Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബിജെപി ബാന്ധവത്തിൽ വീണു കൈമോശം വന്ന ദളിത് വോട്ടുകൾ ശേഖരിക്കുവാൻ സിപിഎമ്മിന് അപ്രീതീക്ഷിത നേട്ടം; പുന്നല ശ്രീകുമാറിനെ ചേർത്തു പിടിച്ച് സിപിഎം നേടിയത് അതിശക്തമായ ഒരു വോട്ടുബാങ്ക്; എസ്എൻഡിപിയെ കൂടി ഒപ്പം നിർത്തിയതോടെ പിന്നോക്ക വോട്ടുകൾ ഉറപ്പാക്കി സിപിഎം; ന്യൂനപക്ഷത്തിന്റെ പിന്തുണക്കൊപ്പം ദളിത് വോട്ടുകൾ കൂടി ആയതോടെ ശബരിമല വിഷയത്തിൽ സിപിഎമ്മിന് മിച്ചം ലാഭം മാത്രം

ബിജെപി ബാന്ധവത്തിൽ വീണു കൈമോശം വന്ന ദളിത് വോട്ടുകൾ ശേഖരിക്കുവാൻ സിപിഎമ്മിന് അപ്രീതീക്ഷിത നേട്ടം; പുന്നല ശ്രീകുമാറിനെ ചേർത്തു പിടിച്ച് സിപിഎം നേടിയത് അതിശക്തമായ ഒരു വോട്ടുബാങ്ക്; എസ്എൻഡിപിയെ കൂടി ഒപ്പം നിർത്തിയതോടെ പിന്നോക്ക വോട്ടുകൾ ഉറപ്പാക്കി സിപിഎം; ന്യൂനപക്ഷത്തിന്റെ പിന്തുണക്കൊപ്പം ദളിത് വോട്ടുകൾ കൂടി ആയതോടെ ശബരിമല വിഷയത്തിൽ സിപിഎമ്മിന് മിച്ചം ലാഭം മാത്രം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ജനുവരി ഒന്നിന് സിപിഎം പണിയുന്ന വിനതാ മതിലിന്റെ മറയിൽ നടക്കുന്നത് നിരവധി രാഷ്ട്രീയ നീക്കങ്ങളാണ്. ബിജെപിയെയും കോൺഗ്രസിനെയും ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തറപറ്റിക്കാൻ പോന്നതാകും ഈ നീക്കങ്ങൾ എന്ന് പറഞ്ഞാലും അതിൽ അത്ഭുതമില്ല. കാരണം സാമുദായിക രാഷ്ട്രീയത്തിൽ യുഡിഎഫ് പയറ്റിത്തെളിഞ്ഞിടത്ത് സിപിഎം കൈവെക്കുമ്പോൾ അത് യുഡിഎഫ് വോട്ടുബാങ്കിൽ വലിയ വിള്ളലുണ്ടാക്കുമെന്ന കാര്യം ഉറപ്പാണ്. ആർ ബാലകൃഷ്ണ പിള്ളയുടെ കേരളാ കോൺഗ്രസുമായുള്ള സമ്പർക്കം വഴി നായർ വോട്ടുകളിൽണ വോട്ടുകൾ ലക്ഷ്യമിട്ട സിപിഎം ഐഎൻഎല്ലിലൂടെയും കെ ടി ജലിലീലൂടെയും മുസ്സിം സമുദായത്തിലേക്കും കടന്നു കഴിഞ്ഞു. ഇപ്പോൾ കെപിഎംഎസ് നേതാവ് പുന്നല ശ്രീകുമാറിനെ ഒപ്പം നിർത്തിയതിലൂടെ അതിശക്തമായ ദളിത് വോട്ടുബാങ്ക് കൂടിയാണ് ഇടതു മുന്നണി ലക്ഷ്യമിടുന്നത്.

എസ്എൻഡിപിയെയും ഒപ്പം ചേർത്തു നിർത്തി സർക്കാർ ചെലവിൽ നടത്തുന്ന നവോത്ഥാന വനിതാ മതിലിന്റെ ശരിക്കുള്ള ലക്ഷ്യം ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ കേളികൊട്ടാണ്. ശബരിമലയിലെ കോലാഹലങ്ങൾ ഒഴിഞ്ഞ ശേഷമാകും മതിൽ പണിയുന്നത്. അതുകൊണ്ട് ഇത് ലോക്‌സഭയിലേക്കുള്ള സിപിഎമ്മിന്റെ ശക്തിപ്രകടനമായി വിലയിരുത്തുന്നുണ്ട്. ശബരിമല വിഷയത്തിൽ സിപിഎമ്മിനും സർക്കാറിനുമൊപ്പം തുടക്കം മുതൽ അനുകൂല നിലപാട് കൈക്കൊണ്ട് രംഗത്തെത്തിയത് പുന്നല ശ്രീകുമാറായിരുന്നു. വനിതാ മതിൽ എന്ന ആശയം പോലും മുന്നോട്ടു വെച്ചത് പുന്നലയായിരുന്നു.

വനിതാ മതിൽ യാഥാർത്ഥ്യമാകുമ്പോൾ സിപിഎമ്മിന് ഏറ്റവും മുതൽകൂട്ടാകുക കെ.പി.എം.എസുമായുള്ള ബന്ധമാവും. പാർട്ടിയിൽ നിന്ന് കൈവിട്ടുപോയൊരു വിഭാഗത്തെ അടുപ്പിക്കാനുള്ള പാലം എന്ന നിലയിൽ വനിതാ മതിലിന്റെ പ്രവർത്തനത്തിൽ കെ.പി.എം.എസ്. പ്രവർത്തകർക്ക് വലിയ പ്രാധാന്യമാണ് സിപിഎം. നൽകിവരുന്നത്. അടിസ്ഥാന വിഭാഗങ്ങളിൽ നിന്ന് പാർട്ടി അകന്നുകൊണ്ടിരിക്കുന്നുവെന്ന സ്വയം വിമർശനം വർഷങ്ങളായി പാർട്ടിയിൽ നിലനിൽക്കുകയാണ്. പാർട്ടിയിൽ നിന്ന് പട്ടിക വിഭാഗങ്ങളുടെ കൊഴിഞ്ഞുപോക്ക് ശക്തമായപ്പോൾ, അതിനെ പ്രതിരോധിക്കാൻ സിപിഎമ്മിന് പി.കെ.എസ്. എന്ന സ്വന്തം സംഘടന തന്നെ ഉണ്ടാക്കേണ്ടിവന്നു. എന്നിട്ടും കൊഴിഞ്ഞുപോക്ക് തടയാൻ സാധിച്ചില്ല. ഈ ഘട്ടത്തിലാണ് പുന്നലയെ പാർട്ടി ഒപ്പം കൂട്ടുന്നത്. മാവേലിക്കരയിൽ സീറ്റ് നൽകാൻ പോലും മുന്നണി തയ്യാറായേക്കുമെന്നാണ് പുറത്തുവരുന്ന വാർത്തകൾ.

സിപിഎമ്മിൽ നിന്നും അകന്നുപോയവരെ ഒപ്പം നിർത്താനുള്ള സുവർണാവസരം എന്ന നിലയിലാണ് കെ.പി.എം.എസ്. കൂട്ടുകെട്ടിനെ കാണുന്നത്. കെ.പി.എം.എസ്. ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാറിനെ കൺവീനറാക്കിക്കൊണ്ടുള്ള നവോത്ഥാന മൂല്യ സംരക്ഷണ സമിതി രൂപവത്കരിച്ചത്, വരുന്ന ലോക് സഭാ തിരഞ്ഞെടുപ്പിലേക്ക് അധികം ദൂരമില്ലെന്ന തിരിച്ചറിവോടെയാണ്. ഇടതുമുന്നണിയുടെ പേരിൽ തയ്യാറാക്കിയിട്ടുള്ള ലഘുലേഖ കൂടാതെ, പുന്നലയുടെ പേരിൽ വിശദമായ നോട്ടീസുകൂടി ഇറക്കിയാണ് വനിതാമതിലിന്റെ പ്രചാരണവുമായി സിപിഎം. പ്രവർത്തകർ വീടുകൾ കയറിയിറങ്ങുന്നത്. കെ.പി.എം.എസ്. പ്രവർത്തകരുമായി തോളോടുതോൾ ചേർന്നാണ് വനിതാമതിലിന്റെ പ്രവർത്തനങ്ങൾ വിജയിപ്പിക്കാനായി പാർട്ടി രംഗത്തിറങ്ങിയിട്ടുള്ളത്.

ഓരോ പ്രദേശത്തേയും കെ.പി.എം.എസ്. ശാഖകളിൽ നിന്ന് ആളുകളെ ഇറക്കാൻ പാർട്ടി പ്രവർത്തകർ തന്നെ നേരിട്ടു ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. ശാഖാംഗങ്ങൾക്ക് വാഹനങ്ങൾ എത്തിച്ച് പരമാധി ആളുകളെ മതിലിൽ പങ്കാളിയാക്കുന്നതിന് സിപിഎം. എല്ലാ സഹായവുമൊരുക്കി കൂടെ നിൽക്കുകയാണ്. കെ.പി.എം.എസ്. നേതൃത്വം സ്വന്തം നിലയിൽ തന്നെ ശാഖാംഗങ്ങളോട് മതിലിൽ പങ്കെടുക്കാനും ആഹ്വാനം ചെയ്തിട്ടുണ്ട്. സിപിഎമ്മുമായുള്ള കൂട്ടുചേരൽ കെ.പി.എം.എസ്. അണികളിലും ആവേശം വർധിപ്പിച്ചിട്ടുണ്ട്

വനിതാമതിലിന് പിന്തുണ നൽകി എസ്.എൻ.ഡി.പി. യോഗവും രംഗത്തുണ്ടെങ്കിലും ഒട്ടുമിക്ക സ്ഥലങ്ങളിലും അതിന്റെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് സിപിഎം. അനുഭാവികളായ യോഗാംഗങ്ങൾ തന്നെയാണ്. വനിതാമതിലിനായി സമുദായ സംഘടനകളെ രംഗത്തിറക്കുമ്പോൾ തന്നെ പാർട്ടി അംഗങ്ങളുടെ കുടുംബങ്ങളുടെ പങ്കാളിത്തം ഉറപ്പിക്കാനും സിപിഎം. പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്്. അംഗങ്ങൾ സ്വന്തം കുടുംബത്തിലെ സ്ത്രീകളെ മതിലിൽ പങ്കെടുപ്പിക്കുന്നുണ്ടെന്ന് പാർട്ടി ഉറപ്പുവരുത്തുന്നുണ്ട്. ജില്ലാ കമ്മിറ്റികൾ ഇതിനായി ഓരോ അംഗങ്ങൾക്കും പ്രത്യേകം കത്ത് നൽകുകയാണ്.

ചുമട്ട്-കെട്ടിടനിർമ്മാണ തൊഴിലാളി യൂണിയനുകൾ, പാർട്ടി അധീനതയിലുള്ള സൊസൈറ്റികളിലെ ജീവനക്കാർ, പാർട്ടി ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങൾക്ക് കീഴിൽ വരുന്ന ജീവനക്കാർ, കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് ജീവനക്കാർ തുടങ്ങി എല്ലാ മേഖലകളിൽ നിന്നും സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പിക്കാൻ സിപിഎം. പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. പാർട്ടിക്ക് കീഴിലുള്ള ജനാധിപത്യ മഹിളാ അസോസിയേഷന് പുതിയ ഊർജം നൽകുന്നതാക്കാനുള്ള അവസരമായും പാർട്ടി വനിതാമതിലിനെ ഉപയോഗിക്കുന്നുണ്ട്.

ശബരിമല വിഷയത്തിന് പിന്നാലെ ഇടതുപാളയത്തിൽ എത്തിയിട്ടുള്ള പുന്നല ശ്രീകുമാറിനെ പരീക്ഷണാർത്ഥം മത്സരിപ്പിച്ചാൽ അത് വലിയ നേട്ടമാകുമെന്നാണ് സിപിഎം പ്രതീക്ഷ. നിലവിൽ സിപിഐയ്ക്കാണ് ഈ സീറ്റുള്ളത്. എന്നാൽ കഴിഞ്ഞ തവണ തോറ്റതിനാൽ ഇത്തവണ മണ്ഡലം മാറി പരീക്ഷിക്കാൻ അവസരം ഒരുങ്ങിയാൽ സിപിഎം പുന്നലയെ രംഗത്തിറക്കും. സംവരണമണ്ഡലമായ മാവേലിക്കരയിൽ കഴിഞ്ഞ രണ്ടു തവണയും വിജയിച്ചതുകൊടിക്കുന്നിൽ സുരേഷായിരുന്നു. ഇത്തവണയും കൊടിക്കുന്നിൽ സുരേഷ് തന്നെ മത്സരിക്കും. 2019 തെരഞ്ഞെടുപ്പ് കേന്ദ്രീകരിച്ച് കേന്ദ്ര നിരീക്ഷക സമിതിയുടെ സർവേ പ്രകാരം കേരളത്തിൽ 13 സീറ്റുകൾ യുഡിഎഫിന് കിട്ടിയേക്കും എന്നാണ് വിലയിരുത്തൽ. ഇതിൽ അവർ ഒന്നാം സ്ഥാനത്ത് കാണുന്നതാകട്ടെ മാവേലിക്കരയും. ഇത് സിപിഎമ്മും തിരിച്ചറിയുന്നു. അതുകൊണ്ടാണ് സംവരണ മണ്ഡലത്തിൽ പുന്നലയെ ഇറക്കാനുള്ള ആലോചന.

മാവേലിക്കരയിൽ സിപിഐ സമ്മതിക്കുന്ന പക്ഷം പുന്നലയെ സിപിഎം രംഗത്തിറക്കിയേക്കും. 2006 ൽ കെപിഎംഎസിന്റെ സംസ്ഥാന ജനറൽ സെക്രട്ടറി പദത്തിൽ എത്തിയ പുന്നല ശ്രീകുമാർ കെപിഎംഎസിനെ കോൺഗ്രസിലേക്ക് അടുപ്പിക്കാനായിരുന്നു ആദ്യം ശ്രമിച്ചത്. 2008 ൽ 10 ലക്ഷം സമുദായക്കാർ പങ്കെടുത്ത മഹാത്മ അയ്യൻകാളിയുടെ കാർഷിക സമരത്തിന്റെ നൂറാം വാർഷികത്തിൽ മറൈൻഡ്രൈവിൽ സോണിയാഗാന്ധിയെയും പിറ്റേ വർഷം തിരുവനന്തപുരത്ത് ശംഖുമുഖത്ത് നടത്തിയ 39 ാം സംസ്ഥാന സമ്മേളനത്തിൽ ലോക്‌സഭാ സ്പീക്കർ മീരാകുമാറിനെയും പങ്കെടുപ്പിച്ചത് വലിയ ചർച്ചയായിരുന്നു. എന്നാൽ ശബരിമല വിഷയത്തോടെ സിപിഎമ്മുമായി അടുത്തു.

ശബരിമലയിൽ സ്ത്രീ പ്രവേശമാകാമെന്ന സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത പുന്നല കെപിഎംഎസിന്റെ സംസ്ഥാന സമ്മേളനത്തിൽ സംസ്ഥാന സർക്കാർ സ്വീകരിച്ച നിലപാടിനെ പിന്തുണച്ചും രംഗത്ത് വന്നിരുന്നു. ഇതിനൊപ്പം കോൺഗ്രസിനെ വിമർശിക്കുകയും ചെയ്തു. വില്ലുവണ്ടി പ്രയാണത്തിന്റെ 125 ാം വാർഷികത്തിൽ പ്രതിപക്ഷ നേതാവ് അന്ധവിശ്വാസങ്ങൾ പ്രചരിപ്പിക്കുന്ന മന്ത്രവാദിയുടെ രീതിയിലാണ് സംസാരിക്കുന്നതെന്നും തൊണ്ണൂറ് ശതമാനം സ്ത്രീകളും ശബരിമലയിൽ കയറാൻ ആഗ്രഹിക്കുന്നില്ല എന്ന് പറഞ്ഞത് എന്ത് അടിസ്ഥാനത്തിലാണെന്നും ചോദിച്ചിരുന്നു. ഇതെല്ലാം പുന്നലയെ ഇടതുമുന്നണിയുടെ ഇഷ്ടക്കാരനാക്കി. മാവേലിക്കരയിൽ പുന്നല എത്തിയാൽ കൊടിക്കുന്നിൽ അട്ടിമറിക്കപ്പെടുമെന്ന് സിപിഎമ്മും കരുതുന്നു. സിപിഐ യുടെ സീറ്റായ മാവേലിക്കരയിൽ സിപിഐ കൂടി പച്ചക്കൊടി കാട്ടിയാൽ പുന്നലയെ മത്സരിപ്പിക്കാൻ കഴിയൂ.

ശബരിമല വിഷയത്തിൽ ശക്തമായ പ്രതിഷേധവുമായി എത്തിയ ബിജെപി ചേരിയിലേക്ക് എൻഎസ്എസ് ഉൾപ്പെടെയുള്ള സംഘടനകൾ ചാഞ്ഞപ്പോൾ കെപിഎംഎസിലെ പുന്നല വിഭാഗം സർക്കാർ അനുകൂല നിലപാടിലാണ് നില കൊണ്ടത്. നവോത്ഥാന മൂല്യ സംരക്ഷണ സമിതിയുടെ കൺവീനറായി സിപിഎം നിയോഗിച്ചതും പുന്നല ശ്രീകുമാറിനെയാണ്. ഇത് പിന്നാക്ക വിഭാഗങ്ങളിൽ നിന്നും വനിതാമതിൽ ഉൾപ്പെടെയുള്ള പരിപാടികളുടെ പ്രചരണത്തിന് സർക്കാരിന് വലിയ പിന്തുണ ഉറപ്പാക്കാനുമായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP