Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മുഖ്യമന്ത്രിയുടെ അനുഭവം തന്നെ പാഠമായി! മന്ത്രിമാരുടെ ഓഫീസുകളിലെ 'അവതാരങ്ങളെ' തുരത്താൻ ഒരുങ്ങി സിപിഎം; സ്വർണ്ണക്കടത്ത് വിവാദങ്ങളുടെ പശ്ചാത്തലത്തിൽ മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളുടെ യോഗം വിളിച്ചു പാർട്ടി; തീരുമാനം മന്ത്രിമാരുടെ ഓഫീസുകളിൽ പാർട്ടിക്ക് നിയന്ത്രണമില്ലെന്ന സെക്രട്ടേറിയറ്റ് യോഗത്തിലെ വിമർശനത്തിന് പിന്നാലെ; നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കവേ വിവാദങ്ങൾ ഒഴിവാക്കാൻ ജാഗ്രത വേണമെന്ന് നിർദ്ദേശം; സ്വർണ്ണക്കടത്ത് വിവാദം എൽഡിഎഫ് യോഗവും ചർച്ച ചെയ്യും

മുഖ്യമന്ത്രിയുടെ അനുഭവം തന്നെ പാഠമായി! മന്ത്രിമാരുടെ ഓഫീസുകളിലെ 'അവതാരങ്ങളെ' തുരത്താൻ ഒരുങ്ങി സിപിഎം; സ്വർണ്ണക്കടത്ത് വിവാദങ്ങളുടെ പശ്ചാത്തലത്തിൽ മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളുടെ യോഗം വിളിച്ചു പാർട്ടി; തീരുമാനം മന്ത്രിമാരുടെ ഓഫീസുകളിൽ പാർട്ടിക്ക് നിയന്ത്രണമില്ലെന്ന സെക്രട്ടേറിയറ്റ് യോഗത്തിലെ വിമർശനത്തിന് പിന്നാലെ; നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കവേ വിവാദങ്ങൾ ഒഴിവാക്കാൻ ജാഗ്രത വേണമെന്ന് നിർദ്ദേശം; സ്വർണ്ണക്കടത്ത് വിവാദം എൽഡിഎഫ് യോഗവും ചർച്ച ചെയ്യും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അവതാരങ്ങളെ വെച്ചുപൊറിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. എന്നാൽ, ഈ മന്ത്രിസഭയിൽ ഏറ്റവും അധികം വിവാദങ്ങൾ ഉയർന്നത് മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന വകുപ്പുമായി ബന്ധപ്പെട്ടാണ് താനും. ഐടി വകുപ്പിലെ അവാതാരങ്ങൾ മുഖ്യമന്ത്രിക്ക് വരുത്തിവെച്ച വിന ചെറുതൊന്നുമല്ല. തൊട്ടതെല്ലാം വിവാദത്തിൽ ആയപ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് പോലും സ്വർണ്ണക്കടത്തിലെ അന്വേഷണം നീളുന്ന ഘട്ടമുണ്ടായി. ഇതോടെ മറ്റു മന്ത്രിമാരുടെ വകുപ്പുകളിൽ അടക്കം പിടിമുറുക്കാൻ ഒരുങ്ങുകയാണ് സിപിഎം. ഇതിന്റെ ഭാഗമായി എല്ലാ സിപിഎം മന്ത്രിമാരുടെയും പേഴ്സണൽ സ്റ്റാഫ് അംഗങ്ങളുടെയും യോഗം പാർട്ടി വിളിച്ചു. ഈ മാസം 23 നാണ് യോഗം ചേരുക. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പങ്കെടുക്കും.

സ്വർണക്കടത്ത് അടക്കമുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തിൽ മന്ത്രിമാരുടെ ഓഫീസിന്റെ പ്രവർത്തനങ്ങളുടെ നിയന്ത്രണം കടുപ്പിക്കാനാണ് തീരുമാനം. മന്ത്രിമാരുടെ ഓഫീസുകളിൽ പാർട്ടിക്ക് നിയന്ത്രണമില്ലെന്ന് കഴിഞ്ഞ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ രൂക്ഷവിമർശനം ഉയർന്നിരുന്നു. പാർട്ടി സെന്റർ ഇക്കാര്യത്തിൽ കൂടുതൽ ജാഗ്രതയോടെ ഇടപെടണമെന്നും ആവശ്യം ഉയർന്നിരുന്നു. ഇടത് മുന്നണി നേതൃയോഗം ഈ മാസം 28 ന് തിരുവനന്തപുരത്ത് യോഗം ചേരും. കൺസൾട്ടൻസി കരാറുകളും സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായി ഉയർന്ന ആരോപണങ്ങളും യോഗത്തിൽ ചർച്ചയാകും. മന്ത്രി ജലീലിന്റെ നടപടിയിലും യോഗത്തിൽ വിമർശനം ഉയർന്നേക്കും. ജലീലിന്റെ പേഴ്‌സണൽ സ്റ്റാംഫ് അംഗം സ്വപ്‌ന സുരേഷിനെ ഫോണിൽ വിളിച്ചത് അടക്കം വിവാദങ്ങൾക്ക് ഇട നൽകിയിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് സിപിഎം പരിശോധനകൾക്ക് തുടക്കമിടുന്നത്.

സ്പ്രിംക്ലർ കരാർ മുതലിങ്ങോട്ട് വിവിധ കൺസൾട്ടൻസി കരാറുകളുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളിൽ കടുത്ത വിമർശനമാണ് സിപിഐ അടക്കമുള്ള ഘടക കക്ഷികൾ ഉന്നയിച്ചിരുന്നത്. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിന് സ്വർണക്കടത്തുകേസ് പ്രതികളുമായുള്ള അടുപ്പവും തുടർന്ന് സസ്പെൻഡ് ചെയ്യേണ്ടി വന്നതും ഇടതുമുന്നണിയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചെന്നാണ് ഘടകകക്ഷികളുടെ വിലയിരുത്തൽ.

സ്വർണക്കടത്ത് കേസിലെ പ്രതികളുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലെ പ്രധാനിയായിരുന്ന എം ശിവശങ്കറിനുണ്ടായിരുന്ന ബന്ധവും ഒടുവിൽ ശിവശങ്കറിനെതിരെ നടപടി എടുക്കേണ്ട സാഹചര്യവും എല്ലാം സർക്കാരിനേയും മുന്നണിയേയും പ്രതിരോധത്തിലാക്കിയെന്ന വിമർശനവും ശക്തമാണ്. ഉദ്യോഗസ്ഥരെ നിയന്ത്രിക്കുന്നതിലും ഓഫീസിന്റെ പ്രവർത്തനം വിലയിരുത്തുന്നതിലും ജാഗ്രത കുറവ് ഉണ്ടായെന്ന ആക്ഷേപവും സിപിഎമ്മിനകത്തും മുന്നണി ഘടകക്ഷികളിൽ നിന്നും ഒളിഞ്ഞും തെളിഞ്ഞും ഇതിനകം തന്നെ പുറത്ത് വന്നിട്ടുമുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി കുറച്ചു കാലം മാത്രമേയുള്ളൂ. ഈ സാഹചര്യത്തിൽ സർക്കാറിനെ വിവാദത്തിലാക്കുന്ന നടപടികളിലേക്ക് കടക്കരുത് എന്നതാണ് പ്രധാനമായും പാർട്ടി ലക്ഷ്യമിടുന്നത്. ഇതിന് ആവശ്യമായ നടപടികളുമായി മുന്നോട്ടു പോകുക എന്നതാണ് സിപിഎം ലക്ഷ്യമിടുന്നത്.

എൽഡിഎഫ് സർക്കാർ അധികാരമേറ്റ് അധികം വൈകാതെ പിണറായി വിജയൻ പ്രസംഗത്തിൽ പറഞ്ഞ രണ്ടുകാര്യങ്ങൾ വലിയ ചർച്ചയായിരുന്നു. തങ്ങളുടെ മുമ്പിൽ എത്തുന്ന ഓരോ ഫയലും ഓരോ ജീവിതമാണെന്നും കൈകാര്യം ചെയ്യുമ്പോൾ അതോർക്കണമെന്നും സർക്കാർ ജീവനക്കാർക്ക് നൽകിയ ഉപദേശം. മറ്റൊന്ന് നിയുക്ത മുഖ്യമന്ത്രിയായിരിക്കെ അഴിമതിക്കെതിരെ സ്വീകരിക്കുന്ന നിലപാട് വിശദീകരിച്ചപ്പോഴാണ്. താൻ മുഖ്യമന്ത്രിയായാൽ തന്റെ പേര് പറഞ്ഞ് അഴിമതി ചെയ്താൽ അതിന്റെ ഉത്തരവാദിത്തം തനിക്കെന്നായിരുന്നു പിണറായി വിജയൻ ആണയിട്ടുപറഞ്ഞത്. താൻ അധികാരമേറ്റാൽ തന്റെ സ്വന്തക്കാരെന്ന് പറഞ്ഞ് ചിലർ വരാം. ഇങ്ങനെ ചിലർ പറഞ്ഞ് നടക്കുന്നതായി അറിഞ്ഞു. ഇവർക്ക് എന്റെ രീതി അറിയില്ലെന്ന് തോന്നുന്നു. ഇത്തരം അവതാരങ്ങളെ എപ്പോഴും സൂക്ഷിക്കണം. ഇതെല്ലാം കൂടി ശ്രദ്ധിക്കുന്ന സർക്കാരാകും തന്റേതെന്നും പിണറായി വിജയൻ വ്യക്തമാക്കി.

എന്നാൽ, ഭരണം അവസാന നാളുകളിലേക്ക് കടക്കുമ്പോൾ ഈ അവതാരങ്ങൾ തന്റെ കൂടാരത്തിൽ തന്നെയുണ്ടെന്ന് അദ്ദേഹം തിരിച്ചറിഞ്ഞിരിക്കുന്നു. 2016 മെയ് 25 ന് അധികാരമേറിയ എൽഡിഎഫ് സർക്കാർ പ്രളയകാലത്തും കോവിഡ് കാലത്തും കാട്ടിയ ഭരണമികവ് തദ്ദേശതിരഞ്ഞെടുപ്പിലടക്കം വോട്ടായി മാറുമെന്ന നിറഞ്ഞ പ്രതീക്ഷയിലായിരുന്നു. ഇപ്പോൾ സ്വർണ്ണക്കടത്ത് വിവാദത്തിൽ പിണറായിക്ക് മുമ്പ് പറഞ്ഞതെല്ലാം വിഴുങ്ങേണ്ട അലസ്ഥയിലാണ്.

എൽഡിഎഫ് വരും എല്ലാം ശരിയാകും എന്ന മുദ്രാവാക്യവുമായി തിരഞ്ഞെടുപ്പിനെ നേരിട്ട ഇടതുമുന്നണി നല്ല ഭൂരിപക്ഷം നേടി ജനങ്ങളുടെ പ്രതീക്ഷയ്ക്ക് ഒത്തുയരാൻ ശ്രമിച്ചെങ്കിലും 100 ദിവസം തികയും മുമ്പേ തന്നെ വിവാദങ്ങളുടെ രൂപത്തിൽ കറുത്ത പാടുകൾ വീണിരുന്നു. കെ.കരുണാകരനെ പോലെ സർവാധികാരങ്ങളോടെ ഭരണത്തിലെ ക്യാപ്റ്റനായി എല്ലാറ്റിലും ഇടപെട്ട് പിണറായി മുന്നേറുമ്പോഴും പിടിച്ചുകുലുക്കുന്ന വിവാദങ്ങളൊന്നും അലട്ടിയില്ല. എന്നാൽ, സ്വർണക്കടത്ത് കേസ് യുഡിഎഫ് കാലത്തെ ഭരണതാരതമ്യത്തിലേക്ക് അറിയാതെ വലിച്ചിഴച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അകത്തളങ്ങളിൽ അവിശുദ്ധമായത് നടന്നുവെന്ന ധാരണയാണ് ഉമ്മൻ ചാണ്ടി സർക്കാരിനെ വിഷമവൃത്തത്തിലാക്കിയത്. സ്വർണക്കടത്ത് കേസിൽ ഐടിസെക്രട്ടറി എം.ശിവശങ്കറെ മാറ്റി നിർത്തിയാലും ചോദ്യശരങ്ങളുടെ മുന അത്ര പെട്ടെന്ന് ഒടിക്കാനാവില്ല. താനറിഞ്ഞല്ല സ്വപ്ന സുരേഷിന്റെ നിയമനമെന്ന് വാദിക്കാമെങ്കിലും, അവതാരങ്ങളുടെ കാര്യത്തിൽ മുഖ്യമന്ത്രി ജാഗ്രത കാട്ടിയില്ലെന്ന് സമ്മതിക്കേണ്ടി വരും.

ഭരണമേറിയ നാളുകളിൽ മോദിയുടെ സ്റ്റൈലാണ് പിണറായി സ്വീകരിക്കുന്നതെന്ന സംസാരം ഉണ്ടായിരുന്നു. താനറിയാതെ ഓഫീസിൽ ഒരു ഇല പോലും അനങ്ങില്ലെന്ന നിലപാട്, വകുപ്പ് സെക്രട്ടറിമാരെ വിളിച്ച് കാര്യങ്ങൾ ആരായുന്ന രീതി എന്നിങ്ങനെ കാർക്കശ്യത്തിന്റെ ഒരുഭരണരീതി. ആദ്യകാലത്ത് മാധ്യമങ്ങളെ ആവശ്യമുള്ളപ്പോൾ മാത്രം കാണുമെന്ന കർക്കശ നിലപാട് സ്വീകരിച്ചെങ്കിലും, പ്രളയ കാലത്ത് പതിവ് വാർത്താസമ്മേളനങ്ങളിലൂടെ തന്റെ ഇമേജ് മെച്ചമാക്കി. ശബരിമല യുവതീപ്രവേശന തർക്കത്തിൽ ഒരുവിഭാഗം എതിരായെങ്കിലും കോവിഡ് കാലത്ത് വീണ്ടും അതുതിരിച്ചുപിടിച്ചു. എന്നാൽ, അതിനിടയിൽ വന്ന സ്പ്ലിങ്ളർ അടക്കമുള്ള ആരോപണങ്ങൾ സർക്കാരിനെ പ്രതിരോധത്തിലാക്കി.

പല ഗോളുകളും അടിച്ചെങ്കിലും എല്ലാം ഓഫ് സൈഡായി പോയ അവസ്ഥയായിരുന്നു ഇതുവരെ പ്രതിപക്ഷത്തിന്. വിശേഷിച്ച് പ്രതിപക്ഷ നേതാവ് രമേശ ചെന്നിത്തലയ്ക്ക്. സ്വർണക്കള്ളക്കടത്ത് കേസ് സ്വർണായുധമായി എന്ന മാധ്യമങ്ങൾ വിശേഷിപ്പിക്കാനുള്ള കാരണവും മറ്റൊന്നല്ല. സ്പ്രംഗ്ളർ വിവാദം വന്നപ്പോൾ എം.ശിവശങ്കറിനെ മാറ്റണമെന്ന തന്റെ ആവശ്യം നിഷേധിച്ച മുഖ്യമന്ത്രിക്ക് ഇപ്പോൾ എന്താണു പറയാനുള്ളതെന്നാണ് ചെന്നിത്തല ചോദിച്ചത്. കേരളത്തിലെ എല്ലാ അഴിമതിയുടെയും പ്രഭവകേന്ദ്രമായി മുഖ്യമന്ത്രിയുടെ ഓഫിസ് മാറുന്നുവെന്ന് അദ്ദേഹം ആരോപിക്കുമ്പോൾ അത് യുഡിഎഫിന്റെ മധുരപ്രതികാരം കൂടിയാണ്. വിശേഷിച്ച് തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP