Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വി എസ് ഒഴിയുന്ന മലമ്പുഴയിലെ ഷുവർ സീറ്റ് കണ്ടുവെച്ചിരുന്നത് വിജയരാഘവന്; അപ്രതീക്ഷിതമായ പാർട്ടി സെക്രട്ടറി സ്ഥാനലബ്ധി തകർക്കുന്നത് അദ്ദേഹത്തിന്റെ പാർലമെന്ററി മോഹങ്ങൾ; ഇടതു കൺവീനർ സ്ഥാനം ഒഴിയുമ്പോൾ സാധ്യത എം വി ഗോവിന്ദന്; സിപിഎമ്മിലെ രാഷ്ട്രീയ പുനഃസംഘടനാ സാധ്യതകൾ

വി എസ് ഒഴിയുന്ന മലമ്പുഴയിലെ ഷുവർ സീറ്റ് കണ്ടുവെച്ചിരുന്നത് വിജയരാഘവന്; അപ്രതീക്ഷിതമായ പാർട്ടി സെക്രട്ടറി സ്ഥാനലബ്ധി തകർക്കുന്നത് അദ്ദേഹത്തിന്റെ പാർലമെന്ററി മോഹങ്ങൾ; ഇടതു കൺവീനർ സ്ഥാനം ഒഴിയുമ്പോൾ സാധ്യത എം വി ഗോവിന്ദന്; സിപിഎമ്മിലെ രാഷ്ട്രീയ പുനഃസംഘടനാ സാധ്യതകൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തീർത്തും അപ്രതീക്ഷിതം തന്നെയായിരുന്നു ഇടതുമുന്നണി കൺവീനറായ മുതിർന്ന നേതാവ് എ വിജയരാഘവന്റെ സിപിഎം സെക്രട്ടറി സ്ഥാനത്തേക്കുള്ള കയറ്റം. മകൻ ബിനീഷ് മയക്കുമരുന്ന് കേസിൽ പ്രതിയായി ജയിലിൽ ആയതോടെ, തുടർ ചികിൽസയെന്ന കാരണം പറഞ്ഞ് കോടിയേരി ബാലകൃഷ്ൻ സ്ഥാനം ഒഴിയുമ്പോൾ എം എ ബേബിയോ, എം വി ഗോവിന്ദനോ സെക്രട്ടറിയാവുമെന്നായിരുന്നു പൊതുവെ കരുതിയിരുന്നത്. എന്നാൽ തന്നെ പരോക്ഷമായി വിമർശിച്ച ബേബിയും, വേണ്ടത്ര പിന്തുണ തരാത്ത കണ്ണൂർ നേതാക്കളും വേണ്ട എന്ന കോടിയേരിയുടെ തീരുമാനവും, മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള അടുപ്പുവും ആണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയിലേക്ക് വിജയരാഘവനെ എത്തിക്കുന്നത്. ഇപ്പോൾ ഇടതുമുന്നണി കൺവീനർ സ്ഥാനവും പാർട്ടി സെക്രട്ടറിയുടെ സ്ഥാനവും ഒരുപോലെ വഹിക്കയാണ് 63കാരനായ വിജയരാഘവൻ.

സിപിഎമ്മിൽ പ്രമുഖ നേതാക്കൾ ഇരട്ട പദവി വഹിക്കുന്ന രീതിയില്ല. അതുകൊണ്ട് തന്നെ തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ വിജയരാഘവൻ ഇടതുമുന്നണി കൺവീനർ സ്ഥാനം ഒഴിയുമെന്നാണ് അറിയുന്നത്. പകരം, നേരത്തെ പാർട്ടി സെക്രട്ടറി സ്ഥാനം കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടമായ എം വി ഗോവിന്ദൻ മാസ്റ്റർ തന്നെ ഇടതുമുന്നണി കൺവീനർ ആകുമെന്നാണ് അറിയുന്നത്്. മാത്രമല്ല കൺവീനർ സ്ഥാനം ഒഴിഞ്ഞ് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ മൽസരിക്കണം എന്നായിരുന്നു വിജയരാഘവന്റെ ആഗ്രഹം. പാർട്ടി കോട്ടയായ മലമ്പുഴയിൽ പറഞ്ഞു കേട്ട പേര് അദ്ദേഹത്തിന്റെതാണ്. എട്ടിൽ എട്ടു പഞ്ചായത്തും ഇടതുമുന്നണി ഭരിക്കുന്ന പാലക്കാട് മലമ്പുഴയിൽ വി എസ് അച്യുതാനന്ദനാണ് നിലവിലെ എംഎൽഎ. പ്രായധിക്യം കാരണം ഇനി ഒരു അങ്കത്തിന് അദ്ദേഹം ഉണ്ടാകില്ല എന്ന് ഉറപ്പാണ്. പാർട്ടിക്ക് ഭരണത്തുടർച്ച കിട്ടുകയാണെങ്കിൽ ഈ ഷുവർ സീറ്റിൽനിന്ന് ജയിച്ചു കയറുന്ന വിജയരാഘവന് ഏറ്റവും പ്രധാനപ്പെട്ട ഒരു വകുപ്പും കിട്ടുമെന്ന് ഉറപ്പായിരുന്നു. എന്നാൽ പാർട്ടി സെക്രട്ടറി സ്ഥാനം അദ്ദേഹത്തിന്റെ പാർലിമെന്ററി സ്വപ്നങ്ങൾക്ക് തടസ്സമായി.

2001 മുതൽ ഏതാണ്ട് രണ്ടുപതിറ്റാണ്ട് കാലമായി വി എസ് തന്നെയാണ് മലമ്പുഴയെ പ്രതിനിധാനം ചെയ്യുന്നത്. 2006ൽ പാർട്ടി അദ്ദേഹത്തിന് ആദ്യഘട്ടത്തിൽ സീറ്റ് നിഷേധിച്ചപ്പോൾ ഔദ്യോഗികമായി പ്രഖ്യപിക്കപ്പെട്ട പേര് ജില്ലാ നേതാവ് കെ വി രാമകൃഷ്ണന്റെത് ആയിരുന്നു. രാമകൃഷ്ണനുവേണ്ടി അരിവാൾ ചുറ്റിക നക്ഷത്രത്തിൽ ചുവരെഴുത്ത് തുടങ്ങിയടത്തുനിന്നാണ് സിപിഎം പോളിറ്റ്ബ്യൂറോ ഇടപെട്ട് വിഎസിന് സീറ്റ് കൊടുക്കുന്നത്. ഇനി പാർട്ടി സെക്രട്ടറി പദവി ഏറ്റെടുത്തതിനാൽ വിജയരാഘവൻ മൽസരരംഗത്ത് ഇല്ലാതായതോടെ പഴയ രാമകൃഷ്ണന് തന്നെയാണ് മലമ്പുഴയിൽ സാധ്യതകൾ ഉയരുന്നത്.

സിപിഎമ്മിനെ സംബന്ധിച്ച് പാർട്ടി സമ്മേളനങ്ങൾ നടക്കേണ്ട വർഷമാണ് 2011 എങ്കിലും, കേരളവും ബംഗാളും അടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് പരിഗണിച്ച് സംഘടനാ തെരഞ്ഞെടുപ്പ് അടുത്തവർഷത്തേക്ക് നീട്ടിവെക്കാനാണ് സാധ്യത. അതുവരെ വിജയരാഘവൻ തുടരും. ഗുരുതരമായ പരാതികൾ ഒന്നുമില്ലെങ്കിൽ തുടന്നുള്ള ടേമും അദ്ദേഹത്തിന് തന്നെ സെക്രട്ടറിയായി കിട്ടാനാണ് സാധ്യത. അതായത് സിപിമ്മിന്റെ ചരിത്രത്തിൽ വി എസ് അച്യുതാനന്ദൻ അല്ലാതെ, കണ്ണൂരിന് പുറത്തുനിന്ന് ഒരാൾ സെക്രട്ടറിയാവുന്നത് ചരിത്രത്തിൽ ആദ്യമാണ്. ആ രീതിയിൽ നോക്കുമ്പോൾ സിപിഎമ്മിലെ കണ്ണൂർ ലോബി വല്ലാതെ ദുർബലമായ കാലാമാണ് ഇത്.

സിപിഎം അധികാര കേന്ദ്രത്തിൽ കണ്ണൂർ രാഷ്ട്രീയത്തിന് പുറത്തു നിന്നും ഒരാൾ എന്നത് അത്രയ്ക്ക് എളുപ്പുമുള്ള കാര്യമാല്ല. വർഷങ്ങളായി അധികാരത്തിന്റെ കടിഞ്ഞാൺ കൈയിലേന്തിയിരിക്കുന്നത് കണ്ണൂർ ജില്ലക്കാരാനാണ്. ആ സ്ഥാനം ഒരു മലപ്പുറത്തുകാരനിലേക്ക് എത്തുന്നത് 28 വർഷങ്ങൾക്ക് ശേഷമാണ്. ഇഎംഎസും വിഎസും ഒഴികെയുള്ള മറ്റെല്ലാവരും കണ്ണൂരുകാർ.വി. എസ്. അച്യുതാനന്ദനു ശേഷം 1992ൽ ഇ.കെ. നായനാർ സിപിഎം സംസ്ഥാന സെക്രട്ടറിയായതിനു ശേഷം വന്ന സെക്രട്ടറിമാരെല്ലാം കണ്ണൂരിൽ നിന്നായിരുന്നു. പ്രാദേശിക വികാരത്തിന്റെ അടിസ്ഥാനത്തിലല്ല സിപിഎമ്മിൽ ഭാരവാഹികളെ തീരുമാനിക്കുന്നതെന്നു വാദിക്കാമെങ്കിലും കണ്ണൂരിൽ നിന്നുള്ള നേതാക്കൾക്ക് സിപിഎമ്മിൽ കിട്ടിക്കൊണ്ടിരിക്കുന്ന അംഗീകാരത്തിനു തെളിവ് മുൻ സെക്രട്ടറിമാരുടെ പട്ടിക തന്നെയാണ്. അതുകൊണ്ട് തന്നെ ഇപ്പോൾ മലപ്പുറത്തുകാരനായ സെക്രട്ടറിയെത്തുമ്പോൾ അത് സിപിഎമ്മിലെ കണ്ണൂർ ലോബിക്കേറ്റെ ഇളക്കം തന്നെയാണ്.

പാർട്ടി രൂപീകൃതമായ ശേഷം ഉണ്ടായ 8 സംസ്ഥാന സെക്രട്ടറിമാരിൽ 5 പേരും കണ്ണൂരിൽ നിന്നായിരുന്നു. ഇഎംഎസ്, വി എസ്.അച്യുതാനന്ദൻ എന്നിവരെ ഒഴിച്ചു നിർത്തിയാൽ പാർട്ടി സെക്രട്ടറിമാരായിരുന്ന മറ്റ് 6 പേരും കണ്ണൂരുകാരാണെന്നു പറയാം. മാഹിയോടു ചേർന്ന് കോഴിക്കോട് ജില്ലയിലെ അഴിയൂരിലായിരുന്നു ജനനമെങ്കിലും സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന സി.എച്ച്.കണാരന്റെ കർമ മണ്ഡലം കണ്ണൂരായിരുന്നു. അതുകൂടി കൂട്ടിയാൽ കണ്ണൂരിൽ നിന്നുള്ള സെക്രട്ടറിമാരുടെ എണ്ണം 6.

സി എച്ച് കണാരൻ ജനിച്ചത് കോഴിക്കോട് ആണെങ്കിലും പ്രവർത്തന കേന്ദ്രം തലശ്ശേരി ആയിരുന്നു. അതുകൊണ്ടുതന്നെയാണ് കണ്ണൂർ ലോബി എന്നൊരു പേര് സിപിഎമ്മിൽ ഉറച്ചുപോയത്. പിണറായി വിജയൻ സെക്രട്ടറി ആയതിനുശേഷമാണ് ഈ വാക്ക് ഉയർന്നു കേട്ടത്. പാർട്ടിയിൽ വി എസ് പക്ഷത്തെ ഒതുക്കുന്നത് അടക്കമുള്ള എല്ലാറ്റിനും കാർമികത്വം വഹിച്ചത്, കണ്ണൂർ നേതാക്കൾ ആണെന്നതിൽ സംശയമില്ല. സിപിഎമ്മിൽ പാർട്ടി സംസ്ഥാന സെക്രട്ടറി കഴിഞ്ഞാൽ ഏറ്റവും ശക്തമായ തസ്തിക ഏതാണെന്ന് ചോദിച്ചാൽ അത് കണ്ണൂർ ജില്ലാ സെക്രട്ടറി തന്നെയാണെന്നാണ് അനൗദ്യോഗിമായി കരുതിയിരുന്നത്. വിജയരാഘവൻ പാർട്ടിയിലെ ഒന്നാമനായി മാറുന്നതോടെ അടുത്തകാലത്തായി സിപിഎമ്മിൽ, ഒരു ജില്ല കേന്ദ്രീകരിച്ച് തുടർന്നിരുന്ന അധികാര കേന്ദ്രത്തിലും മാറ്റമുണ്ടായിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP