Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മറ്റു ജോലിയുള്ള പ്രവർത്തകരെ സി.പി.എം ലോക്കൽ സെക്രട്ടറി സ്ഥാനത്തു നിന്നു നീക്കി മുഴുവൻ സമയ സെക്രട്ടറിമാരെ നിയമിക്കുന്നു; 5000 രൂപ ശമ്പളം മുതലാകില്ലെന്നു കണ്ട് പലരും മറ്റു ജോലി കണ്ടെത്തുന്നു; കണ്ണൂരൊഴികെ മറ്റു ജില്ലകളിൽ ലോക്കൽ സെക്രട്ടറിമാരുടെ ഒഴിവുകളേറെ

മറ്റു ജോലിയുള്ള പ്രവർത്തകരെ സി.പി.എം ലോക്കൽ സെക്രട്ടറി സ്ഥാനത്തു നിന്നു നീക്കി മുഴുവൻ സമയ സെക്രട്ടറിമാരെ നിയമിക്കുന്നു; 5000 രൂപ ശമ്പളം മുതലാകില്ലെന്നു കണ്ട് പലരും മറ്റു ജോലി കണ്ടെത്തുന്നു; കണ്ണൂരൊഴികെ മറ്റു ജില്ലകളിൽ ലോക്കൽ സെക്രട്ടറിമാരുടെ ഒഴിവുകളേറെ

രഞ്ജിത് ബാബു

കണ്ണൂർ: സി.പി.എം എല്ലാ ലോക്കൽ സെക്രട്ടറിമാരേയും മുഴുവൻസമയ പ്രവർത്തകരാക്കുന്നു. നിലവിൽ മറ്റു ജോലികളുള്ള എല്ലാ സെക്രട്ടറിമാരേയും മാറ്റി ശമ്പളം നൽകി പകരക്കാരെ നിയമിക്കാനുള്ള നീക്കം കണ്ണൂർ ജില്ലയിൽ പൂർത്തിയായിവരികയാണ്. ജില്ലയിൽ 90 ശതമാനവും ലോക്കൽ സെക്രട്ടറിമാർ ഇതോടെ പാർട്ടി ശമ്പളക്കാരായി മാറിക്കഴിഞ്ഞു. കണ്ണൂർ ജില്ല ഇക്കാര്യത്തിൽ പൂർണ്ണതയിലേക്കെത്തുമ്പോഴും സംസ്ഥാനത്ത് 70 ശതമാനം പോലും തികയാത്ത ജില്ലകളുണ്ട്. മുഴുവൻസമയ പ്രവർത്തകരല്ലാത്തവരെ ലോക്കൽ സെക്രട്ടറി മുതൽ മുകളിലേക്കുള്ള ഭാരവാഹിത്വത്തിലേക്ക് നിയോഗിക്കേണ്ടതില്ലെന്ന തീരുമാനം പാലക്കാട് പ്ലീനത്തിന്റെതായിരുന്നു. ഏറെക്കാലമായി നല്ല ജനകീയ ബന്ധമുള്ള ലോക്കൽ സെക്രട്ടറിമാരെ അടുത്ത ദിവസം ജോലിയുണ്ടെന്നതിന്റെ പേരിൽ മാറ്റിയത് അണികളിൽ കടുത്ത നിരാശ പടർത്തിയിട്ടുണ്ട്.

പ്ലീനറി സമ്മേളനത്തിനുശേഷം രണ്ടു വർഷം കഴിഞ്ഞും ശമ്പളക്കാരായ മുഴുസമയ ലോക്കൽ സെക്രട്ടറിമാരെ നിയമിക്കാനായില്ല. പ്രാദേശിക ബന്ധമുള്ള ലോക്കൽ സെക്രട്ടറിമാരെ ജോലിയുടെ പേര് പറഞ്ഞ് മാറ്റിനിർത്തുന്നതിന് അണികൾ പിൻതുണയ്ക്കാത്തതായിരുന്നു കാരണം. എന്നാൽ ഈ മാസം 31 നുള്ളിൽ മുഴുസമയ ലോക്കൽ സെക്രട്ടറിമാരും ഏരിയാ കമ്മിറ്റി അംഗങ്ങളും ഉണ്ടാകണമെന്ന ധൃതി പിടിച്ച തീരുമാനമാണ് സി.പി.എം നേതൃത്വം നടപ്പാക്കാൻ ഒരുങ്ങുന്നത്. മലബാർ മേഖലയിൽ മഹാഭൂരിപക്ഷം ലോക്കൽ സെക്രട്ടറിമാരും സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാരും ഭാരവാഹികളുമാണ്. അവരിൽ മികച്ച സംഘടനാ പ്രവർത്തനങ്ങൾ കാഴ്ച വെക്കുന്നവരാണ് ഏറേയും. എന്നാൽ പകരക്കാരായി വരുന്നവർ ജോലിയിൽ നിന്നും വിരമിച്ചവരും വയോജനങ്ങളുമാണ്.

ലോക്കൽ സെക്രട്ടറിമാരിൽ യുവാക്കളുടെ സാന്നിധ്യം ഫലത്തിൽ കുറയും. കാരണം ജോലിയുള്ള യുവാക്കൾക്ക് പാർട്ടി ലോക്കൽ സെക്രട്ടറിയാവാൻ ആവില്ല. ജോലി ഉപേക്ഷിച്ച് ലോക്കൽ സെക്രട്ടറിയാവാൻ അധികമാരും തയ്യാറാവുില്ലെന്നതും വസ്തുതയാണ്. ലോക്കൽ സെക്രട്ടറിക്ക് പാർട്ടി നിശ്ചയിച്ച ശമ്പളം പ്രതിമാസം പരമാവധി 5000 രൂപയാണ്. മികച്ച ലോക്കൽ കമ്മിറ്റിക്ക് മാത്രമേ ഇത്രയും തുക നൽകാനുമാവൂ. ഒരു പഞ്ചായത്തിൽ രണ്ടു ലോക്കൽ തലമുണ്ടാവുകയോ ദുർബലമായ ലോക്കൽ കമ്മിററിയോ ആണെങ്കിൽ ശമ്പളം ഇതിലും കുറവായിരിക്കും. 5000 രൂപക്ക് പാർട്ടിയെ സേവിച്ച് കുടുംബത്തെ ശ്രദ്ധിക്കാൻ കഴിയാത്ത അവസ്ഥയാണ് യുവാക്കളായ പാർട്ടി പ്രവർത്തകർക്ക് ഉണ്ടാവുന്ന അനുഭവം. അതുകൊണ്ടു തന്നെ യുവാക്കൾ ലോക്കൽ നേതൃത്വത്തിൽ ഇല്ലാത്ത അവസ്ഥയും സംജാതമാകും. ഓരോ ലോക്കൽ കമ്മിറ്റിയും അതാത് സെക്രട്ടറിക്കു വേണ്ടിയും ഏരിയാ കമ്മിറ്റി അംഗങ്ങൾക്ക് വേണ്ടിയുമുള്ള ശമ്പളം പിരിച്ചെടുക്കണം.

സിപിഎമ്മിന്റെ മുഴുസമയ പാർട്ടി ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരെ നിയമിക്കുന്ന നയം ചുരുക്കത്തിൽ വയോവയോധികന്മാരെ നേതൃത്വത്തിലെത്തിക്കാനേ ഉതകൂ. ചെറുപ്പക്കാരെ മുഴുവൻ പാർട്ടി നേതൃത്വത്തിൽ നിന്നും അകറ്റുന്ന സമീപനമായിരിക്കും പ്ലീനം തീരുമാനം നടപ്പാക്കിയാൽ ഉണ്ടാകുക. ഒരു സാധാരണ പാർട്ടി പ്രവർത്തകന് ലോക്കൽ സെക്രട്ടറിയാവുക എന്നത് അവന്റെ സ്വപ്നമാണ്. അതുകൊണ്ടുതന്നെ ബ്രാഞ്ച് തലം തൊട്ട് ചിട്ടയോടെ പ്രവർത്തിക്കുന്ന പ്രവർത്തകന് ജോലി വല്ലതും ലഭിച്ചാൽ ലോക്കൽ സെക്രട്ടറിയോ ഏരിയാ കമ്മിറ്റി അംഗമോ ആവാൻ കഴിയില്ല.

ജീവിതച്ചെലവും സാഹചര്യങ്ങളും കൊണ്ട് നാമമാത്രമായ ശമ്പളം പറ്റി ഭാരവാഹിയാകുന്നതിലും നല്ലത് ഒരു ജോലി സംഘടിപ്പിച്ച് പാർട്ടി അനുഭാവിയായി മാത്രം കഴിയാമെന്ന ചിന്തയാണ് യുവാക്കളിൽ ഉണ്ടാവുന്നത്. ആറുമാസം കഴിഞ്ഞാൽ പാർട്ടി സമ്മേളനങ്ങൾ ആരംഭിക്കും. ഈ സമ്മേളനങ്ങളിൽ താഴേത്തലം മുതൽ മുഴുസമയ പ്രവർത്തകൻ എന്ന വിഷയം സജീവ ചർച്ചക്ക് വിധേയമാക്കുമെന്നാണ് അണികൾ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP