Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202117Thursday

ഗ്രൂപ്പിനെ മറികടന്നു പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റുമായതോടെ പ്രവർത്തകർക്ക് ഉണർവ്വ്; അടുത്ത കടമ്പ യുഡിഎഫ് കൺവീനർ; കെ വി തോമസിന്റെ പേരുയരുമ്പോഴും ആർക്കും ഉറപ്പില്ല; സമ്പൂർണ്ണ നിസ്സഹകരണം പ്രഖ്യാപിച്ചു എ-ഐ ഗ്രൂപ്പുകൾ; നേതൃത്വം രണ്ടും കൽപ്പിച്ച്

ഗ്രൂപ്പിനെ മറികടന്നു പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റുമായതോടെ പ്രവർത്തകർക്ക് ഉണർവ്വ്; അടുത്ത കടമ്പ യുഡിഎഫ് കൺവീനർ; കെ വി തോമസിന്റെ പേരുയരുമ്പോഴും ആർക്കും ഉറപ്പില്ല; സമ്പൂർണ്ണ നിസ്സഹകരണം പ്രഖ്യാപിച്ചു എ-ഐ ഗ്രൂപ്പുകൾ; നേതൃത്വം രണ്ടും കൽപ്പിച്ച്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഗ്രൂപ്പുകളെ മറികടന്നുള്ള സംസ്ഥാന കോൺഗ്രസിലെ നിയമനങ്ങൾക്ക് പിന്നാലെ കടുത്ത അമർഷമാണ് ഗ്രൂപ്പു മാനേജർമാർക്ക്. എന്നാൽ, പ്രതിപക്ഷ നേതാവ്, കെപിസിസി അധ്യക്ഷൻ നിയമനങ്ങളിലൂടെ അണികൾക്ക് ആത്മവിശ്വാസം പകരാൻ സാധിച്ചിട്ടുണ്ട്. കോൺഗ്രസ് അണികളുടെ ആഗ്രഹമായിരുന്നു കെ സുധാകരൻ കെപിസിസി അധ്യക്ഷൻ ആകണമെന്നത്. ഇക്കാര്യം നടന്നു കഴിഞ്ഞു. നിരാശയുടെ പടുകുഴിയിൽ വീണ അണികൾക്ക് ഇത് ആശ്വാസം പകരുന്ന കാര്യമായി മാറുകയും ചെയ്തു.

അതേസമയം യുഡിഎഫ് കൺവീനറെ നിശ്ചയിക്കാനുള്ള ചർച്ചകളിലേക്കു കോൺഗ്രസ് ഹൈക്കമാൻഡ് കടക്കുന്നതോടെ ഗ്രൂപ്പുകൾ സമ്പൂർണ നിസ്സഹകരണത്തിലാണ്. ഹൈക്കമാൻഡ് തന്നെ യുഡിഎഫ് കൺവീനറെ നിയമിക്കട്ടെ എന്ന നിലപാടാണ് ഗ്രൂപ്പുകൾ. പ്രതിപക്ഷ നേതാവ്, കെപിസിസി പ്രസിഡന്റ് എന്നിവരുടെ നിയമനങ്ങളിലെന്ന പോലെ കൺവീനറുടെ കാര്യത്തിലും ഗ്രൂപ്പ് താൽപര്യങ്ങൾ നോക്കില്ലെന്നു പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കി.

കൺവീനറെ കൂടി നിയമിച്ചാൽ, കേരളത്തിൽ കോൺഗ്രസിനു പുതിയ മുഖം നൽകാനുള്ള ഹൈക്കമാൻഡിന്റെ ദൗത്യം പൂർത്തിയാവും. കൺവീനർ ആരാകണമെന്നതു സംബന്ധിച്ചു ഘടകകക്ഷികളുടെ അഭിപ്രായം വരുംദിവസങ്ങളിൽ തേടും. തീരുമാനം അടിച്ചേൽപിക്കില്ലെന്നും ഘടകകക്ഷികളുമായും ഗ്രൂപ്പ് നേതാക്കളുമായും കൂടിയാലോചിച്ച് സമവായമുണ്ടാക്കാൻ ശ്രമിക്കുമെന്നും പാർട്ടി വൃത്തങ്ങൾ പറഞ്ഞു.

ഇതിനായി ദേശീയ ജനറൽ സെക്രട്ടറി താരിഖ് അൻവറിനെ നിയോഗിക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എന്നിവരുമായും അദ്ദേഹം ചർച്ച നടത്തും. സംസ്ഥാന നേതാക്കൾ ഒറ്റപ്പേര് നിർദേശിക്കുമെന്ന പ്രതീക്ഷ ഹൈക്കമാൻഡിനില്ല. പ്രതിപക്ഷ നേതാവിന്റെ നിയമനത്തിലുള്ള പരിഭവം മാറാത്ത ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്റായി ആരെയും നിർദേശിച്ചിരുന്നില്ല.

വർക്കിങ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് ഒഴിവാക്കപ്പെട്ട കെ.വി. തോമസ്, കൺവീനർ പദവിയിലേക്കു പരിഗണിക്കുമെന്നു പ്രതീക്ഷിക്കുന്നു. ഇതു സംബന്ധിച്ച ഉറപ്പുകളൊന്നും ദേശീയ നേതൃത്വം അദ്ദേഹത്തിനു നൽകിയിട്ടില്ല. കൂടുതൽ പേരുകൾ ഉയർന്നുവന്നേക്കാമെന്നു പാർട്ടി വൃത്തങ്ങൾ പറഞ്ഞു. കെ സുധാകരനെ കെപിസിസി അധ്യക്ഷനായി അവരോധിച്ചതോടെ എ, ഐ ഗ്രൂപ്പുകൾക്കുമേൽ ഹൈക്കമാൻഡ് വിജയം അസന്ദിഗ്ധമായി. എന്നാലും ഗ്രൂപ്പുകളുടെ തകർച്ച ആരും പ്രതീക്ഷിക്കുന്നില്ല.

ഗ്രൂപ്പുകളുടെ അമർഷവും തലമുറമാറ്റം 'തലവെട്ടലിൽ' ഒതുങ്ങിയതും കോൺഗ്രസിനെ കൂടുതൽ അസ്വസ്ഥമാക്കും. ഗ്രൂപ്പുകൾക്ക് അതീതമായി ഒറ്റക്കെട്ടായി നയിക്കുമെന്നാണ് കെ സുധാകരൻ രാഹുൽ ഗാന്ധിക്ക് നൽകിയ ഉറപ്പ്. ഗ്രൂപ്പുകൾക്കുമീതെ ഹൈക്കമാൻഡ് രംഗത്തിറക്കിയ വി എം സുധീരൻ പാതിവഴിയിൽ പിൻവാങ്ങി. ശരിക്കും ഹൈക്കമാൻഡ് നോമിനിയായി വന്ന മുല്ലപ്പള്ളി രാമചന്ദ്രനാകട്ടെ ചങ്ക് കലങ്ങിയാണ് ഇന്ദിരാഭവന്റെ പടിയിറങ്ങിയത്. സുധീരനും മുല്ലപ്പള്ളിക്കും കടക്കാൻ കഴിയാത്ത കടമ്പ കെ സുധാകരൻ എങ്ങനെ മറികടക്കും? എന്ന ചോദ്യം ഉയരുന്നുണ്ട്.

പ്രതിപക്ഷ നേതാവിന്റെ നിയമനത്തിലൂടെ ചെന്നിത്തലയാണ് അപമാനിതനായതെങ്കിൽ ഇപ്പോൾ ഉമ്മൻ ചാണ്ടിക്കും ചെന്നിത്തലയ്ക്കും ഒരുപോലെ മുറിവേറ്റു. കെ സുധാകരനു മുമ്പിലുള്ള പ്രധാന വെല്ലുവിളിയും ഇവരെ നേരിടുകയെന്നതാണ്. സുധാകരൻ കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് വരാതിരിക്കാൻ ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും ആവുന്ന പണിയെല്ലാം എടുത്തു. മുല്ലപ്പള്ളിക്കു പകരം ആരുടെയും പേര് നിർദേശിക്കാതെ അമർഷം വെളിവാക്കിയെങ്കിലും അത് ഹൈക്കമാൻഡിനെ ചൊടിപ്പിച്ചതേയുള്ളൂ. ഏറ്റവും ഒടുവിൽ കൊടിക്കുന്നിൽ സുരേഷ് ആയാലും തരക്കേടില്ലെന്ന ധ്വനി ഇരുവരും നൽകിയെങ്കിലും അതും ഹൈക്കമാൻഡ് ചെവിക്കൊണ്ടില്ല. ഉമ്മൻ ചാണ്ടിയുടെയും ചെന്നിത്തലയുടെയും മുല്ലപ്പള്ളിയുടെയും ആയുധമാക്കിയാണ് കെ സുധാകരനെ അധ്യക്ഷനാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP