Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202230Wednesday

പ്രായപരിധി 75ആക്കിയാൽ ദിവാകരനും ഇസ്മായിലും സ്ഥാനമാനങ്ങളിൽ നിന്ന് തെറിക്കും; സംഘടനയിൽ പിടിമുറുക്കാൻ എതിരാളികളെ അരിഞ്ഞു വീഴ്‌ത്താൻ കുതന്ത്രവുമായി കാനം; പരസ്യമായി പൊട്ടിത്തെറിച്ച് സെക്രട്ടറി സ്ഥാനത്ത് കാനത്തിന് ആക്രാന്തമെന്ന് പറഞ്ഞ് മുതിർന്ന നേതാക്കൾ; സിപിഐയിൽ പൊട്ടിത്തെറി; സംസ്ഥാന സമ്മേളനത്തിൽ മത്സരം ഉറപ്പായി

പ്രായപരിധി 75ആക്കിയാൽ ദിവാകരനും ഇസ്മായിലും സ്ഥാനമാനങ്ങളിൽ നിന്ന് തെറിക്കും; സംഘടനയിൽ പിടിമുറുക്കാൻ എതിരാളികളെ അരിഞ്ഞു വീഴ്‌ത്താൻ കുതന്ത്രവുമായി കാനം; പരസ്യമായി പൊട്ടിത്തെറിച്ച് സെക്രട്ടറി സ്ഥാനത്ത് കാനത്തിന് ആക്രാന്തമെന്ന് പറഞ്ഞ് മുതിർന്ന നേതാക്കൾ; സിപിഐയിൽ പൊട്ടിത്തെറി; സംസ്ഥാന സമ്മേളനത്തിൽ മത്സരം ഉറപ്പായി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം:സിപിഐയിൽ പൊട്ടിത്തെറി. സിപിഐ 24-ാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായുള്ള സംസ്ഥാന സമ്മേളനം ഈ മാസം 30 മുതൽ ഒക്ടോബർ 3 വരെ തിരുവനന്തപുരത്ത് നടക്കാനിരിക്കെ സംസ്ഥാന സെക്രട്ടറിക്കെതിരായ എതിർപ്പുകൾ മറനീക്കി പുറത്തേക്ക്. നിലവിലെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ തന്നേക്കാൾ ജൂനിയറാണെന്നും തന്നെ ഒതുക്കാമെന്ന് ആരും കരുതേണ്ടെന്നും മുതിർന്ന നേതാവ് സി ദിവാകരൻ ഇന്ന് പ്രതികരിച്ചു. ഇതോടെ കാനത്തിനെതിരെ മത്സരം ഉറപ്പാകുമെന്ന സ്ഥിതി വന്നു. കെ ഇ ഇസ്മായിലും കാനത്തെ മാറ്റാൻ സജീവമായി രംഗത്തുണ്ട്. പ്രകാശ് ബാബു സെക്രട്ടറിയായി മത്സരിക്കുമെന്നാണ് സൂചന.

കാനത്തിനെതിരെ അതിരൂക്ഷ വിമർശനമാണ് ദിവാകരൻ നടത്തിയത്. സംസ്ഥാനത്ത് നേതൃമാറ്റം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഒരാൾ തന്നെ സെക്രട്ടറിയായി തുടരണമെന്ന ആക്രാന്തം എന്തിന്? കാനം രാജേന്ദ്രൻ എന്നേക്കാൾ ജൂനിയറാണ്. തിരുത്താൻ നോക്കിയപ്പോൾ തയ്യാറായില്ല. പിന്നെ ഇടപെടാൻ ശ്രമിച്ചില്ല. പ്രായപരിധി നിർദ്ദേശം അംഗീകരിക്കില്ലെന്നും തന്നെ വെട്ടിമാറ്റാമെന്ന് ആരും കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സെക്രട്ടറി പദവിയിൽ പ്രായപരിധിയുണ്ടോയെന്ന് ദേശീയ നേതൃത്വം പറയട്ടെയെന്ന് ദിവാകരൻ പറഞ്ഞു. സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് ഇക്കുറി മത്സരം നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

75 വയസ്സെന്ന പ്രായപരിധി കർശനമാക്കാനാണ് നീക്കം. എന്നാൽ ഇതൊരു നിർദ്ദേശം മാത്രമാണ്. പാർട്ടി കോൺഗ്രസ് അംഗീകരിച്ചാലേ ചട്ടമാകൂ. അതുകൊണ്ട് തന്നെ കാനത്തിന്റെ നീക്കം നടക്കില്ലെന്നാണ് ദിവാകരനും കൂട്ടരും പറയുന്നത്. കെ ഇ ഇസ്മായിലും കാനത്തെ വെട്ടാൻ അവസരം നോക്കി ഇരിക്കുകയാണ്. ദിവാകരന്റെ പരസ്യ പ്രതികരണത്തിന് ഇസ്മായിൽ വിഭാഗത്തിന്റേയും പിന്തുണയുണ്ട്. കാനത്തിനെതിരെ സ്ഥാനാർത്ഥിയെ നിർത്താനുള്ള തീരുമാനം ഉണ്ടായി എന്നാണ് സൂചന.. സിപിഐയിൽ പ്രായപരിധി നടപ്പാക്കുന്നതിനെതിരേ മുതിർന്ന നേതാവ് കെ ഇ ഇസ്മായിൽ രംഗത്തുണ്ട്. ചെറുപ്പമാണ് പ്രവർത്തനത്തിന്റെ മാനദണ്ഡം എന്നുപറയാനാകില്ല. പ്രായപരിധി കൊണ്ടുവരുന്നതുകൊണ്ട് മിടുക്കരായ യുവാക്കൾ നേതൃത്വത്തിലേക്ക് കടന്നുവരണമെന്നില്ലെന്നും ഇസ്മായിൽ പ്രതികരിച്ചിരുന്നു.

സിപിഐ സംസ്ഥാന സമ്മേളനത്തിൽ ഭൂരിഭാഗം പേരും പ്രായപരിധി ഏർപ്പെടുത്തുന്നതിനെ എതിർക്കുമെന്നും കെ ഇ ഇസ്മായിൽ വ്യക്തമാക്കി. പ്രായപരിധി നിശ്ചയിക്കുന്നതിന് മുമ്പും അർഹരായ യുവാക്കൾക്ക് അവസരം നൽകിയിട്ടുണ്ട്. ജനങ്ങൾക്കും നാടിനും വേണ്ടിയും പ്രവർത്തിക്കുന്ന ചെറുപ്പക്കാരെ പ്രമോട്ട് ചെയ്യുന്ന പാർട്ടിയാണിത്. ഈ വരുന്ന പാർട്ടി കോൺഗ്രസിൽ ഇതുസംബന്ധിച്ച് ഭേദഗതി കൊണ്ടുവന്നാലേ ഇതംഗീകരിക്കപ്പെടുന്നുള്ളൂ. ' ഇസ്മായിലും പ്രതികരിച്ചിരുന്നത്. 75 വയസ് എന്ന പ്രായപരിധിയാണ് സിപിഐയിൽ കാനം രാജേന്ദ്രൻ പക്ഷം മുന്നോട്ടുവയ്ക്കുന്നത്. എന്നാൽ ഈ പരിധി തീരുമാനിച്ചാൽ കെ ഇ ഇസ്മായിലും സി ദിവാകരനും സംസ്ഥാന കൗൺസിലിൽ നിന്ന് പുറത്താകും. കെ ഇ ഇസ്മായിലിന് ദേശീയ നിർവാഹക സമിതി അംഗത്വവും നഷ്ടമാകും. ജില്ലാ സെക്രട്ടറിമാരുടെ പ്രായപരിധി 65 ആക്കാനും നീക്കമുണ്ട്. ഇത് അംഗീകരിക്കില്ലെന്നാണ് ഇസ്മായിലിന്റെ നിലപാട്. ആരോഗ്യം ഉള്ള ആർക്കും പാർട്ടി പ്രവർത്തനം നടത്താമെന്നാണ് ഇസ്മായിലിന്റെ വാദം.

പ്രായപരിധി വിവാദത്തിന് പുറമെ പാർട്ടി ഘടനയിലും കാതലായ മാറ്റം ആവശ്യപ്പെട്ട് കാനം വിരുദ്ധപക്ഷം സജീവമാണ്. സംസ്ഥാന സെക്രട്ടറിയുടെ ഏകപക്ഷീയ നയങ്ങൾ അംഗീകരിച്ച് പോകാനാകില്ലെന്ന നിലപാട് സംസ്ഥാന സമ്മേളന വേദിയിൽ ഉയർത്തിക്കൊണ്ടുവരാനാണ് നീക്കം. അതേ സമയം പാർട്ടി മെന്പർഷിപ്പിലടക്കം ഉണ്ടായ വൻ വളർച്ച നേതൃത്വത്തിന്റെ സ്വീകാര്യതക്ക് തെളിവായി ഉയർത്തിക്കാട്ടുകയാണ് കാനം അനുകൂലികൾ

ഇടതുമുന്നണിയിൽ തിരുത്തൽ ശക്തിയാകാൻ കഴിയുന്നില്ലെന്ന ആരോപണത്തിനൊപ്പം നേതൃത്വത്തിന്റെ ഏകപക്ഷീയ ഇടപെടലിലെതിരെയും ജില്ലാ സമ്മേളനങ്ങളിൽ കടുത്ത വിമർശനങ്ങളുയർന്നിരുന്നു. ഇതിന്റെ ചുവട് പിടിച്ചാണ് പാർട്ടി ഘടനയിൽ തന്നെ മാറ്റം വേണമെന്ന ആവശ്യം ശക്തമാകുന്നത്. സംസ്ഥാന സെന്ററിന്റെ പ്രവർത്തനം ഒറ്റയാളിലേക്ക് ഒതുങ്ങിയെന്ന ആക്ഷേപത്തിന്റെ ചുവടുപിടിച്ചാണ് ഈ നീക്കം. ത്രിതല ഘടനയിൽ പ്രവർത്തിച്ചിരുന്ന പാർട്ടിക്ക് ഇപ്പോൾ സംസ്ഥാന കൗൺസിലും എക്‌സിക്യൂട്ടീവും മാത്രമാണുള്ളത്. അംഗങ്ങളുടെ എണ്ണക്കൂടുതൽ കാരണം അടിക്കടി യോഗം ചേരാനോ ഫലപ്രദമായ ചർച്ചക്കോ ഇടമില്ല.

നേതൃത്വം അറിയിക്കുന്ന തീരുമാനം അംഗീകരിച്ചു മടങ്ങുന്ന ഈ പതിവിന് അപ്പുറം മുൻപുണ്ടായിരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് തിരിച്ച് കൊണ്ടുവരണമെന്നാണ് പ്രധാന ആവശ്യം. എക്‌സിക്യൂട്ടീവിന് മുകളിൽ പത്തിൽ താഴെ അംഗങ്ങളുള്ള സംസ്ഥാന സെക്രട്ടേറിയറ്റ് വേണമെന്ന ആവശ്യം സംസ്ഥാന സമ്മേളന വേദിയിൽ ശക്തമായി ഉയർന്നു വന്നേക്കും. ആഴ്ചയിലൊരിക്കലെങ്കിലും സെക്രട്ടേറിയറ്റ് യോഗം ചേർന്നാൽ സംഘടനാപരമായും രാഷ്ട്രീയമായും നയരൂപീകരണത്തിന് ഇടംകിട്ടുമെന്നാണ് വാദം.

സെക്രട്ടറി സ്ഥാനത്തു തുടരാനാണ് കാനം തീരുമാനിക്കുന്നതെങ്കിൽ അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബുവിനെ തന്നെ മത്സരത്തിന് ഇറക്കാനുള്ള കൊണ്ടു പിടിച്ച നീക്കങ്ങളും നടക്കുന്നുണ്ട്. അതേ സമയം സെക്രട്ടേറിയായി പ്രവർത്തിച്ച രണ്ട് ടേമുകൊണ്ട് മാത്രം പാർട്ടി മെമ്പർഷിപ്പിന്റെ എണ്ണത്തിലുണ്ടായ കുതിച്ച് ചാട്ടം ചൂണ്ടിക്കാട്ടി സംഘടനയുടെ ആകെ പിന്തുണ ഉറപ്പിക്കുകയാണ് കാനം അനുകൂലികൾ

തിരുവനന്തപുരത്ത് ഒക്ടോബർ ഒന്നിന് പാർട്ടി സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ചുള്ള പ്രതിനിധി സമ്മേളനം ദേശീയ ജനറൽ സെക്രട്ടറി ഡി രാജ ഉദ്ഘാടനം ചെയ്യും. ഒക്ടോബർ ഒന്നിന് വൈകീട്ട് നാലിന് ടാഗോർ ഹാളിൽ സെമിനാർ നടക്കും. ഇതിൽ കേരളാ മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും പങ്കെടുക്കും. ഫെഡറലിസവും കേന്ദ്ര സംസ്ഥാന ബന്ധങ്ങളും എന്ന സെമിനാറിലാണ് ഇരുവരും പങ്കെടുക്കുക. സംസ്ഥാനത്തെ ജില്ലാ സമ്മേളനങ്ങൾ തെരഞ്ഞെടുത്ത 563 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP