Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അധികാരം രാജസ്ഥാനിലും ഛത്തീസ് ഗഡിലും മാത്രം; നേതൃത്വത്തിനെതിരെ തുറന്നടിച്ച് പ്രമുഖർ; ഒരു മിശിഹയും വരാനില്ലെന്ന് യൂത്ത് കോൺഗ്രസും; ശൈലി മാറ്റത്തിന് കേരളത്തിലടക്കം മുറവിളി ഉയരും; നിലനിൽപ്പിന് മാറ്റം അനിവാര്യമെന്ന് രാഷ്ട്രീയ നിരീക്ഷകരും

അധികാരം രാജസ്ഥാനിലും ഛത്തീസ് ഗഡിലും മാത്രം; നേതൃത്വത്തിനെതിരെ തുറന്നടിച്ച് പ്രമുഖർ; ഒരു മിശിഹയും വരാനില്ലെന്ന് യൂത്ത് കോൺഗ്രസും; ശൈലി മാറ്റത്തിന് കേരളത്തിലടക്കം മുറവിളി ഉയരും; നിലനിൽപ്പിന് മാറ്റം അനിവാര്യമെന്ന് രാഷ്ട്രീയ നിരീക്ഷകരും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ സമ്പൂർണ തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ കോൺഗ്രസ് നേതൃത്വത്തിനെതിരെ പാർട്ടിക്കുള്ളിൽ വിമർശനം കടുക്കുന്നു. പാർട്ടിയിലെ കലാപത്തിന് തിരികൊളുത്തി തിരുവനന്തപുരം എം പിയും മുതിർന്ന നേതാവുമായ ശശി തരൂർ തുറന്നടിച്ചു. പാർട്ടി നേതൃത്വത്തെ ചോദ്യം ചെയ്താണ് ശശി തരൂർ പരസ്യ വിമർശനവുമായി രംഗത്തെത്തിയത്. കോൺഗ്രസ് വിജയിക്കണമെങ്കിൽ മാറ്റം അനിവാര്യമാണെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

അതേ സമയം അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പു പരാജയം കേരളത്തിലെ കോൺഗ്രസിലും ചലനങ്ങൾ സൃഷ്ടിച്ചേക്കും. പ്രവർത്തനശൈലി മാറണമെന്ന ആവശ്യം മുന്നണിയിലും പാർട്ടിയിലും ശക്തമാകുമെന്നാണ് നേതാക്കളുടെ വാക്കുകൾ സൂചിപ്പിക്കുന്നത്. പരാജയത്തിന്റെ നെറുകയിൽ നിൽക്കുമ്പോഴും അധികാരത്തെച്ചൊല്ലി കോൺഗ്രസ് സംസ്ഥാന ഘടകത്തിലടക്കം ഉയരുന്ന ഭിന്നതകളും തമ്മിലടിയും യുഡിഎഫിലെ ഘടകകഷികൾക്കിടയിൽ കടുത്ത അതൃപ്തിക്ക് ഇടയാക്കിയിട്ടുണ്ട്.

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തു വരുമ്പോൾ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലേക്കാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് നീങ്ങുന്നത്. ഉത്തരാഖണ്ഡിലും ഗോവയിലും അധികാരത്തിൽ തിരിച്ചെത്താമെന്ന മോഹം പാളിയെന്ന് മാത്രമല്ല അധികാരത്തിലുണ്ടായിരുന്ന പഞ്ചാബിൽ പാർട്ടി ഏതാണ്ട് നാമവശേഷമാവുകയും ചെയ്തു. ഇന്ത്യയിൽ ഇനി കോൺഗ്രസ് പാർട്ടി അധികാരത്തിൽ ബാക്കിയുള്ളത് രാജസ്ഥാനിലും ചത്തീസ്ഗഢിലും മാത്രമാണ്.

രാജസ്ഥാനും ചത്തീസ്ഗഢും കഴിഞ്ഞാൽ മൂന്ന് സംസ്ഥാനങ്ങളിൽ പാർട്ടി മുന്നണിസഖ്യത്തിന്റെ ഭാഗമായി അധികാരത്തിലുണ്ട്. ജാർഖണ്ഡ് മുക്തിമോർച്ചയുമായുള്ള സഖ്യത്തിൽ ജാർഖണ്ഡും ശിവസേന - എൻസിപി സഖ്യത്തിന്റെ ഭാഗമായി മഹാരാഷ്ട്രയിലും, ഡിഎംകെ സഖ്യത്തിൽ തമിഴ്‌നാട്ടിലുമാണ് പാർട്ടിക്ക് അധികാരമുള്ളത്.

പാർട്ടിക്ക് ഇപ്പോൾ വന്നു നിൽക്കുന്ന ഈ പരാജയത്തിന്റെ ഉത്തരവാദിത്തം പ്രധാനമായും ഗാന്ധികുടുംബത്തിന് തന്നെയാണ് എന്നതിൽ സംശയമില്ല. പാർട്ടിയിലെ ചോദ്യം ചെയ്യപ്പെടാത്ത ശക്തികേന്ദ്രമായിട്ടും ഒന്നരപതിറ്റാണ്ടിലേറെയായി പാർട്ടി നേരിടുന്ന പ്രശ്‌നങ്ങൾക്കും പ്രതിസന്ധികൾക്കും യാതൊരു പരിഹാരവും കാണാൻ നേതൃത്വത്തിനായിട്ടില്ല. ഇപ്പോൾ അധികാരത്തിലുള്ള രാജസ്ഥാനിൽ മുഖ്യമന്ത്രി അശോക് ഗെല്ലോട്ടും സച്ചിൻ പൈലറ്റും തമ്മിൽ തർക്കം രൂക്ഷമാണ്.

മധ്യപ്രദേശിൽ കമൽനാഥുമായി ഇടഞ്ഞ ജ്യോതിരാതിദ്യ സിന്ധ്യ ബിജെപിയിൽ ചേർന്ന് കേന്ദ്രമന്ത്രിയായി. പാർട്ടി പ്രസിഡന്റ് സ്ഥാനം രാജിവച്ചെങ്കിലും രാഹുൽ തന്നെയാണ് ഇപ്പോഴും പാർട്ടിയുടെ അവസാനവാക്ക്. ഇടക്കാല അധ്യക്ഷയായി തുടരുന്ന സോണിയ ഗാന്ധിക്കും യുപിയിൽ അഞ്ച് വർഷം പാർട്ടിയെ നയിച്ച പ്രിയങ്ക ഗാന്ധിക്കും നിലവിലെ പരാജയത്തിൽ തുല്യ ഉത്തരവാദിത്തമുണ്ട്. യുപിയിലെ വലിയ പരാജയത്തോടെ പ്രിയങ്കയുടെ നേതൃത്വവും ചോദ്യം ചെയ്യപ്പെടുന്ന നിലയാണ്

കോൺഗ്രസ് പാർട്ടിയിൽ വിശ്വസിക്കുന്നവർക്കെല്ലാം വേദനയുണ്ടാക്കുന്നതാണ് തെരഞ്ഞെടുപ്പിലെ പരാജയമെന്ന് ശശി തരൂർ ചൂണ്ടികാട്ടി. രാജ്യത്തെ പ്രചോദിപ്പിക്കാനാകുന്ന പോസിറ്റീവ് അജണ്ട ഉണ്ടാകേണ്ട സമയമാണെന്ന് കോൺഗ്രസ് തിരിച്ചറിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാർട്ടി നേതൃത്വം അടിമുടി മാറേണ്ട സമയമാണെന്ന് തന്നെയാണ് ശശി തരൂർ പരസ്യ വിമർശനത്തിലൂടെ മുന്നോട്ട് വയ്ക്കുന്നത്.

യു.പിയിലും പഞ്ചാബിലും ഗോവയിലും മണിപ്പൂരിലും കോൺഗ്രസ് കനത്ത തിരിച്ചടി നേരിട്ടതോടെ യൂത്ത് കോൺഗ്രസിൽ നിന്നും ദേശീയ നേതൃത്വത്തിനെതിരെ അപസ്വരമുയരുന്നു. സോഷ്യൽ മീഡിയയിലൂടെയാണ് തെരഞ്ഞെടുപ്പ് പരാജയത്തിലെ അതൃപ്തി യുവനേതാക്കൾ പരസ്യമായി പങ്കുവയ്ക്കുന്നത്.

ഒരുമിശിഹയും ഇനി വരാനില്ലെന്നാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽമാക്കുറ്റി തെരഞ്ഞെടുപ്പ് തോൽവിയെ കുറിച്ചു തന്റെ ഫെയ്സ് ബുക്ക് പേജിലൂടെ പ്രതികരിച്ചത്. എന്നാൽ കോൺഗ്രസി നിന്ന് ദുർദിനമാണെന്നു അഭിപ്രായപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണത്തിനെതിരെയായിരുന്നു യൂത്ത് കോൺഗ്രസ് നേതാക്കളായ വി.ടി ബലറാമും രാഹുൽ മാങ്കുട്ടവും രംഗത്തുവന്നത്. മുഖ്യമന്ത്രി പറഞ്ഞതു സത്യമാണ്. സംഘപരിവാർ മനസുള്ളവർക്ക് ഇന്ന് ശുഭദിനമാണെന്നായിരുന്നു ഇവരുടെ ഫേസ്‌ബുക്ക് കുറി

യുഡിഎഫിനെ നയിക്കുന്ന കോൺഗ്രസിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ കോൺഗ്രസ് തന്നെ ആത്മാർഥമായി ശ്രമിക്കണമെന്നും തിരഞ്ഞെടുപ്പ് ഫലം മുന്നറിയിപ്പാണെന്നും ഘടകക്ഷികൾക്ക് അഭിപ്രായമുണ്ട്. മുഖ്യകക്ഷിയായ കോൺഗ്രസിന്റെ പ്രവർത്തന രീതിയിൽ പലർക്കും ഉള്ളിൽ അതൃപ്തിയുണ്ട്. കോൺഗ്രസ് ഇനിയെങ്കിലും ആത്മപരിശോധനയ്ക്കു തയ്യാറാകണമെന്നാണ് ആർഎസ്‌പി നേതാവ് ഷിബു ബേബിജോൺ സമൂഹ മാധ്യമത്തിലെഴുതിയത്.

സംഘടനാ സംവിധാനം ശക്തിപ്പെടുത്താതെ ഈ രീതിയിൽ മുന്നോട്ടു പോയാൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വിജയിക്കാനാകില്ലെന്ന് പാർട്ടിയിലെ ഒരു വിഭാഗം പറയുന്നു. പ്രാദേശിക ഘടകങ്ങൾ പലയിടത്തും ദുർബലമാണ്. മറുവശത്ത്, എൽഡിഎഫിൽ കാര്യമായ പ്രശ്‌നമില്ല. മുന്നണിയെ നയിക്കുന്ന സിപിഎം, വിഭാഗീയതയുടെ കാലം പിന്നിട്ട് പിണറായി വിജയന്റെയും കോടിയേരിയുടേയും നേതൃത്വത്തിൽ അണിനിരന്നിരിക്കുന്നു. തുടർഭരണം നൽകിയ ആത്മവിശ്വാസത്തോടൊപ്പം ന്യൂനപക്ഷ സമുദായങ്ങളിൽനിന്നും കാര്യമായ എതിർപ്പില്ല. ന്യൂനപക്ഷങ്ങളെ കൂടുതൽ അടുപ്പിക്കുന്നതിനുള്ള നടപടികളിലുമാണ് മുന്നണി.

ബിജെപിയെ താഴെയിറക്കാൻ സിപിഎമ്മിനു മാത്രമേ കഴിയൂ എന്ന മുദ്രാവാക്യത്തിലൂന്നി ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിടാനാണ് സിപിഎം തീരുമാനം. സിപിഎമ്മിനു കൂടുതൽ സീറ്റു കിട്ടിയപ്പോഴാണ് വാജ്‌പേയി സർക്കാരിനെ താഴെയിറക്കാനായതെന്നും കോൺഗ്രസിനു കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 19 സീറ്റുകൾ ലഭിച്ചിട്ടും മുഖ്യപ്രതിപക്ഷമാകാൻപോലും കഴിഞ്ഞില്ലെന്നുമുള്ള പ്രചാരണത്തിനു മുന്നണി പ്രാധാന്യം നൽകും. ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാൻ എൽഡിഎഫിനു മാത്രമേ കഴിയൂ എന്ന പ്രതിച്ഛായ സൃഷ്ടിച്ച് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പരാജയം മറികടക്കാനാകുമെന്നാണ് പ്രതീക്ഷ. സംസ്ഥാനത്ത് തുടർച്ചയായ ഭരണവും ഉറപ്പിക്കാൻ ശ്രമിക്കുന്നു.

കോൺഗ്രസിൽ സ്ഥിതി ആശാവഹമല്ല. രണ്ടു മാസമായി തുടരുന്ന ഡിസിസി പുനഃസംഘടന തർക്കങ്ങളിൽപ്പെട്ടു കിടക്കുകയാണ്. അംഗത്വ പ്രചാരണ പരിപാടിയും ലക്ഷ്യം കാണാനായില്ല. സംഘടനാ തിരഞ്ഞെടുപ്പിനു പകരം പുനഃസംഘടന വേണമെന്ന നേതൃത്വത്തിന്റെ വാശിയാണ് പ്രശ്‌നമെന്നും, പുനഃസംഘടന നടക്കാത്തത് നേതൃത്വത്തിലെ ചിലരുടെ ഇടപെടലാണെന്നും രണ്ടു വാദമുണ്ട്. പുനഃസംഘടനാ വിഷയത്തിൽ ഹൈക്കമാൻഡ് ഇടപെട്ടതിനാൽ മുതിർന്ന നേതാക്കളുമായി തുടർ ചർച്ചകൾ നടക്കേണ്ടതുണ്ട്. സമവായ ശ്രമങ്ങൾ എളുപ്പമാകില്ലെന്നാണ് പാർട്ടിക്കുള്ളിൽനിന്ന് ലഭിക്കുന്ന വിവരം.

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പാഠമെന്നായിരുന്നു കോൺഗ്രസ് ദേശീയ നേതൃത്വം ഔദ്യോഗികമായി പ്രതികരിച്ചത്. പാർട്ടിയുടെ തോൽവി പാഠമെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല പറഞ്ഞു. തെരഞ്ഞെടുപ്പിൽ തോറ്റെങ്കിലും വീര്യം ചോരില്ല. ജനങ്ങൾക്കായി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. തോൽവി പരിശോധിക്കാൻ സോണിയ ഗാന്ധി കോൺഗ്രസ് പ്രവർത്തക സമിതി വിളിക്കും. അടിയന്തര പ്രവർത്തക സമിതി ഉടൻ ചേരും. പഞ്ചാബിൽ അമരീന്ദർ സിങ് നാലരവർഷം ഉണ്ടാക്കിയ ഭരണവിരുദ്ധ വികാരത്തെ മറികടക്കാനായില്ല. മാറ്റത്തിനായി ജനങ്ങൾ ആം ആദ്മി പാർട്ടിക്ക് വോട്ട് ചെയ്തു എന്നും സുർജെവാല പറഞ്ഞു.

അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനുണ്ടായ പരാജയത്തെക്കുറിച്ച്, തോൽവിയിൽ നിന്ന് പഠിക്കുമെന്നായിരുന്നു രാഹുൽ ഗാന്ധി പ്രതികരിച്ചത്. ജനവിധി അംഗീകരിക്കുന്നുവെന്നും രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. 'ജനവിധി വിനയപൂർവ്വം സ്വീകരിക്കുക. ജനവിധി നേടിയവർക്ക് ആശംസകൾ. കഠിനാധ്വാനത്തോടെയും അർപ്പണബോധത്തോടെയും പ്രവർത്തിച്ച കോൺഗ്രസ് പ്രവർത്തകർക്ക് നന്ദി. ഞങ്ങൾ ഇതിൽ നിന്ന് പാഠം ഉൾക്കൊള്ളുകയും ഇന്ത്യയിലെ ജനങ്ങളുടെ താൽപ്പര്യങ്ങൾക്കായി പ്രവർത്തിക്കുകയും ചെയ്യുമെന്നും' രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP