Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202023Friday

ഓഫീസ് തുറക്കാൻ താക്കോലുമായി എത്തിയപ്പോൾ കണ്ടത് മറ്റൊരു പൂട്ട്; നേര്യമംഗലത്ത് സിപിഎം ഗ്രൂപ്പുപോര് പുതിയ തലത്തിലേക്ക്; പരസ്പരം പഴിചാരലുമായി ഔദ്യോഗിക വിഭാഗവും എതിർപക്ഷവും

ഓഫീസ് തുറക്കാൻ താക്കോലുമായി എത്തിയപ്പോൾ കണ്ടത് മറ്റൊരു പൂട്ട്; നേര്യമംഗലത്ത് സിപിഎം ഗ്രൂപ്പുപോര് പുതിയ തലത്തിലേക്ക്; പരസ്പരം പഴിചാരലുമായി ഔദ്യോഗിക വിഭാഗവും എതിർപക്ഷവും

പ്രകാശ് ചന്ദ്രശേഖരൻ

കോതമംഗലം: ലോക്കൽ കമ്മിറ്റി ഓഫീസിന്റെ താഴ് മാറ്റിയ സംഭവത്തിന്റെ പേരിൽ സിപിഐ(എം) നേര്യമംഗലം ലോക്കൽ കമ്മറ്റി പൊട്ടിത്തെറിയുടെ വക്കിൽ. കഴിഞ്ഞ ദിവസം പതിവുപോലെ ലോക്കൽ കമ്മിറ്റി അംഗം ഓഫീസ് തുറക്കാനെത്തിയപ്പോഴാണ് മറ്റൊരു താഴിട്ട് ഓഫിസ് പൂട്ടിയിട്ടിരിക്കുന്നതായി കണ്ടെത്തിയത്.

ഇതിന് പിന്നിൽ എതിർപക്ഷമാണെന്ന് വി എസ് പക്ഷവും ഔദ്യോഗിക പക്ഷവും ഒളിഞ്ഞും തെളിഞ്ഞും പരസ്പരം നടത്തുന്ന പഴിചാരലുകളാണ് ഇപ്പോൾ പാർട്ടിയെ പൊട്ടിത്തെറിയുടെ വക്കിലെത്തിച്ചിരിക്കുന്നത്.

ലോക്കൽ കമ്മറ്റിയിൽ ആധിപത്യമുള്ള വി എസ്.പക്ഷത്തെ നേതാക്കൾക്കെതിരെ നടപടിയെടുക്കാനുള്ള നീക്കം നടക്കുന്നതിനിടെ ഓഫിസിന്റെ താഴ് മാറിയതിന് പ്രത്യേക പ്രാധാന്യമുണ്ടെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്. ജില്ലാ കമ്മിറ്റി യോഗം ചേരുന്നതിന് തൊട്ടുമുമ്പായിരുന്നു സംഭവം. സംഭവത്തേക്കുറിച്ച് നേതൃത്വം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാൽ പൊലീസിൽ പരാതി നൽകിയിട്ടില്ല.

ലോക്കൽ സെക്രട്ടറിക്കും മറ്റ് നാല് കമ്മറ്റി അംഗങ്ങൾക്കുമെതിരെ കാരണം കാണിക്കൽ നോട്ടീസ് നൽകി അച്ചടക്ക നടപടിക്ക് പാർട്ടി നേതൃത്വം തുടക്കമിട്ടിട്ടുണ്ട്. സംസ്ഥാന കമ്മിറ്റി അംഗം സി.എൻ.മോഹനൻ കൺവീനറായുള്ള അന്വേക്ഷണകമ്മീഷന്റെ കണ്ടെത്തലുകൾ നിഷേധിച്ചുകൊണ്ടാണ് പാർട്ടി നേതൃത്വത്തിന് വി എസ്.പക്ഷനേതാക്കൾ മറുപടി നൽകിയിട്ടുള്ളത്. അടുത്തമാസം അവസാനം മാത്രമെ ഈ വിശദീരണ കത്തുകൾ പരിഗണിക്കാനിടയുള്ളു.

നേര്യമംഗലത്തെ സിപിഎമ്മിൽ വർഷങ്ങളായി നിലനിൽക്കുന്ന വിഭാഗീയതയുടെതുടർച്ചയാണ് ഓഫീസിന്റെ താഴ് മറ്റൽ വരെ എത്തിയിട്ടുള്ളതെന്നാണ് പരക്കെയുള്ള വിലയിരുത്തൽ. ഏരിയ സെക്രട്ടറി പി.എൻ.ബാലകൃഷ്ണൻ നയിക്കുന്ന ഔദ്യോഗിക പക്ഷവും ലോക്കൽ-ഏരിയ തലങ്ങളിലെ നേതാക്കൾ ഉൾപ്പെടുന്ന വി എസ്.പക്ഷവും തമ്മിലാണ് ഏറ്റുമുട്ടൽ.

കഴിഞ്ഞ രണ്ട് സമ്മേളനകാലഘട്ടത്തിലും ജില്ലയിൽ തന്നെ ഏറ്റവും കടുത്ത വിഭാഗീയ പ്രവർത്തനങ്ങൾ നടന്നത് നേര്യമംഗലത്തായിരുന്നു. കഴിഞ്ഞതവണ സമ്മേളനം ആരംഭിക്കുന്നതിന് ഏറെ മുമ്പ് തന്നെ ആരംഭിച്ച പടപുറപ്പാട് ലോക്കൽ സമ്മേളനവേദിയിൽ ഏറ്റുമുട്ടലിലെത്തി.ഇരുപക്ഷത്തെയും പ്രതിനിധികളുടെ കാര്യത്തിലുടലെടുത്ത തർക്കമാണ് സംഘർഷത്തിലെത്തിച്ചത്. തന്നെ കയ്യേറ്റം ചെയ്‌തെന്നും ഒരുവിഭാഗം ആസുത്രിതമായി സമ്മേളനം അലങ്കോലപ്പെടുത്തിയെന്നും ലോക്കൽ കമ്മറ്റിയിൽ പങ്കെടുത്ത സംസ്ഥാനകമ്മറ്റി അംഗം സി.എൻ.മോഹൻ ജില്ല കമ്മറ്റിക്ക് റിപ്പോർട്ട് നൽകിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണകമ്മീഷൻ രൂപീകരിക്കപ്പെട്ടത്. പിന്നീട് രണ്ട് മാസങ്ങൾക്ക് ശേഷം കടുത്ത നിയന്ത്രണങ്ങളോടെ വീണ്ടും യോഗം ചേർന്നാണ് ലോക്കൽ സമ്മേളന നടപടികൾ പൂർത്തീകരിച്ചത്. ഈ സമ്മേളനത്തിലും വിഭാഗീയത ആരോപിക്കപ്പെട്ടു. ഔദ്യോഗിക പക്ഷത്തെ നിരായുധരാക്കി, ലോക്കൽ കമ്മറ്റി വി എസ്.പക്ഷം നിലനിറുത്തുകയും ചെയ്തു. അന്നത്തെ ലോക്കൽ സെക്രട്ടറിയടക്കം പരാജയപ്പെട്ടു. വി എസ്.പക്ഷത്തെ പി.കെ.മാത്യൂസിനെ സെക്രട്ടറിയായും തെരഞ്ഞെടുത്തു.

ലോക്കൽകമ്മറ്റി പിടിച്ചെടുക്കാനുള്ള ഔദ്യോഗീക പക്ഷത്തിന്റെ തന്ത്രമാണ് ഇപ്പോഴത്തെ അച്ചടക്ക നടപിടകളെന്നാണ് വി എസ്.പക്ഷത്തിന്റെ ആരോപണം. ജില്ല കമ്മറ്റിക്ക് പരാതി നൽകിയ ആൾതന്നെ അന്വേഷണത്തിന് നേതൃത്വം നൽകിയതും ആസുത്രിത നീക്കമായി വി എസ്.പക്ഷം നേരത്തെതന്നെ ചൂണ്ടികാണിച്ചിരുന്നു.

ഔദ്യോഗിക പക്ഷത്തോട് എതിർപ്പുള്ള ഒരുവിഭാഗം പ്രവർത്തകർ പാർട്ടിയിൽ നിന്നും രാജിവക്കുന്നതിനേക്കുറിച്ചും ആലോചിക്കുന്നുണ്ട്. ഇവർ സാസ്‌കാരിക വേദി രൂപീകരിച്ച് സമാന്തരപ്രവർത്തനം നടത്താനും ആലോചിക്കുന്നുണ്ട്. നേര്യമംഗത്ത് ഇതിന് മുമ്പ് പാർട്ടി,പലതവണ പൊട്ടിത്തെറിയുടെ വക്കിലെത്തിയിരുന്നു. ജില്ല കമ്മറ്റിയുടെ സമയോചിത ഇടപെടലൂടെയാണ് സമവായം ഉണ്ടാക്കിയത്. എന്നാൽ ഇത്തവണ രണ്ടും കൽപ്പിച്ചാണ് ഇരുപക്ഷത്തിന്റേയും കരുനീക്കം. ഏതെങ്കിലും ഭാഗത്തുനിന്ന് വിട്ടുവീഴ്ചയുണ്ടായില്ലെങ്കിൽ നേര്യമംഗലത്തു പാർട്ടി പിളർപ്പിലേക്ക് നീങ്ങുമെന്ന സ്ഥിതിയാണ്.

അച്ചടക്കനടപടി നേരിടുന്ന നേര്യമംഗലത്തേ പ്രമുഖ വി എസ് പക്ഷക്കാർ ജില്ലാകമ്മറ്റിയുടെ കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകുന്നതിന് ധാരണയായിട്ടുണ്ട്. അഞ്ച് പേർക്കാണ് നോട്ടീസ് ലഭിച്ചിട്ടുള്ളത്. തങ്ങൾക്കെതിരെ അന്വേഷണ കമ്മീഷൻ കണ്ടെത്തിയിട്ടുള്ള ആരോപണങ്ങൾ നിഷേധിച്ചുകൊണ്ടുള്ള മറുപടിയാകും നേതാക്കൾ നൽകുകയെന്നാണ് സൂചന.ലോക്കൽ സെക്രട്ടറി പി.കെ.മാത്യുസ്, ലോക്കൽ കമ്മറ്റി അംഗങ്ങളായ കെ.കെ.പൗലോസ്, സീ.ആർ.ദിവാകരൻ, മുൻ ലോക്കൽ സെക്രട്ടറി പി.റ്റി.ബന്നി, സി.പ്രകാശ് എന്നിവർക്കാണ് അച്ചടക്കനടപടിയെടുക്കാതിരിക്കാൻ കാരണം ബോധിപ്പിക്കണമെന്ന് കാണിച്ച് നോട്ടീസ് നൽകിയിട്ടുള്ളത്. നോട്ടീസുകൾക്ക് മറുപടി നൽകേണ്ടതില്ലെന്നാണ് ആദ്യം വി എസ്.പക്ഷം ആലോചിച്ചിരുന്നത്. മറുപടി നൽകിയശേഷവും നടപടിയുമായി നേതൃത്വം മുന്നോട്ടുപോയാൽ വിട്ടുവീഴ്ചവേണ്ടെന്നാണ് വി എസ്.പക്ഷത്തിന്റെ തീരുമാനം. കഴിഞ്ഞ ലോക്കൽ സമ്മേളനത്തിലുണ്ടായ പ്രശ്‌നങ്ങളുടെ പേരിലാണ് നേതാക്കൾ നടപടി നേരിടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP