Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202225Wednesday

കെ സുധാകരൻ ലക്ഷ്യമിട്ടത് കോൺഗ്രസിൽ 'ഒരാൾക്ക് ഒരു പദവി'; പുനഃസംഘടനയ്ക്ക് കീറമുട്ടിയായി പട്ടിക; ഭാരവാഹികളുടെ ഗ്രൂപ്പ് ക്വോട്ട വ്യക്തമാക്കണമെന്ന് എ ഗ്രൂപ്പ്; ഐ ഗ്രൂപ്പിൽ ആശയക്കുഴപ്പം; കോൺഗ്രസിലെ അഴിച്ചുപണി നീളുന്നു

കെ സുധാകരൻ ലക്ഷ്യമിട്ടത് കോൺഗ്രസിൽ 'ഒരാൾക്ക് ഒരു പദവി'; പുനഃസംഘടനയ്ക്ക് കീറമുട്ടിയായി പട്ടിക; ഭാരവാഹികളുടെ ഗ്രൂപ്പ് ക്വോട്ട വ്യക്തമാക്കണമെന്ന് എ ഗ്രൂപ്പ്; ഐ ഗ്രൂപ്പിൽ ആശയക്കുഴപ്പം; കോൺഗ്രസിലെ അഴിച്ചുപണി നീളുന്നു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാന കോൺഗ്രസിൽ 'ഒരാൾക്ക് ഒരു പദവി' എന്ന രീതിയിലാകും കോൺഗ്രസ് പുനഃസംഘടനയുണ്ടാകുകയെന്ന് കെപിസിസി നേതൃത്വം വ്യക്തമാക്കുമ്പോഴും ഭാരവാഹികളുടെ ഗ്രൂപ്പ് ക്വോട്ട ഉറപ്പിക്കാനുള്ള എ, ഐ ഗ്രൂപ്പുകളുടെ നീക്കത്തിൽ കോൺഗ്രസ് അഴിച്ചുപണി നീളുന്നു.

മുഴുവൻ സമയത്തും പ്രവർത്തിക്കാൻ കഴിയുന്നവർക്കായിരിക്കും മുൻഗണന നൽകുക. പുതുമുഖങ്ങളെ ഉൾപ്പെടുത്തി പദവികളിലേക്ക് ആരൊയൊക്കെ പരിഗണിക്കണം ഒഴിവാക്കണം എന്നീ കാര്യങ്ങളിലും മാനദണ്ഡമുണ്ടാക്കിയതായാണ് കെപിസിസി നേതൃത്വം നേരത്തെ അറിയിച്ചത്.

എന്നാൽ ഈ മാസം 4നു ചേർന്ന രാഷ്ട്രീയകാര്യസമിതി യോഗം ഒരാഴ്ചയ്ക്കകം ജില്ലകളിൽനിന്നു പട്ടിക നൽകാനാണു നിർദേശിച്ചതെങ്കിലും ഒരു ജില്ലയിൽനിന്നു പോലും ഡിസിസി ഭാരവാഹികളുടെ പാനൽ കെപിസിസിക്കു ലഭിച്ചിട്ടില്ല. മിക്ക ജില്ലകളിലും പാനലിന് ഏകദേശ രൂപം പോലുമായില്ല.

ചാർജുള്ള ജനറൽ സെക്രട്ടറിമാർ ജില്ലകളിലെത്തി നേതാക്കളെയും മറ്റും കാണുന്നുണ്ട്. അവരിൽനിന്നു പേരുകൾ വാങ്ങി ഡിസിസി പ്രസിഡന്റുമായി ചർച്ച ചെയ്തു കൈമാറാനാണു പ്രസിഡന്റ് കെ.സുധാകരൻ ആവശ്യപ്പെട്ടത്.

ഒരു മാസത്തോളം മുൻപു തന്നെ പുതിയ ഡിസിസി ഭാരവാഹികളുടെ നിയമനം പൂർത്തിയാക്കണമെന്നാണ് ആദ്യം തീരുമാനിച്ചതെങ്കിലും മാനദണ്ഡങ്ങൾ വ്യക്തമല്ലെന്ന കാരണം പറഞ്ഞു നീണ്ടുപോയി. തുടർന്നാണു കെപിസിസി ഭാരവാഹി യോഗവും പിന്നീടു രാഷ്ട്രീയകാര്യസമിതി യോഗവും ചേർന്നു മാർഗരേഖ അന്തിമമാക്കിയത്.

പക്ഷേ മിക്ക ജനറൽ സെക്രട്ടറിമാർക്കും പിന്നെയും എങ്ങനെ മുന്നോട്ടു പോകുമെന്ന ധാരണയില്ല. ഗ്രൂപ്പിന് എത്ര ഭാരവാഹികൾ എന്ന കാര്യത്തിൽ വ്യക്തത വേണമെന്നാണ് എ ഗ്രൂപ്പിന്റെ നിലപാട്. എണ്ണം പറഞ്ഞാൽ പേരുകൾ നൽകും. ആ പേരുകളിൽ മാറ്റം പാടില്ലെന്ന നിലപാടും ഗ്രൂപ്പ് നേതൃത്വത്തിനുണ്ട്.

ഡിസിസി പ്രസിഡന്റ്, കെപിസിസി ഭാരവാഹി നിയമനങ്ങളിൽ ഗ്രൂപ്പ് നേതൃത്വത്തോടു പേരുകൾ വാങ്ങി അതിൽനിന്നു കെപിസിസി നേതൃത്വത്തിന്റെ താൽപര്യപ്രകാരം നിയമനം നടത്തിയെന്ന പരാതിയാണ് എ വിഭാഗത്തിന്. അത് ഇനി ആവർത്തിക്കരുതെന്നാണ് അവരുടെ ശാഠ്യം. എന്നാൽ ഗ്രൂപ്പ് ക്വോട്ട പറയാൻ ജനറൽ സെക്രട്ടറിമാർക്ക് അധികാരമില്ല.

ഐ വിഭാഗത്തിൽ നേരത്തേ രമേശ് ചെന്നിത്തലയ്‌ക്കൊപ്പം നിന്നവരിൽ ചിലരെല്ലാം പുതിയ നേതൃത്വവുമായി ചേർന്നിട്ടുണ്ട്. അതേസമയം ഐ ബന്ധം ഉപേക്ഷിച്ചിട്ടുമില്ല. അതിനാൽ ഐ വിഭാഗക്കാരുടെ പേര് ആരു പറയും, അല്ലെങ്കിൽ ആരു പറയുന്നതു സ്വീകരിക്കണം എന്ന കാര്യത്തിൽ ആശയക്കുഴപ്പമാണ്. രണ്ടു വിഭാഗങ്ങളിലും ഇല്ലാത്ത ചില മുതിർന്ന നേതാക്കൾ തങ്ങളുടെ ചില നോമിനികളുടെ പേരുകൾ ജനറൽ സെക്രട്ടറിമാർക്കു നൽകി.

മുൻകാലങ്ങളിൽ ജില്ലാ ഭാരവാഹി നിയമനത്തിനായി ഓരോ ജില്ലയിലും സമവായ സമിതി രൂപീകരിച്ചിരുന്നു. കെപിസിസി ഭാരവാഹിയും ഡിസിസി പ്രസിഡന്റും ആ സമിതിയുമായി ചർച്ച ചെയ്തു പേരുകൾ അന്തിമമാക്കി കെപിസിസിക്കു കൈമാറുന്നതാണു നടന്നു വന്നത്. നിലവിൽ ജില്ലകളിൽ ആ സംവിധാനമില്ല.

ജില്ലകളിൽനിന്നു ലഭിക്കുന്ന പേരുകളിൽ ഒരു തരത്തിലും പരിഗണിക്കാൻ സാധിക്കാത്തവരെ മാറ്റിനിർത്തി ബാക്കിയുള്ളവരുടെ പട്ടിക കെപിസിസിക്കു നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. വലിയ ജില്ലകളിൽ 25 ഭാരവാഹികളെയും ചെറിയ ജില്ലകളിൽ 15 ഭാരവാഹികളെയും നിയമിക്കാനാണ് ഉദ്ദേശിക്കുന്നത് എന്നിരിക്കെ ചുരുക്കപ്പട്ടിക ഇതുവരെയും യാഥാർത്ഥ്യമായിട്ടില്ല.

നിലവിലെ ഭാരവാഹികളിൽ കഴിവും പ്രവർത്തനമികവുമുള്ളവരെ ഡിസിസി ഭാരവാഹികളാക്കാം എന്നാണ് കെപിസിസി തീരുമാനിച്ചത്. അമ്പത് ശതമാനം പുതുമുഖങ്ങളെയും യുവജനങ്ങളെയും ഉൾപ്പെടുത്തിയാകണം ഡിസിസി ഭാരവാഹികൾ, എക്‌സിക്യുട്ടീവ് അംഗങ്ങൾ, ബ്ലോക്ക് പ്രസിഡന്റുമാർ എന്നിവരെ തെരഞ്ഞെടുക്കേണ്ടത്.

അർധസർക്കാർ സ്ഥാപനങ്ങൾ, ബാങ്കിങ് മേഖല, ത്രിതല പഞ്ചായത്തുകളിലെ പ്രസിഡന്റുമാർ, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ എന്നിവരെ ഡിസിസി ഭാരവാഹികൾ, ബ്ലോക്ക് പ്രസിഡന്റുമാർ എന്നീ പദവികളിലേക്ക് പരിഗണിക്കില്ല. ഇക്കാര്യത്തിൽ കെപിസിസി വ്യക്തമായ മാർഗനിർദ്ദേശം നൽകിയിരുന്നു.

സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച മുതിർന്ന നേതാക്കളായ ഉമ്മൻ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും അഭിപ്രായം തേടിയ കെപിസിസി അവർകൂടി അംഗീകരിച്ച മാനദണ്ഡങ്ങൾക്കാണ് രൂപം നൽകിയത്.

ജില്ലയിൽ ഒരു ബ്ലോക്കിലും നിയോജകമണ്ഡലത്തിലും സ്ത്രീയെ പ്രസിഡന്റാക്കണം. രാഷ്ട്രീയേതര സംഭങ്ങളിൽ ക്രിമിനൽക്കേസിൽ ശിക്ഷിക്കപ്പെട്ടവരെ ഭാരവാഹികളാക്കരുത്. വനിതകൾക്കും പട്ടികജാതി, പിന്നാക്ക വിഭാഗക്കാർക്കും ഡിസിസി ഭാരവാഹികൾ, എക്‌സിക്യൂട്ടീവ് കമ്മിറ്റിയിൽ പ്രാതിനിധ്യം നൽകണമെന്നായിരുന്നു നിർദ്ദേശം. മാനദണ്ഡങ്ങൾ പാലിച്ച് ഭാരവാഹികളെ തീരുമാനിക്കാൻ കെപിസിസി നേതൃത്വം മുന്നിട്ടിറങ്ങുമ്പോഴും ഗ്രൂപ്പ് ക്വോട്ടയും വീതംവയ്പും പുനഃസംഘടനയെ പിന്നോട്ടടിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP