Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തിരുവനന്തപുരത്തെ പാർട്ടിയെ പിടിച്ചെടുക്കാനും റിയാസ്! നിയമസഭയിൽ 'വീണയ്ക്കായി' പൊരുതിയ വർക്കല എംഎൽഎയ്ക്ക് ഇരട്ടപദവി കിട്ടുമോ? തടയിടാൻ രണ്ടും കൽപ്പിച്ച് കോടിയേരിയും; സുനിൽകുമാറിനെ മുമ്പിൽ നിർത്തി മുൻതൂക്കം നേടാൻ ആനാവൂർ; ജയൻബാബുവിന് വേണ്ടി കടകംപള്ളിയും; തലസ്ഥാനത്ത് ജില്ലാ സെക്രട്ടറിയെ കണ്ടെത്താനാകുമോ? സിപിഎമ്മിൽ അനിശ്ചിതത്വം

തിരുവനന്തപുരത്തെ പാർട്ടിയെ പിടിച്ചെടുക്കാനും റിയാസ്! നിയമസഭയിൽ 'വീണയ്ക്കായി' പൊരുതിയ വർക്കല എംഎൽഎയ്ക്ക് ഇരട്ടപദവി കിട്ടുമോ? തടയിടാൻ രണ്ടും കൽപ്പിച്ച് കോടിയേരിയും; സുനിൽകുമാറിനെ മുമ്പിൽ നിർത്തി മുൻതൂക്കം നേടാൻ ആനാവൂർ; ജയൻബാബുവിന് വേണ്ടി കടകംപള്ളിയും; തലസ്ഥാനത്ത് ജില്ലാ സെക്രട്ടറിയെ കണ്ടെത്താനാകുമോ? സിപിഎമ്മിൽ അനിശ്ചിതത്വം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തിരുവനന്തപുരത്തെ സിപിഎമ്മിനെ കൈപ്പിടിയിൽ ഒതുക്കാൻ മന്ത്രി മുഹമ്മദ് റിയാസ് സജീവ ഇടപെടൽ നടത്തുന്നുവെന്ന് സൂചന. തിരുവനന്തപുരത്തെ ജില്ലാ സെക്രട്ടറിയെ റിയാസ് തീരുമാനിക്കുമെന്ന തരത്തിലാണ് ചർച്ചകൾ. എന്നാൽ തിരുവനന്തപുരത്ത് പ്രത്യേക താൽപ്പര്യമുള്ള സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കരുതലോടെയാണ് നീങ്ങുന്നത്. ഇതിനൊപ്പം തിരുവനന്തപുരത്തെ പല പ്രമുഖരും സെക്രട്ടറിയായി തങ്ങളുടെ നോമിനിയെ എത്തിക്കാൻ കരുക്കൾ നീക്കുന്നുണ്ട്. ഡിവൈഎഫ് ഐയിലും എസ് എഫ് ഐയിലും എല്ലാം റിയാസിന്റെ തീരുമാനങ്ങൾ നടപ്പാക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സിപിഎം ജില്ലാ കമ്മറ്റികളിലേക്കും റിയാസ് കണ്ണുവയ്ക്കുന്നത്. ഇതിനുള്ള പരീക്ഷണ ശാലയാണ് തിരുവനന്തപുരം.

പാർട്ടി സംസ്ഥാന കമ്മിറ്റിയുടെ തീരുമാന പ്രകാരം പുതിയ ജില്ലാ സെക്രട്ടറിയെ നിശ്ചയിക്കാനുള്ള യോഗം ചേരുന്നത് വരുന്ന ശനി ,ഞായർ ദിവസങ്ങളിലാണ്. ജില്ലാ സെക്രട്ടറിയേറ്റും ഈ ദിവസങ്ങളിൽ ചേരും. ഇപ്പോൾ ഉണ്ടായിരിക്കുന്ന ധാരണ അനുസരിച്ച് ഇ കെ നായനാർ പാലിയേറ്റീവ് കെയർ സെന്ററിന്റെ ഉദ്ഘാടനം കഴിഞ്ഞാൽ ജില്ലാ ചുമതലയിൽ നിന്നും ആനാവൂർ നാഗപ്പൻ ഒഴിയുമെന്നാണ്. പാലിയേറ്റീവ് കെയ്റിന്റെ നിർമ്മാണത്തിന് ചുക്കാൻ പിടിച്ച ആളെന്ന നിലയിൽ ആനാവൂർ തന്നെ ഈ ഉദ്യമത്തിന്റെ ഉദ്ഘാടന നടത്തിപ്പ് ചുമതലയുടെ ചുക്കാനും പിടിക്കട്ടെ എന്നാണ് പാർട്ടി പറയുന്നത്.

നിലവിൽ നിശ്ചയിച്ച പ്രോഗ്രാം അനുസരിച്ച് ഇന്നാണ് പാലിയേറ്റീവ് കെയർ നാടിന് സമർപ്പിക്കുന്നത്. അതിന് ശേഷം 20 ,21 തിയ്യതികളിൽ പാർട്ടി സെക്രട്ടറി പങ്കെടുത്ത് ചേരുന്ന ജില്ലാ കമ്മിറ്റി പുതിയ സെക്രട്ടറിയെ നിശ്ചയിക്കും എന്നാണ് സംസ്ഥാന നേതൃത്വം വ്യക്തമാക്കുന്നത്. പുതിയ സെക്രട്ടറിയെ തീരുമാനിക്കാൻ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചെങ്കിലും തിരുവനന്തപുരത്തെ കാര്യങ്ങൾ അത്ര പന്തിയല്ലന്നാണ് പാർട്ടി കേന്ദ്രങ്ങൾ നൽകുന്ന വിവരം. ജില്ലയിലെ പാർട്ടിയെ നയിക്കേണ്ടത് യുവ നേതൃത്വമാവണമെന്ന അഭിപ്രായത്തിനാണ് മുൻതൂക്കം. കഴിഞ്ഞ പാർട്ടി സമ്മേളനത്തോടെ ജില്ലാ സെക്രട്ടറിയേറ്റിലും സംസ്ഥാന കമ്മിറ്റിയിലും എത്തിയ വി. ജോയ് എം എൽ എ യ്ക്ക് വേണ്ടിയാണ് സമ്മർദ്ദം കൂടുതൽ. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസു പോലും ജോയിയെ ജില്ലാ സെക്രട്ടറിയാക്കാൻ സമ്മർദ്ദം ചെലുത്തിയിരിക്കുകയാണ്. നിയമസഭയിലെ ചർച്ചയിൽ മുഖ്യമന്ത്രിയുടെ മകളും റിയാസിന്റെ ഭാര്യയുമായി വീണാ വിജയനെ പ്രതിരോധിക്കാൻ മുന്നിൽ നിന്നത് ജോയി ആയിരുന്നു.

ആനത്തലവട്ടത്തിന്റെ അകമഴിഞ്ഞ പിന്തുണയും ജോയിയുടെ സാധ്യത ഇരട്ടിപ്പിക്കുന്നു. എന്നാൽ എം.എൽ എ സ്ഥാനം വഹിക്കുന്നതിനാൽ ഇരട്ടപദവി വിഷയം ഉയർത്തി ഈ നീക്കങ്ങൾക്ക് തടയിടാനാണ് ജില്ലയിലെ തന്നെ പ്രമുഖ നേതാക്കളുടെ നീക്കം. എം.എൽഎ പാർട്ടി സെക്രട്ടറിയാകുന്നതിന് സി പി എം ഭരണഘടന തടസമാകുന്നില്ലന്ന് ജോയിയെ അനുകൂലിക്കുന്നവർ വാദിക്കുന്നു. നിലവിലെ സെക്രട്ടറി ആനാവൂർ നാഗപ്പൻ തന്റെ പിൻഗാമിയായി കാണുന്നത് കെ.എസ് . സുനിൽ കുമാറിനെയാണ്. സുനിൽ കുമാർ നിലവിൽ കേരള അബ്കാരി വർക്കേഴ്സ് വെൽഫെയർ ഫണ്ട് ബോർഡ് ചെയർമാനുമാണ്. കേരള സ്റ്റേറ്റ് ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് ഫെഡറേഷൻ - സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി കൂടിയായ സുനിൽ കുമാർ കഴിഞ്ഞ ജില്ലാ സമ്മേളനത്തോടെ ജില്ലാ സെക്രട്ടറിയേറ്റിലും എത്തി.

യുവാവ് ആയതു കൊണ്ട് തന്നെ പാർട്ടിക്ക് പുതുജീവൻ നൽകാൻ സുനിൽകുമാറിന് ആകുമെന്ന് സംസ്ഥാന നേതൃത്വത്തെ ആനാവൂർ തന്നെ ധരിപ്പിച്ചിരുന്നു. അതേ സമയം കഴിഞ്ഞ സംസ്ഥാന സമിതി ആരെ സെക്രട്ടറിയാക്കണമെന്ന് നിശ്ചയിച്ചിട്ടില്ല. പുതിയ സെക്രട്ടറിയെ നിശ്ചയിക്കാൻ ജില്ലാ കമ്മിറ്റി വിളിച്ചു ചേർക്കാൻ ആനാവൂർ നാഗപ്പനോടു നിർദ്ദേശിക്കുകയായിരുന്നു. ജില്ലയിലെ മുതിർന്ന നേതാക്കൾക്കും മുൻ ജില്ലാ സെക്രട്ടറി കൂടിയായ കടകംപള്ളി സുരേന്ദ്രനും മുൻ മേയർ സി.ജയൻ ബാബുവിനെ ജില്ലാ സെക്രട്ടറിയാക്കാനാണ് താൽപര്യം. ജില്ലാ നേതൃ രംഗത്ത് തലമുറ മാറ്റത്തിന്റെ ആവിശ്യം ഇപ്പോഴില്ലന്നും തഴക്കവും പഴക്കവുമാണ് പുതിയ ജില്ലാ സെക്രട്ടറിക്ക് ആവിശ്യമെന്നും ഇവർ വാദിക്കുന്നു. ഫലത്തിൽ 20 ,21 തിയ്യതികളിൽ ജില്ലാ കമ്മിറ്റി ചേരുമെങ്കിലും പുതിയ സെക്രട്ടറിയെ നിശ്ചയിക്കുന്നത് സി പി എം ന് കീറാമുട്ടി തന്നെയാവും.

സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെങ്കിലും അദ്ദേഹം കൂടി പങ്കെടുത്ത് തന്നെയാവും ജില്ലാ കമ്മിറ്റി ചേരുക. യോഗത്തിൽ കോടിയേരിയുടെ നിലപാടുകളാവും നിർണായകമാവുക. ജോയിക്കായി റിയാസ് ചരട് വലിക്കുമ്പോൾ ജില്ലയിലെ മുതിർന്ന നേതാക്കളുടെ തീരുമാനത്തിനൊപ്പം നിൽക്കാനാവും കോടിയേരി ശ്രമിക്കുക. ഇത് കോടിയേരി - റിയാസ് പോരിന് വഴിവെയ്ക്കുമോ എന്നും ജില്ലയിലെ ചില നേതാക്കൾ സംശയിക്കുന്നു. അങ്ങനെയെങ്കിൽ ഒത്തുതീർപ്പ് ഫോർമുല രൂപപ്പെടാനും സാധ്യതയുണ്ട്.

പാർലമെന്റ് തെരെഞ്ഞടുപ്പ് പടിവാതിൽക്കൽ എത്തി നിൽക്കെ ജില്ലയിലെ പാർട്ടിയിൽ അപസ്വരങ്ങൾ ഉണ്ടാക്കാൻ സി പി എം സംസ്ഥാന നേതൃത്വം തുനിയുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകരും ഉറ്റുനോക്കുന്നത്. റിയാസും കോടിയേരിയും പിന്നോട്ടു പോവാതെ വന്നാൽ ആനാവൂർ നാഗപ്പൻ തന്നെ തുടർന്നേക്കും. എന്നാൽ സംസ്ഥാന സെന്ററിന്റെയും ജില്ലയുടെയും ചുമതല ഒന്നിച്ചു കൊണ്ടുപോകാൻ ആനാവൂർ ബുദ്ധിമുട്ടും. ഈ സാഹ ചര്യത്തിൽ ജില്ലയിലെ മുതിർന്ന നേതാക്കളുടെ ക്വാർട്ടിൽ പന്ത് എത്തുമെന്നാണ് അവരുടെ പ്രതീക്ഷ.

കെ എസ് സുനിൽകുമാറിനെ സെക്രട്ടറിയാക്കാനുള്ള ആനാവൂരിന്റെ പൂതിക്ക് തടയിട്ട മുതിർന്ന നേതാക്കൾ ഒത്തു തീർപ്പെന്ന നിലിയിലും മുന്നോട്ടു വയ്ക്കുന്ന പേര് സി ജയൻ ബാബുവിന്റേത് തന്നെ. സർവ്വസമ്മതനായ ജയൻ ബാബുവിനെ സംസ്ഥാന നേതൃത്വവും അംഗീകരിക്കുന്നുണ്ട്. നേരത്തെ വി എസ് ക്യാമ്പിലെ കടുത്ത പോരാളിയായരുന്നെങ്കിലും നിലപാട് മാറ്റി ഔദ്യോഗിക പക്ഷത്തോട് അടുത്ത് മുന്നോട്ടു പോകുന്ന ജയൻ ബാബുവിന്റെ സംശുദ്ധി സംഘടനയ്ക്ക് കരുത്ത് പകരുമെന്നാണ് പാർട്ടിയിലെ മുതിർന്ന നേതാക്കൾ കരുതുന്നത്.

ജയൻ ബാബുവിന്റെ പരിചയവും സീനിയോറിട്ടിയും ജില്ലയിൽ സംഘടനാ സംവിധാനങ്ങൾ ശക്തിപ്പെടാൻ വഴിവെയ്ക്കുമെന്നും ഇവർ പറയുന്നു. . വി ജോയിക്ക് ഈ പാർട്ടി സമ്മേളനത്തിൽ ഇരട്ട ഭാഗ്യമാണ് വന്നു കയറിയത്. ഒറ്റയടിക്ക് ജില്ലാ സെക്രട്ടറിയേറ്റ്, പിന്നീട് സംസ്ഥാന കമ്മിറ്റി. ഇതൊക്ക ആനത്തലവട്ടത്തിന്റ സമ്മർദ്ദമാണെന്ന് ചില നേതാക്കൾ സമ്മതിക്കുന്നു. റിയാസിനെ കാര്യങ്ങൾ ബോധ്യപ്പെടുത്താനായാൽ ജയൻ ബാബുവിനെ തന്നെ സെക്രട്ടറിയാക്കാം എന്ന കണക്ക് കൂട്ടലിലാണ് മുതിർന്ന നേതാക്കൾ.

സംസ്ഥാന ഭരണം നിയന്ത്രിക്കാൻ ചുമതലപ്പെട്ട സെക്രട്ടറിയേറ്റിൽ അംഗമായിട്ടും ആനാവൂർ നാഗപ്പനെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റാത്തത് പാർട്ടി അണികൾക്കിടയിൽ ചർച്ചയ്ക്ക് വഴിവെച്ചിരുന്നു. അണികളെ ബോധ്യപ്പെടുത്താൻ സി പി എം പറഞ്ഞ ആദ്യ ന്യായം പാർട്ടി കോൺഗ്രസ് കഴിഞ്ഞാലുടൻ തിരുവനന്തപുരത്തെ സി പി എമ്മിൽ പുതിയ സെക്രട്ടറി ഉണ്ടാവുമെന്നാണ്.പാർട്ടി കോ്ൺഗ്രസ് കഴിഞ്ഞപ്പോൾ പറഞ്ഞു മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും അമേരിക്കയിൽ നിന്നും ചികിത്സ കഴിഞ്ഞ് എത്തിയ ശേഷം മാറ്റം ഉണ്ടാകുമെന്നാണ്. ഇരുവരും അമേരിക്കയിൽ നിന്നും എത്തിയെങ്കിലും തിരുവനന്തപുരത്ത് സെക്രട്ടറിയായി ആനാവൂർ തന്നെ തുടരട്ടെ എന്ന് നിശ്ചയിക്കുകയായിരുന്നു.

ഇതിനിടെ ജില്ലാ സെക്രട്ടറി പദത്തിൽ താല്പര്യമുള്ള ചില നേതാക്കൾ മാധ്യമങ്ങളിൽ തുടർച്ചയായി വാർത്തകളും വരുത്തി ഇത് സംസ്ഥാന നേതൃത്വത്തിന്റെ നീരസത്തിനും ഇടവെച്ചു. ആനാവൂർ നാഗപ്പന് അപ്രതീക്ഷിതമായി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗത്വം ലഭിച്ചതോടെ തലസ്ഥാനത്തെ ജില്ലാ സെക്രട്ടറി മോഹികളുടെ എണ്ണം കൂടി. സംഘടനാ സംവിധാനത്തെ ചലിപ്പിക്കാൻ ശേഷിയുള്ള നിരവധി നേതാക്കൾ ജില്ലയിൽ തന്നെ ഉണ്ടെങ്കിലും എല്ലാ പേർക്കും നേതൃത്വത്തിന്റെ ആശിർവാദമില്ല. സ്ഥാനമോഹികൾ കൂടിയതോടെ സംസ്ഥാന നേതൃത്വവും വെട്ടിലായി. അതാണ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമാണെങ്കിൽ കൂടി ആനാവൂർ നാഗപ്പനോട് തൽക്കാലം ജില്ലാ സെക്രട്ടറി പദവിയിൽ തുടരാൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നിർദ്ദേശിച്ചത് .

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP