Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എതിർശബ്ദം ഉയർത്തിയവരെ വെട്ടിനിരത്തി കരുത്തനായി കാനം; സി ദിവാകരനെ സംസ്ഥാന കൗൺസിലിൽനിന്ന് ഒഴിവാക്കി; പ്രായപരിധി കർശനമായി നടപ്പാക്കാൻ സിപിഐ തീരുമാനം; കെ ഇ ഇസ്മയിലും പുറത്തേക്ക് പോയേക്കും; സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം ഉണ്ടായേക്കില്ല; സമവായ നീക്കവുമായി കേന്ദ്ര നേതാക്കൾ

എതിർശബ്ദം ഉയർത്തിയവരെ വെട്ടിനിരത്തി കരുത്തനായി കാനം; സി ദിവാകരനെ സംസ്ഥാന കൗൺസിലിൽനിന്ന് ഒഴിവാക്കി; പ്രായപരിധി കർശനമായി നടപ്പാക്കാൻ സിപിഐ തീരുമാനം; കെ ഇ ഇസ്മയിലും പുറത്തേക്ക് പോയേക്കും; സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം ഉണ്ടായേക്കില്ല; സമവായ നീക്കവുമായി കേന്ദ്ര നേതാക്കൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സിപിഐയിൽ എതിർശബ്ദം ഉയർത്തിയവരെ വെട്ടി നിരത്തി കരുത്തനായി കാനം. സിപിഐ സംസ്ഥാന കൗൺസിലിൽനിന്ന് മുതിർന്ന നേതാവ് സി ദിവാകരനെ ഒഴിവാക്കി. പാർട്ടി ഘടകങ്ങളിൽ 75 വയസ്സിനു മുകളിലുള്ളവർ വേണ്ടെന്ന, സമ്മേളന മാർഗ നിർദ്ദേശം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. സംസ്ഥാന സമ്മേളനത്തിലെ ജില്ലകളിലെ പ്രതിനിധികളാണ്, അതതു ജില്ലകളിൽനിന്നുള്ള കൗൺസിൽ അംഗങ്ങളെ നിർദേശിക്കുന്നത്. തിരുവനന്തപുരം ജില്ലയിൽനിന്നുള്ള അംഗങ്ങളുടെ പട്ടികയിൽ സി ദിവാകരന്റെ പേര് ഉൾപ്പെടുത്തിയിട്ടില്ല. ഇതോടെ പ്രായ പരിധി നിർദ്ദേശം പാർട്ടിയിൽ കർശനമായി നടപ്പാക്കുമെന്ന് ഉറപ്പായി.

പ്രായപരിധി നിർദ്ദേശം നടപ്പാക്കുമെന്ന് ഇന്നലെ തന്നെ സംസ്ഥാന അസി. സെക്രട്ടറി പ്രകാശ് ബാബു വ്യക്തമാക്കിയിരുന്നു. പ്രായപരിധിക്കെതിരെ ദിവാകരനും കെഇ ഇസ്മയിലും പരസ്യമായിത്തന്നെ രംഗത്തുവന്നിരുന്നു. സിപിഐ സംസ്ഥാന കൗൺസിലിൽ തിരുവനന്തപുരത്തുനിന്ന് 101 പേരാണ് ഇത്തവണ ഉണ്ടാവുക. ഇവരുടെ പട്ടിക സമ്മേളന പ്രതിനിധികൾ കൂടിയാലോചിച്ച് നേതൃത്വത്തിനു സമർപ്പിച്ചു. എല്ലാ ജില്ലകളിൽനിന്നുമുള്ള പട്ടിക ലഭിച്ച ശേഷമായിരിക്കും കൗൺസിൽ രൂപീകരണം. അതിനു ശേഷം സെക്രട്ടറി തെരഞ്ഞെടുപ്പു നടക്കും.

സംസ്ഥാന കൗൺസിൽ പ്രതിനിധികളായി 101 പേരെ തിരഞ്ഞെടുക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. മുൻപത്തെ സംസ്ഥാന കൗൺസിലിനെ അപേക്ഷിച്ച് അഞ്ച് അംഗങ്ങൾ ഇക്കുറി അധികമുണ്ട്. ജില്ലാ കമ്മിറ്റികൾ യോഗം ചേർന്ന് സംസ്ഥാന കൗൺസിലിലേക്ക് അംഗങ്ങളെ തീരുമാനിക്കുകയാണ് ചെയ്യുന്നത്. സംസ്ഥാന കൗൺസിലിലേക്ക് എത്തുന്നവരുടെ എണ്ണത്തിന്റെ ബലാബലം നോക്കിയാവും സെക്രട്ടറി സ്ഥാനത്തേക്ക് മൽസരത്തിന് ഇറങ്ങണോ എന്ന് കാനം വിരുദ്ധ വിഭാഗം തീരുമാനിക്കുക.

അതിനാൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരമുണ്ടാകുമോയെന്നത് സംസ്ഥാന കൗൺസിലിലെ അംഗബലമാണ് തീരുമാനിക്കുക.സിപിഐ സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും. അതിനിടെ പാർട്ടിയിൽ മേധാവിത്വം ഉറപ്പിച്ച് കാനം രാജേന്ദ്രൻ പക്ഷം മുന്നോട്ട് പോവുകയാണ്. സി ദിവാകരനും കെ ഇ ഇസ്മയിലിനും എതിരെ സമ്മേളത്തിൽ ഉയർന്ന രൂക്ഷ വിമർശനം വിമത നീക്കങ്ങൾ പ്രതിസന്ധിയിലാക്കി.

സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് മൂന്നാം ഊഴത്തിന് ഇറങ്ങുന്ന കാനം രാജേന്ദ്രന് മത്സരം നേരിടേണ്ടി വരുമോയെന്ന കാര്യത്തിൽ അവ്യക്തത തുടരുന്നുണ്ട്. പരസ്യ പ്രതികരണം നടത്തിയ നേതാക്കൾക്കെതിരെ നടപടി വേണമെന്ന് ഇതിനകം ആവശ്യം ശക്തമായിട്ടുണ്ട്. എല്ലാം സൗഭാഗ്യവും ലഭിച്ച മുതിർന്ന നേതാക്കളുടെ പരസ്യ പ്രതികരണങ്ങൾ സമ്മേളനത്തിന്റെ ശോഭ കെടുത്തിയെന്നായിരുന്നു കുറ്റപ്പെടുത്തൽ. അേേതസമയം സമവായ നീക്കവും സജീവമാണ്.

നേരത്തെ സിപിഐ പ്രതിനിധി സമ്മേളനത്തിൽ വലിയ തൽക്കമാണ് ഉയർന്നത്. പ്രായപരിധിയിലും പരസ്യ പ്രതികരണത്തിലും മുതിർന്ന നേതാക്കളായ സി ദിവാകരേയും കെഇ ഇസ്മയിലിനേയും എതിർത്തും അനുകൂലിച്ചും പ്രതിനിധികൾ സംസാരിച്ചതോടെയാണ് തർക്കം ആരംഭിച്ചത്. തുടർന്ന് പ്രതിനിധി സമ്മേളനം അൽപ്പ സമയം നിർത്തി വെച്ചു. പിന്നീട് പ്രസീഡിയം ഇടപെട്ടാണ് സമ്മേളനം പുനരാരംഭിച്ചത്.

സമ്മേളനത്തിന് മുമ്പ് പ്രായപരിധിയിൽ വിവാദമുണ്ടാക്കിയ മുതിർന്ന നേതാക്കളായ സി ദിവാകരേയും കെഇ ഇസ്മയിലിനേയും പല ജില്ലകളിൽ നിന്നുമുള്ള പ്രതിനിധികൾ രൂക്ഷ ഭാഷയിലാണ് വിമർശിച്ചത്. വിവാദ പ്രതികരണങ്ങളിലൂടെ സമ്മേളനത്തിന്റെ ശോഭ കെടുത്തിയെന്ന് എറണാകുളത്ത് നിന്നുള്ള പ്രതിനിധികൾ കുറ്റപ്പെടുത്തി. പ്രായപരിധി തീരുമാനത്തിൽ വിട്ടുവീഴ്ച വേണ്ടെന്നും പ്രതിനിധികൾ ആവശ്യപ്പെട്ടു.

സ്ഥാനമാനങ്ങളോ ഒരു നേട്ടമോ ഇല്ലാത്ത ആയിരങ്ങൾ പാർട്ടിക്ക് വേണ്ടി വിയർപ്പ് ഒഴുക്കുന്നുണ്ട്. എല്ലാ നേട്ടങ്ങളും ഇരു നേതാക്കൾക്കും കിട്ടിയിട്ടുണ്ടെന്നിരിക്കെ എന്തിന് പരസ്യ വിമർശനവും വിവാദവുമുണ്ടാക്കിയെന്ന ചോദ്യമാണ് പ്രതിനിധികൾ ഉന്നയിച്ചത്. പ്രായപരിധി തീരുമാനം നേതാക്കളറിഞ്ഞത് സമ്മേളനം തുടങ്ങുന്നതിന് മുൻപാണോയെന്ന ചോദ്യവും പ്രതിനിധികൾ ഉന്നയിച്ചു.

സ്വർണം കായ്ക്കുന്ന മരമായാലും പുരയ്ക്ക് ചാഞ്ഞാൽ വെട്ടണമെന്നാണ് ഒരു ഘട്ടത്തിൽ ആലപ്പുഴ പ്രതിനിധി ഈ നേതാക്കളെ കുറിച്ച് പറഞ്ഞത്. എറണാകുളത്തുനിന്നുള്ള പ്രതിനിധികൾ ഇസ്മയിലിനേയും സി ദിവാകരനേയും എതിർത്തും അനുകൂലിച്ചും എത്തിയതോടെയാണ് ബഹളമായത്. രൂക്ഷ ഭാഷയിലുള്ള വിമർശനങ്ങളുയർന്നതോടെ ഇരു കൂട്ടരും തമ്മിൽ വലിയ തർക്കമുണ്ടായി. എന്നാൽ ഈ സമയമത്രയും സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഒന്നും പ്രതികരിച്ചില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP