Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202307Wednesday

സിപിഎം വർഷങ്ങളായി കൈവശം വെച്ച അങ്ങാടിക്കൽ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ എതിരാളികളായി വന്നത് സിപിഐ; കള്ളവോട്ട് ചെയ്യിക്കാനുള്ള സിപിഎം നീക്കം കലാശിച്ചത് സംഘർഷത്തിൽ; സിപിഎം-സിപിഐ ഏറ്റുമുട്ടലിൽ നിരവധി പേർക്ക് പരുക്ക്: സോഡാക്കുപ്പി കൊണ്ടുള്ള ഏറിൽ കൊടുമൺ എസ്എച്ച്ഓയ്ക്ക് തലയ്ക്ക് ഗുരുതര പരുക്ക്

സിപിഎം വർഷങ്ങളായി കൈവശം വെച്ച അങ്ങാടിക്കൽ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ എതിരാളികളായി വന്നത് സിപിഐ; കള്ളവോട്ട് ചെയ്യിക്കാനുള്ള സിപിഎം നീക്കം കലാശിച്ചത് സംഘർഷത്തിൽ; സിപിഎം-സിപിഐ ഏറ്റുമുട്ടലിൽ നിരവധി പേർക്ക് പരുക്ക്: സോഡാക്കുപ്പി കൊണ്ടുള്ള ഏറിൽ കൊടുമൺ എസ്എച്ച്ഓയ്ക്ക് തലയ്ക്ക് ഗുരുതര പരുക്ക്

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: സിപിഎം വർഷങ്ങളായി ഭരിക്കുന്ന അങ്ങാടിക്കൽ സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡിലേക്ക് നടന്ന തെരഞ്ഞെടുപ്പിനിടെ കള്ളവോട്ടിന്റെ പേരിൽ അക്രമവും സംഘർഷവും. കൊടുമൺ എസ്എച്ച്ഓ അടക്കം മൂന്നു പൊലീസുകാർക്കും നിരവധി പാർട്ടി പ്രവർത്തകർക്കും പരുക്ക്.

ഞായറാഴ്ച വൈകിട്ട് മൂന്നരയോടെയാണ് സംഭവം. സിപിഎം-സിപിഐ പ്രവർത്തകരാണ് ഏറ്റുമുട്ടിയത്. പരസ്പരം കല്ലേറും സോഡാക്കുപ്പി കൊണ്ട് അടിയും നടന്നു. സോഡക്കുപ്പി കൊണ്ടുള്ള ഏറിൽ തലയ്ക്ക് ഗുരുതര പരുക്കേറ്റ് പൊലീസ് ഇൻസ്പെക്ടർ മഹേഷ്‌കുമാർ, അടൂർ കെഎപി മൂന്നാം ബറ്റാലിയനിലെ പൊലീസുകാരായ ജിനു കോശി, രാഹുൽ എന്നിവർക്കാണ് പരുക്ക്. സിപിഎം പ്രവർത്തകരായ വിഷ്ണു, പ്രഭ, സുധീഷ് എന്നിവർക്കും പരുക്കുണ്ട്. ഇവരെല്ലാം അടൂർ ജനറൽ ആശുപത്രിയിൽ ചികിൽസയിലാണ്. കൊടുമൺ ഡിവിഷനിൽ നിന്നുള്ള സിപിഎമ്മിന്റെ ജില്ലാ പഞ്ചായത്തംഗം ബീന പ്രഭയുടെ ഭർത്താവാണ് പരുക്കേറ്റ പ്രഭ.

ബാങ്ക് ഭരണം നിലനിർത്താൻ സിപിഎമ്മും കള്ളവോട്ട് തടയാനും അഴിമതി ഭരണം അവസാനിപ്പിക്കാനും സിപിഐയും അടൂർ ലോബിയെ ആണ് ഇറക്കിയത്. ജില്ലയിൽ അടുത്തിടെ നടന്ന സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുകളിലെല്ലാം സിപിഎം കണ്ണുർ മോഡൽ കള്ളവോട്ടിന് നിയോഗിച്ചത് അടൂർ മേഖലയിൽ നിന്ന് പ്രത്യേക പരിശീലനം ലഭിച്ച പ്രവർത്തകരെയാണ്. വർഷങ്ങളായി സിപിഎം ഒറ്റയ്ക്ക് ഭരണം നടത്തിയിരുന്ന ബാങ്കിൽ വൻ അഴിമതിയാണ് നടന്നത്.

അങ്ങാടിക്കൽ വടക്ക് എസ്എൻവി ഹയർ സെക്കൻഡറി സ്‌കൂൾ യുപി വിഭാഗം അദ്ധ്യാപകൻ രാജാറാവുവാണ് നിലവിൽ ബാങ്ക് പ്രസിഡന്റ്. സ്‌കൂളിലെ ഉച്ചഭക്ഷണ വിതരണത്തിൽ ക്രമക്കേട് നടത്തിയതിന്റെ പേരിൽ രാജാറാവുവിനെതിരേ അന്വേഷണം നടക്കുകയാണ്. ഈ പശചാത്തലത്തിൽ റാവുവിനെ മാറ്റി നിർത്തിയാണ് സിപിഎം ഡയറക്ടർ ബോർഡ് തെരഞ്ഞെടുപ്പിൽ മത്സരിച്ചത്.

അങ്ങാടിക്കൽ വടക്ക് എസ്എൻവി ഹയർ സെക്കൻഡറി സ്‌കൂളിലാണ് വോട്ടെടുപ്പ് നടന്നത്. ഞായറാഴ്ച 3.30 ഓടെയാണ് ഇരു വിഭാഗങ്ങളും തമ്മിൽ ഏറ്റുമുട്ടിയത്. കള്ളവോട്ട് ചെയ്യാൻ ശ്രമിക്കുന്നതായി ആരോപിച്ച് രാവിലെ നേരിയ ബഹളം നടന്നിരുന്നു. ഇത് പൊലീസ് ഇടപെട്ട് ശാന്തമാക്കി. പിന്നീട് വൈകിട്ട് മൂന്നരയോടെ ഇതേ വിഷയം വീണ്ടും സംഘർഷത്തിലെത്തി. കള്ളവോട്ടിനെ ചൊല്ലി ഇരു വിഭാഗവും ഏറ്റുമുട്ടിയത്. ഇതിനിടയിൽ സമീപത്തെ കടയിൽ നിന്നും സോഡാകുപ്പികളും കല്ലുകളും വലിച്ചെറിയുകയുണ്ടായി. ഇക്കൂട്ടത്തിലാണ് പൊലീസിന് ഏറു കൊണ്ടത്.

സി പി എമ്മിന്റെ ജില്ലാ പഞ്ചായത്ത് അംഗം ബീനാ പ്രഭയുടെ ഭർത്താവിനും പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തിന്റെ തലയ്ക്കാണ് ഗുരുതര പരിക്ക്. സംഘർഷം സാധ്യത കണക്കിലെടുത്ത് കൂടുതൽ പൊലിസും ക്യാമ്പുചെയ്യുന്നുണ്ടായിരുന്നു. തലയ്ക്കും മറ്റും പരിക്കേറ്റവരെ അടൂർ ജനറൽ ആശുപത്രിയിൽ പ്രവശിപ്പിച്ചു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിപിഐ സീറ്റ് ആവശ്യപ്പെട്ടെങ്കിലും നൽകിയില്ല. വർഷങ്ങശായി സി പി എം ഭരിച്ചു കൊണ്ടിരിക്കുന്ന ബാങ്കാണിത്. നിലവിലെ സ്ഥിതി തുടരാൻ തീരുമാനിച്ചതിനാൽ സീറ്റ് നൽകാൻ കഴിയില്ലെന്ന് സിപിഎം നേതൃത്വം അറിയിച്ചതാടെയാണ് സിപിഐ സ്ഥാനാർത്ഥികളെ നിർത്തിയത്. തെരഞ്ഞെടുപ്പ് കോൺഗ്രസ് നേരത്തെ ബഹിഷ്‌ക്കരിച്ചിരുന്നു.

പൊലിസ് സുരക്ഷയിലാണ് വൈകിട്ട് വോട്ടെണ്ണൽ നടന്നത്. ണ്ടാഴ്ച മുമ്പ് സിപിഎം അങ്ങാടിക്കൽ ലോക്കൽ കമ്മിറ്റിയുടെ കീഴിലുള്ള അങ്ങാടിക്കൽ വടക്ക് സീയോൻ കുന്ന് ബ്രാഞ്ചിലെ മുഴുവൻ പാർട്ടി മെമ്പർമാരും രാജിവെച്ച് സിപിഐ യിൽ ചേർന്നിരുന്നു. അങ്ങാടിക്കൽ വടക്ക് ചേർന്ന സ്വീകരണ സമ്മേളനം സിപിഐ ജില്ലാ സെക്രട്ടറി എ. പി ജയനാണ് ഉദ്ഘാടനം ചെയ്തത് .അന്ന് മുതൽ അങ്ങാടിക്കൽ മേഖലയിൽ സംഘർഷം നിലനിൽക്കുകയാണ്. പിന്നീട് സി.പി. എം അങ്ങാടിക്കൽ പ്രദേശത്ത് വിശദീകരണ യോഗങ്ങൾ നടത്തുകയും പാർട്ടി വിട്ട ചിലരെ തിരികെ കൊണ്ടുവരികയും ചെയ്തിരുന്നു.

വിശദീകരണ യോഗങ്ങളിൽ പാർട്ടി മാറിയവരെ നേതാക്കൾ അസഭ്യം പറയുകയും ചെയ്തിരുന്നു. സിപിഎം ഭരിക്കുന്ന ചന്ദനപ്പള്ളി സർവ്വീസ് സഹകരണ ബാങ്കിലെ അഴിമതി വിവരങ്ങൾ ജനങ്ങളുടെ മുമ്പാകെ പരസ്യപ്പെടുത്തുമെന്നും പാർട്ടി വിട്ടവർ പറഞ്ഞിരുന്നു. മുൻ പറക്കോട് ബ്ലോക്ക് പഞ്ചായത്ത് അംഗം ബി. സഹദേവനുണ്ണിത്താൻ, ഡിവൈഎഫ്ഐ മുൻ വില്ലേജ് സെക്രട്ടറി സുരേഷ് കുമാർ, സിയോൻ കുന്ന് ബ്രാഞ്ച് സെക്രട്ടറിയും പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന അഡ്വ. മറിയാമ്മ തോമസ് എന്നിവരുടെ നേതൃത്വത്തിൽ 70 ഓളം പേരാണ് സിപിഎം വിട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP