Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202413Saturday

ഇടതുമുന്നണിയെന്ന രീതിയിൽ നടത്തേണ്ട സെമിനാർ പാർട്ടി പരിപാടിയാക്കി; ഏക സിവിൽകോഡിലെ സിപിഎം സെമിനാറിൽ സിപിഐയുടെ മുതിർന്ന നേതാക്കളില്ല; പൗരത്വനിയമ ഭേദഗതി സമരത്തിന് സമാനമായ ഇടതുപക്ഷ കൂട്ടായ്മ വേണ്ടിയിരുന്നെന്ന് സിപിഐ; സമസ്തയും മറ്റു മതസംഘടനകളും പങ്കെടുക്കുന്ന സെമിനാറിൽ വിവാദം തുടരുന്നു

ഇടതുമുന്നണിയെന്ന രീതിയിൽ നടത്തേണ്ട സെമിനാർ പാർട്ടി പരിപാടിയാക്കി; ഏക സിവിൽകോഡിലെ സിപിഎം സെമിനാറിൽ സിപിഐയുടെ മുതിർന്ന നേതാക്കളില്ല; പൗരത്വനിയമ ഭേദഗതി സമരത്തിന് സമാനമായ ഇടതുപക്ഷ കൂട്ടായ്മ വേണ്ടിയിരുന്നെന്ന് സിപിഐ; സമസ്തയും മറ്റു മതസംഘടനകളും പങ്കെടുക്കുന്ന സെമിനാറിൽ വിവാദം തുടരുന്നു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഏക സിവിൽ കോഡ് സംബന്ധിച്ച സിപിഎം സെമിനാർ നടത്തി യുഡിഎഫിൽ വിള്ളൽ വീഴ്‌ത്താനുള്ള ശ്രമങ്ങൾ ഒരു വശത്ത് ശക്തമായിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് മുസ്ലിംലീഗിനെ സെമിനാറിലേക്ക് ക്ഷണിച്ചതും. എന്നാൽ, ലീഗിനെ നോട്ടമിട്ട് സിപിഎം രംഗത്തു വരുമ്പോഴും സിപിഐ അതൃപ്തിയിലാണ്.

ഏക സിവിൽ കോഡ് സംബന്ധിച്ച് സിപിഎം. നടത്തുന്ന സെമിനാറിൽ സിപിഐ.യും പങ്കെടുക്കില്ലെന്നാണ് മാതൃഭൂമി റിപ്പോർട്ടു ചെയ്യുന്നത്. ഇടതുമുന്നണിയെന്ന രീതിയിൽ നടത്തേണ്ട സെമിനാർ പാർട്ടിപരിപാടിയായി സിപിഎം. ചുരുക്കിയതിലുള്ള അതൃപ്തിയാണ് സിപിഐ.ക്കുള്ളതെന്നും പത്രം റിപ്പോർട്ടു ചെയ്യുന്നു. ദേശീയ കൗൺസിൽ നടക്കുന്നതിനാലാണ് നേതാക്കൾക്ക് പങ്കെടുക്കാൻ കഴിയാത്തതെന്നാണ് സിപിഐ.യുടെ ഔദ്യോഗിക വിശദീകരണം.

സെമിനാറിന്റെ സംഘാടകസമിതിയിൽ സിപിഐ.യുടെ ജില്ലാനേതാക്കൾ ഭാരവാഹികളാണ്. സെമിനാറിന്റെ പൊതുലക്ഷ്യത്തോട് എതിർപ്പില്ലാത്തതിനാൽ ജില്ലാനേതാക്കൾക്ക് അതുമായി സഹകരിച്ച് പ്രവർത്തിക്കാമെന്നാണ് സംസ്ഥാന നേതൃത്വം സ്വീകരിക്കുന്ന നിലപാട്. ഈ മാസം 14 മുതൽ മൂന്നുദിവസമാണ് സിപിഐ.യുടെ ദേശീയ കൗൺസിൽ യോഗം ഡൽഹിയിൽ ചേരുന്നത്. 15-നാണ് കോഴിക്കോട്ട് സിപിഎം. സെമിനാർ. സെമിനാർ വിവരം സിപിഎം. നേതാക്കൾ അറിയിച്ചഘട്ടത്തിൽത്തന്നെ ദേശീയ കൗൺസിൽ നടക്കുന്നതിനാൽ പങ്കെടുക്കാനാകില്ലെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അറിയിച്ചിരുന്നു.

ദീർഘദൂര യാത്ര ഒഴിവാക്കണമെന്ന് ഡോക്ടർ നിർദേശിച്ചതിനാൽ കാനം രാജേന്ദ്രൻ ദേശീയ കൗൺസിൽ യോഗത്തിൽ പങ്കെടുക്കുന്നില്ല. പക്ഷേ, അദ്ദേഹവും സെമിനാറിൽ പങ്കെടുക്കില്ല. ദേശീയ കൗൺസിൽ യോഗത്തിൽ പങ്കെടുക്കാത്ത മുതിർന്നനേതാക്കളെ ആരെയെങ്കിലും സെമിനാറിൽ പങ്കെടുപ്പിക്കാൻ സിപിഎം. സമ്മർദം ചെലുത്തുന്നുണ്ട്.

പൗരത്വനിയമ ഭേദഗതിക്കെതിരേയുള്ള സമരത്തിന് സമാനമായ രീതിയിലുള്ള ഒരു ഇടതുപക്ഷ കൂട്ടായ്മയായിരുന്നു സിവിൽ കോഡിന്റെ കാര്യത്തിലും വേണ്ടതെന്നാണ് സിപിഐ.യുടെ നിലപാട്. മുസ്ലിംലീഗിനെ ക്ഷണിച്ചും കോൺഗ്രസിനെ അകറ്റിനിർത്തിയും സെമിനാർ സംഘടിപ്പിക്കാനാണ് സിപിഎം. തീരുമാനിച്ചത്. എന്നാൽ, ക്ഷണം ലീഗ് കഴിഞ്ഞദിവസം തള്ളിയിരുന്നു.

ഈമാസം 15ന് കലിക്കറ്റ് ട്രേഡ് സെന്ററിലാണ് ദേശീയ സെമിനാർ സംഘടിപ്പിക്കുന്നത്. സെമിനാറിൽ എല്ലാവർക്കും പ്രാതിനിധ്യം ഉണ്ടാകുമെന്ന് സംഘാടക സമിതി ജനറൽ കൺവീനറും സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയുമായ പി മോഹനൻ ഇന്നലെ അറിയിച്ചിരുന്നു. സെമിനാർ സിപിഐ എം ജനറൽസെക്രട്ടറി സീതാറാംയെച്ചൂരി ഉദ്ഘാടനം ചെയ്യും.

ഇന്ത്യയുടെ ബഹുസ്വരതയെയും വിശ്വാസവൈജാത്യങ്ങളെയും ഹൈന്ദവദേശീയതയുടെ ഏകാത്മകതയിലേക്ക് വിലയിപ്പിച്ചെടുക്കാനുള്ള ആർഎസ്എസ് അജണ്ടയുടെ ഭാഗമാണ് ഏകീകൃത സിവിൽകോഡ് നീക്കങ്ങളെന്ന് തിരിച്ചറിഞ്ഞുകൊണ്ടാണ് വിവിധ സാമൂഹ്യവിഭാഗങ്ങളുടെയും സാംസ്‌കാരിക രാഷ്ട്രീയ സംഘടനകളുടെയും വിശാലവേദി കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെയാണ് സെമിനാർ സംഘടിപ്പിച്ചിരിക്കുന്നത്. എം വിഗോവിന്ദൻ , എളമരംകരീം, എം വി ശ്രേയാംസ്‌കുമാർ, പി എ മുഹമ്മദ് റിയാസ്, എ കെ ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ തുടങ്ങിയവർ പങ്കെടുക്കും.

സിപിഐയുടെ ഭാഗത്തു നിന്നും പന്ന്യൻ രവീന്ദ്രൻ പങ്കെടുക്കുമെന്നാണ് അറിയിപ്പ്. എന്നാൽ, അദ്ദേഹം പങ്കെടുക്കുമോ എന്ന കാര്യത്തിൽ ഇപ്പോഴും അവ്യക്തത തുടരുകയാണ്. സെമിനാറിൽ വിവിധ സാമൂഹ്യസംഘടനകളെ പ്രതിനിധീകരിച്ച് ബഹുമാന്യരായ; ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ (താമരശ്ശേരി രൂപത), റവ:ഡോ.ടി.ഐ.ജെയിംസ് (സി.എസ്‌ഐ). സി.മുഹമ്മദ്‌ഫൈസി (കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന വൈസ് പ്രസിഡണ്ട്, ചെയർമാൻ ഹജ്ജ്കമ്മറ്റി), എൻ.അലിഅബ്ദുള്ള (കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി).

മുക്കം ഉമ്മർഫൈസി (സെക്രട്ടറി, സമസ്ത ജംഇയ്യത്തുൽഉലമ, ഹജ്ജ് കമ്മറ്റി അംഗം), പി.എം.അബ്ദുൾസലാം ബാഖ്വി (സമസ്ത കേന്ദ്രമുശാവറ). ടി.പി.അബ്ദുള്ളക്കോയ മദനി (പ്രസിഡണ്ട്, കെ.എൻ.എം), ഡോ.ഹുസൈൻ മടവൂർ (കെ.എൻ.എം).സി.പി.ഉമ്മർ സുല്ലമി (ജനറൽ സെക്രട്ടറി, മർക്കസ്ദുവ), ഡോ.ഐ.പി.അബ്ദുൾസലാം (ഹജ്ജ് കമ്മറ്റിയംഗം, മർക്കസ്ദുവ).ഡോ.ഫസൽ ഗഫൂർ (പ്രസിഡണ്ട്, എം.ഇ.എസ്), ടി.കെ.അഷ്‌റഫ് (വിസ്ഡം ഗ്രൂപ്പ്). ഒ.ആർ.കേളു എംഎ‍ൽഎ (ആദിവാസി ക്ഷേമസമിതി), പുന്നല ശ്രീകുമാർ (ജനറൽ സെക്രട്ടറി, കെ.പി.എം.എസ്), രാമഭദ്രൻ (കേരള ദളിത് ഫെഡറേഷൻ). കലാസാഹിത്യസാംസ്‌കാരിക രംഗത്തെ പ്രമുഖരും സെമിനാറിൽ പങ്കെടുക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP