Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പിണറായിയുടെ വാദങ്ങളെ തള്ളി ബാറിൽ മാണിക്കെതിരെ നിലപാട് കടുപ്പിച്ച് പന്ന്യൻ; മാണിയേയും കോണിയേയും ഇടത് മുന്നണിക്ക് വേണ്ട; കോഴക്കേസിൽ എൽഡിഎഫിന് യോജിച്ച നിലപാടിലെത്താനാകാത്തത് വീഴ്ചയെന്ന് സിപിഐ സെക്രട്ടറി

പിണറായിയുടെ വാദങ്ങളെ തള്ളി ബാറിൽ മാണിക്കെതിരെ നിലപാട് കടുപ്പിച്ച് പന്ന്യൻ; മാണിയേയും കോണിയേയും ഇടത് മുന്നണിക്ക് വേണ്ട; കോഴക്കേസിൽ എൽഡിഎഫിന് യോജിച്ച നിലപാടിലെത്താനാകാത്തത് വീഴ്ചയെന്ന് സിപിഐ സെക്രട്ടറി

തിരുവനന്തപുരം: ബാർ കോഴവിവാദത്തിൽ സിപിഐ(എം) സമീപനത്തെ തള്ളി സിപിഐ രംഗത്ത്. ധനമന്ത്രി കെ.എം മാണി രാജിവച്ച് അന്വേഷണം നേരിടണമെന്നും സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ ആവശ്യപ്പെട്ടു. ഇടതു മുന്നണിയിൽ മാണിയും കോണിയും ആവശ്യമില്ലെന്നും പന്ന്യൻ പറഞ്ഞു.

ബാർ കോഴയിലെ സിപിഐ(എം) നിലപാടിനു വിരുദ്ധമായാണ് പന്ന്യൻ നിലപാടുകൽ വിശദീകിരച്ചത്. ഇടതു സമരങ്ങൾ അഡ്ജസ്റ്റ്‌മെന്റ് സമരമാണെന്ന ആക്ഷേപം ജനങ്ങൾക്കിടയിൽ ശക്തമാണെന്നും പറഞ്ഞു. ബാർ കോഴയിൽ ഇടതു മുന്നണിയിൽ ഏകാഭിപ്രായം ഉണ്ടാകാത്തതിന് സിപിഎമ്മിനെ പരോക്ഷമായി വിമർശിച്ചു. ബാർകോഴ പ്രശ്‌നത്തിൽ ഇടതുമുന്നണി ഒറ്റക്കെട്ടായി നിൽക്കേണ്ട സമയമാണിതെന്നും ഇക്കാര്യത്തിൽ ഇതുവരെ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കാത്തത് വീഴ്ചയാണെന്നും പന്ന്യൻ പറഞ്ഞു. ഇടതുമുന്നണി നേരത്തെ ചേരണമായിരുന്നുവെന്നാണ് പന്ന്യൻ പറയുന്നത്. മാണി രാജി വയ്ക്കണമെന്ന വിഷയത്തിൽ ഇടത് മുന്നണി ഒറ്റക്കെട്ടാണെന്ന് പന്ന്യൻ വിശദീകരിച്ചു.

കേരളത്തിലെ ജനങ്ങൾ ജാതിമത കൂട്ടുകെട്ടിന്റെ ഭരണം ആഗ്രഹിക്കുന്നില്ല. യുഡിഎഫ് മുന്നണിയിലുള്ള ഇടത് ആശയഗതിക്കാരായ പാർട്ടികൾക്ക് തിരിച്ചുവരാമെന്നും അദ്ദേഹം പറഞ്ഞു. മുന്നണി വിപലീകരണം സംബന്ധിച്ചും പിണറായി വിജയന്റെ അഭിപ്രായങ്ങളെ പന്ന്യൻ തള്ളുകയായിരുന്നു. ഇടതു മുന്നണി യോഗം വിളിക്കണമെന്ന സിപിഐ കത്ത് മാദ്ധ്യമങ്ങളിൽ വാർത്തയായതിൽ അസ്വാഭാവികത ഒന്നുമില്ലെന്നും പന്ന്യൻ കൂട്ടിച്ചേർത്തു.

ബാർ കോഴയിൽ ധനമന്ത്രി മാണിക്കെതിരായ വിജിലൻസ് അന്വേഷണം പ്രഹസനമാണ്, വിശ്വാസ യോഗ്യമായ അന്വേഷണം നടത്താൻ സർക്കാർ തയ്യാറാകണം. കോഴയായി ഒരു കോടി രൂപ വാങ്ങിയെന്ന് ഒരാൾ പരസ്യമായി വെളിപ്പെടുത്തിയ സാഹചര്യത്തിൽ ആരോപണ വിധേയനായ ധനമന്ത്രി രാജിവെക്കണം. രാജിവെക്കാൻ തയാറായില്ലെങ്കിൽ മാണിയെ മാറ്റിനിർത്താൻ ഉമ്മൻ ചാണ്ടി തയാറാകണമെന്നും പന്ന്യൻ ആവശ്യപ്പെട്ടു. മാണിയുടെ രാജി ആവശ്യപ്പെട്ട് 12 ന് സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തുമെന്നും പന്ന്യൻ പറഞ്ഞു.

കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് സംസ്ഥാനം ഭരിക്കുന്ന ഒരു മന്ത്രിക്കെതിരെ ഒരു ബിസിനസുകാരൻ പരസ്യമായി രംഗത്തെത്തി തന്റേടത്തോടെ മന്ത്രി കോഴ വാങ്ങിയെന്നും താനതിന് എന്ത് തെളിവും കൊടുക്കാമെന്നും പറയുന്നത്. ഒരു സർക്കാർ ജീവനക്കാരൻ 50 രൂപ കൈക്കൂലി വാങ്ങിയാൽ അകത്താകും. കോടികൾ കോഴ വാങ്ങിയ മന്ത്രിക്ക് നിയമം ബാധകമല്ലെയെന്ന് പന്ന്യൻ ചോദിച്ചു.

യു.ഡി.എഫ് കോഴമുന്നണിയായി മാറിയെന്നും ധനകാര്യ വകുപ്പ് കുത്തഴിഞ്ഞുവെന്നും സംസ്ഥാനത്തെ കടബാധ്യതയ്ക്ക് കാരണം ധനകാര്യ വകുപ്പാണെന്നും അദ്ദേഹം ആരോപിച്ചു. കേരളത്തിന്റെ സാമ്പത്തിക സ്ഥിതി മാണി തകർത്തു. നികുതി പിരവ് കാര്യക്ഷമമല്ല. സാമ്പത്തിക ഞെരുക്കത്തിന്റെ പേരിൽ സാധാരണക്കാരനു മുകളിൽ നികുതി ചുമത്തുകയാണ്. അദ്ദേഹം പറഞ്ഞു.

കെ.എം. മാണിയെ മന്ത്രിസഭയിൽനിന്ന് പുറത്താക്കണമെന്നും സംഭവത്തെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും സിപിഐ. സംസ്ഥാന എക്‌സിക്യൂട്ടീവ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ബാർ കോഴ വിവാദത്തിൽ കോടതിയുടെ മേൽനോട്ടത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണമാണ് സിപിഐ(എം). സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP