Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

തരൂരിൽ ഡോ. പി.കെ. ജമീല മത്സരിക്കില്ല; എ കെ ബാലന്റെ ഭാര്യ വേണ്ടെന്ന് ജില്ലാ നേതാക്കൾ; പി.പി. സുമോദ് സ്ഥാനാർത്ഥിയാകും; കുടുംബ വാഴ്‌ച്ചയും പോസ്റ്റർ വിവാദവും കത്തിയതോടെ മറ്റിടങ്ങളിലും സാധ്യത മങ്ങുമെന്ന് വിലയിരുത്തലിൽ തിരുത്തലുമായി സിപിഎം നേതൃത്വം

തരൂരിൽ ഡോ. പി.കെ. ജമീല മത്സരിക്കില്ല; എ കെ ബാലന്റെ ഭാര്യ വേണ്ടെന്ന് ജില്ലാ നേതാക്കൾ; പി.പി. സുമോദ് സ്ഥാനാർത്ഥിയാകും; കുടുംബ വാഴ്‌ച്ചയും പോസ്റ്റർ വിവാദവും കത്തിയതോടെ മറ്റിടങ്ങളിലും സാധ്യത മങ്ങുമെന്ന് വിലയിരുത്തലിൽ തിരുത്തലുമായി സിപിഎം നേതൃത്വം

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: തരൂർ മണ്ഡലത്തിലെ സ്ഥാനാർത്ഥി പട്ടികയിൽനിന്ന് മന്ത്രി എ.കെ. ബാലന്റെ ഭാര്യ ഡോ. പി.കെ. ജമീലയെ ഒഴിവാക്കി. ഡിവൈഎഫ്ഐ. നേതാവ് പി.പി. സുമോദാകും സ്ഥാനാർത്ഥി. ജമീലയുടെ സ്ഥാനാർത്ഥിത്വം വലിയ വിവാദങ്ങൾക്കു വഴിവെച്ചിരുന്നു.

ജില്ലാ നേതൃത്വം ഉയർത്തിയ കടുത്ത പ്രതിഷേധത്തിനൊടുവിലാണ് പാലക്കാട്ടെ തരൂർ സീറ്റിൽ സ്ഥാനാർത്ഥിയായി ജമീലയെ പരിഗണിക്കേണ്ടെന്ന് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനിച്ചത്. പി.കെ.ജമീലയെ മത്സരിപ്പിക്കുന്നത് തരൂരിലേയും മറ്റു മണ്ഡലങ്ങളിലേയും വിജയസാധ്യതയെ ബാധിക്കുമെന്ന നിലപാട് ജില്ലാ സെക്രട്ടേറിയറ്റിലും ജില്ലാ കമ്മിറ്റിയിലും നേതൃത്വം ആവർത്തിച്ചതോടെയാണ് മുൻതീരുമാനത്തിൽ നിന്നും പാർട്ടി പിന്നോട്ട് പോകുന്നത്.

നേരത്തെ പാലക്കാട് ജില്ലാ പഞ്ചായത്ത് അധ്യക്ഷ അഡ്വ.ശാന്തകുമാരിയെ ആയിരുന്നു തരൂരിലേക്ക് സിപിഎം പരിഗണിച്ചതെങ്കിൽ ഡിവൈഎഫ്‌ഐ നേതാവ് പി.പി.സുമോദിനെ തരൂരിൽ മത്സരിപ്പിക്കണമെന്ന അഭിപ്രായമാണ് ഇന്നത്തെ ജില്ലാ സെക്രട്ടേറിയറ്റിലുണ്ടായത്.

അഡ്വ.ശാന്തകുമാരിയെ കോങ്ങാട് സീറ്റിൽ മത്സരിപ്പിക്കാനും ധാരണയായിട്ടുണ്ട്. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നിലും ഉച്ചയോടെ തരൂർ മണ്ഡലത്തിൽ വ്യാപകമായും പി.കെ.ജമീലയുടെ സ്ഥാനാർത്ഥിത്വത്തിനെതിരെ പോസ്റ്ററുകൾ പതിച്ചിരുന്നു.

പ്രാദേശികമായും അണികൾക്കിടയിലും ഇത്ര ശക്തമായ എതിർവികാരം നിലനിൽക്കവേ അതിനെ അവഗണിച്ച് ജമീലയെ ഇറക്കിയാൽ ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരുമെന്നാണ് ജില്ലാ സെക്രട്ടേറിയറ്റിലും ജില്ലാ സമിതിയിലും നടന്ന ചർച്ചകളിൽ ഭൂരിപക്ഷം നേതാക്കളും പറഞ്ഞതെന്നാണ് സൂചന.

ഇതോടെയാണ് തീരുമാനം പുനപരിശോധിക്കാൻ പാർട്ടി തീരുമാനിച്ചത്. സ്ഥാനാർത്ഥി നിർണയഘട്ടത്തിൽ സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടലിനെ തുടർന്നാണ് ജമീലയുടെ പേര് തരൂരിലേക്ക് പരിഗണിച്ചതെന്നാണ് സൂചന

ജമീലയെ സ്ഥാനാർത്ഥിയാക്കാൻ നിർദ്ദേശം വെച്ചപ്പോൾ തന്നെ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. ഇന്ന് എ.കെ. ബാലന്റെ വീടിനു പരിസരത്തും പാലക്കാട് നഗരത്തിലും സിപിഎം. ജില്ലാ കമ്മിറ്റി ഓഫീസിലും പ്രതിഷേധ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിരുന്നു.

ഇതിനിടെ, കുറ്റ്യാടി കേരള കോൺഗ്രസിനുതന്നെ എന്നുറപ്പായി. പ്രാദേശിക എതിർപ്പ് തള്ളി സിപിഎം കുറ്റ്യാടി സീറ്റ് കേരള കോൺഗ്രസ് എമ്മിനു നൽകുകയായിരുന്നു. കൊയിലാണ്ടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തിൽ ജമീല സ്ഥാനാർത്ഥിയാകും. തിരുവമ്പാടിയിൽ കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് ലിന്റോ ജോസഫിനെ മത്സരിപ്പിക്കും. സിപിഎം കോഴിക്കോട് ജില്ലാസെക്രട്ടേറിയറ്റ് യോഗത്തിലാണു പേരുകൾ തീരുമാനിച്ചത്.

എൽഡിഎഫിലെ സീറ്റുവിഭജനത്തിൽ ചങ്ങനാശേരി സീറ്റ് കീറാമുട്ടിയായി തുടരുകയാണ്. സീറ്റ് വിഭജനം പൂർത്തിയാക്കാൻ കഴിയാതെ ഇടതുമുന്നണി ചർച്ച വഴിമുട്ടിയ അവസ്ഥയാണ്. ചങ്ങനാശേരി സീറ്റിൽ സിപിഐ സിപിഎം ചർച്ചയാണു നടക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP