Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

തിരുവായ്ക്ക് എതിർവായില്ലെങ്കിലും പിണറായിക്കെതിരെ സിപിഎമ്മിലും അനുരണനം; ശിവശങ്കറിനെ കയറൂരി വിട്ടതിൽ സിപിഐക്കും അമർഷം; മകൻ അറസ്റ്റിലായതോടെ ഇനി ഒരു ടേം കൂടി സെക്രട്ടറിയാവാനുള്ള കോടിയേരിയുടെ സാധ്യത മങ്ങി; പകരം പരിഗണിക്കുക എം എ ബേബിയെയോ എം വി ഗോവിന്ദനെയോ? സിപിഎമ്മിലെ പ്രതിഛായ മിനുക്കൽ ചർച്ചകൾ ഇങ്ങനെ

തിരുവായ്ക്ക് എതിർവായില്ലെങ്കിലും പിണറായിക്കെതിരെ സിപിഎമ്മിലും അനുരണനം; ശിവശങ്കറിനെ കയറൂരി വിട്ടതിൽ സിപിഐക്കും അമർഷം; മകൻ അറസ്റ്റിലായതോടെ ഇനി ഒരു ടേം കൂടി സെക്രട്ടറിയാവാനുള്ള കോടിയേരിയുടെ സാധ്യത മങ്ങി; പകരം പരിഗണിക്കുക എം എ ബേബിയെയോ എം വി ഗോവിന്ദനെയോ? സിപിഎമ്മിലെ പ്രതിഛായ മിനുക്കൽ ചർച്ചകൾ ഇങ്ങനെ

എം മാധവദാസ്

തിരുവനന്തപുരം: വി എസ് അച്യുതാനന്ദന്റെ അനാരോഗ്യത്തിലും ആ ഗ്രൂപ്പിനെ സമ്പൂർണ്ണമായി നിഷ്‌ക്കാസനം ചെയ്തതിലും പിണറായി വിജയൻ ഏറ്റവും കൂടുതൽ ആശ്വസിക്കുന്ന ദിനങ്ങൾ ആയിരിക്കും ഇപ്പോൾ കടന്നുപോകുന്നത്. എം ശിവശങ്കറിന്റെയും ബിനീഷ് കോടിയേരിയുടെയും അറസ്റ്റോടെ, ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടിൽ മുങ്ങി നിൽക്കുന്ന സിപിഎമ്മിന് ഉൾപ്പാർട്ടി വിഭാഗീയതകൾ അവസാനിച്ചതാണ് ഇപ്പോൾ ഏറ്റവും വലിയ ആശ്വാസമാവുന്നത്. മുമ്പായിരുന്നെങ്കിൽ വി എസ് പക്ഷം, ഈ വിഷയങ്ങൾ കുത്തിപ്പൊക്കിയും കേന്ദ്ര നേതൃത്വത്തിന് കത്തയച്ചും നേതൃത്വത്തിന് വലിയ തലവേദന സൃഷ്ടിച്ചേനെ. പക്ഷേ ഇന്ന് സിപിഎമ്മിൽ പിണറായി വിജയന്റെ സമ്പൂർണ്ണ ആധിപത്യമാണ് നിലനിൽക്കുന്നത്. മന്ത്രിസഭാ യോഗത്തിൽ പോലും അദ്ദേഹത്തിന്റെ മുഖത്തുനോക്കി ഒരു വിഷയം എതിർക്കാൻ കഴിയുന്നവർ വിരളം. 'ഹെഡ് മാഷും കുട്ടികളും' എന്ന ഒരു ചെല്ലപ്പേരുപോലും സെക്രട്ടറിയേറ്റിലെ മുതിർന്ന ഉദ്യോഗസ്ഥർക്കിടയിൽ പിണറായി മന്ത്രിസഭയെക്കുറിച്ച് ഉണ്ടായിട്ടുണ്ട്. അതുകൊണ്ടുതന്നെ തിരുവായ്ക്ക് എതിർവായില്ലാത്ത പാർട്ടിയിൽ ഇന്ന് പിണറായി സർവശക്തനാണ്. പാർട്ടിയും സർക്കാറും അദ്ദേഹത്തിന് പിന്നിൽ പാറപോലെ ഉറച്ചു നിൽക്കയാണ്. കേന്ദ്ര നേതൃത്വം ആകട്ടെ ദുർബലവും നിസ്സഹായവുമാണ്. കേരളത്തിൽ മാത്രം അധികാരത്തിൽ ഉള്ള ഒരു പാർട്ടിക്ക് ഇപ്പോൾ കേന്ദ്രം നേതൃത്വത്തിന് കർശനമായ റോളുമില്ലാത്ത അവസ്ഥയാണ് വന്നിരിക്കുന്നത്.

പാർട്ടിയിലും മുന്നണിയിലും പിണറായിക്ക് കിട്ടിയ ഈ സർവാധിപത്യമാണ് പ്രശ്നമായതെന്ന് ഇപ്പോൾ സിപിഐക്ക് വിമർശനമുണ്ട്. പക്ഷേ അവർക്കും പിണറായിയുടെ ആധിപത്യം ചോദ്യം ചെയ്യാൻ കഴിയില്ല. അധികാരം പൂർണ്ണമായി മുഖ്യമന്ത്രിയിൽ കേന്ദ്രീകരിക്കുന്ന ചൈനീസ് മോഡൽ ഭരണപരിഷ്്ക്കാരത്തിന് പിണറായി ശ്രമിച്ചപ്പോൾ തുറന്ന് എതിർത്തത് സിപിഐ മന്ത്രിമാർ ആണ്. പുതിയ സാഹചര്യത്തിൽ അവർക്ക് തങ്ങളുടെ സമ്മർദം ശക്തമാക്കാനുള്ള അവസരമാണ് ഉണ്ടായിരിക്കുന്നത്.

കോടിയേരി യുഗം അവസാനിക്കുന്നോ?

അതേസമയം നേരത്തെ തന്നെ ആരോഗ്യ പ്രശ്നങ്ങൾ ഉള്ള പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ഇനിയൊരു ടേം കൂടി കിട്ടാൻ സാധ്യതയില്ല. ബിനീഷ് സിപിഎം നേതാവല്ല എന്നൊക്കെ നേതാക്കൾ ന്യായീകരിക്കുന്നുണ്ടെങ്കിലും പാർട്ടിയുടെ രണ്ടാമന്റെ മകൻ കഞ്ചാവ് കേസിൽ അകത്തായത് ഉണ്ടാക്കിയ നാണക്കേടുകൾ ചില്ലറയല്ല. ഈയിടെ കോടിയേരിക്കെതിരെ ഫേസ്‌ബുക്കിൽ പാർട്ടി പ്രവർത്തകരുടെ രോഷം അണപൊട്ടിയിരുന്നു.

ഏഷ്യാനെറ്റ് ചാനൽ ചർച്ചയിൽ പാർട്ടി പ്രതിനിധികളെ അപമാനിച്ച വിനു വി ജോണിനെതിരെ പ്രസ്താവനപോലും ഇറക്കുന്നില്ലെന്ന് പറഞ്ഞാണ് കോടിയേരിയുടെ ഫേസ്‌ബുക്ക് പേജിൽ പ്രതിഷേധം ഉണ്ടായത്. നേരത്തെ സിപിഎം പ്രതിനിധികൾ ഏഷ്യാനെറ്റിനെ ബഹിഷ്‌ക്കരിച്ചിരുന്നത് കോടിയേരി ഇടപെട്ടാണ് പരിഹരിച്ചത്. എന്നാൽഇക്കഴിഞ്ഞ ബുധനാഴ്ച നടന്ന ചാനൽ ചർച്ചയിൽ മുസ്ലിം ലീഗ് പ്രവർത്തകനായ യാസിർ എടപ്പാളിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് സി.പിഎം പ്രതിനിധി ഡോ. വി.പി.പി.മുസ്തഫ വായിച്ചതും അതിൽ അശ്ലീല പദപ്രയോഗങ്ങൾ ഉണ്ടായെന്നും കാണിച്ചായിരുന്നു ചാനൽ അവതാരകനായ വിനു വി ജോൺ രംഗത്തെത്തിയത്. തിന് പിന്നാലെ ഒരു പൊതുവേദിയിൽ എങ്ങനെ പെരുമാറണമെന്നറിയാത്ത സംസ്‌കാര ശൂന്യരെ ദയവ് ചെയ്ത് സിപിഎം പോലുള്ള ഉന്നത രാഷ്ട്രീയ പാർട്ടികൾ ചർച്ചകളിലേക്ക് പറഞ്ഞുവിടരുതെന്ന് അവതാരകൻ വിനു വി ജോൺ പ്രസ്താവനയും നടത്തിയിരുന്നു. ഇതാണ് പുതിയ വിവാദങ്ങൾക്ക് കാരണം.

എന്ത് കണ്ടിട്ടാണ് ഏഷ്യാനെറ്റിലേക്ക് വീണ്ടും സഖാക്കളെ അയക്കുന്നതെന്നും സഖാവ് മുസ്തഫയെ സംസ്‌ക്കാര ശൂന്യൻ എന്ന് വിളിച്ചപ്പോൾ നിങ്ങൾക്ക് വേദനിച്ചുകാണില്ലെന്നും എന്നാൽ സഖാക്കൾക്ക് വേദനിച്ചെന്നുമായിരുന്നു കോിടയേരിയുടെ പേജിൽ ചിലർ പ്രതികരിച്ചത്.സിപിഎം പ്രതിനിധികളെ ഏഷ്യാനെറ്റ് ചർച്ചയിലേക്ക് അയച്ചില്ലെങ്കിൽ ആകാശം ഇടിഞ്ഞു വീഴുമോയെന്നും ഒരു മാസം ഇവിടെയെന്തെങ്കിലും സംഭവിച്ചിരുന്നോ എന്നുമാണ് ചിലരുടെ ചോദ്യം. പാർട്ടി പ്രതിനിധികൾ ഏഷ്യാനെറ്റ് ചാനൽ ചർച്ചയിൽ ഇനിയും പങ്കെടുക്കുന്നതിനെ കുറിച്ച് പുനപരിശോധന നടത്തണമെന്നും ഇവർ ആവശ്യപ്പെടുന്നുണ്ട്.

വിഷയത്തിൽ പാർട്ടി സെക്രട്ടറി നിലപാട് വ്യക്തമാക്കണം. മാധ്യമമേലാളന്മാരുടെ അട്ടഹാസവും പരിഹാസവും ഏറ്റുവാങ്ങേണ്ടവരല്ല നമ്മൾെ.ഏഷ്യാനെറ്റ് താങ്കൾക്ക് എന്തുറപ്പാണ് തന്നതെന്ന് വിശദീകരിക്കണം, സ്വന്തം താൽപര്യങ്ങൾക്ക് വേണ്ടി പാർട്ടിയെ ബലി കൊടുക്കരുത് അപേക്ഷയാണ്.അപവാദ പ്രചാരണങ്ങളിലൂടെ പാർട്ടിയെ അപകീർത്തിപ്പെടുത്താൻ വെമ്പൽ കൊള്ളുന്ന ഏഷ്യാനെറ്റെന്ന വാർത്താ മാധ്യമത്തിന്റെ ചർച്ചകളിൽ പാർട്ടി പ്രതിനിധികൾ പങ്കെടുക്കുന്നത് പുനഃപരിശോധിക്കണം'- പലരും രൂക്ഷമായി പ്രതികരിക്കുന്നത് ഇങ്ങനെയാണ്.

'തെറ്റ് പറ്റി സഖാവേ തിരുത്തണം. ഏഷ്യാനെറ്റിൽ സഖാക്കൾ ചർച്ചക്ക് പോകരുത്, രാപകലില്ലാതെ ഈ പാർട്ടിക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ പ്രവർത്തിക്കുന്ന ഒരുപാട് സഖാക്കളുടെ മുഖത്തടിച്ചപോലെ ആയി ഏഷ്യാനെറ്റിൽ വീണ്ടും ചർച്ചക്ക് പോകാം എന്നുള്ള പാർട്ടിയുടെ നിലപാട്', എന്നാണ് ചിലർ കുറിച്ചത്.സിപിഎമ്മിന്റെ ചരിത്രത്തിലെ ഏറ്റവും കഴിവ് കുറഞ്ഞ സെക്രെട്ടറി എന്ന പദവി താങ്കൾക്ക് തന്നെയായിരിക്കുമെന്നും മാധ്യമങ്ങളോടുള്ള മൃദു സമീപനം മുതൽ ഇങ്ങോട്ട് പറയാനുണ്ടെന്നും പാർട്ടി സ്വയം തിരുത്തുന്ന കാലം വരെ അനുഭവിക്കട്ടെയെന്നുമാണ് ചിലർ പ്രതികരിച്ചത്.- അണികളുടെ മനസ്സ് കോടിയേരിക്ക് എതിരാണ് എന്നതിന്റെ വ്യക്തമായ സൂചനയായിരുന്നു ഈ കമന്റുകൾ. ഇപ്പോൾ ബിനീഷിന്റെ അറസ്റ്റോടെ അത് പുർത്തിയായിരിക്കയാണ്.

എം എം ബേബിക്കും എം വി ഗോവിന്ദനും സാധ്യത

നേരത്തെ കോടിയേരി ചികിൽസക്ക് പോയപ്പോൾ പകരം ചുമതല ആർക്കും കൊടുത്തിരുന്നില്ല. എന്നാൽ മൂന്നുപേരുടെ പേരുകളാണ് സിപിഎമ്മിൽ പറഞ്ഞു കേട്ടിരുന്നത്. ഒന്ന് എം.എ ബേബി, രണ്ട് എം.വി ഗോവിന്ദൻ മാസ്റ്റർ. പി ജയരാജനെയാണ് അണികൾക്ക് ഏറ്റവും പ്രിയങ്കരൻ എങ്കിലും അദ്ദേഹം പിണറായിയുമായി് അത്ര സുഖത്തിലല്ല എന്നാണ് അറിയുന്നത്. പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബിയെ സെക്രട്ടറിയാക്കിയാൽ കണ്ണൂർ ലോബി തുടർച്ചയായി സെക്രട്ടറി സ്ഥാനം കൈയാളുന്നു എന്ന ആക്ഷേപത്തെ ഇല്ലാതാക്കുമെന്നാണ് ചില നേതാക്കൾ കരുതുന്നത്. സൗമ്യ സ്വഭാവവും സൈദ്ധാന്തിക മേഖലയിലുള്ള മികവും ഉള്ള എം.എ ബേബിയെ സെക്രട്ടറിയാക്കിയാൽ സിപിഐ.എമ്മിന് നിലവിലെ പ്രതിച്ഛായയിൽ വലിയ മാറ്റം വരുത്താനാകുമെന്നും ഇവർ കരുതുന്നു. എം വി ഗോവിന്ദൻ മാസ്റ്ററും അണികൾക്കിടയിൽ നല്ല അംഗീകാരം ഉണ്ട്. നേരത്തെ ആന്തൂറിലെ വ്യവസായി സാജന്റെ മരണം അദ്ദേഹത്തിന് ഇമേജിന് കോട്ടം തട്ടിച്ചിരുന്നെങ്കിലും ഈയിടെ മരണത്തിന്റെ യഥാർഥ കാരണങ്ങൾ പുറത്തുവന്നതോടെ ആ പ്രശ്നം അവസാനിച്ച മട്ടാണ്.

വടകരയിലെ തോൽവി വലിയ ക്ഷീണമാണ് സമ്മാനിച്ചതെങ്കിലും പി. ജയരാജന് പാർട്ടി പ്രവർത്തകർക്കിടയിൽ വലിയ അംഗീകാരമാണ് ഉള്ളത്. കണ്ണൂർ ജില്ലയിൽ മുതിർന്ന നേതാക്കളിൽ ഭൂരിപക്ഷം പേരും എതിർചേരിയിൽ നിൽക്കുമ്പോഴും പ്രവർത്തകരുടെ പിന്തുണ തന്നെയാണ് ജയരാജന്റെ ബലം.സാമ്പത്തിക ആരോപണങ്ങൾ ഒന്നു പോലും തനിക്കെതിരെ കേൾപ്പിക്കാത്ത കാര്യത്തിൽ ജയരാജനെ അണികൾക്ക് ഇഷ്ടമാണ്. അതുകൊണ്ട് തന്നെ ലോക്‌സഭ തെരഞ്ഞെടുപ്പിലെ തോൽവിയും പിന്നീട് ഉണ്ടായ സംഭവങ്ങളും പാർട്ടിക്ക് വലിയ പ്രതിസന്ധി ഉണ്ടാക്കിയ ഈ സമയത്ത് പരിഹാരത്തിനായി ജയരാജനെ സെക്രട്ടറി സ്ഥാനമേൽപ്പിക്കുമോ എന്നാണ് പാർട്ടി നേതാക്കളും പ്രവർത്തകരും ഉറ്റുനോക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP