Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പഴംമുറം കൊണ്ട് ഓട്ടയടക്കാൻ നോക്കേണ്ട! പയ്യന്നൂരിലെ ഒരു കോടിയുടെ ഫണ്ട് തട്ടിപ്പു കേസിൽ കെട്ടിച്ചമച്ച കണക്ക് അവതരിപ്പിച്ചാൽ വിവരമറിയുമെന്ന് വിമത വിഭാഗം; ഊരാക്കുടുക്കിൽ സിപിഎം കണ്ണൂർ നേതൃത്വം; സംസ്ഥാന നേതൃയോഗങ്ങളിലും വിവാദം ചർച്ചയാകും

പഴംമുറം കൊണ്ട് ഓട്ടയടക്കാൻ നോക്കേണ്ട! പയ്യന്നൂരിലെ ഒരു കോടിയുടെ ഫണ്ട് തട്ടിപ്പു കേസിൽ കെട്ടിച്ചമച്ച കണക്ക് അവതരിപ്പിച്ചാൽ വിവരമറിയുമെന്ന് വിമത വിഭാഗം; ഊരാക്കുടുക്കിൽ സിപിഎം കണ്ണൂർ നേതൃത്വം; സംസ്ഥാന നേതൃയോഗങ്ങളിലും വിവാദം ചർച്ചയാകും

അനീഷ് കുമാർ

പയ്യന്നൂർ: പയ്യന്നൂരിൽ ഒരു കോടിയിലേറെ രൂപയുടെ പാർട്ടിഫണ്ട് വെട്ടിപ്പു നടന്നുവെന്ന വിവാദം അതിശക്തമായി തുടരുന്ന സാഹചര്യത്തിൽ കെട്ടിച്ചമച്ച കണക്ക് ഇന്ന് നടക്കുന്ന ഏരിയാ കമ്മിറ്റി യോഗത്തിൽ അവതരിപ്പിച്ചാൽ പല്ലുംനഖവും ഉപയോഗിച്ചു എതിർക്കുമെന്ന് വിമത വിഭാഗം. ധനാപഹരണം നടന്നിട്ടില്ലെന്ന ജില്ലാ സെക്രട്ടറിയേറ്റിന്റെ നിലപാട് സാധൂകരിക്കുന്നതിനാണ് ഇന്ന് ചേരുന്ന അടിയന്തിര ഏരിയാ കമ്മിറ്റി യോഗത്തിൽ പുതിയ കണക്ക് അവതരിപ്പിച്ച് തടിതപ്പാൻ നേതൃത്വം ഒരുങ്ങുന്നത്. എന്നാൽ യാഥാർത്ഥകണക്ക് അവതരിപ്പിച്ചില്ലെങ്കിൽ ഈ കണക്ക് തങ്ങൾ പൊതുജനസമക്ഷം അവതരിപ്പിക്കുന്ന നിലപാടിലാണ് മുൻ ഏരിയാ സെക്രട്ടറി വി.കുഞ്ഞികൃഷ്ണൻ ഉൾപ്പെടെയുള്ള വെള്ളൂർ സഖാക്കൾ.

ഇതോടെ കണ്ണൂർ ജില്ലയിലെ സി.പി. എം സമാനതകളില്ലാത്ത പ്രതിസന്ധിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ജനവികാരം മാനിച്ചില്ലെങ്കിൽ പാർട്ടിയുണ്ടാകും പിന്നിൽ ജനങ്ങളുണ്ടാവില്ലെന്ന പഴയ എം. എൻ വിജയന്റെ ആപ്തവാക്യം കടമെടുത്താണ് പയ്യന്നൂർ സഖാക്കൾ സോഷ്യൽ മീഡിയയിൽ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നത്. ചോദ്യം ചോദിച്ച കുട്ടിയെ ക്ലാസിൽ നിന്നും പുറത്താക്കിയാലും ചോദ്യം അവിടെ ബാക്കിയുണ്ടാകുമെന്ന മറ്റൊരു എം. എൻ വിജയൻ പ്രയോഗവും പയ്യന്നൂരിലെ പാർട്ടി സോഷ്യൽ മീഡിയാഗ്രൂപ്പുകളിൽ കാർഡുകളായി ഇറങ്ങിയിട്ടുണ്ട്.

സിപിഎം നേതൃയോഗങ്ങളിലും ചർച്ചയാകും

സി.പി. എം നേതൃയോഗങ്ങൾ ഇന്ന് തുടങ്ങുന്ന സാഹചര്യത്തിൽ പയ്യന്നൂർ ഫണ്ട് വിവാദവും ചർച്ചയാകുമെന്ന് സൂചന. സംസ്ഥാന സെക്രട്ടറിയേറ്റ് യോഗമാണ് ഇന്ന് തിരുവനന്തപുരത്ത്് നടക്കുന്നത്. ഇതിനു ശേഷം ശനി, ഞായർ ദിവസങ്ങളിൽ സംസ്ഥാന സമിതിയോഗവും ചേരുന്നുണ്ട്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ കനത്ത തോൽവി, സ്വപ്ന സുരേഷിന്റെ ആരോപണങ്ങൾ ഉയർത്തിക്കൊണ്ടുള്ള സ്വർണക്കടത്ത് കേസിൽ പ്രതിപക്ഷം സർക്കാരിനെതിരെ നടത്തുന്ന സമരം എന്നിവയോടൊപ്പം പാർട്ടി എംഎൽഎകുറ്റാരോപിതനായ പയ്യന്നൂർ ഫണ്ട് വിവാദവും ചർച്ചയ്‌ക്കെടുക്കുക. തിങ്കളാഴ്‌ച്ച നിയമസഭ തുടങ്ങാനിരിക്കെ പയ്യന്നൂർ എംഎൽഎ ടി. ഐ മധുസൂദനൻ കുറ്റാരോപിതനായ ഫണ്ട് വിവാദം നിയമസഭയിൽ പ്രതിപക്ഷ അംഗങ്ങൾ ഉന്നയിക്കാൻ സാധ്യതയുണ്ടെന്നാണ് സി.പി. എം സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തൽ.

ഈ സാഹചര്യത്തിൽ നിയമസഭയിൽ പ്രതിരോധിക്കേണ്ട അടവുനയങ്ങളാണ് പാർട്ടിക്കുള്ളിൽ ചർച്ചയാവുക. സംസ്ഥാനസമിതി യോഗത്തിൽ വിഷയം കണ്ണൂർ ജില്ലാസെക്രട്ടറി എം.വി ജയരാജൻ, ടി.വി രാജേഷ് എന്നിവർ റിപ്പോർട്ട് ചെയ്യുമെന്നാണ് വിവരം. ഇതിനിടെ പയ്യന്നൂർ എംഎൽഎ ടി. ഐ മധുസൂദനനെതിരെ പൊതുപണം ദുരുപയോഗം ചെയ്തുവെന്ന പരാതി യൂത്ത് ലീഗ് പയ്യന്നൂർ ഡി.വൈ. എസ്‌പിക്ക് നൽകിയതിനാൽ വിഷയം നിയമസഭയിൽ സബ്മിഷൻ രൂപത്തിൽ അവതരിപ്പിക്കുന്നതിന് പ്രതിപക്ഷത്തിന് വഴിതുറന്നിരിക്കുകയാണ്.

വി.ഡി ഇന്ന് പയ്യന്നൂരിൽ

പയ്യന്നൂർ രക്തസാക്ഷി ഫണ്ട് വിവാദം ദേശീയ മാധ്യമങ്ങൾവരെ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ സ്വർണക്കടത്ത് ആരോപണത്തിനൊപ്പം പയ്യന്നൂരിൽ നടന്നുവെന്നു പറയുന്ന കോടികളുടെ ഫണ്ട്തട്ടിപ്പും ഒരേസമയം ഉയർത്തികൊണ്ടുവരാനാണ് പ്രതിപക്ഷം തീരുമാനിച്ചിട്ടുള്ളത്. ഇന്ന് കണ്ണൂർ ജില്ലയിലെത്തുന്ന വി.,ഡി സതീശൻ ഇതു സംബന്ധിച്ചു വിശദാംശങ്ങൾ തന്റെ പയ്യന്നൂർ സന്ദർശന വേളയിൽ ശേഖരിക്കുമെന്നാണ് വിവരം. പയ്യന്നൂർ ബ്ളോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ഓഫീസും സി.പി. എംപ്രവർത്തകർ വെട്ടിമാറ്റിയ ഗാന്ധി പ്രതിമയും സന്ദർശിക്കുന്നതിനാണ് പ്രതിപക്ഷ നേതാവ് ഇന്ന് പയ്യന്നൂരിലെത്തുന്നത്.

പ്രതിപക്ഷ നേതാവ് ഇന്ന് പയ്യന്നൂർ ഫണ്ട് വിവാദത്തിൽ സി.പി. എമ്മിനെതിരെ ആഞ്ഞടിക്കുമെന്നാണ് കോൺഗ്രസ് കേന്ദ്രങ്ങൾ നൽകുന്ന വിവരം.ഇതോടെ പയ്യന്നൂർ ഫണ്ട് വിവാദം സി.പി. എമ്മിന്റെ ആഭ്യന്തരകാര്യമെന്നതിലുപരിയായി സംസ്ഥാനവിഷയമായി മാറിയിരിക്കുകയാണ്.കഴിഞ്ഞ ദിവസം കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ രക്തസാക്ഷി ഫണ്ട് അപഹരിക്കുന്നത് ശവംതിന്നുന്നതിന് തുല്യമാണെന്ന് വിമർശിച്ചിരുന്നു.

കണക്കിലെ കളികളിൽ ആരുജയിക്കും?

ഇതിനിടെ പയ്യന്നൂരിൽ വിവാദത്തിന്റെ തീയണയാത്ത സാഹചര്യത്തിൽ സി.പി. എം പയ്യന്നൂർ ഏരിയാകമ്മിറ്റിയോഗം ഇന്ന് ചേരും. തൽസ്ഥാനത്തു നിന്നും നീക്കിയ മുൻ ഏരിയാ സെക്രട്ടറി വി.കുഞ്ഞികൃഷ്ണൻ ഏരിയാ കമ്മിറ്റിയംഗമായി തുടരുന്നുണ്ടെങ്കിലും അദ്ദേഹം യോഗത്തിൽ പങ്കെടുക്കില്ലെന്നാണ് സൂചന. പയ്യന്നൂർ ഫണ്ട് വിവാദത്തിൽ സാമ്പത്തിക നഷ്ടമുണ്ടായിട്ടില്ലെന്ന ജില്ലാസെക്രട്ടറിയേറ്റിന്റെ വിലയിരുത്തൽ ശരിവയ്ക്കുന്നതിനായി ഇന്ന് ചേരുന്ന ഏരിയാ കമ്മിറ്റി യോഗത്തിൽ പുതിയ കണക്ക് അവതരിപ്പിക്കുമെന്നാണ് വിവരം. ഇതോടെ ഇതിനെ എതിർക്കാനും തങ്ങളുടെ കൈവശമുണ്ടെന്ന് പറയുന്ന യഥാർത്ഥ കണക്കുകൾ പുറത്തുവിടാനുള്ള ഒരുക്കത്തിലാണ് വി.കുഞ്ഞികൃഷ്ണനെ അനുകൂലിക്കുന്ന വെള്ളൂർ സഖാക്കൾ.

ധനാപഹരണമുണ്ടായിട്ടില്ലെന്ന് ജില്ലാ നേതൃത്വം ആവർത്തിക്കുമ്പോൾ അതു തെളിയിക്കാനുള്ള ഉത്തരവാദിത്വവും അവർക്കുണ്ടെന്നാണ് വിമതവിഭാഗം ചൂണ്ടിക്കാണിക്കുന്നത്. അതുകൊണ്ടു തന്നെ സാമ്പത്തിക നഷ്്ടമില്ലെന്ന തരത്തിൽ കെട്ടിച്ചമച്ച കണക്കുകൾ അവതരിപ്പിച്ചാൽ പുറത്ത് ജനങ്ങൾക്കു മുൻപരിൽ യഥാർത്ഥ കണക്ക് പരസ്യമായി അവതരിപ്പിക്കുമെന്നാണ് ഇവർ നൽകുന്ന മുന്നറിയിപ്പ്. കഴിഞ്ഞ ഏരിയാകമ്മിറ്റി യോഗത്തിൽ ഇതുസംബന്ധിച്ച വിശദമായ കണക്കുകൾ അച്ചടക്കനടപടിയുടെ ഭാഗമായി നീക്കം ചെയ്ത മുൻ ഏരിയാ സെക്രട്ടറി വി.കുഞ്ഞികൃഷ്ണൻ അവതരിപ്പിച്ചിരുന്നതായും ഇവർ ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പയ്യന്നൂരിലെ അച്ചടക്കനടപടി റിപ്പോർട്ട് ചെയ്ത ഏരിയാകമ്മിറ്റി യോഗങ്ങളിൽ പാർട്ടി നേതൃത്വം ഓഡിറ്റ് ചെയ്ത കണക്കുകൾ അവതരിപ്പിക്കണമെന്ന ആവശ്യം ഉയർന്നിരുന്നു.

ആരോപണ വിധേയനായ എംഎൽഎ ഉൾപ്പെടെയുള്ളവർക്കെതിരെ സ്വീകരിച്ച മൃദുവായ നടപടികളെ സാധൂകരിക്കുന്ന കണക്കുകൾ തയ്യാറാക്കാനുള്ള നീക്കങ്ങളാണ് ജില്ലാ നേതൃത്വം നടത്തുന്നതെന്നാണ് വെള്ളൂരിലെ വിമത വിഭാഗം ഉന്നയിക്കുന്നത്. കുറ്റക്കാരായി ഇവർ ഉന്നയിച്ച എംഎൽഎയ്ക്കും കൂട്ടർക്കുമെതിരെ മൃദുസമീപനം സ്വീകരിക്കുകയും പരാതി ഉന്നയിച്ച വി.കുഞ്ഞികൃഷ്ണനെ പാർട്ടി അച്ചടക്കമെന്ന ഉരുക്കുമുഷ്ടികൊണ്ടു നേരിടുകയും ചെയ്തതിൽ പയ്യന്നൂരിലെ പ്രവർത്തകർക്കും അണികൾക്കും അതൃപ്തിയുണ്ട്. ഏരിയാ കമ്മിറ്റിയോഗത്തിന് ശേഷം വിളിച്ചു ചേർക്കുന്ന ബ്രാഞ്ച് യോഗങ്ങളിൽ ഇതു കൂടുതൽ പൊട്ടിത്തെറിക്കിടയാക്കുമെന്ന ആശങ്കയും പയ്യന്നൂരിലെ പാർട്ടി നേതൃത്വത്തിനുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP