Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202325Saturday

ഇന്ധന സെസിൽ വിട്ടുവീഴ്‌ച്ചയില്ലെന്ന നിലപാടിൽ സിപിഐയും; ബുധനാഴ്‌ച്ച വരെ കാക്കൂവെന്ന് പ്രകാശ് ബാബു; കേന്ദ്രത്തിന്റെ ജനദ്രോഹ നയങ്ങൾ പിന്തുടരരുതെന്ന് എ.ഐ.ടി.യു.സിയും; എം വി ഗോവിന്ദന് പിന്നാലെ സിപിഐയും കടുപ്പിക്കുമ്പോൾ ഇന്ധന സെസ് പിൻവലിച്ചേക്കും; മുന്നണിയോട് ആലോചിക്കാത്ത തീരുമാനത്തിൽ കടുത്ത എതിർപ്പ്

ഇന്ധന സെസിൽ വിട്ടുവീഴ്‌ച്ചയില്ലെന്ന നിലപാടിൽ സിപിഐയും; ബുധനാഴ്‌ച്ച വരെ കാക്കൂവെന്ന് പ്രകാശ് ബാബു; കേന്ദ്രത്തിന്റെ ജനദ്രോഹ നയങ്ങൾ പിന്തുടരരുതെന്ന് എ.ഐ.ടി.യു.സിയും; എം വി ഗോവിന്ദന് പിന്നാലെ സിപിഐയും കടുപ്പിക്കുമ്പോൾ ഇന്ധന സെസ് പിൻവലിച്ചേക്കും; മുന്നണിയോട് ആലോചിക്കാത്ത തീരുമാനത്തിൽ കടുത്ത എതിർപ്പ്

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: സംസ്ഥാന ബജറ്റിലെ ഇന്ധന സെസ് വർധന പിൻവലിക്കണമെന്ന പക്ഷത്താണ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പാർട്ടി സഖാക്കളുടെ ഉത്തരം മുട്ടിച്ച നടപടിക്കെതിരെ വിമർശനം ഉയരുമ്പോൾ തന്നെ ഈ വിഷയത്തിൽ സർക്കാറിനെ പ്രതിരോധിക്കാനും ആരുമില്ലെന്നത് ശ്രദ്ധേയമാണ്. ഇതിനിടെ വിഷയത്തിൽ നിലപാട് കർക്കശമാക്കുകയാണ് സിപിഐയും. എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി രാജേന്ദ്രനും സിപിഐ ദേശീയ നിർവാഹക സമിതി അംഗം പ്രകാശ് ബാബുവും ഇന്ധന സെസിനെതിരെ രംഗത്തുവന്നു.

ഒരു പടി കൂടി കടന്ന് ബുധാഴ്‌ച്ചത്തെ വരെ കാത്തിരിക്കണമെന്നാണ് പ്രകാശ് ബാബു അഭിപ്രായപ്പെട്ടത്. മലയാള മനോരയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രകാശ് ബാബു ഇന്ധന സെസ് പിൻവലിക്കണമെന്ന ആവശ്യം ശക്തമായി ഉന്നയിച്ചത്. നികുതി വർധനവിന്റെ യഥാർഥ ചിത്രം ഇപ്പോൾ പറയാറായിട്ടില്ല. നിയമസഭയിൽ എംഎൽഎമാരുടെ അഭിപ്രായങ്ങളുടെ കൂടി അടിസ്ഥാനത്തിൽ അതിൽ എന്തെങ്കിലും മാറ്റം വരുത്തുന്നുണ്ടോ എന്നു കൂടി അറിയേണ്ടതുണ്ട്. സർക്കാരിന്റെ വരുമാനത്തിൽ വലിയ കുറവുണ്ട് എന്നതു വസ്തുതയാണ്. അതു കേന്ദ്രസർക്കാർ സമീപനം കൊണ്ടാണ്. ജിഎസ്ടി നഷ്ടപരിഹാരത്തുകയിൽ കുറവുണ്ടായി.

കേന്ദ്രത്തിന്റെ സാമ്പത്തിക വിഹിതത്തിലും ഇടിവു വന്നു. കടം എടുക്കാനുള്ള പരിധിയും കുറച്ചു. ഇതെല്ലാം നമ്മുടെ വിഭവ സമാഹരണത്തെ ബാധിച്ചു. ഇതിനെല്ലാം ഒരു പരിധി വരെ പരിഹാരം കാണണമല്ലോ. ആളുകളെ അധികം വിഷമിപ്പിക്കാതെ, ഖജനാവിലേക്കു പരമാവധി പണം വരുത്താൻ ഉള്ള സാധ്യതയാണ് ആലോചിച്ചത്. ആ തീരുമാനങ്ങളിൽ ചില മാറ്റങ്ങൾക്ക് ഇപ്പോഴും സാധ്യതയുണ്ട്. ബുധനാഴ്ച മന്ത്രിയുടെ മറുപടി വരെ കാക്കാം എന്നാണ് പ്രകാശ് ബാബു പറഞ്ഞത്. ഇത് സർക്കാർ ഈ വിഷയത്തിൽ നിന്നും പിന്തിരിയുമെന്ന സൂചന നൽകുന്നതാണ്.

ഇന്ധന സെസിന്റെ കാര്യത്തിൽ സിപിഐയെ വിശ്വാസത്തിലെടുത്തോ എന്ന കാര്യത്തിലും വ്യത്യസ്ത അഭിപ്രായം പ്രകടിപ്പിച്ചവരുണ്ട്. ഇതിനിടെയാണ് എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി രാജേന്ദ്രനും ഇന്ധന സെസ് ഏർപ്പെടുത്തിയതിനെതിരെ രംഗത്തുവന്നത്. കേന്ദ്രസർക്കാർ ജനദ്രോഹ നടപടികൾ തുടരുമ്പോൾ കേരളത്തിൽ മാറ്റമുണ്ടാകണം. ക്ഷേമ പെൻഷനുകൾ വർധിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേന്ദ്രസർക്കാർ തുടർച്ചയായി പെട്രോൾ, ഡീസൽ വില വർധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അതിനെതിരെ നിരവധി സമരങ്ങൾ നടന്ന സംസ്ഥാനമാണ് കേരളം. പെട്രോളും ഡീസലും അവശ്യവസ്തുക്കളാണ്. അതിന് സെസ് ഏർപ്പെടുത്തിയാൽ ജനങ്ങളെ വലിയ തോതിൽ പ്രതികൂലമായി ബാധിക്കുമെന്നും രാജേന്ദ്രൻ പറഞ്ഞു. ഇന്ധന സെസ് ഏർപ്പെടുത്തിയതിനെതിരെ വലിയ പ്രതിഷേധം ഉയരുന്നതിനിടെയാണ് എൽ.ഡി.എഫിലെ രണ്ടാമത്തെ കക്ഷിയായ സിപിഐയുടെ തൊഴിലാളി സംഘടന തന്നെ നിരക്ക് വർധന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.

എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജനും ഇന്ധന സെസ് ഏർപ്പെടുത്തിയതിൽ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ തന്നെ സെസ് പിൻവലിക്കണമെന്ന ഉറച്ച നിലപാടിലാണ്. സിപിഎമ്മിനോട് ആലോചിക്കാതെ എടുത്ത തീരുമാനമാണ് ഇതെന്നാണ് ഗോവിന്ദൻ പറയുന്നത്. സെസ് കുറയ്ക്കാനോ പൂർണമായ പിൻവലിക്കാനോ ഉള്ള സാധ്യത ശക്തമായി. വർധന ഒരു രൂപയായി കുറയ്ക്കാനുള്ള ആലോചനയ്ക്കാണു മുൻഗണന. നിയമസഭയിലായിരിക്കും ഇതുസംബന്ധിച്ച പ്രഖ്യാപനം. എന്നാൽ പൂർണ്ണമായും പിൻവലിക്കാനും സാധ്യതയുണ്ട്.

സിപിഎം സംസ്ഥാന സെക്രട്ടറി എം വിഗോവിന്ദൻ കൊച്ചിയിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി തിരക്കിട്ട കൂടിക്കാഴ്ച നടത്തി. മന്ത്രി കെ.എൻ.ബാലഗോപാൽ വൈകിട്ട് ധനവകുപ്പ് ഉദ്യോഗസ്ഥരുമായി ചർച്ചയും നടത്തി. മുഖ്യമന്ത്രിക്കെതിരെ ഇന്നലെയും പ്രതിഷേധമുണ്ടായി. ധനമന്ത്രിയെ എംവി ഗോവിന്ദൻ കടുത്ത അതൃപ്തി അറിയിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥ ലോബിയാണ് ഈ തീരുമാനത്തിന് പിന്നിലെന്നാണ് സിപിഎം പറയുന്നത്. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സമൂഹമാധ്യമ പോസ്റ്റുകൾക്കു താഴെ രൂക്ഷമായ പ്രതിഷേധവും പരിഹാസവുമാണു നിറയുന്നത്. ന്യായീകരണത്തിനു സിപിഎം പ്രവർത്തകർ കാര്യമായി രംഗത്തിറങ്ങിയിട്ടുമില്ല. മുൻ ധനമന്ത്രി തോമസ് ഐസക്കും ഇന്ധന സെസിനെ ന്യായീകരിക്കാൻ തയാറായില്ല.

ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നൊരുക്കമെന്ന നിലയിൽ എം വിഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ ഈ മാസം തുടങ്ങാനിരിക്കുകയാണ്. ജാഥ കേന്ദ്ര നയങ്ങൾക്കെതിരെയാണെങ്കിലും സംസ്ഥാന ബജറ്റ് വഴിയുണ്ടാകുന്ന ഇന്ധനവിലക്കയറ്റം ജാഥയെ പ്രതിരോധത്തിലാക്കുമെന്ന് ആശങ്കയുണ്ട്. ജനകീയ പ്രതിഷേധവും പ്രതിപക്ഷ സമരപ്രഖ്യാപനങ്ങളും എം വിഗോവിന്ദൻ മുഖ്യമന്ത്രിയുമായി ചർച്ച ചെയ്തെന്നാണു വിവരം. നിയമസഭയിൽ അവതരിപ്പിച്ച ബജറ്റ് പാർട്ടി നിർദ്ദേശ പ്രകാരം തിരുത്തേണ്ടി വരുന്നത് ചരിത്രത്തിൽ ആദ്യമാകും.

പാർട്ടിയോട് ആലോചിക്കാതെയുള്ള തീരുമാനം തിരുത്തിക്കുമെന്ന വാശിയിലാണ് ഗോവിന്ദൻ. അങ്ങനെ സിപിഎമ്മിൽ പിണറായിസത്തിന് വീണ്ടും കാലിടറുകയാണ്. പൊതുമേഖലാ സ്ഥാപന പെൻഷൻ പ്രായം ഉയർത്തലും ഗോവിന്ദന്റെ ഇടപെടലിലാണ് പൊളിഞ്ഞത്. അന്ന് തന്നെ നയപരമായ വിഷയങ്ങളിൽ പാർട്ടിയിലെ ചർച്ച അനിവാര്യമാണെന്ന് ഗോവിന്ദൻ വ്യക്തമാക്കിയിരുന്നു. എന്നിട്ടും പാർട്ടി അറിയാതെ സെസ് ചുമത്തിയതാണ് ഗോവിന്ദന്റെ പ്രതിഷേധത്തിന് കാരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP