Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

നൗഷാദിനെ കൊന്നത് എസ്ഡിപിഐയെന്ന് ഒടുവിൽ മൊഴിഞ്ഞ് മുല്ലപ്പള്ളി; നേരിട്ട് പറയാതെ ഫേസ്‌ബുക്കിലൂടെ പ്രതികരിച്ചത് പ്രവർത്തക രോഷം അണപൊട്ടിയതോടെ; പട്ടികൾ കുരച്ചാൽ സാർത്ഥകസംഘം മുന്നോട്ടുപോകില്ലെന്ന് രാഷ്ട്രീയഭീരുക്കൾ ധരിക്കരുതെന്ന് കോടിയേരിയുടെ പ്രസ്താവനക്ക് മറുപടി; അഭിമന്യുക്കേസിലെ പ്രതികൾക്ക് സർക്കാർ സംരക്ഷണം നൽകിയെന്നും കെപിസിസി അധ്യക്ഷൻ; കൊലപാതകത്തിൽ സിപിഎം പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അനിൽ അക്കര എംഎൽഎയും

നൗഷാദിനെ കൊന്നത് എസ്ഡിപിഐയെന്ന് ഒടുവിൽ മൊഴിഞ്ഞ് മുല്ലപ്പള്ളി; നേരിട്ട് പറയാതെ ഫേസ്‌ബുക്കിലൂടെ പ്രതികരിച്ചത് പ്രവർത്തക രോഷം അണപൊട്ടിയതോടെ; പട്ടികൾ കുരച്ചാൽ സാർത്ഥകസംഘം മുന്നോട്ടുപോകില്ലെന്ന് രാഷ്ട്രീയഭീരുക്കൾ ധരിക്കരുതെന്ന് കോടിയേരിയുടെ പ്രസ്താവനക്ക് മറുപടി; അഭിമന്യുക്കേസിലെ പ്രതികൾക്ക് സർക്കാർ സംരക്ഷണം നൽകിയെന്നും കെപിസിസി അധ്യക്ഷൻ; കൊലപാതകത്തിൽ സിപിഎം പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അനിൽ അക്കര എംഎൽഎയും

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: ചാവക്കാട് പുന്നയിൽ കോൺഗ്രസ് പ്രവർത്തകൻ നൗഷാദിന്റെ കൊലപാതകത്തിന്റെ ഉത്തരവാദി എസ്ഡിപിഐയാണെന്ന് ഒടുവിൽ പറഞ്ഞ് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. വ്യക്തമായ വിവരമില്ലാത്തതിനാലാണ് പ്രതികരിക്കാതിരുന്നതെന്നും പ്രവർത്തകരുടെ രൂക്ഷ വിമർശനം വന്നതോടെ മുല്ലപ്പള്ളി വിശദീകരിച്ചു. നേതാക്കൾ എസ്ഡിപിഐക്കെതിരെ നിലപാടെടുക്കാത്തതിൽ പ്രതിഷേധം ശക്തമായിരുന്നു. കോൺഗ്രസിന്റെ ബൂത്ത് പ്രസിഡന്റായിരുന്നു കൊല്ലപ്പെട്ട നൗഷാദ്. ചൊവാഴ്ച വൈകിട്ട് ആറരയോടെയായിരുന്നു സംഭവം. മുഖംമൂടി ധരിച്ച് ഏഴു ബൈക്കുകളിലായി എത്തിയ പതിനാലു പേരാണ് അക്രമം നടത്തിയത്.

നൗഷാദും കൂട്ടുകാരും പുന്നയിൽ സംസാരിച്ചു നിൽക്കുമ്പോഴായിരുന്നു ആക്രമണം. തടയാൻ ശ്രമിച്ച മൂന്നു പേർക്കും വെട്ടേറ്റു. ഇവർ തൃശൂർ എലൈറ്റ് ആശുപത്രിയിൽ ചികിൽസയിലാണ്. ഗുരുതരമായി പരുക്കേറ്റ നൗഷാദ് ചികിൽസയിലിരിക്കെ ബുധനാഴ്ച രാവിലെ ഒൻപതരയോടെയാണ് മരിച്ചത്. ആസൂത്രിതമായ ഗൂഢാലോചനയാണ് കൊലയ്ക്കു പിന്നില്ലെന്ന് കോൺഗ്രസ് ആരോപിച്ചു. എന്നാൽ, മുല്ലപ്പള്ളി അടക്കമുള്ളവർ ഈ വിഷയത്തിൽ പ്രതികരിക്കാൻ വൈകി. ഇതോടെയാണ് നേതാക്കൾക്കെതിരെ രോഷം അണപൊട്ടിയത്. ഒടുവിൽ വിഷയത്തില് പ്രതികരണവുമായി നേതാക്കൾ രംഗത്തിറങ്ങുകയായിരുന്നു.

അതേസമയം ചാവക്കാട്ടെ കോൺഗ്രസ് പ്രവർത്തകന്റെ കൊലപാതകത്തിനു പിന്നിൽ എസ്.ഡി.പി.ഐയാണെന്ന ആരോപണം ഏറ്റെടുത്തതിനു പിന്നാലെ സിപിഐ.എമ്മിനെതിരെ ഗുരുതരമായ ആരോപണവുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രംഗത്തുവന്നു. എറണാകുളം മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവായിരുന്ന അഭിമന്യുവിന്റെ കൊലപാതകത്തിലെ പ്രതികൾക്ക് പിണറായി വിജയൻ സർക്കാർ സംരക്ഷണവും ഉറപ്പുവരുത്തിയെന്ന് അദ്ദേഹം ആരോപിച്ചു.

താൻ എസ്.ഡി.പി.ഐയാണു സംഭവത്തിനു പിന്നിലെന്ന് ആദ്യം പ്രതികരിക്കാതിരുന്നതിനെ വിമർശിച്ച സിപിഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയോടായിരുന്നു മുല്ലപ്പള്ളിയുടെ ആദ്യ പ്രതികരണം. ആ ആരോപണം കൊടിയ കുറ്റബോധത്തിൽ നിന്നുള്ള ശുദ്ധ അസംബന്ധമാണെന്ന് അദ്ദേഹം ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞു. 'തലശ്ശേരിയിൽ മത്സരിച്ച കാലം മുതൽ കോടിയേരിയും ഈ സംഘടനയുമായുള്ള ബന്ധം അറിയാത്തവരല്ല മലയാളികൾ. അഭിമന്യുവിനെ കുത്തിവീഴ്‌ത്തിയവർക്കു കുട പിടിക്കുന്ന സിപിഐ.എമ്മിനും സർക്കാരിനും ഇങ്ങനെയേ പ്രതികരിക്കാനാവൂ. അവരെ കുറ്റം പറയാനാവില്ല.

എന്നും വർഗീയ വിഷപ്പാമ്പുകൾക്ക് പാല് നൽകുന്ന പാരമ്പര്യമാണ് സിപിഐ.എമ്മിനുള്ളത്. വസ്തുത ഇതായിരിക്കെ കൈരളി ചാനൽ ഉപയോഗിച്ച് തങ്ങളുടെ എസ്.ഡി.പി.ഐ ബന്ധം മറച്ചുവെയ്ക്കാൻ സിപിഐ.എം നടത്തുന്ന ശ്രമം പാഴ്‌വേല മാത്രമാണ്.'- അദ്ദേഹം കുറ്റപ്പെടുത്തി. അഭിമന്യുവിനു വീട് വെച്ചുനൽകാൻ പിരിച്ച കോടികളിൽ നിന്നു നാമമാത്ര സഹായം മാത്രമാണ് ആ കുടുംബത്തിനു ലഭിച്ചതെന്നും അദ്ദേഹം ആരോപിച്ചു. തന്റെ മുൻപിൽ ആണത്തത്തോടെ വെല്ലുവിളി നടത്താൻ കോടിയേരിയെയും മുഖ്യമന്ത്രിയെയും മുല്ലപ്പള്ളി ക്ഷണിക്കുകയും ചെയ്തു. പട്ടികൾ കുരച്ചാൽ സാർഥകസംഘം മുന്നോട്ടുപോകില്ലെന്ന് രാഷ്ട്രീയഭീരുക്കൾ ധരിക്കരുതെന്ന് മുല്ലപ്പള്ളി പറഞ്ഞു.

അതിനിടെ നൗഷാദ് കൊല്ലപ്പെട്ട സംഭവത്തിൽ സിപിഎമ്മിന്റെ പങ്കും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് അനിൽ അക്കര എംഎ‍ൽഎ രംഗത്തെത്തി. സിപിഎമ്മിന്റെ പങ്കില്ലാതെ എസ്.ഡി.പി.ഐക്കാർക്ക് ആരെയും കൊല്ലാനാവില്ലെന്നും അനിൽ അക്കര തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു.ഇതിന് പിന്നാലെ എംഎ‍ൽഎയ്ക്കെതിരെ രൂക്ഷവിമർശനമാണ് ഉയർന്നത്. നൗഷാദിന്റെ കൊലപാതകത്തിന് പിന്നിൽ എസ്.ഡി.പി.ഐ പ്രവർത്തകരാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അടക്കമുള്ള കോൺഗ്രസ് നേതാക്കൾ ആരോപിച്ചിരുന്നു.

ആർ.എസ്.എസുകാർ കൊല്ലപ്പെട്ടപ്പോൾ ഉപവാസമിരുന്ന നേതാക്കൾ പോലും ഇക്കാര്യത്തിൽ മിണ്ടുന്നില്ലെന്നും ചിലർ ഫേസ്‌ബുക്കിൽ ആക്ഷേപം ഉന്നയിക്കുന്നുണ്ട്.അതേസമയം, സംസ്ഥാനത്ത് യു.ഡി.എഫ് - എസ്.ഡി.പി.ഐ രഹസ്യബന്ധമുണ്ടെന്ന് മന്ത്രി കെ.ടി.ജലീൽ ആരോപിച്ചു. വർഗീയ കക്ഷികളോട് യു.ഡി.എഫിന് മൃദുസമീപനമാണ്. ചാവക്കാട്ടെ കോൺഗ്രസ് പ്രവർത്തകന്റെ കൊലപാതകത്തെക്കുറിച്ച് വിശദമായി പ്രതികരിക്കാൻ പോലും പ്രതിപക്ഷ നേതാവിന് മടിയാണെന്നും അദ്ദേഹം പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP