Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202117Sunday

പാർട്ടിയിൽ നിന്ന് നിരന്തരം അവഹേളനവും ഒറ്റപ്പെടുത്തലും ആരോപണങ്ങളുമായപ്പോൾ മനം മടുത്തു; 25 വർഷത്തെ ഇടത് ബന്ധം ഉപേക്ഷിച്ച് സിപിഐ സംസ്ഥാന കൗൺസിൽ അംഗം ഈശ്വരിരേശൻ കോൺഗ്രസിൽ ചേർന്നു; പാർട്ടി വിട്ടത് സംസ്ഥാനത്തെ ആദ്യത്തെ ആദിവാസി വനിത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്; സിപിഐ പാർട്ടി ഭാരവാഹിത്വവും അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സ്ഥാനവും രാജിവെച്ചു

പാർട്ടിയിൽ നിന്ന് നിരന്തരം അവഹേളനവും ഒറ്റപ്പെടുത്തലും ആരോപണങ്ങളുമായപ്പോൾ മനം മടുത്തു; 25 വർഷത്തെ ഇടത് ബന്ധം ഉപേക്ഷിച്ച് സിപിഐ സംസ്ഥാന കൗൺസിൽ അംഗം ഈശ്വരിരേശൻ കോൺഗ്രസിൽ ചേർന്നു; പാർട്ടി വിട്ടത് സംസ്ഥാനത്തെ ആദ്യത്തെ ആദിവാസി വനിത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്; സിപിഐ പാർട്ടി ഭാരവാഹിത്വവും അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സ്ഥാനവും രാജിവെച്ചു

ജാസിം മൊയ്തീൻ

 പാലക്കാട്: സംസ്ഥാനത്തെ ആദ്യത്തെ ആദിവാസി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടും സിപിഐ സംസ്ഥാന കൗൺസിൽ അംഗവുമായിരുന്ന ഈശ്വരി രേശൻ പാർട്ടി സ്ഥാനങ്ങൾ രാജിവെച്ച് കോൺഗ്രസിൽ ചേർന്നു. അട്ടപ്പാടി സ്വദേശിയായ ഈശ്വരിരേശൻ ഇന്ന് രാവിലെയാണ് സിപിഐയിൽ നിന്നും രാജിവെച്ച് കോൺഗ്രസിൽ ചേർന്നത്. ഇന്ന് രാവിലെ സിപിഐ പാലക്കാട് ജില്ല കമ്മറ്റി ഓഫീസിലെത്തി രാജിക്കത്ത് കൈമാറുകയും പാലക്കാട് ജില്ല കോൺഗ്രസ് കമ്മറ്റി ഓഫീസിലെത്തി ഡിസിസി അദ്ധ്യക്ഷൻ വികെ ശ്രീകണ്ഠൻ എംപിയിൽ നിന്ന് കോൺഗ്രസ് അംഗത്വം കൈപറ്റുകയും ചെയ്തു. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് അംഗത്വവും ഈശ്വരി രേശൻ ഇന്ന് രാജിവെച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം നേരത്തെ രാജി വെച്ചിരുന്നു.

അട്ടപ്പാടിയിൽ നിലനിന്നിരുന്ന സിപിഐ പാർട്ടിക്കുള്ളിലെ അസ്വാരസ്യങ്ങളാണ് ഈശ്വരി രേശന്റെ രാജിയിൽ കലാശിച്ചിരിക്കുന്നത്. 1995ലെ അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്തിലേക്ക് നടന്ന ആദ്യ തെരഞ്ഞെടുപ്പിലൂടെയാണ് ഈശ്വരിരേശൻ രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്നത്. ആ തെരഞ്ഞെടുപ്പിൽ സിപിഐ സ്ഥാനാർത്ഥിയായി ജയിക്കുകയും അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്തിന്റെ ആദ്യ പ്രസിഡണ്ടാവുകയും ചെയ്തു. സംസ്ഥാനത്ത് തന്നെ ആദ്യമായിട്ടായിരുന്നു ഒരു ആദിവാസി വനിത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടാകുന്നത്. തുടർന്ന് സിപിഐ മണ്ഡലം, ജില്ല, സംസ്ഥാന കമ്മറ്റികളിലും ആദിവാസി മഹാസഭയുടെ സംസ്ഥാന സെക്രട്ടറിയും ദേശീയ കൗൺസിൽ അംഗവുമായും അവർ പ്രവർത്തിച്ചു.

ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിൽ അഞ്ച് തവണ മത്സരിക്കുകയും നാല് തവണ വിജയിക്കുകയും ചെയ്തു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് മുതലാണ് ഈശ്വരി രേശനും പാർ്ട്ടിയും തമ്മിലുള്ള പ്രശ്നങ്ങൾ ആരംഭിച്ചത്. മണ്ണാർകാട് മണ്ഡലം ഇടത് സ്ഥാനാർത്ഥിയും സിപിഐ പാലക്കാട് ജില്ല സെക്രട്ടറിയുമായ സുരേഷ്രാജ്, സിപിഐ അട്ടപ്പാടി മണ്ഡലം സെക്രട്ടറി രാധാകൃഷ്ണൻ, കാഞ്ഞിരപ്പുഴ പഞ്ചായത്ത് പ്രസിഡണ്ട് മണികണ്ഡൻ തുടങ്ങിയവർ ഈശ്വരി രേശനെതിരെ നിരന്തരം ആരോപണങ്ങൾ ഉന്നയിക്കാൻ തുടങ്ങിയതോടെയാണ് ഇവർ പാർട്ടിയുമായി അകലുന്നത്. അട്ടപ്പാടിയിൽ അനുവദിച്ച കോടതിക്കെതിരെ ഈശ്വരി രേശൻ പ്രവർത്തിച്ചുവെന്നും, ലൈഫ് മിഷൻ പദ്ധതി അട്ടിമറിക്കാൻ ശ്രമിച്ചു എന്നൊക്കെയായിരുന്നു ആരോപണങ്ങൾ.

ആദിവാസികളിൽ നിന്ന് ജോലിക്ക് വേണ്ടി പണം കൈപറ്റിയെന്നും ആരോപണങ്ങളുണ്ടായിരുന്നു. ആരോപണങ്ങളിൽ പ്രതിഷേധിച്ച് നേരത്തെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം ഈശ്വരി രേശൻ രാജിവെച്ചിരുന്നു. പാർട്ടി നിർദ്ദേശത്തെ തുടർന്നായിരുന്നു അന്ന് പ്രസിഡണ്ട് സ്ഥാനം രാജിവെച്ചത്. പ്രസിഡണ്ട് സ്ഥാനം സിപിഐഎം അഗത്തിന് ലഭിക്കുകയും ചെയ്തു. അതിന്റെ തുടർച്ചയെന്നോണമാണ് ഇന്ന് പാർ്ട്ടിയിൽ നിന്നും രാജിവെച്ച് കോൺഗ്രസിൽ ചേർന്നത്.

അതേ സമയം സിപിഐ പാർട്ടിയിൽ നിന്നും നിരന്തരം അവഹേളനങ്ങളും അവഗണനയും ഏൽക്കേണ്ടി വന്നതോടെയാണ് രാജിവെക്കുന്നതെന്ന് ഈശ്വരി രേശൻ പറഞ്ഞു. തനിക്കെതരിരെ ഉന്നയിച്ച ആരോപണങ്ങൾക്ക് പാർട്ടിയുടെ വിവിധ കമ്മറ്റികളിൽ രേഖമൂലം മറുപടി നൽകിയിരുന്നു. എന്നാൽ അതൊന്നും പാർട്ടി മുഖവിലയ്ക്കെടുത്തില്ലെന്ന് മാത്രമല്ല ആരോപണം ഉന്നയിച്ചവർക്കൊപ്പം നിന്ന് എന്നെ ഒറ്റപ്പെടുത്തുകയും അവഹേളിക്കുകയുമാണുണ്ടായത്. പാർട്ടി ആവശ്യപ്പെട്ടത് പ്രകാരമാണ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം രാജിവെച്ചത്. അന്നു തന്നെ ബ്ലോക്ക് മെമ്പർ സ്ഥാനം രാജിവെക്കാനും അനുവദിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

എന്നാൽ വീട്ടിൽ ആളില്ലാത്ത സമയത്ത് വന്ന് ചുമരിൽ പാർട്ടിവിപ്പ് പതിപ്പിക്കുകയാണ് ചെയ്തത്. പിന്നീട് ഇത്രയും കാലം നിരന്തരമായ അവഗണനയാണ് അട്ടപ്പാടിയിലെ ഇടതുമുന്നണിയിൽ നിന്നും സിപിഐയിൽ നിന്നും ഏൽക്കേണ്ടി വന്നത്. ഞാൻ പ്രതിനിധാനം ചെയ്യുന്ന വാർഡിന്റെ ഭരണം പോലും അടുത്ത വാർഡിലെ മെമ്പറെ ഏൽപിക്കുകയും, എന്റെ വാർഡിൽ നടക്കുന്ന കാര്യങ്ങൾ പോലും എന്നെ അറിയിക്കാതിരിക്കുകയും ചെയ്തു. ഇക്കാര്യങ്ങളെല്ലാം പാർട്ടിയിലെ ഉന്നത സ്ഥാനങ്ങളിലിരിക്കുന്നവരെ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല. അതു കൊണ്ടാണ് ഇപ്പോൾ പാർട്ടിയിൽ നിന്നും രാജിവെക്കുന്നത്.പാവങ്ങളുടെ പാർട്ടിയെന്നു പറഞ്ഞ് സിപിഐ ഒരു ആദിവാസി സ്ത്രീയായ എന്നെ കഴിഞ്ഞ കുറെ നാളുകളായി ദ്രോഹിച്ചുകൊണ്ടിരിക്കുകയാണ്. കാൽനൂറ്റാണ്ടായുള്ള സിപിഐയിലെ തന്റെ രാഷ്ട്രീയ പ്രവർത്തനം ഇതോടെ അവസാനിപ്പിക്കുകയാണെന്നും ഈശ്വരി രേശൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP