Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സിപിഐയുടെ ചരിത്രത്തിൽ ഇതുവരെ കാണാത്ത വിധം പിരിമുറുക്കം; പ്രായപരിധി വില്ലനായാൽ സംസ്ഥാന സെക്രട്ടറി പദത്തിലേക്കുള്ള മത്സരത്തിൽ ഇസ്മയിലും ദിവാകരനും ഔട്ട്; ഒരുമുഴം മുന്നേ എറിയാൻ കാനത്തിനെതിരെ വി എസ് സുനിൽ കുമാറിനെ മത്സരിപ്പിക്കാൻ നീക്കം; സംസ്ഥാന സമ്മേളനം ചൂടുപിടിക്കുമ്പോൾ പാർട്ടിയിൽ വിഭാഗീയതയും രൂക്ഷം

സിപിഐയുടെ ചരിത്രത്തിൽ ഇതുവരെ കാണാത്ത വിധം പിരിമുറുക്കം; പ്രായപരിധി വില്ലനായാൽ സംസ്ഥാന സെക്രട്ടറി പദത്തിലേക്കുള്ള മത്സരത്തിൽ ഇസ്മയിലും ദിവാകരനും ഔട്ട്; ഒരുമുഴം മുന്നേ എറിയാൻ കാനത്തിനെതിരെ വി എസ് സുനിൽ കുമാറിനെ മത്സരിപ്പിക്കാൻ നീക്കം; സംസ്ഥാന സമ്മേളനം ചൂടുപിടിക്കുമ്പോൾ പാർട്ടിയിൽ വിഭാഗീയതയും രൂക്ഷം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പ്രായപരിധി മാനദണ്ഡത്തെ ചൊല്ലി സിപിഐയിൽ വിഭാഗീയത രൂക്ഷമായിരിക്കുകയാണ്. സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി തുടങ്ങിയ കൊള്ളി വച്ച വാക്കുകളും, പോരും, ബഹിഷ്‌കരണവും ഒക്കെ സമ്മേളനം തുടങ്ങിയിട്ടും തുടരുകയാണ്. ഇതിന് പുറമേ സിപിഐ സംസ്ഥാന സമ്മേളനത്തിനു തുടക്കം കുറിച്ചുള്ള പൊതുസമ്മേളനത്തിനു ജനറൽ സെക്രട്ടറി ഡി.രാജയെ ക്ഷണിക്കാത്തതും വിവാദമായി. ജനറൽ സെക്രട്ടറിയെ സംസ്ഥാന നേതൃത്വം അപമാനിച്ചെന്നും സംസ്ഥാന സെക്രട്ടറി ആധിപത്യം ഉറപ്പിക്കാനാണു പൊതുസമ്മേളനം ഉപയോഗിച്ചതെന്നും കെ ഇ ഇസ്മയിലും, സി ദിവാകരനും അടങ്ങുന്ന എതിർപക്ഷം ആരോപിക്കുന്നു. കാനം രാജന്ദ്രനും ദേശീയ നേതൃത്വത്തിന്റെ ഭാഗമാണെന്നാണ് ഇതിന് മറുപടി. എതായാലും, വെട്ടിനിരത്തലിന്റെ ഭാഗമായി പ്രായ പരിധി തന്നെയാണ് വിഷയം.

75 എന്ന പ്രായപരിധി പാർട്ടി മാർഗരേഖയിലെ നിർദ്ദേശം മാത്രമാണെന്ന് ജനറൽ സെക്രട്ടറി ഡി.രാജ പറയുന്നെങ്കിലും, കാനം പക്ഷം വഴങ്ങുന്ന മട്ടില്ല. പ്രായപരിധി സംസ്ഥാന സമ്മേളനം അംഗീകരിച്ചാൽ, ഇസ്മയിലും ദിവാകരനും സംസ്ഥാന കൗൺസിലിൽ ഉണ്ടാകില്ല. അതായത് ഇരുവർക്കും മത്സരിക്കാൻ കഴിയില്ല. ഇതോടെ,  സിപിഐ സംസ്ഥാന സെക്രട്ടറി കസേരയിലേക്ക് കാനത്തിനെരെ വി എസ്.സുനിൽ കുമാറിനെ മത്സരിപ്പിക്കാനും ആലോചനയുണ്ട്. കാനത്തിനോട് ഇടഞ്ഞുനിൽക്കുന്ന കെ.പ്രകാശ് ബാബു മത്സരിക്കാൻ തയ്യാറാകാത്തതാണ് പ്രശ്‌നം. ഈ സാഹചര്യത്തിലാണ് സുനിൽ കുമാറിനെ പരിഗണിക്കുന്നത്. മുൻ അസി.സെക്രട്ടറി സി.എൻ.ചന്ദ്രനെ മത്സരിപ്പിക്കാനും ആലോചിക്കുന്നു.

സിപിഐ വ്യക്തികേന്ദ്രീകൃത പാർട്ടി ആക്കാനുള്ള നീക്കം തടയുമെന്ന് സി ദിവാകരൻ മറുനാടന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. പ്രായം ഒരു പ്രശ്നമല്ല: 75 വയസ്സ് നിബന്ധന തീരുമാനമല്ല. അതൊരു മാർഗ നീർദ്ദേശം മാത്രമാണ്. പാർട്ടിയുടെ അമരത്ത് പക്വതയുള്ള നേതാവ് വരണമെന്ന് മുതിർന്ന നേതാവ് തുറന്നു പറഞ്ഞു. ആജീവനാന്തം പാർട്ടിക്ക് വേണ്ടി കഷ്ടപ്പെട്ട മനുഷ്യരെ പ്രായത്തിന്റെ പേരിൽ അകറ്റുന്നതിനോടാണ് വിയോജിപ്പ്.അത് പാർട്ടി വേദികളിൽ ഇനിയും ശക്തമായി ഉന്നയിക്കും. ഇതേ കാര്യം പാർട്ടി തീരുമാനമായി വരികയാണെങ്കിൽ താൻ അത് അംഗീകരിക്കുക തന്നെ ചെയ്യുമെന്നും സി ദിവാകരൻ കൂട്ടിച്ചേർത്തു.

പാർട്ടി സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടക്കാനുള്ള സാധ്യത തള്ളാനാകില്ല. പ്രായ പരിധി നിർദ്ദേശത്തെ നേരത്തെ തള്ളിയ ദിവാകരൻ ഇപ്പോൾ നിലപാട് മയപ്പെടുത്തിയിട്ടുണ്ട്. അതു കേന്ദ്ര നേതൃത്വത്തിന്റെ നിർദേശമാണെന്നും നടപ്പാക്കാമല്ലോ എന്നുമാണു സംസ്ഥാന നിർവാഹകസമിതി യോഗത്തിനു ശേഷം ദിവാകരൻ പറഞ്ഞത്.എന്നാൽ, ഭരണഘടനാ ഭേദഗതി അംഗീകരിക്കുന്നതു വരെ അതു തീരുമാനമല്ലെന്നാണ് കെ ഇ ഇസ്മായിലിന്റെ നിലപാട്. കേരളത്തിൽ അതു നടപ്പാക്കിയിട്ടില്ല. പാർട്ടി നേതൃനിരയുടെ ഭാഗമായിത്തന്നെ താൻ ഉണ്ടാകും. 75 നടപ്പാക്കിയാലും ഇല്ലെങ്കിലും ഇവിടെത്തന്നെ കാണും ഇസ്മായിൽ പറഞ്ഞു.

സമവായത്തിനായി കേന്ദ്ര നേതൃത്വം ശ്രമം നടത്തുമെങ്കിലും, മൂന്നാം തവണയും കാനം സെക്രട്ടറിയായി വരുന്നതിനെ ശക്തമായി ചെറുക്കാനാണ് എതിർപക്ഷത്തിന്റെ തീരുമാനം. ഇത് മുന്നിൽ കണ്ട താൻ തുടരുമെന്ന് രണ്ടുടേം പൂർത്തിയാക്കിയ കാനം ആവർത്തിച്ചു. 75 വയസെന്ന പ്രായപരിധി, പാർട്ടി ഭരണഘടനയിലില്ലാത്ത കാര്യമാണെന്നാണ് കാനം വിരുദ്ധ പക്ഷത്തിന്റെ വാദം. ഭരണഘടനയിലില്ലാത്ത കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ടത് പാർട്ടികോൺഗ്രസാണ്, സമ്മേളനമല്ലെന്ന് ഇസ്മയിൽ പറയുന്നു. സിപിഐയുടെ ചരിത്രത്തിൽ ഇതുവരെ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം നടക്കാത്ത സാഹചര്യത്തിൽ സമവായത്തിനുള്ള സാധ്യതകൾ ഇനിയും തള്ളിക്കളയാനാവില്ല. എന്നാൽ, കാനത്തിന്റെ ഏകാധിപത്യ നിലപാടുകൾ ഇനി പൊറുപ്പിക്കാൻ ആവില്ലെന്ന തീരുമാനത്തിൽ എതിർചേരി ഉറച്ചുനിന്നാൽ, മത്സരം അനിവാര്യമാകും

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP