Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മാവോയിസ്റ്റ് വേട്ടയിലും യുഎപിഎയിലും നയവ്യതിയാനം; പൊലീസിന്റെ 'വഴിവിട്ട ബന്ധം' കളങ്കമുണ്ടാക്കുന്നു; മുഖ്യമന്ത്രിക്കെതിരായ വിമർശനം മയപ്പെടുത്തി; 'വീഴ്ചകൾ ഒറ്റപ്പെട്ട'തെന്ന് സിപിഐ രാഷ്ട്രീയ റിപ്പോർട്ട്; പാർട്ടിയാണ് ആയുധമെന്ന് ഓർമ്മപ്പെടുത്തി ഡി.രാജ

മാവോയിസ്റ്റ് വേട്ടയിലും യുഎപിഎയിലും നയവ്യതിയാനം; പൊലീസിന്റെ 'വഴിവിട്ട ബന്ധം' കളങ്കമുണ്ടാക്കുന്നു; മുഖ്യമന്ത്രിക്കെതിരായ വിമർശനം മയപ്പെടുത്തി; 'വീഴ്ചകൾ ഒറ്റപ്പെട്ട'തെന്ന് സിപിഐ രാഷ്ട്രീയ റിപ്പോർട്ട്; പാർട്ടിയാണ് ആയുധമെന്ന് ഓർമ്മപ്പെടുത്തി ഡി.രാജ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രിക്കും എതിരെ ജില്ലാ സമ്മേളനങ്ങളിൽ ഉയർന്ന വിമർശനങ്ങൾ മയപ്പെടുത്തി സിപിഐ സംസ്ഥാന സമ്മേളനത്തിലെ രാഷ്ട്രീയ റിപ്പോർട്ട്. ജില്ലാ സമ്മേളനങ്ങൾ രൂക്ഷമായ വിമർശനം ഉയർത്തിയപ്പോഴാണ് ആ സമ്മേളനങ്ങളിലെ പ്രതിനിധികൾ കൂടി പങ്കെടുക്കുന്ന സംസ്ഥാന സമ്മേളനത്തിൽ വിമർശനങ്ങൾ മയപ്പെടുത്തിയത്.

യുഎപിഎ അറസ്റ്റിലും അട്ടപ്പാടി മാവോയിസ്റ്റ് വേട്ടയിലും ഇടത് നയവ്യതിയാനത്തിന് സർക്കാരിനെ കുറ്റപ്പെടുത്തുന്ന റിപ്പോർട്ട് പക്ഷെ മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരായ കടുത്ത വിമർശനങ്ങൾ മുക്കി. പൊലീസിനും ആഭ്യന്തര വകുപ്പിനും എതിരായി ജില്ലാ സമ്മേളനങ്ങളിൽ ഉയർന്ന പരാമർശങ്ങളെല്ലാം മയപ്പെടുത്തി, വീഴ്ചകൾ ഒറ്റപ്പെട്ടതെന്ന വിലയിരുത്തലാണ് രാഷ്ട്രീയ പ്രമേയത്തിലുള്ളത്.

നിലപാടിൽ വെള്ളം ചേർത്തെന്ന ആക്ഷേപം ശക്തമാണെന്നിരിക്കെ പൊതു ചർച്ചയിൽ ഇത് തീർച്ചയായും പ്രതിഫലിക്കും. വിഴിഞ്ഞം പദ്ധതിയിൽ സമരക്കാരുടെ ഉത്കണ്ഠ അവഗണിക്കാനാകില്ലെന്നും സിൽവർ ലൈൻ പദ്ധതി അവധാനതയോടെ വേണമെന്നും റിപ്പോർട്ടിൽ പരാമർശം ഉണ്ട്. ഒപ്പം പ്രായപരിധി തീരുമാനത്തിലും കാനം രാജേന്ദ്രന്റെ മൂന്നാം ഊഴത്തിലും ചൂടേറിയ ചർച്ചയ്ക്കും സാധ്യതയുണ്ട്.

ഇടത് സർക്കാരിന് നയവ്യതിയാനമുണ്ടായി എന്നാണ് പ്രവർത്തന റിപ്പോർട്ടിൽ വിമർശനം. അട്ടപ്പാടി മാവോയിസ്റ്റ് വേട്ടയിലും യുഎപിഎ വിഷയത്തിലും ഇടത് നയവ്യതിയാനം സംഭവിച്ചതായി റിപ്പോർട്ടിൽ പറയുന്നു.

ഒറ്റപ്പെട്ട സംഭവങ്ങളും വ്യക്തികളും പൊലീസിന് കളങ്കമുണ്ടാക്കുന്നു. ചില കേസുകളിൽ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിൽ വീഴ്ചയുണ്ടായെന്നും റിപ്പോർട്ടിൽ പറയുന്നു. ലഹരി മാഫിയയുമായി ചില പൊലീസുകാർക്ക് വഴിവിട്ട ബന്ധമുണ്ടെന്നും ജനകീയ പൊലീസ് എന്നതാകണം സർക്കർ ലക്ഷ്യമെന്നും റിപ്പോർട്ടിൽ പറയുന്നു.

സിൽവർ ലൈൻ പദ്ധതിക്ക് വേണ്ടി നടത്തിയ സർവെ നടപടികൾ ജനങ്ങൾക്കിടയിൽ ആശങ്കയുണ്ടാക്കി. പദ്ധതി നടപ്പാക്കുന്നത് പാരിസ്ഥിതിക ആഘാത പഠനം ഉൾപ്പെടെ അവധാനതയോടെ നടത്തിയതിന് ശേഷമാകണമെന്നും റിപ്പോർട്ടിൽ പറയുന്നു.

വിഴിഞ്ഞം തുറമുഖ നിർമ്മാണം തീരദേശ ജനതയിൽ ആശങ്കയ്ക്ക് കാരണമായിട്ടുണ്ടെന്നും സിപിഐ ചൂണ്ടിക്കാട്ടുന്നു. എൽഡിഎഫ് സർക്കാരിന്റെ പ്രവർത്തനങ്ങളിൽ മുന്നണി തലത്തിൽ കൂടുതൽ കൂടിയാലോചനകൾ വേണമെന്നും പ്രവർത്തന റിപ്പോർട്ടിൽ പറയുന്നു.

നേതാക്കൾക്കിടയിൽ രൂക്ഷമായ അഭിപ്രായ വ്യത്യാസവും വിമതസ്വരവും നിലനിൽക്കെയാണ് സിപിഐ സംസ്ഥാന സമ്മേളനത്തിന് പതാക ഉയർന്നത്. പ്രായപരിധി, പദവി തർക്കങ്ങൾ നിനലിൽക്കേ, പതാക ഉയർത്താൻ വൈകിയെത്തിയാണ് സി ദിവാകരൻ പ്രതിഷേധമറിയിച്ചത്. കാനം രാജേന്ദ്രൻ ദീപശിഖ തെളിയിച്ചതിന് പിന്നാലെ നേതാക്കളെല്ലാം കൊടിമരച്ചുവട്ടിലേക്ക് നീങ്ങി. പലവട്ടം വിളിച്ചിട്ടും പതാക ഉയർത്തേണ്ട സി ദിവാകരനെത്തിയില്ല. ഒടുവിൽ നേതാക്കൾ നേരിട്ട് പോയി വിളിച്ചു.

രാഷ്ട്രീയ ചരിത്രത്തിലെ അസാധാരണ സമ്മേളനമെന്ന സി ദിവാകരന്റെ ആമുഖത്തോടെയാണ് പ്രതിനിധി സമ്മേളനത്തിന് പതാക ഉയർന്നത്. സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് മൂന്നാം ഊഴത്തിനൊരുങ്ങുന്ന കാനം രാജേന്ദ്രന് മത്സരം നേരിടേണ്ടി വരുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. പ്രായപരിധി തീരുമാനത്തിലെ കേന്ദ്ര നിലപാടും സമ്മേളന ഗതി നിയന്ത്രിക്കും.

സിപിഐക്കകത്തെ അഭിപ്രായ വ്യത്യാസങ്ങളിൽ നേതാക്കളെ പരോക്ഷമായി വിമർശിച്ച് പാർട്ടി അഖിലേന്ത്യ സെക്രട്ടറി ഡി.രാജ. പാർട്ടിയെ അമ്മയെ പോലെ കരുതണമെന്ന് ഡി.രാജ പറഞ്ഞു. പാർട്ടിയാണ് ആയുധം. അടിസ്ഥാനപരമായി പാർട്ടിയെ സ്‌നേഹിക്കാൻ കഴിയണം. അവനവന്റേതെന്ന് കരുതണം... ഡി.രാജ തിരുവനന്തപുരത്ത് പറഞ്ഞു.

ജനങ്ങൾക്കിടയിൽ ജീവിക്കാൻ പാർട്ടി പ്രവർത്തകർ തയ്യാറാകണമെന്നും സിപിഐ സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് ഡി.രാജ വ്യക്തമാക്കി. പാർട്ടി സമ്മേളനത്തിന് മുന്നോടിയായി കാനം ചേരിയും കെ.ഇ.ഇസ്മയിലും സി ദിവാകരനും നേതൃത്വം നൽകുന്ന കാനം വിരുദ്ധ ചേരിയും തമ്മിൽ അഭിപ്രായ വ്യത്യാസം പ്രകടമായതിനിടയിലാണ് പാർട്ടിയാണ് വലുതെന്ന സന്ദേശ് അഖിലേന്ത്യ നേതൃത്വം പങ്കുവയ്ക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP