Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പേ ചൂടുപിടിച്ച് പൊന്നാനിയിലെ രാഷ്ട്രീയ രംഗം; മണ്ഡലം പിടിച്ചടക്കാൻ സിപിഎം തന്ത്രങ്ങൾ മെനഞ്ഞതോടെ പരസ്യ പ്രചാരണങ്ങളുമായി ജനങ്ങളിലേക്കിറങ്ങി മുസ്ലിംലീഗ്; ലീഗിന്റെ പൊന്നാപുരം കോട്ടയിൽ ഇത്തവണ പോരാട്ടം പൊടിപാറും

ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പേ ചൂടുപിടിച്ച് പൊന്നാനിയിലെ രാഷ്ട്രീയ രംഗം; മണ്ഡലം പിടിച്ചടക്കാൻ സിപിഎം തന്ത്രങ്ങൾ മെനഞ്ഞതോടെ പരസ്യ പ്രചാരണങ്ങളുമായി ജനങ്ങളിലേക്കിറങ്ങി മുസ്ലിംലീഗ്; ലീഗിന്റെ പൊന്നാപുരം കോട്ടയിൽ  ഇത്തവണ പോരാട്ടം പൊടിപാറും

എം പി റാഫി

മലപ്പുറം: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖാപിക്കും മുമ്പ്തന്നെ മലപ്പുറത്ത് ലീഗും സിപിഎമ്മും കരുക്കൾ നീക്കിത്തുടങ്ങി. ലീഗിന്റെ പൊന്നാപുരം കോട്ടയായ പൊന്നാനി പാർലമെന്റ് മണ്ഡലത്തിലേക്കാണ് പ്രവർത്തന പദ്ധതികളുമായി നേരത്തേ തന്നെ ഇരു പാർട്ടികളും ഇറങ്ങിയിരിക്കുന്നത്. കഴിഞ്ഞ ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ പൊന്നാനി പാർലമെന്റിലെ മുസ്ലിംലീഗ് വോട്ടിൽ കുറവ് സംഭവിച്ചിരുന്നു. ഇത് മുന്നിൽ കണ്ടാണ് പൊന്നാനി പിടിച്ചടക്കാൻ സാധിക്കുമെന്ന പ്രതീക്ഷയോടെ സിപിഎം നേരത്തെ പദ്ധതികളുമായി രംഗത്തെത്തിയത്. എന്നാൽ സിപിഎം പദ്ധതികളെ മറികടക്കും വിധം പ്രവർത്തകരെ നേരത്തെ പ്രചാരണ രംഗത്തിറക്കാനുള്ള തീരുമാനത്തിലാണ് മുസ്ലിംലീഗ് നേതൃത്വവും. ഇതിന്റെ ഭാഗമായി പാർലമെന്റ് മണ്ഡലങ്ങളിലെ പ്രചാരണ കൺവെൺഷനുകൾക്ക് പൊന്നാനി മണ്ഡലത്തിൽ നിന്ന് ലീഗ് തുടക്കം കുറിച്ചിരിക്കുകയാണ്.

പൊന്നാനി നിലനിർത്തുക മുസ്ലിംലീഗിന്റെ അഭിമാന പ്രശ്‌നമാണെങ്കിൽ പരീക്ഷണങ്ങളും തന്ത്രങ്ങളും മാറിമാറി പരീക്ഷിച്ച പോർക്കളം കൂടിയാണ് സിപിഎമ്മിന് പൊന്നാനി. ജി.എം ബനാത്ത് വാല, ഇബ്രാഹീം സുലൈമാൻ സേട്ട്, ഇ. അഹമ്മദ് തുടങ്ങിയ തലമുതിർന്ന മുസ്ലിംലീഗ് നേതാക്കൾ പലതവണ പ്രതിനിധീകരിച്ച പാർലമെന്റ് മണ്ഡലമാണ് പൊന്നാനി. രണ്ടാം തവണ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ഇ.ടി മുഹമ്മദ് ബഷീറാണ് ഇപ്പോൾ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. തുടർന്നും മണ്ഡലം കൈപ്പിടിയിലൊതുക്കുക ലീഗിന് അനിവാര്യമാണ്. ഏറെ നാൾ സപിഐയുടെ കൈവശമുണ്ടായിരുന്ന പൊന്നാനി പാർലമെന്റ് മണ്ഡലം 2009ലെ തെരഞ്ഞെടുപ്പിലാണ് സപിഎമ്മിന് ലഭിക്കുന്നത്.

2009ൽ ഇ.ടി മുഹമ്മദ് ബഷീറിനെതിരെ ഇടത് സ്വതന്ത്രസ്ഥാനാർത്ഥി ഡോ.ഹുസൈൻ രണ്ടത്താണിയെ കളത്തിലിറക്കിയായിരുന്നു പരീക്ഷണം. നീണ്ട ജയിൽ വാസത്തിനു ശേഷം പുറത്തിറങ്ങിയ അബ്ദുന്നാസർ മഅദനി ഈ തിരഞ്ഞെടുപ്പിൽ ഇടതിന് പിന്തുണ നൽകുകയും പിണറായി അടക്കമുള്ള സിപിഎം നേതാക്കളോടൊപ്പം പ്രചാരണ പരിപാടിയിൽ വേദി പങ്കിടുകയും ചെയ്തത് ഏറെ വിവാദമാകുകയും സിപിഎമ്മിലും ഇടതു മുന്നണിയിലും ആഭ്യന്തര പ്രശ്‌നങ്ങൾക്ക് വഴിവയ്ക്കുകയും ചെയ്തിരുന്നു.

2014ലെ തെരഞ്ഞെടുപ്പിൽ മുൻ കെപിസിസി അംഗവും ഇപ്പോഴത്തെ ഇടത് എംഎ‍ൽഎയുമായ വി അബ്ദുറഹ്മാനായിരുന്നു സിപിഎം സ്വതന്ത്രസ്ഥാനാർത്ഥിയായി രംഗപ്രവേശനം ചെയ്തത്. ഈ മത്സരത്തിൽ ഇടത് സ്ഥാനാർത്ഥി പരാജയപ്പെട്ടെങ്കിലും വോട്ട് ശതമാനം ഉയർന്നത് സിപിഎമ്മിന് പ്രതീക്ഷ നൽകി. പിന്നീട് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ലീഗിനെതിരെ ഇടത് സ്ഥാനാർത്ഥികൾ ശക്തമായ മത്സരം കാഴ്ചവെച്ചത് സിപിഎമ്മിന്റെ പ്രതീക്ഷ ഇരട്ടിപ്പിച്ചു.

തിരൂരങ്ങാടി, താനൂർ, തിരൂർ, കോട്ടക്കൽ, തവനൂർ, പൊന്നാനി, തൃത്താല എന്നീ നിയമസഭാ മണ്ഡലങ്ങൾ ഉൾകൊള്ളുന്നതാണ് പൊന്നാനി പാർലമെന്റ് മണ്ഡലം. കഴിഞ്ഞ നിയമസഭയിൽ ലീഗ് കോട്ടയായ തിരൂരങ്ങാടിയിൽ മുന്മന്ത്രി പികെ അബ്ദുറബ്ബിനെതിരെ മികച്ച മത്സരം കാഴ്ചവെച്ച നിയാസ് പുളിക്കലകത്തിനാണ് പൊന്നാനിയിൽ ഇടത് സ്ഥാനാർത്ഥിയായി ഇപ്പോൾ പരിഗണിക്കുന്നത്. മുസ്ലിംലീഗ് സ്ഥാനാർത്ഥി ആരെന്നത് സംബന്ധിച്ച് ഇപ്പോൾ ചർച്ചവേണ്ടന്നാണ് നേതൃത്വത്തിന്റെ തീരുമാനം. സംസ്ഥാനത്തു തന്നെ ശ്രദ്ധേയമായ പോരാട്ടം നടക്കുന്ന മണ്ഡലമായിരിക്കും പൊന്നാനി. കടുത്ത മത്സരം നേരിടേണ്ടി വരം എന്നതുകൊണ്ടുതന്നെ പ്രചാരണ തന്ത്രങ്ങളുമായി നേരത്തെ ഗോദയിലിറങ്ങിയിരിക്കുകയാണ് ഇരുപാർട്ടികളും.

സിപിഎം സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശപ്രകാരമായിരുന്നു സിപിഎം പൊന്നാനി പാർലമെന്റ് പിടിക്കാൻ നേരത്തെ തന്നെ കരുക്കളുമായി എത്തിയത്. ജില്ലാ സെക്രട്ടേറിയേറ്റ് അംഗങ്ങൾക്ക് ഓരോ നിയോജക മണ്ഡലങ്ങളുടെയും ചുമതല നൽകിയിട്ടുള്ളത്. ബ്രാഞ്ച് സെക്രട്ടറിമാരെയോ ലോക്കൽ കമ്മിറ്റി അംഗങ്ങളെയോ ആണ് ബൂത്ത് സെക്രട്ടറിമാരായി പരിഗണിച്ചിരിക്കുന്നത്. ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരോ ഏരിയാ കമ്മിറ്റി അംഗങ്ങളോ ആണ് പഞ്ചായത്ത് കമ്മിറ്റികളുടെ സെക്രട്ടറിമാർ. ഏരിയാ കമ്മിറ്റി സെക്രട്ടറിമാരോ ജില്ലാ കമ്മിറ്റി അംഗങ്ങളോ ആണ് നിയോജക മണ്ഡലം കമ്മിറ്റികളുടെ സെക്രട്ടറിമാർ.

അടിത്തട്ടിലെ പ്രവർത്തനങ്ങൾക്കു ശേഷം പ്രചാരണം പരസ്യപ്പെടുത്താനാണ് സിപിഎം തീരുമാനം. വർഗ ബഹുജന സംഘടനകളുടെ നേതൃയോഗങ്ങളാണ് ആദ്യഘട്ടത്തിൽ നടക്കുന്നത്. അടുത്തഘട്ടത്തിൽ കുടുംബയോഗങ്ങളും പൊതുയോഗങ്ങളും നടക്കും.
വോട്ടുകൾ ചേർത്ത് പുതിയവോട്ട് വർധിപ്പിക്കുന്നതിലും പ്രത്യേക വിംങ്ങുകൾ തിരിച്ച് സിപിഎം പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. എല്ലാവിഭാഗക്കാർക്കും സ്വീകാര്യനായ പൊതുസമ്മതനെ നിർത്തി മണ്ഡലം പിടിച്ചടക്കാനാണ് സിപിഎമ്മിന്റെ തീരുമാനം.

അതേസമയം സിപിഎം തന്ത്രങ്ങൾ തിരിച്ചറിഞ്ഞ ലീഗ് സംസ്ഥാന നേതൃത്വം ഒരുപടിമുമ്പേ പ്രചാരണങ്ങളുമായി ജനങ്ങളിലേക്കിറങ്ങാൻ തീരുമാനിക്കുകയായിരുന്നു. അതിന്റെ ഭാഗമായാണ് പൊന്നാനി പാർലമെന്റ് കൺവെൺഷനോടെ ഇലക്ഷൻ പ്രചാരണത്തിന് മുസ്ലിംലീഗ് തുടക്കമിട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP