമ്മേളനത്തിൽ ലോക്കൽ കമ്മിറ്റിയിലേക്കുള്ള പാനൽ തയ്യാറാക്കിയപ്പോൾ ഔദ്യോഗിക വിഭാഗത്തിന്റെ പതിനഞ്ച് പേരെ കൂടാതെ പത്ത് പേർ കൂടി മത്സരിക്കാൻ തയ്യാറായതാണ് പ്രശ്‌നമായത്. നഗരത്തിലെ പ്രമുഖനായ ഡി വൈ എഫ് ഐ നേതാവിന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗമാണ് എതിർചേരിക്കെതിരെ രംഗത്തെത്തിയത്.

എന്നാൽ ഇങ്ങനെ ഗ്രൂപ്പ് അടിസ്ഥാത്തിൽ മത്സരിക്കുന്നത് ശരിയല്ലെന്ന് പ്രസീഡിയം നിയന്ത്രിച്ചിരുന്ന എ പ്രദീപ് കുമാർ എം എൽ എ പറഞ്ഞെങ്കിലും ആരും അത് ചെവിക്കൊണ്ടില്ല. തുടർന്ന് പ്രസീഡിയം ജില്ലാ-സംസ്ഥാന നേതാക്കളെ ബന്ധപ്പെട്ടപ്പോൾ ഈ രീതിയിലുള്ള മത്സരം ഒരു രീതിയിലും പ്രോത്സാഹിപ്പിക്കരുതെന്നും വേണമെങ്കിൽ സമ്മേളനം തന്നെ നിർത്തിവെക്കാമെന്നുമുള്ള വിവരമാണ് ലഭിച്ചത്. ഇതേ തുടർന്നാണ് പ്രദീപ് കുമാർ അടങ്ങുന്ന പ്രസീഡിയം സമ്മേളനം നിർത്തിവെക്കുന്നതായി അറിയിച്ചത്. തുടർന്നാണ് രൂക്ഷമായ രംഗങ്ങൾ അരങ്ങേറിയത്. മത്സരിക്കുക എന്നത് ജനാധിപത്യപരമായ അവകാശമാണെന്ന് പറഞ്ഞ് ഒരു വിഭാഗം പ്രദീപ് കുമാറിനെ തടഞ്ഞുവെച്ചു. എതിർ വിഭാഗവും സംഘടിച്ചതോടെ സമ്മേളന ഹാളിൽ രൂക്ഷമായ വാക്കേറ്റമായി. നേതാക്കൾ ഏറെ പണിപ്പെട്ടാണ് കയ്യാങ്കളി ഒഴിവാക്കിയത്. രാത്രി വൈകിയാണ് പ്രദീപ് കുമാർ അടക്കമുള്ളവരോട് പുറത്തുപോകാൻ കഴിഞ്ഞത്. സമ്മേളനം പിരിഞ്ഞ് പിറ്റേന്ന് പുലർച്ച തന്നെ സി പി എം ലോക്കൽ കമ്മിറ്റി ഓഫീസിന് നേരെ കല്ലേറുമുണ്ടായിരുന്നു. കല്ലേറിൽ പാർട്ടി ഓഫീസിന്റെ ചില്ലുകൾ തകരുകയും ചെയ്തു.

സംഭവം അന്വേഷിക്കാൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗം ജോർജ്ജ് എം തോമസ് എംഎൽഎയുടെ നേതൃത്വത്തിൽ അന്വേഷണ കമ്മീഷനെ നിയമിച്ചിരുന്നു. കമ്മീഷൻ റിപ്പോർട്ട് പ്രകാരമാണ് ഇപ്പോൾ നടപടി ഉണ്ടായിരിക്കുന്നത്. ഇത് പ്രകാരം ഏഴ് പേരെ താക്കീത് ചെയ്യുകയും ഒരാളെ സസ്‌പെന്റ് ചെയ്യുകയും ചെയ്തു. രണ്ട് ഏരിയാ കമ്മിറ്റി അംഗങ്ങളെ ഉൾപ്പെടെയുള്ളവരെയാണ് താക്കീത് ചെയ്തത്. അസുഖം കാരണം മറ്റൊരു മുതിർന്ന അംഗത്തിനെതിരെ നടപടി വേണ്ടെന്ന് വെച്ചു. പാർട്ടി മെമ്പർ സുമേഷിനെയാണ് സസ്‌പെൻഡ് ചെയ്തത്. ഇത് സംബന്ധിച്ച നടപടികൾ കരുവിശ്ശേരി ലോക്കലിലെ വിവിധ ബ്രാഞ്ചുകളിൽ യോഗം ചേർന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

അതേസമയം നേതൃത്വത്തിനെതിരെ അഴിമതി ആരോപണം ഉന്നയിച്ച് നടപടിക്ക് വിധേയരായവർ രംഗത്തുവന്നതും പാർട്ടിക്ക് തിരിച്ചടിയാകുന്നുണ്ട്. കാലിക്കറ്റ് നോർത്ത് സർവീസ് കോ ഓപ്പറേറ്റീവ് ബാങ്കിൽ ജീവനക്കാരനായിരുന്ന സജീവൻ പുതിയങ്ങാടിയാണ് അഴിമതി ആരോപണം ഉന്നയിച്ചത്. ബാങ്കിൽ നിന്ന് വൻതുകയ്ക്ക് ലോൺ ശരിയാക്കി കൊടുക്കുന്നതിന് നേതാക്കൾ കമ്മിഷൻ വാങ്ങുന്നതിനെതിരെ പ്രതികരിച്ചതിന്റെ പ്രതികാര നടപടിയാണ് തനിക്കെതിരെ ഉണ്ടായതെന്ന് ഇദ്ദേഹം പറയുന്നു.

ലോക്കൽ സമ്മേളനം നടക്കുന്നതിന് മുമ്പായി നിരന്തരം സമാന്തര യോഗങ്ങൾ ചേർന്നതായി ജില്ലാ കമ്മിറ്റി കണ്ടെത്തിയിട്ടുണ്ട്. ലോക്കൽ സമ്മേളനം നടക്കാത്തതിനാൽ ഇവിടെ നിന്നുണ്ടായിരുന്ന രണ്ട് ഏരിയാ ക മ്മിറ്റി അംഗങ്ങൾക്ക് സ്ഥാനം നഷ്ടപ്പെടുകയും ചെയ്തിരുന്നു. ഒന്നര വർഷമായി പി ലക്ഷ്മണൻ കൺവീനറും കെ ബാബു, വരുൺ ഭാസ്‌കർ, കെ സുധീർ, ഭാർഗവൻ കമ്മിളി എന്നിവർ അംഗങ്ങളുമായുള്ള അഡ്‌ഹോക്ക് കമ്മിറ്റിയാണ് കരുവിശ്ശേരിയിൽ പ്രവർത്തിക്കുന്നത്. തെരഞ്ഞെടുപ്പിൽ ശക്തമായ പോരാട്ടത്തിന് കളമൊരുങ്ങുമ്പോൾ സ്ഥാനാർത്ഥി കൂടി ഉൾപ്പെട്ട ഒരു സംഭവത്തിന്റെ പേരിലാണ് പാർട്ടി ഇപ്പോൾ നടപടി സ്വീകരിച്ചിരിക്കുന്നത്. ഇത്തരമൊരു സമയത്ത് ഉണ്ടായ നടപടി സ്ഥാനാർത്ഥിക്ക് തന്നെ തിരിച്ചടിയാകുമോ എന്ന സംശയത്തിലാണ് പാർട്ടിയിലെ ഒരു വിഭാഗം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP