Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പി.കെ.ശശിയും പി.ശശിയും ഗോപി കോട്ടമുറിക്കലും ജീവൻ ലാലും പെട്ട ലൈംഗിക പീഡനപരാതികൾ; ടിപിയെയും ഷുക്കൂറിനെയും ഷുഹൈബിനെയും വെട്ടിവീഴ്‌ത്തിയ കുരുതികൾ; തീർപ്പുകല്പിക്കാൻ സിപിഎമ്മിൽ പാർട്ടി കോടതികൾ ഇല്ലെന്ന് സെക്രട്ടറി ആയിരിക്കെ പിണറായി; സിപിഎം എന്നാൽ കോടതിയും പൊലീസുമെന്ന് എം.സി.ജോസഫൈൻ; സസ്‌പെൻഷനും ഡിസ്മിസലും റീഎൻട്രിയും തീരുമാനിക്കുന്ന പാർട്ടി കോടതികളെ ചൊല്ലിയുള്ള വിവാദം വീണ്ടും ചൂടുപിടിക്കുന്നു

പി.കെ.ശശിയും പി.ശശിയും ഗോപി കോട്ടമുറിക്കലും ജീവൻ ലാലും പെട്ട ലൈംഗിക പീഡനപരാതികൾ; ടിപിയെയും ഷുക്കൂറിനെയും ഷുഹൈബിനെയും വെട്ടിവീഴ്‌ത്തിയ കുരുതികൾ; തീർപ്പുകല്പിക്കാൻ സിപിഎമ്മിൽ പാർട്ടി കോടതികൾ ഇല്ലെന്ന് സെക്രട്ടറി ആയിരിക്കെ പിണറായി; സിപിഎം എന്നാൽ കോടതിയും പൊലീസുമെന്ന് എം.സി.ജോസഫൈൻ; സസ്‌പെൻഷനും ഡിസ്മിസലും റീഎൻട്രിയും തീരുമാനിക്കുന്ന പാർട്ടി കോടതികളെ ചൊല്ലിയുള്ള വിവാദം വീണ്ടും ചൂടുപിടിക്കുന്നു

എം മനോജ് കുമാർ

തിരുവനന്തപുരം: നിനച്ചിരിക്കാതെ സിപിഎം വീണ്ടും പാർട്ടി കോടതി വിവാദത്തിൽ. വനിതാ കമ്മിഷൻ അധ്യക്ഷ ജോസഫൈൻ നടത്തിയ പാർട്ടി കോടതി പരാമർശങ്ങൾ സിപിഎമ്മിനെ വീണ്ടും വിവാദത്തിലേക്ക് വലിച്ചിഴച്ചിരിക്കുന്നു. ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയൻ സിപിഎം സംസ്ഥാന സെക്രട്ടറിയായിരിക്കുമ്പോൾ സിപിഎമ്മിന് പാർട്ടി കോടതി സംവിധാനമില്ലെന്നാണ് പറഞ്ഞിരുന്നത്. ഇതാണ് നിലവിലെ വനിതാ കമ്മിഷൻ അധ്യക്ഷ തിരുത്തിയിരിക്കുന്നത്. സിപിഎം എന്നാൽ കോടതിയും പൊലീസുമെന്നാണ് ജോസഫൈൻ പറഞ്ഞത്. സ്ത്രീ പീഡന പരാതികളിൽ ഏറ്റവും കർശന നടപടിയെടുക്കുന്നത് സിപിഎമ്മാണ്. അതിൽ അഭിമാനിക്കുന്നുവെന്നുമാണ് ജോസഫൈൻ പ്രതികരിച്ചത്. ജോസഫൈൻ വനിതാ കമ്മിഷൻ അധ്യക്ഷ എന്നതിനപ്പുറം സ്പിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കൂടിയാണ്. അതുകൊണ്ട് തന്നെ സിപിഎമ്മിൽ പാർട്ടി കോടതി എന്ന് ജോസഫൈൻ പറയുമ്പോൾ അതിനു അർത്ഥ തലങ്ങൾ ഏറുകയാണ്. ഷോർണ്ണൂർ എംഎൽഎ ശശി സ്ത്രീ പീഡന വിവാദത്തിൽ പെട്ടതോടെയാണ് ഒരിടവേളയ്ക്ക് ശേഷം പാർട്ടി കോടതി വിവാദങ്ങൾ വീണ്ടും തലപൊക്കുന്നത്. ഷൊർണൂർ എംഎൽഎ പി കെ ശശിയുടേത് തീവ്രത കുറഞ്ഞ പീഡനമാണ് എന്നാണ് അന്ന് സംഭവം അന്വേഷിച്ച പാർട്ടി കോടതി വിലയിരുത്തിയത്. പാർട്ടി കോടതിയിലെ തീർപ്പാണ് ടി.പി.ചന്ദ്രശേഖരന്റെ കൊലപാതകത്തിലേക്കും അരിയിൽ ഷുക്കൂർ കൊലപാതകത്തിലേക്കും സിപിഎമ്മിനെ എത്തിച്ചത്. ജോസഫൈന്റെ പ്രസ്താവനയോടെ വീണ്ടും കത്തുന്നത് പാർട്ടിയെ കുഴപ്പത്തിൽ ചാടിക്കാറുള്ള പാർട്ടി കോടതി വിവാദം തന്നെയാണ്.

പാർട്ടി നേതാക്കൾ സ്ത്രീ പീഡന വിവാദത്തിൽ കുരുങ്ങിയാൽ കൊലപാതക കേസിൽ കുരുങ്ങിയാൽ അവരെ രക്ഷിക്കാൻ പരമാവധി ശ്രമിക്കും. ഒരു വഴിയുമില്ലെങ്കിൽ മാത്രം. നടപടി. ആ നടപടികൾ പലതും പേരിനുള്ള നടപടികളുമാകും. ഇതാണ് സിപിഎമ്മിനെയും പാർട്ടി കോടതിയെയും വിവാദത്തിൽ ചാടിക്കാറ്. സിപിഎമ്മിനകത്ത് വിവിധ പ്രശ്‌നങ്ങളിൽ പരാതി വരുമ്പോൾ പാർട്ടിക്കകത്ത് അത് പരിഹരിക്കാൻ ഒരു സംവിധാനമുണ്ട്. ഈ സംവിധാനത്തെ പാർട്ടി കോടതി എന്ന് വിശേഷിപ്പിക്കാൻ കഴിയില്ല എന്നാണ് പാർട്ടി കോടതി എന്ന വിവാദത്തെക്കുറിച്ച് സിപിഎം നേതാക്കൾ പ്രതികരിക്കാറ്. ഈ രീതിയിൽ തന്നെയാണ് സ്ത്രീ പീഡന കേസുകൾ വരുമ്പോഴും സിപിഎം പരിഹരിക്കാറ്. സ്ത്രീ പീഡനക്കേസ് വിവാദം വന്നപ്പോൾ ഷൊർണ്ണൂർ എംഎൽഎയായ പി.കെ. ശശിയെ ആറുമാസം പാർട്ടിയിൽ നിന്നും സസ്‌പെൻഡ് ചെയ്യുകയാണ് സിപിഎം ചെയ്തത്. സ്ത്രീ പീഡനവിവാദം പാർട്ടി കോടതിയിൽ വിചാരണ നടത്തി പരിഹരിച്ചുവെന്ന പഴി പാർട്ടിക്ക് നേരിടേണ്ടി വരുകയും ചെയ്തു. പി.ശശിക്കെതിരായ സ്ത്രീ പീഡന പരാതിയും കൊച്ചിയിലെ ഗോപി കോട്ടമുറിക്കലിനെതിരെയുള്ള സ്ത്രീ പീഡന പരാതിയിലും പ്രതിഫലിച്ചത് പാർട്ടി കോടതി നടപടികളാണ്. സിപിഎമ്മിനെ ഇപ്പോഴും വേട്ടയാടി കൊണ്ടിരിക്കുന്ന ഒളി ക്യാമറാ വിവാദത്തിലാണ് ഗോപി കോട്ടമുറിക്കൽ കുടുങ്ങിയത്.

സിപിഎമ്മിന്റെ എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്ന ഗോപി കോട്ടമുറിക്കലും ഒരു അഭിഭാഷകയും തമ്മിലുള്ള ബന്ധം ഒളിക്യാമറയിൽ പകർത്തി ഒരു സംഘം ജില്ലാ കമ്മിറ്റി നേതാക്കൾ പാർട്ടി നേതൃത്വത്തിന് കൈമാറുകയായിരുന്നു. പി ശശിയുടെ പുറത്ത് പോകൽ രീതിയിൽ ഗോപി കോട്ടമുറിക്കലിനെയും പാർട്ടി പുറത്താക്കി. ശശിയും ഗോപി കോട്ടമുറിക്കലും പിന്നീട് തിരികെ പാർട്ടിയിൽ തന്നെ എത്തി. പി.ശശിയുടെ സ്ത്രീപീഡന പരാതിക്കൊപ്പം തന്നെ ഉയർന്നതാണ് ഡിവൈഎഫ്ഐ നേതാവായ ജീവൻലാലിനെതിരായ പരാതി. എംഎൽഎ ഹോസ്റ്റലിലെ റൂമിൽ വെച്ച് വാതിൽ അടച്ച് കിടക്കയിൽ തള്ളിയിട്ട് ബാലാത്ക്കാരത്തിനു ജീവൻലാൽ ശ്രമിച്ച് എന്നാണ് പാർട്ടിക്കാരിയായ യുവതി പരാതി നൽകിയത്. ശശിയുടെ പരാതി നിന്ന് വിഭിന്നമായി യുവതി ജീവൻ ലാലിനെതിരെ പൊലീസിൽ പരാതി നൽകിയത്. പൊലീസ് കേസ് രജിസ്റ്റർ ചെയ്തപ്പോൾ തൊട്ടുപിറകെ പാർട്ടി നടപടിയും വന്നു. സിപിഎമ്മിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്നും ജീവൻലാലിനെ സിപിഎം ഒഴിവാക്കി. ഇതെല്ലാം പാർട്ടി കോടതി നടപടിയുടെ ഭാഗമായിരുന്നു.

സിപിഎമ്മിന്റെ കണ്ണൂർ ജില്ലാ സെക്രട്ടറിയും നായനാർ മുഖ്യമന്ത്രിയായിരിക്കുമ്പോൾ പൊളിറ്റിക്കൽ സെക്രട്ടറിയും ഒക്കെയായിരുന്ന പി.ശശിക്ക് എതിരെ സ്ത്രീ പീഡന പരാതി വന്നപ്പോഴും പാർട്ടി കോടതി നടപടി തന്നെയാണ് വന്നത്. ശശി സിപിഎമ്മിൽ നിന്നും പുറത്തായി. പിന്നെ തിരികെ വരുകയും ചെയ്തു. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയുടെ ഭാര്യയായിരുന്നു ശശിക്കെതിരെയുള്ള പരാതിക്കാരി. പാർട്ടിയിലെ എംഎൽഎയുടെ മകളോട് അപമര്യാദയായി പെരുമാറിയെന്നായിരുന്നു വീണ്ടും ഉയർന്ന പരാതി. ഈ രണ്ട് പരാതികളും പാർട്ടിയെ പൊതുമധ്യത്തിൽ നാണം കെടുത്തി. ഇതോടെയാണ് പാർട്ടിയിൽ ശശി പുറത്തായത്. വടക്കാഞ്ചേരിയിൽ സിപിഎം നേതാവും നഗരസഭാ കൗൺസിലറുമായ പിഎൻ ജയന്തനെതിരെ ലൈംഗിക പീഡനം ആരോപണം ഉയർന്നു. യുവതിയെ കൂട്ട ബലാത്സംഗം ചെയ്തെന്നായിരുന്നു പരാതി. നേതാക്കൾ തന്റെ വീട്ടുകാരെ അടക്കം ഭീഷണിപ്പെടുത്തുന്നതായും യുവതി ആരോപിച്ചിരുന്നു. ഈ പ്രശ്‌നത്തിനും ജയന്തനെതിരെ സിപിഎം നടപടിയാണ് വന്നത്.

ലൈംഗിക പരാമർശം ഉൾപ്പെടെയുള്ള പല ആരോപണങ്ങളും സിപിഎം ഇതിന്നിടയിൽ ഒതുക്കി തീർക്കാറുമുണ്ട്. ഈ രീതിയിൽ ഒതുക്കി തീർത്ത പരാമർശമാണ് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് ഇടതുമുന്നണി കൺവീനർ വി എസ്.വിജയരാഘവന്റെ അശ്ലീല പരാമർശം. രമ്യാ ഹരിദാസ് പാണക്കാട് തങ്ങളെക്കണ്ട് പിന്നെ ഓടിയത് പി കെ കുഞ്ഞാലിക്കുട്ടിയെ കാണാനാണ്. ആ പെൺകുട്ടിയുടെ കാര്യം എന്താവുമെന്ന് പറയുന്നില്ലെന്നും വിജയരാഘവൻ മലപ്പുറത്ത് പറഞ്ഞു. ഈ പ്രസ്താവനയുടെ പേരിൽ വൻ രാഷ്ട്രീയ വിവാദമാണ് തിരഞ്ഞെടുപ്പ് സമയത്ത് വന്നത്. ഇതും തീവ്രത കുറഞ്ഞ പരാമർശമായി കരുതി പാർട്ടി അവഗണിക്കുകയായിരുന്നു. പാറശാല എംഎ‍ൽഎ സി.കെ.ഹരീന്ദ്രൻ ഡപ്യൂട്ടി കലക്ടറെയാണ് അപമാനിച്ചു വിട്ടത്. മാരായമുട്ടത്ത് പാറമട അപകടത്തെ തുടർന്ന് നാട്ടുകാർ നടത്തിയ റോഡ് ഉപരോധത്തിനിടെയാണ് ഡെപ്യൂട്ടി കലക്ടർക്കുനേരെ സി.കെ.ഹരീന്ദ്രനാഥ് ശകാരവർഷവും ഭീഷണിയും നടത്തിയത്. നിന്നെ ആരാടി ഇങ്ങോട്ട് എടുത്തത് എന്നായിരുന്നു ഡെപ്യൂട്ടി കലക്ടർ എസ്.കെ.വിജയയോടുള്ള എംഎൽഎയുടെ ക്ഷോഭപ്രകടനം. ഇതെല്ലാം പാർട്ടി കോടതി ഇടപെട്ടു തന്നെയാണ് പരിഹാരം കണ്ടത്.

ഇതിന്നിടയിൽ തന്നെയാണ് രാഷ്ട്രീയ കൊലപാതകങ്ങളും. കണ്ണൂരിലെ സിപിഎമ്മിന്റെ ക്വട്ടേഷൻ സംഘമാണ് പാർട്ടി നിർദ്ദേശ പ്രകാരം ടി.പി.ചന്ദ്രശേഖരനെ വെട്ടിക്കൊന്നത്. ഈ കൊലപാതകത്തിന്റെ പേരിൽ കൊടി സുനി അടക്കമുള്ള സിപിഎം ഗുണ്ടാസംഘം അപ്പാടെ തന്നെ അറസ്റ്റിലും ജയിലിലുമായി. ഇതിന്നിടയിൽ കണ്ണൂരെ പ്രമുഖ നേതാവ് കുഞ്ഞനന്തൻ ഈ കൊലയിലെ ഗൂഢാലോചന കേസിൽ അറസ്റ്റിലായത് പാർട്ടിയെ വിഷമവൃത്തത്തിലാക്കുകയും ചെയ്തു. ഇതുപോലെ തന്നെയുള്ള മറ്റൊരു കൊലപാതകമായിരുന്നു ലീഗ് പ്രവർത്തകൻ ഷുക്കൂറിന്റെത്. സിപിഎം പാർട്ടി നേതാക്കൾ സഞ്ചരിച്ച കാർ ആക്രമിച്ചു എന്ന കുറ്റം ചുമത്തിയാണ് ഈ കൊല നടന്നത്. വയലിൽ വെച്ച് തടഞ്ഞുവെച്ച് ഷുക്കൂറിനെ മൂർച്ചയേറിയ ആയുധം കൊണ്ട് ശരീരമാസകലം മുറിവുണ്ടാക്കിയ ശേഷം കുത്തിക്കൊല്ലുകയായിരുന്നു. .വയൽ വരമ്പിൽ തമ്പടിച്ചിരുന്ന 200 ഓളം പേരെ സാക്ഷിനിർത്തി ചെയ്ത അരുംകൊല പാർട്ടി നേതൃത്വത്തിന്റെ തീരുമാനപ്രകാരമായിരുന്നു.

വാടിക്കൽ രാമകൃഷ്ണൻ മുതൽ ഷുഹൈബ് വരെ നിരവധിപേരുടെ ജീവൻ കുരുതികൊടുത്താണ് കണ്ണൂർ കൊലപാതക രാഷ്ട്രീയത്തിന്റെ തലസ്ഥാനമായത്. അരനൂറ്റാണ്ട് കാലത്തെ കണ്ണൂരെ രാഷ്ട്രീയ ചരിത്രം പരിശോധിച്ചാൽ സിപിഎമ്മിന്റെ പാർട്ടി കോടതി നടപ്പിലാക്കിയ കൊലപാതകങ്ങൾക്ക് കയ്യും കണക്കുമുണ്ടാകില്ല. ഇതുകൊണ്ട് തന്നെയാണ് പാർട്ടി കോടതി നിലവിലില്ലെന്ന് പാർട്ടി സെക്രട്ടറിയായിരുന്ന സമയം പിണറായി വിജയൻ പ്രഖ്യാപിച്ചത്. ഇതിനാണ് പിണറായി മുഖ്യമന്ത്രിയായിരിക്കുന്ന വേളയിൽ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കൂടിയായ വനിതാ കമ്മിഷൻ അധ്യക്ഷ ജോസഫൈൻ തിരുത്ത് നൽകുന്നത്. പാർട്ടി കോടതി എന്നും വിവാദവിഷയമായതിനാൽ ജോസഫൈന്റെ പ്രസ്താവന ഈ വിവാദത്തെ ഒരിക്കൽ കൂടി മുഖ്യധാരയിലേക്ക് കൊണ്ടുവരികയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP