Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പിണറായി പുറം ചൊറിയാൻ പറഞ്ഞാൽ അതു ചെയ്യുന്ന സെക്രട്ടറിയെ അംഗീകരിക്കില്ലെന്ന് ബിനോയ് വിശ്വം; പ്രകാശ് ബാബുവും സി എൻ ചന്ദ്രനും കൈവിട്ടതോടെ കാനം ഒറ്റപ്പെട്ടു; അരിക്കച്ചവടം സ്ഥിരീകരിക്കുന്ന മന്ത്രി തിലോത്തമന്റെ ലക്ഷ്യവും സെക്രട്ടറിയെ പുറത്താക്കൽ; അധികാരത്തിൽ കൈകടത്താൻ അനുവദിക്കില്ലെന്ന് മന്ത്രി ചന്ദ്രശേഖരനും; ഒറ്റപ്പെടുന്ന 'സർക്കാരിന്റെ സുഹൃത്തിന്' പിന്തുണയുമായി എത്തിയത് കോടിയേരി മാത്രം; കാനത്തിന് സിപിഐയിൽ പിടി അയയുന്നു; കരുതലോടെ കളിക്കാൻ ഇസ്മായിൽ പക്ഷം

പിണറായി പുറം ചൊറിയാൻ പറഞ്ഞാൽ അതു ചെയ്യുന്ന സെക്രട്ടറിയെ അംഗീകരിക്കില്ലെന്ന് ബിനോയ് വിശ്വം; പ്രകാശ് ബാബുവും സി എൻ ചന്ദ്രനും കൈവിട്ടതോടെ കാനം ഒറ്റപ്പെട്ടു; അരിക്കച്ചവടം സ്ഥിരീകരിക്കുന്ന മന്ത്രി തിലോത്തമന്റെ ലക്ഷ്യവും സെക്രട്ടറിയെ പുറത്താക്കൽ; അധികാരത്തിൽ കൈകടത്താൻ അനുവദിക്കില്ലെന്ന് മന്ത്രി ചന്ദ്രശേഖരനും; ഒറ്റപ്പെടുന്ന 'സർക്കാരിന്റെ സുഹൃത്തിന്' പിന്തുണയുമായി എത്തിയത് കോടിയേരി മാത്രം; കാനത്തിന് സിപിഐയിൽ പിടി അയയുന്നു; കരുതലോടെ കളിക്കാൻ ഇസ്മായിൽ പക്ഷം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മകനെതിരെ വീക്ഷണം ഉയർത്തിയ ആരോപണത്തിൽ വെളിപ്പെടുത്തലുമായി മന്ത്രി പി തിലോത്തമനും. ഭക്ഷ്യ വകുപ്പിന്റെ പ്രവർത്തനങ്ങളിൽ ഇടപെടുന്നെന്ന പ്രചാരണം ദുഷ്്ടലാക്കോടു കൂടിയാണെന്ന് പറയുന്ന മന്ത്രി അരിയുടെ വില അമിതമായി ഉയർന്ന സന്ദർഭത്തിൽ ആന്ധ്രയിൽ നിന്നു നേരിട്ട് അരി വാങ്ങുകയായിരുന്നുവെന്നും കൂട്ടി ചേർക്കുന്നു. ഈ വകുപ്പിന്റെ ഭരണപരമായ പ്രവർത്തനങ്ങളിൽ പുറത്തു നിന്ന് ആരെങ്കിലും ഇടപെടുകയോ സപ്ലൈകോയുടെ വാണിജ്യ ഇടപാടുകളിൽ പങ്കുചേരുകയോ ഉണ്ടായിട്ടില്ല. എന്നാൽ ഇടപാടുകൾ നടന്നുവെന്നും വ്യക്തമാക്കുന്ന മന്ത്രി പ്രതികൂട്ടിൽ നിർത്തുന്ന് കാനത്തിന്റെ മകനെയാണ്. കേരളത്തിലെ റേഷൻ വിതരണം നിയന്ത്രിച്ചിരുന്ന സ്വകാര്യ- മൊത്ത വിതരണക്കാരെ പുറത്താക്കാനും സർക്കാർ സംവിധാനം വഴി റേഷൻ വിതരണം നടത്താനും ഇച്ഛാശക്തി കാണിച്ച സർക്കാരിനെതിരെയുള്ള കുപ്രചാരണങ്ങൾ തള്ളുന്നതായി മന്ത്രി പറഞ്ഞു.

അതിനിടെ സിപിഐയിൽ കാനത്തിന് പിന്തുണ കുറയുകയാണ്. അഴിമതിക്കഥ വീക്ഷണം പുറത്താക്കിയതോടെ ബിനോയ് വിശ്വം പോലും കാനത്തിന് കൈവിട്ടു. പിണറായി പുറം ചൊറിയാൻ പറഞ്ഞാൽ കാനം അതു ചെയ്യുന്ന അവസ്ഥയിലാണെന്നാണ് ഉയരുന്ന വിമർശനം. ഇത് അംഗീകരിക്കാനാകില്ലെന്ന് ബിനോയ് വിശ്വം വിശ്വസ്തരോട് വ്യക്തമാക്കി കഴിഞ്ഞു. കാനത്തിന് മുമ്പ് ഉറച്ച പിന്തുണ നൽകിയ പ്രകാശ് ബാബു, സി എൻ ചന്ദ്രൻ, കെ രാജൻ എന്നിവും കാനത്തിനെ കൈവിട്ടു. മന്ത്രിമാരായ ഇ ചന്ദ്രശേഖരൻ, പി രാജു, തിലോത്തമൻ എന്നിവരും കൈവിട്ടു. ഇതോടെ കാനം സിപിഐയിൽ ഒറ്റപ്പെടുകയാണ്. പാർട്ടിയിൽ ചോദ്യം ചെയ്യപ്പെടാത്ത നേതാവെന്ന പരിവേഷത്തിൽ വിള്ളൽ വീഴുമ്പോൾ കാനത്തിന്റെ മുൻതൂക്കം ഇല്ലാതാകുകയാണ്. തിരുവനന്തപുരം, കൊല്ലം ജില്ലാ കമ്മറ്റികളും കാനത്തെ കൈവിട്ടു.

പാർട്ടിയിൽ കാനം പിടിമുറുക്കിയതിനേത്തുടർന്ന് ഏറെക്കുറെ നിഷ്പ്രഭമായ കെ.ഇ. ഇസ്മയിൽ ഗ്രൂപ്പും പുതിയ സാഹചര്യം മുതലെടുത്ത് അദ്ദേഹത്തിനെതിരേ നീക്കങ്ങൾ സജീവമാക്കി. പ്രത്യക്ഷത്തിൽത്തന്നെ കാനത്തിന്റെ എതിർചേരിയിലുള്ള എറണാകുളം ജില്ലാ കമ്മിറ്റിക്കു പുറമേ ഇടുക്കി, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ പ്രമുഖനേതാക്കളെയും ഒപ്പം നിർത്തിയാണു മറുപക്ഷത്തിന്റെ നീക്കങ്ങൾ. അതിനിടെ ലാത്തിച്ചാർജ് വിവാദത്തിൽ സ്വന്തം പാർട്ടിയിൽത്തന്നെ വിമർശനം നേരിടുന്ന സിപിഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനു പിന്തുണയുമായി സിപിഎം. നേതൃത്വം രംഗത്ത് വന്നു. കാനത്തെ അപഹസിക്കാനാണു ചിലരുടെ ശ്രമമെന്നു സിപിഎം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചു. ലാത്തിച്ചാർജിനെക്കുറിച്ചുള്ള വസ്തുതയാണു കാനം പറഞ്ഞത്. അതിന് അദ്ദേഹത്തെ മോശക്കാരനാക്കേണ്ട കാര്യമില്ല. പൊലീസിനെ സിപിഎമ്മും വിമർശിക്കാറുണ്ട്. ജനങ്ങളിൽനിന്ന് ഒന്നും മറയ്ക്കാനില്ലെന്നും കോടിയേരി പറഞ്ഞു. ഇതും സിപിഐയിൽ കാനത്തിന് എതിർപ്പ് കൂട്ടാൻ പോന്ന കാര്യമാണ്.

എറണാകുളം ജില്ലാ സെക്രട്ടറി പി. രാജു പാർട്ടിയിലെ കെ ഇ ഇസ്മായിൽ പക്ഷത്തെ പിന്തുണയ്ക്കുന്നയാളാണ്. എൽദോ ഏബ്രഹാം കാനത്തിന്റെ വിശ്വസ്തനും. തനിക്കെതിരെ രൂക്ഷവിമർശനം ഉയർന്ന എറണാകുളം ജില്ലാ നിർവാഹകസമിതിയിൽ നിന്നു വിട്ടുനിൽക്കാനുള്ള തീരുമാനം കൊച്ചിയിലെത്തും മുൻപുതന്നെ കാനം എടുത്തിരുന്നു. മധ്യമേഖലാ റിപ്പോർട്ടിങ് മാത്രമായിരുന്നു കൊച്ചി സന്ദർശനത്തിന്റെ അജൻഡ. പുതിയ വിവാദത്തോടെ എൽദോയും കാനവുമായി അകന്നു. ഇത് എറണാകുളത്തും കാനത്തിന് തിരിച്ചടിയാണ്. കൊച്ചിയിലെ പൊലീസ് മാർച്ചടക്കം അനാവശ്യമായിരുന്നുവെന്ന നിലപാട് കാനത്തിന്റെ പ്രതികരണങ്ങളെ സ്വാധീനിക്കുന്നുണ്ട്. പൊലീസിനെ ന്യായീകരിക്കുന്ന സ്വരം അദ്ദേഹത്തിൽ നിന്നുണ്ടായതിൽ കാനത്തെ അനുകൂലിക്കുന്നവരും നടുക്കത്തിലാണ്. സി.എൻ. ജയദേവനെപ്പോലെ മുതിർന്ന നേതാവ് തന്നെ 'ബ്ലാക്മെയിലിങ്' സൂചനകളെക്കുറിച്ചു പരാമർശിക്കാൻ തയാറായതും ശ്രദ്ധേയം.

നേരത്തെ തിരുത്തൽ ശക്തിയെന്ന പ്രതിഛായയോടെ കാനം നടത്തിയ ഇടപെടലുകൾ സിപിഎം അണികളെപ്പോലും ആകർഷിച്ചിരുന്നു. ചിലയിടങ്ങളിൽ സിപിഎമ്മിൽ നിന്നു സിപിഐയിലേക്ക് ആളെ കൂട്ടാൻ വരെ കാനത്തിനു സാധിച്ചു. എന്നാൽ കഥ മാറുകയാണ്. കാനം രാജേന്ദ്രനിൽ നിന്നു പാർട്ടിയെ രക്ഷിക്കണമെന്നെഴുതിയ പോസ്റ്ററുകൾ പാർട്ടി ആലപ്പുഴ ജില്ലാ ഓഫിസിന്റെ മതിലിൽ ഉൾപ്പെടെ പ്രത്യക്ഷപ്പെട്ടു. തിരുത്തൽവാദികൾ സിപിഐ അമ്പലപ്പുഴ എന്ന പേരിലാണു പോസ്റ്ററുകൾ. ഇന്നലെ രാവിലെയാണു പാർട്ടി ഓഫിസിന്റെയും മാധ്യമ സ്ഥാപനങ്ങളുടെയും മതിലുകളിൽ പോസ്റ്റർ കണ്ടത്. പാർട്ടി ഓഫിസ് മതിലിലെ പോസ്റ്റർ പ്രവർത്തകർ നീക്കം ചെയ്തു. ദൃശ്യമാധ്യമങ്ങളെ പഴി ചാരുന്ന വിധത്തിലായിരുന്നു ജില്ലാ സെക്രട്ടറി ടി.ജെ. ആഞ്ചലോസിന്റെ പ്രതികരണം. പാർട്ടിയുമായി ബന്ധമുള്ള ഒരാളും ഇതിനു മുതിരില്ലെന്നും മുഖ്യമന്ത്രിക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകിയിട്ടുണ്ടെന്നും ആഞ്ചലോസ് പറഞ്ഞു.

മണിചിത്രത്താഴിട്ട് പൂട്ടിയ കാനം

കാനം രാജേന്ദ്രനെ മണിച്ചിത്രത്താഴിട്ടു പൂട്ടിയിരിക്കുകയാണെന്ന് എറണാകുളം ജില്ലാ എക്സിക്യൂട്ടീവ് യോഗത്തിൽ വിമർശനം. ഡിഐജി ഓഫിസ് മാർച്ചിലെ പൊലീസ് ലാത്തിച്ചാർജിനു ശേഷം ചേർന്ന ജില്ലാ എക്സിക്യൂട്ടീവിന്റെയും മണ്ഡലം കമ്മിറ്റി സെക്രട്ടറിമാരുടെയും യോഗത്തിലാണ് സംസ്ഥാന സെക്രട്ടറിക്കെതിരെ രൂക്ഷമായ ആക്ഷേപങ്ങളുയർന്നത്.

പൊലീസ് മർദനത്തിനിരയായവർ ബാൻഡേജും പ്ലാസ്റ്ററുമിട്ടാണു യോഗത്തിനെത്തിയതെങ്കിലും അതൊന്നും കാണാൻ കാനം എത്തിയില്ല. പാർട്ടി മധ്യമേഖലാ റിപ്പോർട്ടിങ്ങിന് ആലുവയിലെത്തിയ അദ്ദേഹം അതേ സ്ഥലത്തെ എക്സിക്യൂട്ടീവിൽ നിന്നു വിട്ടുനിന്നു. യോഗം തീരുംവരെ ഒന്നര കിലോമീറ്റർ അകലെ മണ്ഡലം സെക്രട്ടറിയുടെ വീട്ടിൽ വിശ്രമത്തിലായിരുന്നു അദ്ദേഹം. പൊലീസ് ലാത്തിച്ചാർജിൽ പരുക്കേറ്റ എൽദോ ഏബ്രഹാം എംഎൽഎ അവിടയെത്തി കണ്ടു. ഇക്കണക്കിനു പോയാൽ കാനം പാർട്ടി പിരിച്ചുവിടുമെന്നായിരുന്നു എക്സിക്യൂട്ടിവിലെ ഒരു പരാമർശം. ജില്ലാ കമ്മിറ്റിയെ സംസ്ഥാന സെക്രട്ടറി തള്ളിപ്പറഞ്ഞു. കാനത്തിന്റെ നിലപാടു മൂലം എൽദോ ഏബ്രഹാം എംഎൽഎക്കു പുറത്തിറങ്ങി നടക്കാനാവുന്നില്ല.

ഇക്കണക്കിനു പോയാൽ പാർട്ടി നടത്തുന്ന സമരങ്ങൾക്ക് ആളെക്കിട്ടാതാവും. കോടിയേരിയുടെ മകനുവേണ്ടി പോലും അനുഭാവത്തോടെ സംസാരിച്ച കാനം പാർട്ടി ജില്ലാ സെക്രട്ടറിക്ക് അടിയേറ്റിട്ടും ഒരക്ഷരം പിന്തുണച്ചു സംസാരിച്ചില്ലെന്നും അംഗങ്ങൾ ആരോപിച്ചു. കാനത്തെ അനുകൂലിക്കുന്ന പ്രതിനിധികൾ മൗനം പാലിച്ചു. ജില്ലാ എക്സിക്യൂട്ടീവിൽ താൻ പങ്കെടുക്കണമെന്നു തീരുമാനിച്ചിരുന്നില്ലെന്ന് കാനം വിശദീകരിച്ചു. എന്നാൽ, കാനം പങ്കെടുക്കുമെന്ന സൂചന നൽകിയത് ജില്ലാ നേതൃത്വം തന്നെയായിരുന്നു.

കാനത്തിന്റെ സാന്നിധ്യത്തിൽ ചിലത് പറയാൻ തയ്യാറായിത്തന്നെയായിരുന്നു അംഗങ്ങൾ വന്നിരുന്നത്. എന്നാൽ, അദ്ദേഹം യോഗത്തിൽ പങ്കെടുക്കാതെ മാറിനിന്നു. മണ്ഡലം സെക്രട്ടറിമാരുെടയും ജില്ലാ എക്സിക്യുട്ടീവ് അംഗങ്ങളുടെയും യോഗമാണ് ആദ്യം ചേർന്നത്. അതിൽ ചർച്ചയിൽ പങ്കെടുത്ത ഒമ്പത് മണ്ഡലം പ്രസിഡന്റുമാരാണ് അതിരൂക്ഷമായി കാനത്തെ വിമർശിച്ചത്. കോടിയേരിയുടെ മകനെ രക്ഷിക്കാൻ പ്രസ്താവന ഇറക്കിയ കാനത്തിന് പാർട്ടി ജില്ലാ സെക്രട്ടറിയുടെ തല പൊലീസ് തല്ലിപ്പൊളിച്ചപ്പോൾ മിണ്ടാട്ടമില്ലാതായിപ്പോയി എന്നാണ് വിമർശനം.

ഡി.ഐ.ജി. ഓഫീസ് മാർച്ച് അറിയിച്ചിട്ട് അത് ഉദ്ഘാടനം ചെയ്യാൻ പോലും ഒരാളെ പാർട്ടി സെന്റർ അയച്ചില്ല. അത് എന്തുകൊണ്ടെന്ന് വിശദീകരിക്കണം. ജില്ലാ സെക്രട്ടറി പി. രാജുവിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനാണ് സിപിഎം. ശ്രമിക്കുന്നത്. അത് അംഗീകരിക്കാനാവില്ല. എറണാകുളം ജില്ലയിൽ സിപിഐ.-സിപിഎം. ബന്ധം വഷളാണ്. എന്നാൽ, അത് പരിഹരിക്കാൻ പാർട്ടി സെന്റർ ഇടപെടുന്നേയില്ല. ഇത്രയും സംഭവങ്ങൾ ഉണ്ടായിട്ടും സിപിഎം. ജില്ലാ നേതൃത്വം അന്വേഷിച്ചതേയില്ല. ജില്ലാ സെക്രട്ടറി സ്റ്റെപ്പിൽനിന്ന് കാലുതെറ്റി വീണ് പരിക്കുപറ്റിയാൽ പോലും അത് അന്വേഷിക്കില്ലെ? എന്നാൽ, ഇത്ര വലിയ ലാത്തിച്ചാർജ് ഉണ്ടായിട്ടും സിപിഎം. അന്വേഷിച്ചു പോലുമില്ല.

കളക്ടർ അന്വേഷണം നടത്തുന്നത് ലാത്തിച്ചാർജിനെക്കുറിച്ചു മാത്രമാണ്. എന്നാൽ, എല്ലാത്തിനും കാരണക്കാരനായ ഞാറയ്ക്കൽ സിഐ.യെ ഇതിൽനിന്ന് ഒഴിവാക്കിയിരിക്കുകയാണ്. സിഐ.ക്കെതിരേയും നടപടി ഉണ്ടായെ മതിയാവു. ഇക്കാര്യങ്ങളിൽ തീരുമാനം എടുത്ത ശേഷം മാത്രം മതി ഇനി ജില്ലയിൽ ഇടതുമുന്നണി സംവിധാനത്തിൽ പോകുന്നതെന്നും യോഗത്തിൽ ചർച്ച വന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP