Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഷാജഹാനെ കൊന്നത് ആർഎസ്എസ്; കൊലപാതകത്തിന്റെ പേരിലും ചില മാധ്യമങ്ങളുടെ സഹായത്തോടെ തെറ്റായ പ്രചാരണം അഴിച്ചു വിട്ടിരിക്കുകയാണ്; ജനാധിപത്യപരമായി പ്രതിഷേധിച്ചും ആർഎസ്എസ് - ബിജെപി ഭീഷണിയെ നേരിടും; വ്യാജപ്രചരണം തിരിച്ചറിയണമെന്ന് സിപിഎം

ഷാജഹാനെ കൊന്നത് ആർഎസ്എസ്; കൊലപാതകത്തിന്റെ പേരിലും ചില മാധ്യമങ്ങളുടെ സഹായത്തോടെ തെറ്റായ പ്രചാരണം അഴിച്ചു വിട്ടിരിക്കുകയാണ്; ജനാധിപത്യപരമായി പ്രതിഷേധിച്ചും ആർഎസ്എസ് - ബിജെപി ഭീഷണിയെ നേരിടും; വ്യാജപ്രചരണം തിരിച്ചറിയണമെന്ന് സിപിഎം

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: പാലക്കാട് മരുതറോഡിൽ സിപിഎം ലോക്കൽ കമ്മറ്റിയംഗം ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയത് ആർഎസ്എസ് - ബിജെപി സംഘമാണെന്ന് ആവർത്തിച്ച് സിപിഎം. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പുറപ്പെടുവിച്ച പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കൊലപാതകത്തിന്റെ പേരിൽ ചില മാധ്യമങ്ങളുടെ സഹായത്തോടെ ആർഎസ്എസ് സംഘം തെറ്റായ പ്രചാരണം അഴിച്ചുവിട്ടിരിക്കുകയാണ്. കൊല നടത്തിയിട്ടും അതിന്റെ പേരിൽ വ്യാജ പ്രചാരണം അഴിച്ചുവിടുന്നതുകൊടും ക്രൂരതയാണെന്ന് സിപിഐഎം പ്രസ്താവനയിൽ വ്യക്തമാക്കി.

ആറ് വർഷത്തിനിടെ 17 സിപിഐഎം പ്രവർത്തകരെയാണ് ആർഎസ്എസ് കൊലപ്പെടുത്തിയത്. ഓരോ കൊലപാതകത്തിനു ശേഷവും മനുഷ്യത്വഹീനമായ പ്രചാരണം നടത്താനും രക്തസാക്ഷികളുടെ കുടുംബത്തെയടക്കം അപമാനിക്കാനും മടിയില്ലാത്തവരാണ് ആർഎസ്എസ് സംഘം. സംഘപരിവാറിന്റെ കൊടിയ വർഗീയ രാഷ്ട്രീയത്തിന് കേരളത്തിൽ സിപിഐഎമ്മാണ് മുഖ്യതടസം എന്ന് തിരിച്ചറിഞ്ഞാണ് നിരന്തരമായി പ്രവർത്തകരെ വേട്ടയാടുന്നതെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.

സിപിഎം പ്രസ്താവന ഇങ്ങനെ:

പാലക്കാട് മരുതറോഡിൽ സിപിഐഎം ലോക്കൽ കമ്മറ്റിയംഗം സഖാവ് ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയത് ആർഎസ്എസ് - ബിജെപി സംഘമാണ്. കൊലപാതകത്തിൽ ശക്തമായി പ്രതിഷേധിക്കുകയും കൊലയാളി സംഘങ്ങളെ ഒറ്റപ്പെടുത്തുകയും വേണം. സിപിഐ എം പ്രവർത്തകരെ അരിഞ്ഞു തള്ളുകയും തുടർന്ന് നാട്ടിലാകെ വ്യാജപ്രചാരണം നടത്തുകയും ചെയ്യുന്നത് ആർഎസ്എസ് - ബിജെപി പതിവ് ശൈലിയാണ്.

പാലക്കാട് ഞായറാഴ്ച രാത്രി നടന്ന കൊലപാതകത്തിന്റെ പേരിലും ചില മാധ്യമങ്ങളുടെ സഹായത്തോടെ തെറ്റായ പ്രചാരണം അഴിച്ചുവിട്ടിരിക്കുകയാണ്. കൊലനടത്തിയവർ ആർഎസ്എസ് - ബിജെപി സജീവ പ്രവർത്തകരാണെന്ന് ആ നാട്ടുകാർക്കെല്ലാം അറിയാം. ഇവർക്ക് കഞ്ചാവ് മാഫിയയുമായും ക്രിമിനൽ സംഘങ്ങളുമായും ബന്ധമുണ്ട്. കൊല നടത്തിയ സംഘത്തിലെ മുഖ്യപ്രതികളെല്ലാം ഒട്ടേറെ മറ്റ് ക്രിമിനൽ കേസുകളിലും പ്രതികളാണ്. ഇവരുടെ കഞ്ചാവ് വിൽപനയടക്കം ക്രിമിനൽ പ്രവർത്തനങ്ങളെ ഷാജഹാന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്തതും തടയാൻ ശ്രമിച്ചതുമാണ് കൊല നടത്താനുള്ള പ്രേരണ. ഏതാനും നാളുകളായി ആർഎസ്എസ് - ബിജെപി സംഘം ഈ പ്രദേശത്ത് നിരന്തരം പ്രശ്‌നങ്ങളുണ്ടാക്കുകയും അവസരം കാത്തിരിക്കുകയുമായിരുന്നു.

ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കാൻ ഷാജഹാന്റെ നേതൃത്വത്തിൽ ബോർഡ് വച്ചപ്പോൾ അത് മാറ്റി അതേ സ്ഥലത്ത് തന്നെ ശ്രീകൃഷ്ണജയന്തിയുടെ ബോർഡ് വയ്ക്കാൻ ആർഎസ്എസ് സംഘം ശ്രമിച്ചു. ഇതുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ ഷാജഹാനെ വെട്ടി വീഴ്‌ത്തുകയായിരുന്നു. നിഷ്ഠൂരമായി കൊലനടത്തിയിട്ടും അതിന്റെ പേരിൽ വ്യാജ പ്രചാരണം അഴിച്ചുവിടുന്നതുകൊടും ക്രൂരതയാണ്. കേരളത്തിൽ മാത്രം ആറ് വർഷത്തിനിടെ 17 സിപിഐ എം പ്രവർത്തകരെയാണ് ആർഎസ്എസ് ക്രിമിനൽ സംഘങ്ങൾ കൊലപ്പെടുത്തിയത്. ഓരോ കൊലപാതകത്തിനു ശേഷവും മനുഷ്യത്വഹീനമായ പ്രചാരണം നടത്താനും രക്തസാക്ഷികളുടെ കുടുംബത്തെയടക്കം അപമാനിക്കാനും മടിയില്ലാത്തവരാണ് ഇക്കൂട്ടർ.

സംഘപരിവാറിന്റെ കൊടിയ വർഗീയ രാഷ്ട്രീയത്തിന് കേരളത്തിൽ സിപിഐ എം ആണ് മുഖ്യതടസം എന്ന് തിരിച്ചറിഞ്ഞാണ് നിരന്തരമായി പ്രവർത്തകരെ വേട്ടയാടുന്നത്. സംസ്ഥനത്ത് പുലരുന്ന സമാധാനവും സ്വൈര്യ ജീവിതവും തകർത്ത് കലാപമുണ്ടാക്കലാണ് ആർഎസ്എസ് ലക്ഷ്യം. അക്രമികളെ ഒറ്റപ്പെടുത്തിയും ജനങ്ങളുടെ പിന്തുണയോടെ ജനാധിപത്യപരമായി പ്രതിഷേധിച്ചും ആർഎസ്എസ് - ബിജെപി ഭീഷണിയെ നേരിടും. എല്ലാ വ്യാജപ്രചാരണങ്ങളും തിരിച്ചറിഞ്ഞ് ജനങ്ങൾ അവ തള്ളിക്കളയണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP