Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജില്ലാ സമ്മേളനത്തിന് നല്ല രീതിയിലുള്ള സാമ്പത്തിക സഹായം ആവശ്യമാണ്; നല്ല സാമ്പത്തികഭദ്രതയുള്ള സ്ഥാപനങ്ങൾ 25000 രൂപയും മറ്റ് സംഘങ്ങൾ 10,000 രൂപ വീതവും ഫണ്ടിലേക്കു നൽകണം; ആലപ്പുഴയിൽ സഹകരണ സംഘങ്ങളും പിരിവ് നൽകണം; കോവിഡ് കാലത്തെ സിപിഎം സമ്മേളനത്തിൽ ഫണ്ട് പിരിവ് വിവാദവും

ജില്ലാ സമ്മേളനത്തിന് നല്ല രീതിയിലുള്ള സാമ്പത്തിക സഹായം ആവശ്യമാണ്; നല്ല സാമ്പത്തികഭദ്രതയുള്ള സ്ഥാപനങ്ങൾ 25000 രൂപയും മറ്റ് സംഘങ്ങൾ 10,000 രൂപ വീതവും ഫണ്ടിലേക്കു നൽകണം; ആലപ്പുഴയിൽ സഹകരണ സംഘങ്ങളും പിരിവ് നൽകണം; കോവിഡ് കാലത്തെ സിപിഎം സമ്മേളനത്തിൽ ഫണ്ട് പിരിവ് വിവാദവും

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: കോവിഡ് വ്യാപനം രൂക്ഷമായിട്ടും നിയന്ത്രണങ്ങൾക്ക് സർക്കാർ തയ്യാറാകാത്തതിന് പിന്നിൽ പാർട്ടി സമ്മേളനം തന്നെ. സിപിഎം ജില്ലാ സമ്മേളനത്തിനു സഹകരണ സ്ഥാപനങ്ങളിൽനിന്നു പണം പിരിക്കണമെന്നു ജില്ലാ സെക്രട്ടറിയുടെ സർക്കുലർ വിവാദത്തിലാകുന്നത് ഈ സാഹചര്യത്തിലാണ്. സമ്മേളനം നടന്നാലേ പിരിവ് നടക്കൂ. അതിന് വേണ്ടിയാണ് കോവിഡ് കാലത്തും അടിച്ചു പൊളിച്ച് തിരുവാതിര കളിച്ച് പാർട്ടി സമ്മേളനങ്ങൾ നടത്തുന്നത്.

സഹകരണ സംഘങ്ങൾ, സഹകരണ ബാങ്കുകൾ തുടങ്ങിയവയിൽനിന്നും 10,000 രൂപ മുതൽ 25000 രൂപ വരെ പിരിക്കാനുള്ള ചുമതല ഏരിയ കമ്മിറ്റികൾക്കാണു നൽകിയത്. രാഷ്ട്രീയകക്ഷികളുടെ സമ്മേളനങ്ങൾക്കു ഫണ്ട് നൽകാൻ സഹകരണ സംഘങ്ങൾക്കു നിയമപ്രകാരം അധികാരമില്ലെന്നിരിക്കെയാണു പിരിവ് വാങ്ങാൻ സെക്രട്ടറിയുടെ നിർദ്ദേശം. ജില്ലാ സമ്മേളനത്തിനു മുന്നോടിയായി സംസ്ഥാന, ജില്ലാ കമ്മിറ്റി അംഗങ്ങൾക്കും ഏരിയ കമ്മിറ്റികൾക്കുമായി കഴിഞ്ഞ 12 നാണ് ജില്ലാ സെക്രട്ടറിയുടെ പേരിൽ അടിയന്തര സർക്കുലർ അയച്ചത്.

ജില്ലാ സമ്മേളനങ്ങൾ ഏത് ഏരിയ കമ്മിറ്റിയുടെ കീഴിലാണോ നടക്കുന്നത് അതത് ഏരിയ കമ്മിറ്റികൾ ഫണ്ട് കണ്ടെത്തി സമ്മേളനം സംഘടിപ്പിക്കുന്നതാണു സിപിഎമ്മിന്റെ കീഴ്‌വഴക്കം. ഇതിനു വിരുദ്ധമായി നിർബന്ധപൂർവം സഹകരണ സംഘങ്ങളിൽനിന്നു ഫണ്ട് പിരിക്കുന്നതിൽ പ്രതിഷേധമുയരുന്നുണ്ട്. പാർട്ടിക്കു സ്വാധീനമുള്ള നൂറിലധികം സഹകരണ സംഘങ്ങളാണു ആലപ്പുഴ ജില്ലയിലുള്ളത്. ഇതിന് സമാനമായി മറ്റ് ജില്ലകളിലും പിരിവുകൾ നടക്കുന്നുണ്ടെന്നാണ് സൂചന.

'ജില്ലാ സമ്മേളനത്തിന് നല്ല രീതിയിലുള്ള സാമ്പത്തിക സഹായം ആവശ്യമാണ്. സഹകരണ സംഘങ്ങളിൽ നിന്നു സംഭാവന സ്വീകരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. നല്ല സാമ്പത്തികഭദ്രതയുള്ള സ്ഥാപനങ്ങൾ 25000 രൂപയും മറ്റ് സംഘങ്ങൾ 10,000 രൂപ വീതവും ജില്ലാ സമ്മേളന ഫണ്ടിലേക്കു നൽകാൻ ആവശ്യമായ നിർദ്ദേശം ഏരിയയിലെ സഹകരണ സംഘം പ്രസിഡന്റുമാർക്ക് നൽകണം.'-ഇതാണ് സർക്കുലറിലെ വാചകങ്ങൾ. ഈ സർക്കുലറും പുറത്തു വന്നിട്ടുണ്ട്.

ആലപ്പുഴയിൽ സിപിഎം ജില്ലാ സമ്മേളനത്തിനു മുന്നോടിയായി ഏരിയ സമ്മേളനങ്ങൾ പൂർത്തിയായപ്പോൾ ഭൂരിപക്ഷം ഏരിയ കമ്മിറ്റികളിലും ഔദ്യോഗിക വിഭാഗത്തിനു സമ്പൂർണ ആധിപത്യം. 180 ജില്ലാ സമ്മേളന പ്രതിനിധികളിൽ 150ൽ അധികം പേരും മന്ത്രി സജി ചെറിയാനും ജില്ലാ സെക്രട്ടറി ആർ.നാസറും നയിക്കുന്ന ഔദ്യോഗിക വിഭാഗത്തിനൊപ്പമാണ്. ജില്ലാ സമ്മേളനത്തിൽ മത്സരം ഒഴിവാകുമെന്നാണു സൂചന.നിലവിൽ കായംകുളം, കാർത്തികപ്പള്ളി, ഹരിപ്പാട്, ആലപ്പുഴ സൗത്ത് ഏരിയ കമ്മിറ്റികളിൽനിന്നു മാത്രമേ, ഔദ്യോഗിക വിഭാഗത്തിൽ നിന്നല്ലാതെ പ്രതിനിധികൾ ഉൾപ്പെട്ടിട്ടുള്ളൂ.

ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയൻ യുഎസിലേക്കു പോയെങ്കിലും ജില്ലാ സമ്മേളനത്തിനു മുൻപ് തിരിച്ചെത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. ആലപ്പുഴയിൽ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് അദ്ദേഹം പ്രസംഗിക്കുമെന്ന് സിപിഎം നേതാക്കൾ പറഞ്ഞു. 28 മുതൽ 30 വരെയാണ് ജില്ലാ സമ്മേളനം. പൊളിറ്റ്ബ്യൂറോ അംഗം എസ്.രാമചന്ദ്രൻ പിള്ളയാണ് സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്.

സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, പൊളിറ്റ്ബ്യൂറോ അംഗം എം.എ.ബേബി, കേന്ദ്രകമ്മിറ്റി അംഗങ്ങളായ ടി.എം.തോമസ് ഐസക്, എ.വിജയരാഘവൻ തുടങ്ങിയവർ പങ്കെടുക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP