Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പ്രതിപക്ഷം വസ്തുത ചൂണ്ടിക്കാട്ടിയപ്പോൾ പരിഹസിച്ചു തള്ളി, ഹൈക്കോടതി പറഞ്ഞപ്പോൾ ഉത്തരംമുട്ടി; ഭരണത്തിന്റെ ഹുങ്കിൽ എന്തുമാകാം എന്നു ധരിച്ചു സിപിഎമ്മിന് തിരിച്ചടി; കോവിഡ് വ്യാപനത്തിനിടെ സിപിഎം സമ്മേളനങ്ങൾ പ്രതിസന്ധിയിൽ; സംസ്ഥാന സമ്മേളനവും പാർട്ടി കോൺഗ്രസും നീട്ടി വെക്കുന്നതും ചർച്ചയിൽ

പ്രതിപക്ഷം വസ്തുത ചൂണ്ടിക്കാട്ടിയപ്പോൾ പരിഹസിച്ചു തള്ളി, ഹൈക്കോടതി പറഞ്ഞപ്പോൾ ഉത്തരംമുട്ടി; ഭരണത്തിന്റെ ഹുങ്കിൽ എന്തുമാകാം എന്നു ധരിച്ചു സിപിഎമ്മിന് തിരിച്ചടി; കോവിഡ് വ്യാപനത്തിനിടെ സിപിഎം സമ്മേളനങ്ങൾ പ്രതിസന്ധിയിൽ; സംസ്ഥാന സമ്മേളനവും പാർട്ടി കോൺഗ്രസും നീട്ടി വെക്കുന്നതും ചർച്ചയിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോവിഡ് കാലത്ത് സിപിഎം ജില്ലാ സമ്മേളനങ്ങൾ നടത്തുന്നതിലെ അനൗചിത്യം ചൂണ്ടിക്കാട്ടിയത് പ്രതിപക്ഷമായ കോൺഗ്രസ് ആയിരുന്നു. സമ്മേളനം മാറ്റിവെക്കാൻ കഴിയാത്തത് അല്ലല്ലോ എന്നായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉന്നയിച്ച ചോദ്യം. എന്നിട്ടും ഇക്കാര്യത്തിൽ സിപിഎം പിടിവാശി തുടർന്നു. കോൺഗ്രസുകാരെ പരിഹസിച്ചു ന്യായീകരണങ്ങളുമായി രംഗത്തുവന്നു. ഒടുവിൽ ഹൈക്കോടതിയിൽ നിന്നും വിമർശനങ്ങൾ കൂടി എത്തിയതോടെ അധികാരത്തിന്റെ ഹുങ്കു കാണിക്കാൻ ഇറങ്ങിയ പാർട്ടിക്ക് തിരിച്ചടിയായി. ഇപ്പോൾ സംസ്ഥാന സമ്മേളനവും പാർട്ടി കോൺഗ്രസും നീട്ടി വെക്കേണ്ട അവസ്ഥയിലാണ്.

കോവിഡ് വ്യാപനം മൂലം ജില്ലാ സമ്മേളനങ്ങൾ നിർത്തിവയ്ക്കാനും നീട്ടിവയ്ക്കാനും നിർബന്ധിതമായതോടെ സംസ്ഥാന സമ്മേളനം, പാർട്ടി കോൺഗ്രസ് എന്നിവയുടെ കാര്യത്തിൽ സിപിഎം ആശങ്കയിൽ. മാർച്ച് ഒന്നു മുതൽ നാലു വരെ കൊച്ചിയിലാണ് സംസ്ഥാന സമ്മേളനം. ഏപ്രിൽ ആറു മുതൽ പത്തു വരെ കണ്ണൂരിൽ പാർട്ടി കോൺഗ്രസും.

കോവിഡ് വ്യാപനം ഇപ്പോഴത്തെ നിലയിൽ തന്നെ തുടർന്നാൽ മാർച്ച് ആദ്യം സംസ്ഥാന സമ്മേളനം നടത്താൻ പരിമിതികളുണ്ടാകും. രാജ്യത്തിന്റെ എല്ലാ ഭാഗത്തു നിന്നുമുള്ള പ്രതിനിധികൾ എത്തുന്ന പാർട്ടി കോൺഗ്രസിന്റെ കാര്യത്തിൽ മറ്റു സംസ്ഥാനങ്ങളിലെ കോവിഡ് സാഹചര്യം കൂടി കണക്കിലെടുക്കേണ്ടിയും വരും.

ജില്ലാ സമ്മേളനം നടന്ന ജില്ലകളിൽ നിന്നെല്ലാം സംസ്ഥാന സമ്മേളന പ്രതിനിധികളെ നിശ്ചയിച്ചു. ഏതു സാഹചര്യത്തിലും സംസ്ഥാന കമ്മിറ്റി അംഗങ്ങൾ അടക്കം നാനൂറോളം പേർ കൊച്ചി സമ്മേളനത്തിൽ ഉണ്ടാകും. കോവിഡ് വ്യാപനം വിലയിരുത്തി ഇക്കാര്യത്തിൽ യുക്തമായ തീരുമാനം പിന്നീട് എടുക്കുമെന്നാണ് നേതാക്കൾ അറിയിക്കുന്നത്. ജില്ലാ സമ്മേളനത്തിന്റെ കാര്യത്തിൽ കേട്ട പേരുദോഷം സംസ്ഥാന സമ്മേളനത്തിന്റെയും പാർട്ടി കോൺഗ്രസിന്റെയും കാര്യത്തിൽ കേൾക്കാൻ തയാറാകില്ല.

സാധാരണ ഗതിയിൽ സിപിഎമ്മിനൊപ്പം പാർട്ടി സമ്മേളനങ്ങൾ നടത്തുന്ന സിപിഐ ഇത്തവണ കോവിഡും അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പും കണക്കിലെടുത്ത് സമയക്രമം നീട്ടിവച്ചു. ഒക്ടോബറിലാണ് സിപിഐയുടെ പാർട്ടി കോൺഗ്രസ്. മാറ്റിവച്ച ആലപ്പുഴ ജില്ലാ സമ്മേളനം എപ്പോൾ നടത്താം എന്നതടക്കമുള്ള കാര്യങ്ങൾ 25ന് ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് ആലോചിക്കും. ഇതുവരെ നടന്ന ജില്ലാ സമ്മേളനങ്ങളെക്കുറിച്ചുള്ള വിലയിരുത്തലും യോഗത്തിൽ നടക്കും.

അതിനിടെ തൃശ്ശൂർ സമ്മേളനത്തിൽ പങ്കെടുത്ത മുരളി പെരുനെല്ലി എംഎൽഎയ്ക്കും കോവിഡ് സ്ഥിരീചിച്ചു. തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ പങ്കെടുത്ത നിരവധി പേർക്ക് കഴിഞ്ഞ ദിവസങ്ങളിൽ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കൊറോണ രോഗികളുള്ള ജില്ലയാണ് തിരുവനന്തപുരം. ജില്ലയിൽ രോഗവ്യാപനം വർദ്ധിക്കാൻ ഇടയാക്കിയ ഒരു കാരണം സിപിഎം ജില്ലാ സമ്മേളനമാണെന്നാണ് ആക്ഷേപം.

അതേസമയം കോവിഡ് പടരുന്ന സാഹചര്യത്തിൽ ശാരീരിക അകലം പാലിച്ചാണ് സിപിഎം സമ്മേളനങ്ങളെന്നാണ് പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി വിശദീകരിച്ചത്. എല്ലാം അടച്ചിടണം ഇല്ലെങ്കിൽ ഒരു നിയന്ത്രണവും വേണ്ട എന്നീ രണ്ടു നിലപാടും ശരിയല്ല. മാസ്‌ക് ധരിച്ച്, അകലം പാലിക്കുന്നതാണ് ശാസ്ത്രീയ രീതി. സിപിഎം സമ്മേളനങ്ങളുടെ നടത്തിപ്പ് ശാസ്ത്രീയ രീതി പിന്തുടർന്നാണെന്നും ബേബി വിശദീകരിച്ചു.

സംസ്ഥാനത്തു കോവിഡ് അതിതീവ്രവ്യാപനമുണ്ടായ സമയത്ത് സിപിഎം ജില്ലാ സമ്മേളനം നടത്തുന്നതിനെ പ്രതിപക്ഷം വിമർശിച്ചിരുന്നു. ടിപിആർ മാനദണ്ഡം മാറ്റിയത് സിപിഎം സമ്മേളനത്തിന് വേണ്ടിയാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആരോപിച്ചു. ടിപിആർ അടിസ്ഥാനമാക്കി നിയന്ത്രണങ്ങൾ വന്നാൽ ജില്ലാ സമ്മേളനം നടത്താനാകില്ല. തിരുവനന്തപുരം സമ്മേളനത്തിൽ പങ്കെടുത്ത നേതാക്കൾ എന്തുകൊണ്ട് ക്വാറന്റീനിൽ പോകുന്നില്ല? സമ്മേളനത്തിൽ പങ്കെടുത്ത മന്ത്രി, എംഎൽഎ, നൂറുകണക്കിനു നേതാക്കൾ എല്ലാവരും കോവിഡ് ബാധിച്ചവരാണ്. ഇപ്പോൾ സിപിഎമ്മുകാർക്ക് നിരീക്ഷണമില്ല, അവർ രോഗം പരത്തി നടക്കുകയാണെന്നും സതീശൻ കുറ്റപ്പെടുത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP