Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്വർണക്കടത്ത് കേസിൽ ഇടതു സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് പാർട്ടി കേന്ദ്രകമ്മിറ്റിയും പിബിയും വിലയിരുത്തിയെങ്കിലും അണികളുടെ രസക്കേട് മാറ്റാനാവാതെ സിപിഎം; ബിജെപിയും യു.ഡി.എഫും സർക്കാരിനെതിരെ ഒന്നിച്ച് പ്രവർത്തിക്കുന്നതാണ് വിവാദത്തിന് കാരണമെന്ന ന്യായത്തിൽ മുഖ്യമന്ത്രിക്ക് പിന്തുണ എത്തിയെങ്കിലും ആശ്വാസം അകലെ; സ്പ്രിംങ്‌ളർ പോലെ മന്ത്രിസഭയെ ഇരുട്ടിൽ നിർത്തുന്ന കൺസൾട്ടൻസി നിയമനങ്ങളിൽ പാർട്ടിയിലെ മുറുമുറുപ്പ് കൂടുന്നു

സ്വർണക്കടത്ത് കേസിൽ ഇടതു സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് പാർട്ടി കേന്ദ്രകമ്മിറ്റിയും പിബിയും വിലയിരുത്തിയെങ്കിലും അണികളുടെ രസക്കേട് മാറ്റാനാവാതെ സിപിഎം; ബിജെപിയും യു.ഡി.എഫും സർക്കാരിനെതിരെ ഒന്നിച്ച് പ്രവർത്തിക്കുന്നതാണ് വിവാദത്തിന് കാരണമെന്ന ന്യായത്തിൽ മുഖ്യമന്ത്രിക്ക് പിന്തുണ എത്തിയെങ്കിലും ആശ്വാസം അകലെ; സ്പ്രിംങ്‌ളർ പോലെ മന്ത്രിസഭയെ ഇരുട്ടിൽ നിർത്തുന്ന കൺസൾട്ടൻസി നിയമനങ്ങളിൽ പാർട്ടിയിലെ മുറുമുറുപ്പ് കൂടുന്നു

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുര: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ മികവിലൂടെ സർക്കാർ മുന്നിട്ടുനിൽക്കുന്ന സമയത്താണ് സ്വർണക്കള്ളക്കടത്ത് പടി കേറി വന്ന് ചുറ്റിച്ചത്. തദ്ദേശഭരണതിരഞ്ഞെടുപ്പിലും അടുത്ത് നിയമസഭാതിരഞ്ഞെടുപ്പിലും സ്‌കോർ ചെയ്യാനുള്ള ആയുധങ്ങൾക്ക് മൂർച്ച കൂട്ടുന്നതിനിടെയാണ് ഇടിത്തീ പോലെ സ്വപ്‌ന സുരേഷും ശിവശങ്കറുമായുള്ള ബന്ധം പുറത്തുവന്നത്. അതിനിടെ, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പാളിച്ചകളും വന്നു. ചാനൽ ചർച്ചകളിൽ അവതാരകരെ വിറപ്പിക്കും പോലെ അണികളെ വിറപ്പിക്കാൻ ആവില്ലെന്ന് നേതാക്കൾക്ക് നന്നായി അറിയാം.

പിഎസ്‌സി നിയമനത്തിനായി തൊഴിൽ പട കാത്തുകെട്ടികിടക്കുമ്പോൾ കരാർ-കൺസൾട്ടൻസി നിയമനങ്ങളോടുള്ള ഇടതുസർക്കാരിന്റെ കൂറ് അണികൾക്ക് അത്ര രസിച്ചിട്ടില്ല. കള്ളനാണയങ്ങൾക്ക് ലക്ഷങ്ങൾ അക്കൗണ്ടിൽ വരുന്ന ശമ്പളം നൽകുമ്പോൾ യോഗ്യതയുള്ള പലരും ഔട്ടാണ്. സ്വപ്ന സുരേഷിന് പാർട്ടിനേതാക്കളുമായും മന്ത്രിമാരുമായും ബന്ധമില്ലെന്ന് വാർഡ്തല-കുടുംബയോഗങ്ങളിൽ വിശദീകരിക്കുന്നുണ്ടെങ്കിലും വിശ്വസിപ്പിക്കാൻ ബുദ്ധിമുട്ടുനേരിടുന്നതായാണ് റിപ്പോർട്ടുകൾ.

തന്റെ ഓഫീസിൽ വരെ വന്ന് അന്വേഷിക്കട്ടെ എന്ന മുഖ്യമന്ത്രിയുടെ ആത്മവിശ്വാസത്തെ അംഗീകരിക്കുന്നുണ്ടെങ്കിലും, പ്രതിപക്ഷം പുറത്തുകൊണ്ടുവന്ന സ്പിങ്‌ളർ, അടക്കമുള്ള വിവാദങ്ങൾ അണികളെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്. സിപിഎം മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിനെ വിളിച്ച് അവതാരങ്ങളെ പടികയറ്റരുതെന്ന് കോടിയേരി ശാസിച്ചതും വെറുതെയല്ല. അവതാരങ്ങൾ ചെറുതല്ല തലവേദനയുണ്ടാക്കുന്നത് എന്നതുതന്നെ കാരണം.

പരസ്യമായി വെടിവെപ്പില്ലെങ്കിലും സർക്കാരിന്റെ പ്രതിച്ഛായാ നഷ്ടത്തിൽ സിപിഐക്കും ഉത്കണ്ഠയുണ്ട്. സിപിഎമ്മിനും മുഖ്യമന്ത്രിക്കുമെതിരെ ജനയുഗത്തിൽ ജൂലൈ 12 ന് വന്ന ലേഖനം തന്നെ ഉദാഹരണം.

പിൻവാതിൽ നിയമനങ്ങൾക്കെതിരെ സിപിഐ

കൺസൾട്ടിങ് ഏജൻസികൾ വഴി അനധികൃതമായി പലരും കടന്നുവരുന്നുവെന്നായിരുന്നു ജനയുഗം ലേഖനത്തിൽ സിപിഐ അസിസ്റ്റന്റ് സെക്രട്ടറി സത്യൻ മൊകേരിയുടെ വിമർശനം. കൺസൾട്ടിങ് കമ്പനികൾക്ക്, ബിസിനസ് താല്പര്യം മാത്രമാണ് ഉണ്ടാകുക. സർക്കാർ നിയമനങ്ങൾ എല്ലാം സുതാര്യമായിരിക്കണം എന്നാണ് ലേഖനത്തിൽ പറഞ്ഞത്. സ്പ്രിങ്ലർ ഇടപാടിൽ ക്യാബിനറ്റിനെ ഇരുട്ടിൽ നിർത്തി കരാറുണ്ടാക്കിയെന്നും ലേഖനത്തിൽ വിമർശിക്കുന്നു.

ഇടതുപക്ഷത്തിന്റെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമായ തീരുമാനമാണ് സ്പ്രിങ്ലർ വിഷയത്തിൽ ഉണ്ടായത്. ഇടതുപക്ഷ മുന്നണിക്കോ ഗവൺമെന്റിനോ, വീഴ്ചകൾ വരുന്നുണ്ടോ എന്ന് സ്വയം വിമർശനപരമായി പരിശോധിക്കണമെന്നും സത്യൻ മൊകേരി പറയുന്നു.
സ്വർണ്ണക്കടത്തുകേസിൽ സർക്കാറിനെതിരെ പരോക്ഷ വിമർശനവുമായി ജനയുഗം നേരത്തെ എഡിറ്റോറിയൽ പ്രസിദ്ധീകരിച്ചിരുന്നു. 'സ്വർണക്കടത്ത്: സമഗ്ര അന്വേഷണത്തിലൂടെ വസ്തുതകൾ പുറത്തുവരണം' എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച എഡിറ്റോറിയലിലായിരുന്നു വിമർശനം. സ്വപ്നയുടെ ഐടി വകുപ്പുമായി ബന്ധമുള്ള പദവിയാണ് ആരോപണത്തിന് കാരണമായതെന്നും ജനയുഗം മുഖപ്രസംഗത്തിൽ വിമർശനമുണ്ടായിരുന്നു. ഇത്തരം ആരോപണങ്ങൾ ഉയർന്നുവരാനുള്ള സാഹചര്യം പോലും ഉണ്ടാകാൻ പാടില്ലാത്തതായിരുന്നുവെന്ന് ജനയുഗം എഡിറ്റോറിയലിൽ വ്യക്തമാക്കിയിരുന്നു.

തുണയായ് സിപിഎം കേന്ദ്ര നേതൃത്വം

സ്വർണക്കടത്ത് വിവാദത്തിൽ കേന്ദ്ര നേതൃത്വം സർക്കാരിനെയും മുഖ്യമന്ത്രിയെയും പിന്തുണച്ച് രംഗത്തെത്തിയത് പിണറായി വിജയന് ആശ്വാസമായി. സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് പാർട്ടി കേന്ദ്രകമ്മിറ്റി വിലയിരുത്തി. ബിജെപിയും യു.ഡി.എഫും സർക്കാരിനെതിരെ ഒന്നിച്ച് പ്രവർത്തിക്കുന്നു. എൻഐഎ അന്വേഷണത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്കെതിരെ നടപടി ഉണ്ടാകുമെന്നും കേന്ദ്രകമ്മിറ്റി.

കേന്ദ്ര കമ്മിറ്റി പുരോഗമിക്കുന്നതിനിടെ ചേർന്ന സിപിഎം പിബിയിലും തിരുവനന്തപുരം സ്വർണക്കടത്തുമായി ബന്ധപ്പെട്ട രാഷ്ട്രീയ സാഹചര്യം വിലയിരുത്തി. വിഷയത്തിൽ സർക്കാരിന്റേയും തന്റെയും നിലപാട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര നേതാക്കളെ ധരിപ്പിച്ചു. ആരെങ്കിലും തെറ്റു ചെയ്‌തെങ്കിൽ സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പിബി യോഗത്തെ അറിയിച്ചു. എൻഐഎയുടെ അന്വേഷണവും നടപടികളും നിരീക്ഷിച്ചു വരികയാണെന്നും മുഖ്യമന്ത്രി ധരിപ്പിച്ചു. അതേസമയം, ശിവശങ്കറിന്റെ അറസ്റ്റിലേക്ക് എൻഐഎ നീങ്ങിയാൽ അത് മുഖ്യമന്ത്രിക്കും സർക്കാരിനും വലിയ പ്രതിസന്ധി സൃഷ്ടിക്കുക മാത്രമല്ല, അണികളുടെ ആവേശച്ചോർച്ചയ്ക്കും ഇടയാക്കും. വരുംകാല തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ ആശയക്കുഴപ്പത്തിലാക്കുകയും ചെയ്യും.

പിബിയുടെ പ്രസ്താവന

യുഎഇ കോൺസുലേറ്റ് സ്വർണ്ണക്കടത്ത് കേസിൽ സംസ്ഥാന സർക്കാരിന് പിന്തുണയുമായി സിപിഎം പോളിറ്റ് ബ്യൂറോ. കേസിന്റെ പേരിൽ കേരളത്തിലെ സർക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും അസ്ഥിരപ്പെടുത്താൻ ശ്രമം നടക്കുകയാണെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ഇതിനുള്ള കോൺഗ്രസിന്റെയും ബിജെപിയുടെയും ശ്രമത്തെ ജനം പരാജയപ്പെടുത്തുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കോവിഡ് ഭീഷണി തുടരുന്നതിനിടെയും ഈ കേസ് ഉപയോഗിച്ച് സർക്കാരിനെ അസ്ഥിരപ്പെടുത്താനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. കേന്ദ്ര ഏജൻസിയാണ് സ്വർണ്ണക്കടത്ത് വിഷയം അന്വേഷിക്കുന്നത്. അന്വേഷണത്തിൽ എല്ലാം തെളിയട്ടെ. കുറ്റക്കാരെയെല്ലാം നിയമത്തിനു മുമ്പിൽ കൊണ്ടുവരണം. പാർട്ടി ആർക്കും ക്‌ളീൻ ചിറ്റ് നല്കുന്നില്ല. എൻഐഎയ്ക്ക് ആരെക്കുറിച്ചും അന്വേഷിക്കാം.

ഓഹരി കുംഭകോണം പോലെയല്ല സ്വർണ്ണക്കടത്ത്. അന്ന് അന്വേഷണത്തെ എതിർത്തതു കൊണ്ടാണ് പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ടതെന്നും യെച്ചൂരി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP