Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202328Tuesday

കൊടുമണിലെ സിപിഎം-സിപിഐ സംഘർഷം; ഉഭയകക്ഷി ചർച്ചയിൽ പറഞ്ഞ വാക്ക് പാലിച്ചില്ല; പത്തനംതിട്ടയിലെ എൽഡിഎഫ് പരിപാടികൾ സിപിഐ ബഹിഷ്‌കരിക്കും; സിപിഎം നേതാക്കൾ പങ്കെടുക്കുന്ന പരിപാടികളിലും സിപിഐ സഹകരിക്കില്ല; മുന്നണി സംവിധാനത്തിൽ വിള്ളൽ

കൊടുമണിലെ സിപിഎം-സിപിഐ സംഘർഷം; ഉഭയകക്ഷി ചർച്ചയിൽ പറഞ്ഞ വാക്ക് പാലിച്ചില്ല; പത്തനംതിട്ടയിലെ എൽഡിഎഫ് പരിപാടികൾ സിപിഐ ബഹിഷ്‌കരിക്കും; സിപിഎം നേതാക്കൾ പങ്കെടുക്കുന്ന പരിപാടികളിലും സിപിഐ സഹകരിക്കില്ല; മുന്നണി സംവിധാനത്തിൽ വിള്ളൽ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: കൊടുമൺ അങ്ങാടിക്കൽ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് അരങ്ങേറിയ സിപിഎം-സിപിഐ സംഘർഷം ഒത്തു തീർപ്പാക്കുന്നതിന്റെ ഭാഗമായി നടന്ന ഉഭയകക്ഷി ചർച്ചയിൽ പറഞ്ഞ വാക്ക് സിപിഎം പാലിക്കാത്തതിൽ പ്രതിഷേധിച്ച് എൽഡിഎഫിൽ വിള്ളൽ.

ജില്ലയിലെ എൽഡിഎഫ് പരിപാടികൾ ബഹിഷ്‌കരിക്കാൻ സിപിഐ തീരുമാനിച്ചു. ഉഭയകക്ഷി ചർച്ചയിലെ വ്യവസ്ഥകൾ സിപിഎം ലംഘിച്ചെന്ന് ആരോപിച്ചാണ് സിപിഐ കടുത്ത തീരുമാനത്തിന് മുതിർന്നിരിക്കുന്നത്. സിപിഎമ്മിനെതിരെ സിപിഐ ജില്ലാ എക്സിക്യൂട്ടീവിൽ കടുത്ത വിമർശനം ഉണ്ടായി. അക്രമത്തിൽ പ്രതികളായ പാർട്ടി പ്രവർത്തകർക്കെതിരേ സിപിഎം നടപടി എടുക്കാതെ മുന്നണി യോഗത്തിൽ പങ്കെടുക്കേണ്ടതില്ല എന്നാണ് സിപിഐ തീരുമാനം. സിപിഎം നേതാക്കൾ പങ്കെടുക്കുന്ന പരിപാടികളിലും സിപിഐ സഹകരിക്കില്ല കൊടുമൺ സംഘർഷത്തിലെ പ്രതികൾക്കെതിരായ നടപടി വൈകുന്നതിലാണ് പ്രതിഷേധം. സിപിഎം ഡിവൈഎഫ്ഐ പ്രവത്തകരാണ് സിപിഐ നേതാക്കളെ മർദ്ദിച്ചത്

ജനുവരി 16 നായിരുന്നു അങ്ങാടിക്കൽ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിന്റെ പേരിൽ സിപിഎം-സിപിഐ പ്രവർത്തകർ തെരുവിൽ ഏറ്റുമുട്ടിയത്. സിപിഐ നേതാക്കളെയും പ്രവർത്തകരെയും പട്ടിയെ തല്ലുന്നതു പോലെ തല്ലിച്ചതച്ചു. പിന്നീട് ഇവരുടെ വീടുകൾ അടിച്ചു തകർത്തു. ജനാലച്ചില്ലുകൾ പൊട്ടിച്ച് കിണറ്റിലെ കുടിവെള്ളത്തിൽ വിതറി. സിപിഎം-ഡിവൈഎഫ്ഐ നേതാക്കൾ കടുത്ത ആക്രമണം സിപിഐക്കാർക്ക് നേരെ അഴിച്ചു വിട്ടു. എന്നിട്ടും സിപിഐക്കാർക്കെതിരേ ജാമ്യമില്ലാ വകുപ്പിട്ട് കേസെടുക്കാനാണ് പൊലീസ് താൽപര്യം കാണിച്ചത്. മർദനമേറ്റ സിപിഐ നേതാക്കളുടെ മൊഴിയെടുക്കാനോ കേസ് രജിസ്റ്റർ ചെയ്യാനോ പൊലീസ് തയാറായില്ല.

സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മറ്റി അംഗം കെആർ ചന്ദ്രമോഹൻ, ജില്ലാ സെക്രട്ടറി എപി ജയൻ എന്നിവർ അടക്കം അടൂർ ഡിവൈ.എസ്‌പിയെ ഉപരോധിച്ചു. അതിന് ശേഷം മർദനമേറ്റ പ്രവർത്തകരുടെ മൊഴി എടുത്തെങ്കിലും എഫഐആർ ഇടാൻ പൊലീസ് തയാറായില്ല. ഇതോടെ സിപിഐയുടെ മുതിർന്ന നേതാക്കളെ ഡിവൈഎഫ്ഐയിലെ മീശ കുരുക്കാത്ത പയ്യന്മാർ ചവിട്ടിക്കൂട്ടുന്ന ദൃശ്യം പുറത്തു വിട്ടു. ഗത്യന്തരമില്ലാതെ പൊലീസ് ജാമ്യമില്ലാ വകുപ്പിട്ട് കേസെടുത്തെങ്കിലും അറസ്റ്റ് നടന്നില്ല.

മർദന വീഡിയോ വൈറൽ ആയതോടെയാണ് ഒത്തുതീർപ്പ് ചർച്ചയ്ക്ക് സിപിഎം തയാറായത്. ജില്ലയിൽ മുന്നണി ബന്ധം തകരാതിരിക്കാൻ വേണ്ടിയായിരുന്നു ചർച്ച. ഇരുപക്ഷത്ത് നിന്നും സംഘർഷങ്ങളിൽ പ്രതികളായവർക്കെതിരെ സംഘടന നടപടി സ്വീകരിക്കും. കേസുകൾ പുനരന്വേഷിക്കണമെന്ന ആവശ്യവുമായി രണ്ട് പാർട്ടി നേതാക്കളും സംയുക്തമായി പൊലീസിനെ സമീപിക്കും.

തർക്കത്തിൽ തുടങ്ങി തെരുവിൽ തമ്മിൽ തല്ലിയത് ഒടുവിൽ പറഞ്ഞു തീർക്കുകയായിരുന്നു ജില്ലാ നേതാക്കൾ. ഒന്നര മണിക്കൂർ നീണ്ടുനിന്ന ഉഭയകക്ഷി ചർച്ചയിലാണ് മഞ്ഞുരുകുന്നത്. സിപിഐ ജില്ലാ സെക്രട്ടറി എ.പി. ജയൻ, അസിസ്റ്റന്റ് സെക്രട്ടറി ഡി സജി, സിപിഎം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, സംസ്ഥാന കമ്മിറ്റി അംഗം കെ അനന്തഗോപൻ എന്നിവർക്ക് പുറമേ രണ്ട് കക്ഷികളുടെയും അടൂരിലെ പ്രാദേശിക നേതാക്കളും ചർച്ചയിൽ പങ്കെടുത്തു. പാർട്ടി പ്രവർത്തകരെ തല്ലിച്ചതച്ച ഡിവൈഎഫ്ഐക്കാർക്കെതിരെ നടപടി വേണമെന്ന ആവശ്യത്തിൽ സിപിഐ ഉറച്ചുനിന്നു. ആവശ്യം അംഗീകരിക്കാം എന്ന് സിപിഎം ജില്ലാ സെക്രട്ടറി ഉറപ്പ് നൽകി.

പൊലീസിന് ഏകപക്ഷീയമായ നിലപാടാണ് എന്നായിരുന്നു സിപിഐയുടെ ആരോപണം. ഈ സാഹചര്യത്തിലാണ് സംഘർഷങ്ങളെ തുടർന്ന് കൊടുമൺ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത എല്ലാ കേസുകളിലും പുനരന്വേഷണം ആവശ്യപ്പെടാൻ തീരുമാനിച്ചത്. മുന്നണി ബന്ധത്തിന് കോട്ടം വരുന്നതൊന്നും ആവർത്തിക്കരുതെന്ന് സിപിഎം ആവശ്യപ്പെട്ടു.

അങ്ങാടിക്കൽ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനെ തുടർന്നാണ് സംഘർഷ പരമ്ബര ഉണ്ടായത്. സിപിഎമ്മിന്റെ അഴിമതിക്കും കള്ളവോട്ടിനുമെതിരേ സിപിഐ എതിർപക്ഷത്ത് നിന്ന് മത്സരിക്കുകയായിരുന്നു. കള്ളവോട്ട് തടയാൻ സിപിഐക്കാർ ശ്രമിച്ചപ്പോഴാണ് സംഘർഷം ഉണ്ടായത്. കൊടുമൺ പൊലീസ് ഇൻസ്‌പെക്ടർ അടക്കം ഒമ്പതു പേർക്ക് പരുക്കേറ്റു.

ഇൻസ്‌പെക്ടറുടെ തലയിൽ സോഡാക്കുപ്പി കൊണ്ട് എറിഞ്ഞത് ഡിവൈഎഫ്‌ഐക്കാരനായിരുന്നുവെന്ന് പറയുന്നു. ഡ്യൂട്ടിയിലുള്ള പൊലീസുകാരനെ ആക്രമിച്ചതിന് ജാമ്യമില്ലാ വകുപ്പിട്ട് കേസെടുക്കുകയാണ് വേണ്ടത്. എന്നാൽ സിപിഎം സമ്മർദത്തെ തുടർന്ന് സ്റ്റേഷൻ ജാമ്യം കിട്ടാവുന്ന വകുപ്പാണ് ഇട്ടത്. പൊലീസ് ഇൻസ്‌പെക്ടറുടെ തല തകർത്തത് സിപിഐക്കാരാണെന്നും അവർക്കെതിരേ ജാമ്യമില്ലാ വകുപ്പിട്ട് കേസെടുക്കണമെന്നും സിപിഎം ഭാഗത്ത് നിന്ന് ആവശ്യമുയർന്നു. അങ്ങനെ ചെയ്താൽ ഇൻസ്‌പെക്ടറെ ആക്രമിക്കുന്ന ദൃശ്യങ്ങൾ പുറത്തു വിടുമെന്ന് സിപിഐയും അറിയിച്ചു. ആക്രമണ ദൃശ്യങ്ങളിലുള്ളത് ഡിവൈഎഫ്‌ഐക്കാരാണ്. ഇവിടെയുംപണി കിട്ടുമെന്ന് കണ്ടതോടെയാണ് ഒത്തു തീർപ്പ് ചർച്ചയ്ക്ക് സിപിഎം തയാറായത്.

ഇതിന് പുറമേ ചന്ദനപ്പള്ളി സർവീസ് സഹകരണ ബാങ്ക് ജീവനക്കാരൻ ഹരികുമാർ പുറത്തു വിട്ട വീഡിയോയും സിപിഎമ്മിന് തിരിച്ചടിയായി. കൊടുമണിലെ പ്രാദേശിക നേതാക്കളായ എഎൻ സലിം, കെകെ അശോക് കുമാർ, മുരളി ചക്കാല എന്നിവർ ചേർന്ന് ചന്ദനപ്പള്ളി സർവീസ് സഹകരണ ബാങ്ക് കൊള്ളയടിക്കുന്നുവെന്നും നിക്ഷേപകർക്ക് 2000 രൂപ പോലും പിൻവലിക്കാൻ കഴിയുന്നില്ലെന്നും തെളിവ് നിരത്തി ഹരികുമാർ ആരോപണം ഉന്നയിച്ചു. ഈ സംഭവവും ദോഷകരമായി ബാധിക്കുമെന്ന് വന്നപ്പോൾ സിപിഎം നിരുപാധികം കീഴടങ്ങുകയായിരുന്നു.

പക്ഷേ, ഒത്തു തീർപ്പ് ചർച്ച നാടകമായിരുന്നുവെന്ന് സിപിഐക്ക് ഇപ്പോഴാണ് മനസിലായത്. ഇതോടെയാണ് കടുത്ത നടപടിയിലേക്ക് ജില്ലാ നേതൃത്വം നീങ്ങിയിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP