Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വല്യേട്ടൻ മീശപിരിച്ചാൽ പേടിച്ച് മൂത്രമൊഴിക്കുന്ന ആ പഴയ സിപിഐ അല്ലെന്ന് തിരിച്ചറിഞ്ഞ് പിണറായിയും കൂട്ടരും; ചാണ്ടിയെ രാജി വയ്പിച്ചില്ലെങ്കിൽ വിവരമറിയുമെന്ന് മന്ത്രിസഭ ബഹിഷ്‌കരിച്ചു കാനവും സംഘവും; സിപിഐ പോയാൽ മാണിയെ എടുക്കുമെന്ന തന്ത്രം സോളാർ വന്നതോടെ പാഴ്‌വെടിയായി; ഇടതു സർക്കാറിലെ തിരുത്തൽ ശക്തിയായി വലതുകമ്മ്യൂണിസ്റ്റ് പാർട്ടി കരുത്തു കാട്ടുമ്പോൾ

വല്യേട്ടൻ മീശപിരിച്ചാൽ പേടിച്ച് മൂത്രമൊഴിക്കുന്ന ആ പഴയ സിപിഐ അല്ലെന്ന് തിരിച്ചറിഞ്ഞ് പിണറായിയും കൂട്ടരും; ചാണ്ടിയെ രാജി വയ്പിച്ചില്ലെങ്കിൽ വിവരമറിയുമെന്ന് മന്ത്രിസഭ ബഹിഷ്‌കരിച്ചു കാനവും സംഘവും; സിപിഐ പോയാൽ മാണിയെ എടുക്കുമെന്ന തന്ത്രം സോളാർ വന്നതോടെ പാഴ്‌വെടിയായി; ഇടതു സർക്കാറിലെ തിരുത്തൽ ശക്തിയായി  വലതുകമ്മ്യൂണിസ്റ്റ് പാർട്ടി കരുത്തു കാട്ടുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പണ്ട് കമ്യൂണിസ്റ്റ് പാർട്ടിയുടെ പിളർപ്പുമുതൽ 'വെക്കെടാ വലതാ ചെങ്കൊടി താഴെ' എന്ന് സിപിഐയെ നോക്കി വിളിച്ചിരുന്ന സിപിഎമ്മുകാർക്ക് ഇപ്പോൾ അങ്ങനെ വിളിക്കാൻ ധൈര്യമില്ല. വോട്ടുബാങ്ക് കുറവാണെന്നും സിപിഎമ്മിന്റെ കരുണയിലാണ് സിപിഐയുടെ നിലനിൽപ്പെന്നും പറഞ്ഞ് വല്ല്യേട്ടൻ ചമയുന്ന സിപിഎമ്മിനെ ഇന്ന് അക്ഷരാർത്ഥത്തിൽ മുട്ടുകുത്തിച്ചിരിക്കുകയാണ് സിപിഐ. മന്ത്രി തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തിൽ ആദ്യംമുതലേ ശക്തമായ നിലപാട് സ്വീകരിച്ച പാർട്ടിയാണ് സിപിഐ. ആ കടുംപിടിത്തം തന്നെയാണ് ഇപ്പോ്ൾ മന്ത്രിയുടെ രാജിയിലേക്ക് കാര്യങ്ങൾ എത്തിച്ചതും.

ഞായറാഴ്ച കഴിഞ്ഞ എൽഡിഎഫ് യോഗം മുതൽ മന്ത്രിയുടെ രാജിയിൽ കുറഞ്ഞ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് സിപിഐ നേതാക്കൾ തീർത്തുപറഞ്ഞെങ്കിലും അതിനെ മയപ്പെടുത്താനുള്ള ശ്രമമാണ് സി.പി.എം സ്വീകരിച്ചത്. ഇന്നലെ കോടതിയിൽ നിന്ന് കടുത്ത വിമർശനം ഉണ്ടായിട്ടുപോലും സി.പി.എം അഴകൊഴമ്പൻ നയം സ്വീകരിക്കാനും ചാണ്ടിയെ തുടർന്നും രക്ഷിക്കാനുമാണ് നീങ്ങുന്നതെന്ന് വ്യക്തമായതോടെ ഇന്ന് സിപിഐ കടുംകൈയിലേക്ക് നീങ്ങി. ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കാതെ സിപിഐയുടെ നാലു മന്ത്രിമാരും വിട്ടുനിന്നതോടെ പിണറായിയും സിപിഎമ്മും ശരിക്കും വിരണ്ടു. ഇതോടെയാണ് രാജിവയ്ക്കാതെ നിർവാഹമില്ലെന്ന് പിണറായി തോമസ് ചാണ്ടിയോട് പറയുന്നതും ഇന്നുതന്നെ തോമസ് ചാണ്ടി രാജിവയ്ക്കുന്നതും.

കേരളത്തിൽ ഇടതുപക്ഷത്തെ വല്യേട്ടനായി സിപിഎമ്മും അവരുടെ വിരട്ടലിൽ എക്കാലവും പേടിച്ച് മൂലയ്ക്ക് നിൽക്കുന്ന പാർട്ടിയായി സിപിഐയും ചിത്രീകരിക്കപ്പെടാൻ തുടങ്ങിയിട്ട് കാലങ്ങളായി. കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടിവിഭജന കാലം മുതൽതന്നെ രണ്ടാംനിര പാർട്ടിയായി സിപിഐയെ താഴ്‌ത്തിക്കെട്ടാനും യഥാർഥ കമ്മ്യൂണിസ്റ്റുകാർ തങ്ങളാണെന്ന് സ്ഥാപിച്ചെടുക്കാനും സിപിഎമ്മും എക്കാലത്തും ഒളിഞ്ഞുംതെളിഞ്ഞും ശ്രമിച്ചിട്ടുണ്ട്.

സിപിഐയിൽ വെളിയം സംസ്ഥാന സെക്രട്ടറിയായിരുന്ന കാലത്തിന് ശേഷം സിപിഐയുടെ നേതൃത്വം അത്ര ശോഭിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നേതൃത്വത്തിൽ കൈക്കൊള്ളുന്ന സിപിഐ സമീപനങ്ങൾ ധീരമാണെന്ന വിലയിരുത്തലാണ് പൊതുവേ. ഇതിന് ശക്തമായ പിന്തുണയുമായി സിപിഐയുടെ നാലു മന്ത്രിമാരും നിലകൊള്ളുന്നത് പാർട്ടിക്ക് പുതിയൊരു മുഖമാണ് ജനങ്ങൾക്കിടയിൽ നൽകിയിട്ടുള്ളത്.

ഇതിന് തെളിവാകുകയാണ് ഏറ്റവുമൊടുവിൽ അവർ സ്വീകരിച്ച സമീപനവും. പാർട്ടി സെക്രട്ടറി കാനം രാജേന്ദ്രൻ നയിച്ച തെക്കൻ മേഖലാ ജനജാഗ്രതാ യാത്രയ്ക്ക് ആലപ്പുഴയിൽ നൽകിയ സ്വീകരണത്തിൽ കാനത്തെ ഇരുത്തിക്കൊണ്ടുതന്നെ മന്ത്രി തോമസ് ചാണ്ടി തനിക്കെതിരായ നീക്കങ്ങളെ വെല്ലുവിളിച്ചതും വലിയ ചർച്ചയായിരുന്നു. ഇതുൾപ്പെടെ ഉന്നയിച്ച് കഴിഞ്ഞ എൽഡിഎഫ് യോഗത്തിൽ കാനവും പന്ന്യനും ഉൾപ്പെടെയുള്ള നേതാക്കൾ ചാണ്ടിക്കെതിരെ ശക്തമായി പ്രതികരിക്കുകയും ചെയ്തു. മന്ത്രിയുടെ രാജിയാവശ്യത്തിൽ അന്ന് സിപിഐ ഉറച്ചുനിന്നതോടെ യോഗത്തിൽ ജനതാദൾ എസ് അംഗങ്ങളും രാജിക്കായി നിലകൊണ്ടു. എന്നിട്ടും സി.പി.എം ഒരവസരം കൂടി നൽകി എൻസിപിയെയും ചാണ്ടിയേയും രക്ഷിച്ചു.

എന്നാൽ ഇന്നലെ കോടതിയിൽ നിന്ന് മന്ത്രിക്കും സർക്കാരിനും എതിരെ പരാമർശം ഉണ്ടായിട്ടുപോലും മുഖ്യമന്ത്രി പിണറായി തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെടാതിരുന്നതാണ് സിപിഐയെ ചൊടിപ്പിച്ചത്. ഇതോടെ ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടുനിൽക്കാൻ സിപിഐ തീരുമാനിക്കുകയായിരുന്നു. റവന്യൂ മന്ത്രി ഉൾപ്പെടെ സിപിഐ മന്ത്രിമാരായ ചന്ദ്രശേഖരൻ, സുനിൽകുമാർ, തിലോത്തമൻ, രാജു എന്നീ നാലുമന്ത്രിമാരും യോഗം ബഹിഷ്‌കരിച്ചു.

തോമസ് ചാണ്ടി പങ്കെടുക്കുന്ന മന്ത്രിസഭാ യോഗത്തിന് ഇനിയില്ലെന്ന നിലപാട് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നേതൃത്വത്തിൽ പാർട്ടി ഏകകണ്ഠമായി കൈക്കൊണ്ടതോടെ സി.പി.എം വെട്ടിലായി. സിപിഐ ഇത്തരത്തിൽ ഒരു കടുത്ത നീക്കം നടത്തിയിട്ടും രാജി ഉണ്ടായില്ലെങ്കിൽ അത് ദേശീയ തലത്തിൽ തന്നെ ഇടത് ഐക്യ വിഷയത്തിൽ ചർച്ചയാകുമെന്ന് ബോധ്യപ്പെട്ടതോടെ മുഖം രക്ഷിക്കാൻ ഉടൻ തോമസ് ചാണ്ടിയോട് രാജി ആവശ്യപ്പെടുകയായിരുന്നു മുഖ്യമന്ത്രി.

അതിരപ്പിള്ളിയിലും മൂന്നാറിലും ഇപ്പോൾ മാർത്താണ്ഡം കായലിലും

റവന്യൂ, പരിസ്ഥിതി വിഷയങ്ങളിൽ ശക്തമായ നിലപാട് സിപിഐ കൈക്കൊള്ളുന്നത് ഈ സർക്കാരിന്റെ ആരംഭം മുതലേ ചർച്ചയാണ്. അതിരപ്പിള്ളി വൈദ്യുതി പദ്ധതി നടപ്പാക്കുമെന്ന മുഖ്യമന്ത്രി പിണറായിയുടെ നിലപാടിനെ എതിർത്ത് സിപിഐ രംഗത്തുവന്നതോടെ തന്നെ ഈ സർക്കാരിന്റെ കാലത്ത് വല്യേട്ടന്റെ നയങ്ങൾക്ക് കീഴടങ്ങി നിൽക്കില്ലെന്ന സന്ദേശം സിപിഐ ഉയർത്തിയെന്നു പറയാം. ഇത് വലിയ ചർച്ചയാവുകയും ചെയ്‌തെങ്കിലും സംയമനത്തോടെ സർക്കാരിന്റെ കൂട്ടുത്തരവാദിത്തത്തിന് ക്ഷീണം ഉണ്ടാവാതിരിക്കാൻ സിപിഐ സംയമനം പാലിച്ചു. എന്നാൽ മൂന്നാർ വിഷയത്തിൽ സിപിഎമ്മിന്റെ തന്നിഷ്ടം നടപ്പാക്കില്ലെന്ന് വ്യക്തമാക്കി സിപിഐ ശക്തമായി രംഗത്തുവന്നു.

ശ്രീറാം വെങ്കിട്ടരാമൻ മൂന്നാർ സബ്കളക്ടർ ആയിരിക്കെ മൂന്നാറിലെ സി.പി.എം-സിപിഐ നേതാക്കളുടെ ഉൾപ്പെടെ കയ്യേറ്റങ്ങൾക്ക് എതിരെ കൈക്കൊണ്ട ശക്തമായ നിലപാടുകൾ ചർച്ചയായി. ഇതിനെതിരെ പ്രാദേശിക സി.പി.എം നേതൃത്വം മന്ത്രി എംഎം മണിയുടെ നേതൃത്വത്തിൽ നിലകൊണ്ടു. സിപിഐയുടെ പ്രാദേശിക നേതൃത്വവും റവന്യൂ വകുപ്പിനും സബ്കളക്ടർക്കും എതിരെ മുന്നോട്ടുവന്നു. ഇതിന് അനുകൂലമായ നിലപാട് സി.പി.എം സംസ്ഥാന നേതൃത്വം സ്വീകരിച്ചതോടെ കുരിശുകയ്യേറ്റം ഒഴിപ്പിക്കൽ വിഷയം ഉന്നയിച്ച് സബ്കളക്ടറെ പുകയ്ക്കാനും നീക്കം തുടങ്ങി. എന്നാൽ റവന്യൂ മന്ത്രി ചന്ദ്രശേഖരനും സിപിഐയും സബ്കളക്ടർക്ക് പിന്തുണയുമായി എത്തിയതോടെ മൂന്നാർ വിഷയത്തിൽ സിപിഎമ്മുമായി നേരിട്ട് സിപിഐ കൊമ്പുകോർക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങളെത്തി.

ശ്രീറാമിനെ മാറ്റുന്നതിലേക്ക് കാര്യങ്ങളെത്തിക്കാൻ സിപിഎമ്മിന്റെ കരുനീക്കങ്ങൾക്ക് ആയി. എന്നാൽ ശ്രീറാമിന് പകരം അതുപോലെ തന്നെ കരുത്തനായ വിആർ പ്രേംകുമാർ എന്ന ഉദ്യോഗസ്ഥനെ സബ്കളക്ടറാക്കി സിപിഐ തിരിച്ചടിച്ചു. ഇതിന് ഇപ്പോൾ ഫലവും കണ്ടുതുടങ്ങി. കയ്യേറ്റങ്ങൾക്ക് എതിരെ പ്രേംകുമാർ ശക്തമായി നീങ്ങുന്നത് ഇപ്പോൾ വീണ്ടും ചർച്ചയാവുന്നുമുണ്ട്. ഇടത് പിന്തുണയോടെ ജയിച്ച എംപി ജോയ്‌സ് ജോർജിനും സി.പി.എം നേതാക്കൾക്കും എതിരെ ശക്തമായ നിലപാടുമായി റവന്യൂ വകുപ്പ് പ്രേംകുമാറിന്റെ നേതൃത്വത്തിൽ നടപടികളുമായി മുന്നോട്ടുപോകുകയാണ് ഇപ്പോൾ. ഇതിന് സിപിഐയുടെ എല്ലാ പിന്തുണയുമുണ്ട്.

ഇതിനിടെയാണ് മാർത്താണ്ഡം കായൽ കയ്യേറ്റ വിഷയവും തോമസ് ചാണ്ടിയുടെ റിസോർട്ടിന് എതിരായ പരാതിയും ഉയരുന്നത്. ഇക്കാര്യത്തിൽ റവന്യൂ ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ച് സംഭവം ഒതുക്കാൻ തുടക്കം മുതലേ ശ്രമം ഉണ്ടായി. ഈ സാഹചര്യത്തിലാണ് ഏറ്റെടുത്ത കാര്യങ്ങളിൽ ഒരു വിട്ടുവീഴ്ചയും കാണിക്കാത്ത ടിവി അനുപമയെന്ന യുവ ഐഎഎസുകാരിയെ റവന്യൂ വകുപ്പിന്റെ ശുപാർശയോടെ ആലപ്പുഴ ജില്ലാ കളക്ടർ ആക്കുന്നത്. ഇതേസമയത്തുതന്നെ വിഷയം കോടതിയിൽ എത്തുകയും മന്ത്രിക്കെതിരായ പരാതിയിൽ അന്വേഷണം നടത്താനും റിപ്പോർട്ട് നൽകാനും കോടതി ജില്ലാ കളക്ടറെ ചുമതലപ്പെടുത്തുകയും ചെയ്തു.

അനുപമയുടെ നിയമനക്കാര്യത്തിൽ ശക്തമായ നിലപാടെടുത്ത സിപിഐ തോമസ് ചാണ്ടിയുടെ വിഷയത്തിൽ സത്യസന്ധമായ റിപ്പോർ്ട്ടുതന്നെ സർക്കാരിന് മുന്നിൽ എത്തിക്കുന്നതിൽ വിജയിച്ചു. ഇതോടെ ഇതിനെ ചോദ്യം ചെയ്ത് തോമസ് ചാണ്ടിയെ രക്ഷിക്കാൻ പഴുതില്ലാത്ത സ്ഥിതിയിലേക്ക് കാര്യങ്ങളെത്തി. ഇക്കാര്യത്തിൽ നിയമോപദേശം തേടിയ പിണറായിയോട് മന്ത്രിയുടെ രാജിമാത്രമാണ് പോംവഴിയെന്നും മന്ത്രിയുടെ തെറ്റുകൾ വ്യക്തമാണെന്നും അഡ്വ. ജനറൽ മറുപടി നൽകുകയും ചെയ്തു. ഇതോടെ തന്നെ മന്ത്രിയെ പുറത്താക്കുന്നതിന് പകരം പിന്നെയും രാജി നീട്ടിക്കൊണ്ടു പോകുകയായിരുന്നു പിണറായി. എന്നാൽ ഇന്ന് സിപിഐ മന്ത്രിമാരുടെ ബഹിഷ്‌കരണ തന്ത്രം ഉദ്ദേശിച്ച ഫലം കണ്ടു. മന്ത്രിയുടെ രാജി വാങ്ങി സിപിഐയുടെ പിണക്കം മാറ്റാതെ സർക്കാരിന് മറ്റ് പോംവഴി ഇല്ലായിരുന്നു.

സിപിഐ പോയാൽ പോട്ടെ...മാണി വരുമെന്ന തന്ത്രം ഇനി നടക്കില്ല

ആൾബലമില്ലാത്ത ഒരു ഈർക്കിലി പാർട്ടിയാണെന്ന നിലയിലാണ് സിപിഐയെ ഇതുവരെ സി.പി.എം കണ്ടുകൊണ്ടിരുന്നത്. എന്നാൽ ഇപ്പോൾ അതല്ല സ്ഥിതിയെന്ന് സി.പി.എം തിരിച്ചറിയുന്നു. സിപിഐ വിട്ടുപോയാലും ഭുരിപക്ഷത്തിന് പ്രശ്‌നമില്ലെന്ന കാഴ്ചപ്പാട് ഒളിഞ്ഞും തെളിഞ്ഞും അവർ മുന്നോട്ടുവച്ചിട്ടുമുണ്ട്. സിപിഐ പോയാൽ മാണിയെ എൽഡിഎഫിലെടുക്കുമെന്ന നിലയിലും കാര്യങ്ങൾ നീക്കിയിരുന്നു. എന്നാൽ സോളാർ വിഷയത്തിൽ ജോസ് കെ മാണിക്കെതിരെ വരെ ആരോപണം ഉയർന്നതോടെ ഈ അധ്യായം അടഞ്ഞു. അതിനാൽ ഇനി അത്തരം നീക്കത്തിനും വിരട്ടലുകൾക്കും സിപിഎമ്മിന് സാധിക്കില്ല.

ഈ സാഹചര്യംകൂടി പരിഗണിച്ചാണ് സിപിഐ ഇപ്പോൾ തങ്ങളുടെ നിലപാടുകൾ ശക്തമായി അവതരിപ്പിക്കുന്നതും അഴിമതിക്ക് എതിരെ വിട്ടുവീഴ്ചയില്ലാത്ത സമീപനം കൈക്കൊള്ളുന്നതും. ഇതുവരെ പേടിപ്പിച്ചു നിർത്തിയതുപോലെ ഇനി സിപിഐയെ വിരട്ടിനിർത്താൻ കഴിയില്ലെന്ന് ചുരുക്കം. ഈ സർക്കാർ വന്നതിന് ശേഷം തന്നെ ഇത്തരത്തിൽ നല്ല നിലപാടുകൾക്ക് സിപിഐ മന്ത്രിമാർ കൈയടി നേടുന്നുമുണ്ട്. മന്ത്രി സുനിൽകുമാറിന്റെ നേതൃത്വത്തിൽ കാർഷികരംഗത്ത് നടത്തുന്ന വിപ്‌ളവകരമായ മുന്നേറ്റങ്ങളും ശ്രദ്ധനേടിയിരുന്നു. സി.പി.എം മന്ത്രിമാരെ അപേക്ഷിച്ച് സിപിഐ മന്ത്രിമാർ കൊള്ളാമെന്ന നിലയിൽ ജനങ്ങൾ വിലയിരുത്തുകയും ചെയ്യുന്നു.

സോഷ്യൽമീഡിയയിലും ഇത് പലപ്പോഴും ചർച്ചയാവുന്നു. ദേശീയ തലത്തിലും മൂന്നാംമുന്നണി രൂപീകരണ കാര്യത്തിലും ഇടതുപക്ഷ ഐക്യം വേണമെന്ന ഇരു പാർട്ടികളുടേയും ദേശീയ നേതാക്കൾ ആവർത്തിച്ച് വ്യക്തമാക്കുന്ന സാഹചര്യത്തിൽ സിപിഐയെ പിണക്കി മുന്നോട്ടുപോകാൻ സിപിഎമ്മിന് തൽക്കാലം കഴിയില്ല. അതിനാൽ അവരുടെ കൂടി വാക്കുകൾ കേട്ടു മാത്രമേ ഇനി സർക്കാരിന് മുന്നോട്ടുപോകാനാകൂ. ഇപ്പോൾ ആരോപണ വിധേയനായ മന്ത്രി തോമസ് ചാണ്ടിയെ രാജിവയ്‌പ്പിക്കാൻ സിപിഐ സ്വീകരിച്ച കടുംതന്ത്രം വരാനിരിക്കുന്ന സമാനമായ നീക്കങ്ങളുടെ മുന്നോടി മാത്രമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP