Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വോട്ട് കച്ചവടത്തിന്റെ പഴയ കാലത്തിന് വിട നൽകി ബിജെപി കൂടി മത്സര രംഗത്ത് സജീവമായതോടെ കൊട്ടിക്കലാശത്തിന്റെ പേരിൽ ഇന്നലെ സംസ്ഥാനം എമ്പാടും അരങ്ങേറിയത് ഉത്തരേന്ത്യയിലേതിന് സമാനമായ ആക്രമങ്ങൾ; എല്ലാ പാർട്ടികളിലും പെട്ട അനേകം പേർ ആശുപത്രിയിൽ; തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഉടൻ വടകരയിൽ വ്യാപകമായി അക്രമങ്ങളും കൊലപാതകങ്ങളും ഉണ്ടാകുമെന്ന് മുന്നറിയിപ്പ്; സിപിഎം കോട്ടകളിലെ മണ്ണിളകി തുടങ്ങിയതോടെ എങ്ങും സംഘർഷം

വോട്ട് കച്ചവടത്തിന്റെ പഴയ കാലത്തിന് വിട നൽകി ബിജെപി കൂടി മത്സര രംഗത്ത് സജീവമായതോടെ കൊട്ടിക്കലാശത്തിന്റെ പേരിൽ ഇന്നലെ സംസ്ഥാനം എമ്പാടും അരങ്ങേറിയത് ഉത്തരേന്ത്യയിലേതിന് സമാനമായ ആക്രമങ്ങൾ; എല്ലാ പാർട്ടികളിലും പെട്ട അനേകം പേർ ആശുപത്രിയിൽ; തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഉടൻ വടകരയിൽ വ്യാപകമായി അക്രമങ്ങളും കൊലപാതകങ്ങളും ഉണ്ടാകുമെന്ന് മുന്നറിയിപ്പ്; സിപിഎം കോട്ടകളിലെ മണ്ണിളകി തുടങ്ങിയതോടെ എങ്ങും സംഘർഷം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ശബരിമലയാണ് ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രധാന ചർച്ചാ വിഷയം. അതുകൊണ്ട് തന്നെ ജനമനസ്സിലെ തീരുമാനം ആർക്കും വ്യക്തമായി അറിയില്ല. വിശ്വാസികളുടെ വികാരം അനുകൂലമാക്കാമെന്ന് ബിജെപി പ്രതീക്ഷിച്ചപ്പോൾ കേരളത്തിൽ ഉടനീളം വീറും വാശിയും നിറഞ്ഞ തെരഞ്ഞെടുപ്പായി. നാല് ലോക്‌സഭാ മണ്ഡലങ്ങളിൽ ത്രികോണ പോര്. തിരുവനന്തപുരത്തും പത്തനംതിട്ടയിലും തൃശൂരിലും പാലക്കാട്ടും വാശിയേറിയ ത്രികോണമത്സരമാണ് നടക്കുന്നത്. വോട്ട് കച്ചവടം ബിജെപി ഉപേക്ഷിച്ചതാണ് ഇത്തരമൊരു മത്സരത്തിന് കാരണമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. ഏതായാലും വയനാടും മലപ്പുറവും യുഡിഎഫിന്റെ ഉറച്ച കോട്ടകളാണ്. എന്നാൽ ഇടതുപക്ഷത്തിന് ഉറച്ച വിജയം ഒരിടത്തും ചൂണ്ടിക്കാട്ടാനില്ല. ഇടത് കോട്ടകളിൽ പോലും ശക്തമായ മത്സരമാണ് യുഡിഎഫ് നടത്തുന്നത്. ഇതോടെ സിപിഎം അണികൾ അങ്കലാപ്പിലുമായി. ഇത് തന്നെയാണ് കൊട്ടിക്കലാശ ദിനത്തിൽ വ്യാപക അക്രമങ്ങളിലേക്ക് കാര്യങ്ങളെത്തിച്ചത്. വോട്ടെടുപ്പ് കഴിഞ്ഞാൽ വടകരയും കണ്ണൂരും കലാപകലുഷിതമാകുമെന്നും റിപ്പോർട്ടുകളുണ്ട്.

പ്രവർത്തകരുടെ ആവേശപ്പാച്ചിലിൽ പലയിടത്തും ഗതാഗതം തടസപ്പെട്ടു. പ്രവർത്തകർ തമ്മിൽ കല്ലേറും കയ്യാങ്കളിയുംസംസ്ഥാനത്തുടനീളം നടന്നു. വോട്ടെടുപ്പ് ദിനം വടകരയിൽ ജില്ലാ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജില്ലാ കളക്ടർ സാംബശിവ റാവുവാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. സമാധാനാന്തരീക്ഷം ഉറപ്പാക്കുന്നതിനായി ലോക്‌സഭാ തിരഞ്ഞെടുപ്പ് ദിവസമായ ഏപ്രിൽ 23 ന് വൈകീട്ട് ആറ് മുതൽ 24 ന് രാത്രി 10 വരെയാണ് 144 പ്രഖ്യാപിച്ചത്. വടകര നഗരസഭ, ഒഞ്ചിയം, നാദാപുരം, പേരാമ്പ്ര, കുന്നുമ്മൽ ഗ്രാമപഞ്ചായത്തുകൾ എന്നിവിടങ്ങളിൽ ക്രിമിനൽ നടപടി ചട്ടം 144 പ്രകാരം ജനങ്ങൾ സംഘം ചേരുകയോ കൂട്ടംകൂടുകയോ ചെയ്യാൻ പാടില്ലെന്നാണ് കളക്ടറുടെ ഉത്തരവ്. ആലത്തൂരിൽ കലാശക്കൊട്ടിനിടെയുണ്ടായ കല്ലേറിൽ പരുക്കേറ്റ യുഡിഎഫ് സ്ഥാനാർത്ഥി രമ്യാ ഹരിദാസിനെയും അനിൽ അക്കര എംഎൽഎയേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരത്ത് എകെ ആന്റണിയേയും ശശി തരൂരിനേയും സിപിഎം പ്രവർത്തകർ തടഞ്ഞു. വൈകിട്ട് ആറു മണിയോടെയാണ് സംസ്ഥാനത്ത് പരസ്യപ്രചാരണം അവസാനിച്ചത്. ഈ സമയം കേരളമാകെ സംഘർഷത്തിലായിരുന്നു.

തിങ്കളാഴ്ച നിശബ്ദ പ്രചാരണത്തിന്റെ ദിനാണ്. നാളെ പോളിങ്ങ് ബൂത്തുകളിലേക്കു നീങ്ങും. ചൊവ്വാഴ്ച രാവിലെ ഏഴു മുതൽ ആറു വരെയാണ് വോട്ടെടുപ്പ്. വിധിയറിയാൻ മെയ്‌ 23 വരെ കാത്തിരിപ്പു നീളും. ഇതിനിടെയിൽ വടകര കലുഷിതമാകുമെന്നാണ് റിപ്പോർട്ടുകൾ. കലാശക്കൊട്ടിനിടെ വടകര വല്യാപ്പള്ളിൽ എൽഡിഎഫ് യുഡിഎഫ് സംഘർഷത്തിലാണ് ഇരുപക്ഷത്തെയും നിരവധി പ്രവർത്തകർക്കു പരുക്കേറ്റത്. പ്രവർത്തകർ തമ്മിലുണ്ടായ കല്ലേറിലും സംഘർഷത്തിനുമിടയിൽ പൊലീസ് ലാത്തി വീശി. കരുനാഗപ്പള്ളിയിൽ ബിജെപിസിപിഎം പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. തിരുവല്ലയിൽ എൽഡിഎഫ് എൻഡിഎ പ്രവർത്തകർ ഏറ്റുമുട്ടി. പൊലീസ് ഇടപെട്ട് സ്ഥിതി ശാന്തമാക്കി. തൊടുപുഴയിലും നെടുങ്കണ്ടത്തും യുഡിഎഫ്എൽഡിഎഫ് കയ്യാങ്കളി. എറണാകുളം പാലാരിവട്ടത്ത് സിപിഎംഎസ്ഡിപിഐ സംഘർഷമുണ്ടായി. പൊലീസ് ഇടപെട്ടു പ്രവർത്തകരെ ശാന്തരാക്കി. അങ്ങനെ മിക്ക സ്ഥലത്തും അക്രമങ്ങളുടെ ഒരു വശത്ത് സിപിഎം പ്രവർത്തകരുണ്ട്.

തിരുവനന്തപുരത്ത് എ.കെ.ആന്റണിയുടെ റോഡ് ഷോ തടഞ്ഞതും സിപിഎമ്മുകാരാണ്. കണ്ണൂർ മട്ടന്നൂരിൽ കൊട്ടിക്കലാശത്തിനിടയിൽ സംഘർഷമുണ്ടായി പൊലീസ് ഗ്രനേഡ് പ്രയോഗിച്ചാണ് സ്ഥിതി ശാന്തമാക്കിയത്. കാസർകോട് പഴയങ്ങാടിയിൽ കലാശക്കൊട്ടിലുണ്ടായ സംഘർഷത്തിൽ എസ്‌ഐ എ.പി.അനിൽകുമാറിന് പരുക്കേറ്റു. യു ഡി എഫ് -എൽ ഡി എഫ് പ്രവർത്തകർ സംഘടിച്ച് പ്രകോപനപരമായ മുദ്രാവാക്യം വിളിയെ തുടർന്നാണ് കലാശകൊട്ട് സംഘർഷത്തിലേക്ക് വഴിമാറിയത്. ഇരു ഭാഗങ്ങളിൽ നിന്നും പരസ്പരം കല്ലേറുണ്ടായി. യുഡിഎഫിന്റെ പ്രചാരണ വാഹനത്തിന്റെ ചില്ലുകൾ തകർന്നു. പൊലിസ് കണ്ണീർവാതകം പ്രയോഗിച്ചും ലാത്തിച്ചാർജ് നടത്തിയുമാണ് പ്രവർത്തകരെ പിരിച്ചുവിട്ടത്. കാസർഗോട്ടും രാജ് മോഹൻ ഉണ്ണിത്താന്റെ പ്രചരണം സിപിഎമ്മിനെ ഞെട്ടിച്ചിട്ടുണ്ട്.

ആലത്തൂരിൽ യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിനും അനിൽ അക്കര എംഎൽഎഎയ്ക്കും കല്ലേറിലാണ് പരുക്കേറ്റത്. ആലത്തൂർ എംഎൽഎ കെ.ഡി. പ്രസേനൻ ഉൾപ്പെടെയുള്ള നേതാക്കൾക്കു നേരെ യുഡിഎഫ് പ്രവർത്തകർ കല്ലെറിഞ്ഞെന്ന് എൽഡിഎഫും ആരോപിച്ചു. തൊടുപുഴയിൽ യുഡിഎഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസിനും ഇടുക്കി ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാറിനും നേരെ കല്ലേറുണ്ടായി. കഴക്കൂട്ടത്ത് ബിജെപി സ്ഥാനാർത്ഥി കുമ്മനം രാജശേഖരന്റെ വാഹനത്തിനു നേരെ ചെരിപ്പും കൊടികളുമെറിഞ്ഞതു സംഘർഷത്തിനിടയാക്കി. കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനും ഒപ്പമുണ്ടായിരുന്നു. കുമ്മനത്തിന്റെ പ്രചാരണ വാഹനം എൽഡിഎഫ് പ്രവർത്തകർ തടഞ്ഞുവെന്നു ബിജെപി ആരോപിച്ചു.

വർക്കലയിൽ ബിജെപി എൽഡിഎഫ് പ്രവർത്തകരുടെ ഏറ്റുമുട്ടലിൽ 15 പേർക്കു പരുക്കേറ്റു. കാട്ടാക്കടയിലും ബിജെപി എൽഡിഎഫ് സംഘർഷമുണ്ടായി. പാലോടും കല്ലമ്പലത്തും എൽഡിഎഫ് യുഡിഎഫ് പ്രവർത്തകർ ഏറ്റുമുട്ടി. പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർത്ഥി കെ. സുരേന്ദ്രനെ കാഞ്ഞിരപ്പള്ളി പേട്ടക്കവലയിൽ എൽഡിഎഫ് പ്രവർത്തകർ തടഞ്ഞതിനെ തുടർന്നു സംഘർഷമുണ്ടായി. കാസർകോട് ഉദുമയിൽ എൽഡിഎഫ് യുഡിഎഫ് സംഘർഷത്തിൽ 15 പേർക്കു പരുക്കേറ്റു. കണ്ണൂർ പഴയങ്ങാടിയിലും മട്ടന്നൂരിലും എൽഡിഎഫ് യുഡിഎഫ് സംഘർഷമുണ്ടായി. കൊല്ലം കരുനാഗപ്പള്ളിയിൽ എൽഡിഎഫ് ബിജെപി സംഘർഷത്തിൽ 3 പൊലീസുകാർക്കു പരുക്കേറ്റു. ഓച്ചിറയിൽ പൊലീസുകാരെ എൽഡിഎഫ് പ്രവർത്തകർ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. അമ്പലപ്പുഴയിൽ എൽഡിഎഫ് എൻഡിഎ പ്രവർത്തകർ തമ്മിലും കായംകുളത്ത് യുഡിഎഫ് എൻഡിഎ പ്രവർത്തകർ തമ്മിലും ഏറ്റുമുട്ടി.

പാലക്കാട് ജില്ലയിലെ നെന്മാറ, മണ്ണാർക്കാട്, മുതലമട തുടങ്ങിയ സ്ഥലങ്ങളിൽ എൽഡിഎഫ് യുഡിഎഫ് സംഘർഷത്തിൽ ഒട്ടേറെ പേർക്കു പരുക്കേറ്റു. വടകര മണ്ഡലത്തിലെ വില്യാപ്പള്ളിയിൽ സംഘർഷത്തിനിടെ സ്ത്രീകളുൾപ്പെടെ 25 പേർക്കു പരുക്കേറ്റു. സ്വതന്ത്ര സ്ഥാനാർത്ഥിയും മുൻ സിപിഎം നേതാവുമായ സി.ഒ.ടി. നസീറിനു മർദനമേറ്റു. വയനാട്ടിൽ തലപ്പുഴ, കമ്പളക്കാട്, തരുവണ എന്നിവിടങ്ങളിൽ എൽഡിഎഫ് യുഡിഎഫ് സംഘർഷമുണ്ടായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP