Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202115Saturday

ആരിഫും നാസറും ഐസക്കും ഒരുമിച്ചു; പൊട്ടനെ ചട്ടൻ ചതിച്ചാൽ ചട്ടനെ ദൈവം ചതിക്കുമെന്ന പ്രതിഭയുടെ പോസ്റ്റ് അടിമൂക്കുന്നതിന് തെളിവ്; മന്ത്രിക്കെതിരെ കുറ്റപത്രം തയ്യാറാക്കുന്ന തിരിക്കിലേക്ക് മറുഭാഗം; ആലപ്പുഴയിൽ ജി സുധാകരൻ ഒറ്റപ്പെടുന്നു; ഭരണ തുടർച്ച ഇല്ലെങ്കിൽ സിപിഎമ്മിൽ കലഹം ഉറപ്പ്

ആരിഫും നാസറും ഐസക്കും ഒരുമിച്ചു; പൊട്ടനെ ചട്ടൻ ചതിച്ചാൽ ചട്ടനെ ദൈവം ചതിക്കുമെന്ന പ്രതിഭയുടെ പോസ്റ്റ് അടിമൂക്കുന്നതിന് തെളിവ്; മന്ത്രിക്കെതിരെ കുറ്റപത്രം തയ്യാറാക്കുന്ന തിരിക്കിലേക്ക് മറുഭാഗം; ആലപ്പുഴയിൽ ജി സുധാകരൻ ഒറ്റപ്പെടുന്നു; ഭരണ തുടർച്ച ഇല്ലെങ്കിൽ സിപിഎമ്മിൽ കലഹം ഉറപ്പ്

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: അമ്പലപ്പുഴയിൽ സിപിഎം തോറ്റാൽ ജി സുധാകരൻ പ്രതിസന്ധിയിലാകും. ആലപ്പുഴയിൽ കോൺഗ്രസ് ജയിച്ചാൽ തോമസ് ഐസക്കും. എന്നാൽ ആലപ്പുഴ സമ്പൂർണ്ണമായും സിപിഎമ്മിന് നഷ്ടമായാൽ പഴി മുഴുവൻ സുധാകരനാകും. കായക്കുളത്തെ ഫലവും സുധാകരന് നിർണ്ണായകമാണ്. സുധാകരനെ ലക്ഷ്യമിട്ട് ആലപ്പുഴ സിപിഎമ്മിൽ വിഭാഗിയത നിറയുകയാണ്.

പചാരണത്തിൽ ചതി ഉണ്ടായെന്ന സൂചന നൽകി കായംകുളം എംഎൽഎ യു. പ്രതിഭയുടെ സമൂഹമാധ്യമ കുറിപ്പ് ചർച്ചയായിരുന്നു. ജി. സുധാകരനെ ലക്ഷ്യംവച്ചാണ് ഒളിയമ്പ് എന്ന കമന്റുകൾ നിറഞ്ഞതോടെ ഫേസ്‌ബുക് പോസ്റ്റ് എംഎൽഎ ഡിലീറ്റ് ചെയ്തു. 'പൊട്ടനെ ചട്ടൻ ചതിച്ചാൽ ചട്ടനെ ദൈവം ചതിക്കും' എന്നായിരുന്നു ഫേസ്‌ബുക്കിൽ യു. പ്രതിഭ എംഎൽഎ രാത്രിയോടെ കുറിച്ചത്. തൊട്ടുപിന്നാലെ ആരാണു പൊട്ടൻ എന്നും ചട്ടനെന്നും കമന്റുകൾ നിറഞ്ഞു. ജി സുധാകരനെ ഉന്നംവച്ചാണ് പ്രതിഭയുടെ പോസ്റ്റ് എന്നും കമന്റുകൾ വന്നു. ഇതോടെ സിപിഎം സംസ്ഥാന നേതൃത്വം ഇടപെട്ടു. പോസ്റ്റ് പിൻലവിക്കുകയും ചെയ്തു. ആലപ്പുഴയിൽ തോക്കുന്നവരെല്ലാം സുധാകരനെ കുറ്റപ്പെടുത്തുമെന്ന സൂചനയാണ് ഇത് നൽകുന്നത്. തോമസ് ഐസക്കും എഎം ആരിഫ് എംപിയും കരുതലോടെയാണ് കരുനീക്കുന്നത്. ഇരുവരും ആലപ്പുഴയിൽ സുധാകരനെ വെട്ടി യൊതുക്കാനുള്ള തീരുമാനത്തിലാണെന്നാണ് വിലയിരുത്തൽ.

കായംകുളത്തെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ചില നേതാക്കൾ തന്നെ കാലുവാരി എന്ന സൂചനയാണു പ്രതിഭ നൽകുന്നതെന്ന രാഷ്ട്രീയ ആരോപണമാണ് ഭൂരിഭാഗം പേരും പങ്കുവച്ചത്. വിവാദ പ്രസ്താവനകളോടെ ഈ ദിവസങ്ങളിൽ പ്രതിസന്ധിയിൽ അകപ്പെട്ട മന്ത്രി ജി. സുധാകരനെയാണ് ദൈവം ചതിച്ചതെന്നു പ്രതിഭ പറഞ്ഞതെന്നു ഭൂരിഭാഗം കമന്റുകളും സമർത്ഥിച്ചു. പോസ്റ്റിനു താഴെ പ്രതികരണങ്ങൾ നിറഞ്ഞതോടെ അക്കൗണ്ടിൽനിന്ന് പോസ്റ്റ് കാണാതായി.എംഎൽഎ നടത്തിയ രാഷ്ട്രീയ വിമർശനം കാര്യഗൗരവത്തോടെയാണ് സിപിഎം നേതൃത്വം കാണുന്നത്. പ്രമുഖ നേതാക്കളിൽ ചിലർ ഫോണിൽ വിളിച്ച് ശകാരിച്ചത്തോടെയാണ് എംഎൽഎ പോസ്റ്റ് മുക്കിയതെന്നാണ് സൂചന. ഭരണ തുടർച്ചയുണ്ടായാൽ ആലപ്പുഴയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അതിശക്തമായി ഇടപെടും. അല്ലാത്ത പക്ഷം ആലപ്പുഴയിൽ കൂട്ട അടി ഉറപ്പാണ്. അമ്പലപ്പുഴയടക്കം ചില സീറ്റുകളിലെ ഫലങ്ങൾ നിരീക്ഷിച്ചു സുധാകരനെതിരെ കുറ്റപത്രം തയാറാക്കാനാണ് പാർട്ടിയിലെ പ്രബലരുടെ നീക്കം. ആലപ്പുഴ, അരൂർ, കായംകുളം തുടങ്ങിയ മണ്ഡലങ്ങളിലെ ഫലം നിർണ്ണായകമാകും. ഈ സീറ്റുകളിൽ തോൽവിയോ വോട്ട് നഷ്ടമോ ഉണ്ടായാൽ സുധാകരൻ മറുപടി പറയേണ്ടി വരും.

മന്ത്രിയുടെ പഴ്‌സനൽ സ്റ്റാഫ് അംഗത്തെ പിരിച്ചുവിട്ടതു പെട്ടെന്നു ചർച്ചാവിഷയമായത് സുധാകരനെ കുടുക്കാനാണ്. എല്ലാ പാർട്ടിയിലുംപെട്ട 'പൊളിറ്റിക്കൽ ക്രിമിനലുകൾ' തനിക്കെതിരെ നീങ്ങുന്നു എന്ന സുധാകരന്റെ ആരോപണം പഴ്‌സനൽ സ്റ്റാഫിന്റെ പ്രശ്‌നത്തിൽ മാത്രമല്ല. ഈ പ്രയോഗം പാർട്ടിയിൽ ചർച്ചയാക്കാൻ ഒരു വിഭാഗം ശ്രമം തുടങ്ങിയിട്ടുണ്ട്. തനിക്കു സീറ്റ് കിട്ടാത്തതു ചിലർ മദ്യസൽക്കാരം നടത്തി ആഘോഷിച്ചെന്നാണു മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. ഇതിനോടു പാർട്ടി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഗുരുതരമായ ആരോപണമായതിനാൽ പാർട്ടി ഇതു ചർച്ച ചെയ്യേണ്ടിവരും.

പാർട്ടിയിൽ ക്രിമിനലുകളില്ലെന്നു എ.എം. ആരിഫ് എംപിയും പാർട്ടി ജില്ലാ സെക്രട്ടറി ആർ.നാസറും പ്രതികരിച്ചിരുന്നു. ക്രിമിനലുകൾ ഉണ്ടെങ്കിൽ ചൂണ്ടിക്കാട്ടിയാൽ നടപടിയെടുക്കാനുള്ള ശക്തി സിപിഎമ്മിനുണ്ടെന്ന് എംപിയും മന്ത്രി ഉദ്ദേശിച്ചത് ആരെയെന്ന് അറിയില്ലെന്നു ജില്ലാ സെക്രട്ടറിയും പറഞ്ഞിരുന്നു. എല്ലാവരും ചേർന്ന് സുധാകരനെ ഒറ്റപ്പെടുത്താനാണ് നീക്കം. അതിനിടെ സുധാകരനെ പിന്തുണച്ചു പാർട്ടി ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.രാഘവൻ ഫേസ്‌ബുക്കിൽ എഴുതിയതും ശ്രദ്ധേയമായി. 'രക്തസാക്ഷി ജി.ഭുവനേശ്വരന്റെ (മന്ത്രിയുടെ സഹോദരൻ) കുടുംബം അപമാനിക്കപ്പെടേണ്ടവരാണോ? ആരാണു മറഞ്ഞിരുന്നു മന്ദഹസിക്കുന്നത്?' എന്നൊക്കെയാണു കുറിപ്പിലെ പരാമർശങ്ങൾ.

സുധാകരൻ സ്ത്രീവിരുദ്ധ പരാമർശം നടത്തിയെന്ന പരാതിക്കു പിന്നാലെ മന്ത്രിയുടെ മുൻ പഴ്‌സനൽ സ്റ്റാഫ് അംഗത്തിന്റെ ഭാര്യ മന്ത്രിയുടെ വാർത്താ സമ്മേളനത്തിന്റെ വിഡിയോ പൊലീസിനു കൈമാറി. മന്ത്രിയുടെ സ്റ്റാഫിൽനിന്നു പിരിച്ചുവിട്ട സിപിഎം പുറക്കാട് ലോക്കൽ കമ്മിറ്റി അംഗം ജി.വേണുഗോപാലിന്റെ ഭാര്യയാണ് അമ്പലപ്പുഴ എസ്‌ഐ കെ.എച്ച്. ഹാഷിമിനു ദൃശ്യങ്ങൾ നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം പൊലീസ് ഇവരുടെ മൊഴിയെടുത്തിരുന്നു. എസ്എഫ്‌ഐ ജില്ലാ കമ്മിറ്റി മുൻ അംഗമാണു പരാതിക്കാരി. കഴിഞ്ഞ ദിവസം സിപിഎം പുറക്കാട് ലോക്കൽ കമ്മിറ്റി യോഗം ഈ വിഷയം ചർച്ച ചെയ്തിരുന്നു. യോഗത്തിൽ മന്ത്രിക്കെതിരെ വിമർശനം ഉയർന്നെന്ന വാർത്ത പാർട്ടി ജില്ലാ സെക്രട്ടറി ആർ.നാസർ നിഷേധിച്ചിട്ടുണ്ട്.

സ്ത്രീവിരുദ്ധ പ്രസ്താവന വിവാദത്തിൽ പുറത്തുനിന്നു 'കക്ഷിചേർന്ന' ഡിസിസി പ്രസിഡന്റ് എം.ലിജു, സുധാകരനെ പിന്തുണച്ചതും ശ്രദ്ധേയമായി. അടിസ്ഥാനമില്ലാത്ത ആരോപണങ്ങളിലൂടെ സുധാകരനെ വേട്ടയാടുന്നതിനു കൂട്ടുനിൽക്കില്ലെന്നാണു ലിജു വ്യക്തമാക്കിയത്. കെപിസിസി ജനറൽ സെക്രട്ടറി എ.എ. ഷുക്കൂർ മന്ത്രിയെ വിമർശിച്ചതിനെ ലിജു തള്ളിപ്പറഞ്ഞു.  

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP