Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോവിഡ് സ്പ്രെഡിം​ഗ് യൂണിയനെന്ന കളിയാക്കലുമായി മണിയാശാൻ; പകർച്ചവ്യാധി നിയന്ത്രണ നിയമ‌ പ്രകാരം കേസെടുത്ത് പൊലീസ്; പേര് രേഖപ്പെടുത്തിയതിൽ പഞ്ചായത്ത് ജീവനക്കാർക്കുണ്ടായ പിഴവെന്ന വാദത്തിലുറച്ച് അഭിജിത്തും കൂട്ടരും; കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് വ്യാജ മേൽവിലാസം നൽകി കോവിഡ് ടെസ്റ്റ് നടത്തിയ സംഭവത്തിൽ വിവാദം കനക്കുന്നു

കോവിഡ് സ്പ്രെഡിം​ഗ് യൂണിയനെന്ന കളിയാക്കലുമായി മണിയാശാൻ; പകർച്ചവ്യാധി നിയന്ത്രണ നിയമ‌ പ്രകാരം കേസെടുത്ത് പൊലീസ്; പേര് രേഖപ്പെടുത്തിയതിൽ പഞ്ചായത്ത് ജീവനക്കാർക്കുണ്ടായ പിഴവെന്ന വാദത്തിലുറച്ച് അഭിജിത്തും കൂട്ടരും; കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് വ്യാജ മേൽവിലാസം നൽകി കോവിഡ് ടെസ്റ്റ് നടത്തിയ സംഭവത്തിൽ വിവാദം കനക്കുന്നു

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്തിന് എതിരെ പകർച്ചവ്യാധി നിയന്ത്രണ നിയമം, ആൾമാറാട്ടം തുടങ്ങിയ വകുപ്പുകൾ ചുമത്തി പോത്തൻകോട് പൊലീസ് കേസെടുത്തു. വ്യാജ മേൽവിലാസം നൽകി കോവിഡ് ടെസ്റ്റ് നടത്തിയെന്ന പോത്തൻകോട് പഞ്ചായത്ത് പ്രസിഡന്റിന്റെ പരാതിയിന്മേലാണ് പൊലീസ് നടപടി. ഇതോടെ സംഭവത്തിൽ ഭരണ-പ്രതിപക്ഷ വാക് പോര് വീണ്ടും രൂക്ഷമാകുകയാണ്.

സംഭവത്തിൽ ട്രോളുമായി വൈദ്യുതി മന്ത്രി എം എം മണി രം​ഗത്തെത്തിയിരുന്നു. ' ചായകുടിച്ചാൽ കാശ് അണ്ണൻ തരും; കോവിഡ് ടെസ്റ്റ് നടത്തിയാൽ പേരും മേൽവിലാസവും വേറെ അണ്ണന്റെ തരും ' - എംഎം മണി ഫേസ്‌ബുക്കിൽ കുറിച്ചു. Kovid Spreading Union എന്ന ഹാഷ് ടാഗോടെ ആയിരുന്നു മന്ത്രിയുടെ പരിഹാസം.

കെ എം അഭിജിത്തിന് കഴിഞ്ഞദിവസം നടത്തിയ ടെസ്റ്റിലാണ് കോവിഡ് സ്ഥിരീകരിച്ചത്. പോത്തൻകോട് പഞ്ചായത്തിലെ തച്ചപ്പള്ളി എൽ പി സ്‌കൂളിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ബാഹുൽകൃഷ്ണയുടെ പ്ലാമൂട്, തിരുവോണം എന്ന വിലാസമാണ് ഇരുവരും പരിശോധനയ്ക്ക് നൽകിയത്. അഭി എന്ന് പേര് നൽകിയ ആൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് അന്വേഷണം നടത്തിയപ്പോഴാണ് അങ്ങനെയൊരാളില്ലെന്നും, പരിശോധന നടത്തിയത് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് ആണെന്നും വ്യക്തമായത്. തുടർന്ന് പോത്തൻകോട് പഞ്ചായത്ത് പ്രസിഡന്റ് പൊലീസിൽ പരാതി നൽകുകയായിരുന്നു.

എന്നാൽ പേര് രേഖപ്പെടുത്തിയതിൽ പഞ്ചായത്ത് ജീവനക്കാർക്കുണ്ടായ പിഴവാണ് വിവാദത്തിന് കാരണമെന്ന നിലപാടിൽ അഭിജിത്തും ഒപ്പമുള്ളവരും ഉറച്ചു നിൽക്കുകയാണ്. പോത്തൻകോട് പഞ്ചായത്തിലെ കോവിഡ് പരിശോധന കേന്ദ്രത്തിൽ ഇന്നലെ പരിശോധന നടത്താനെത്തിയ കെ എം അഭിജിത്തിന്റെ പേര് രേഖപ്പെടുത്തിയത് അഭി കെ എം എന്നാണെന്ന് പരിശോധന രജിസ്റ്ററിൽ വ്യക്തമാണ്. കെഎസ്‍യു നേതാവ് ബാഹുൽ കൃഷ്ണയുടേതാണ് അഭിജിത്ത് നൽകിയിരിക്കുന്ന മേൽവിലാസം. സ്വന്തം ഫോൺ നമ്പരിന് പകരം ക്വാറൻറീനിൽ കഴിയുന്ന വീട്ടുടമയുടെ മൊബൈൽ നമ്പരാണ് നൽകിയിരിക്കുന്നത്.

എന്നാൽ, പൊതുസമൂഹത്തിൽ നിറഞ്ഞുനിൽക്കുന്ന കെഎസ്‍യു പ്രസിഡൻറിന്റെ പേര് എന്തിന് ബോധപൂർവം മറച്ചു വയ്ക്കണം എന്ന ചോദ്യമാണ് പരിശോധന കേന്ദ്രത്തിൽ രജിസ്ട്രേഷൻ നടത്തിയ അഭിജിത്തിന്റെ സഹപ്രവർത്തകൻ ബാഹുൽ കൃഷ്ണ ഉന്നയിക്കുന്നത്. അഭിജിത്ത് കെ എം എന്ന പേരാണ് പരിശോധന കേന്ദ്രത്തിൽ താൻ നൽകിയതെന്നും ഇത് രേഖപ്പെടുത്തിയവർക്ക് ഉണ്ടായ പിഴവാണ് വിവാദത്തിന് കാരണമെന്നുമുള്ള വാദമാണ് കെഎസ്‍യു ഉയർത്തുന്നത്. രാഷ്ട്രീയമായ നീക്കം പിന്നിലുണ്ടെന്നും ആരോപിക്കുന്നു. ആരോഗ്യ പ്രവർത്തകർ തിരിച്ചറിയിൽ രേഖ ചോദിച്ചിരുന്നില്ലെന്നും വാദം ഉയർത്തുന്നുണ്ട്.

എന്നാൽ ആരോഗ്യപ്രവർത്തകരുടെ സഹായത്തോടെയാണ് അഭിജിത്ത് ക്രമക്കേട് നടത്തിയതെന്ന് സിപിഎം ആരോപിക്കുന്നു. പ്രതിപക്ഷം ബോധപൂർവം കോവിഡ് പരത്താൻ ശ്രമിക്കുന്നെന്ന ആരോപണം മുഖ്യമന്ത്രിയടക്കം ഉയർത്തിയതിനു പിന്നാലെ ഉണ്ടായ വിവാദം രാഷ്ട്രീയമായി കത്തുകയാണ്. ഈ സാഹചര്യത്തിലാണ് അഭിജിത്തിനെതിരെ പൊലീസ് കേസെടുത്തത്. അതേസമയം അഭിജിത്തിനെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് രംഗത്തെത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP