Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സ്പ്രിൻക്ലറിൽ ഏശാതെ പോയത് അതിഥി തൊഴിലാളികളുടെ മടക്കത്തിൽ സാധിച്ചു കോൺഗ്രസ്; ഡി കെ ശിവകുമാർ മോഡലിലെ സാധ്യത കണ്ട് കളത്തിലിറങ്ങിയ സോണിയ ഗാന്ധിയുടെ ചടുലനീക്കം വിജയിച്ചു; കേരളത്തിലെ ഡിസിസികൾ ഉണർന്നു പ്രവർത്തിച്ചതോടെ 'ട്രെയിനുകൾ' എത്തിച്ചു നൽകിയ പിണറായി തള്ള്; കേന്ദ്രവും സംസ്ഥാനവും അതിഥി തൊഴിലാളികളെ കൈവിട്ടെന്ന വാദമുയർത്തി പുതിയ പോരാട്ടവേദി തുറന്നു കോൺഗ്രസ്

സ്പ്രിൻക്ലറിൽ ഏശാതെ പോയത് അതിഥി തൊഴിലാളികളുടെ മടക്കത്തിൽ സാധിച്ചു കോൺഗ്രസ്; ഡി കെ ശിവകുമാർ മോഡലിലെ സാധ്യത കണ്ട് കളത്തിലിറങ്ങിയ സോണിയ ഗാന്ധിയുടെ ചടുലനീക്കം വിജയിച്ചു; കേരളത്തിലെ ഡിസിസികൾ ഉണർന്നു പ്രവർത്തിച്ചതോടെ 'ട്രെയിനുകൾ' എത്തിച്ചു നൽകിയ പിണറായി തള്ള്; കേന്ദ്രവും സംസ്ഥാനവും അതിഥി തൊഴിലാളികളെ കൈവിട്ടെന്ന വാദമുയർത്തി പുതിയ പോരാട്ടവേദി തുറന്നു കോൺഗ്രസ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോവിഡ് കാല രാഷ്ട്രീയത്തിൽ തുടക്കം മുതൽ മേൽക്കൈ നേടിയത് ഇടതു മുന്നണിയും പിണറായി വിജയനും ആയിരുന്നു. എന്നാൽ, പ്രതിപക്ഷ നേതാവ് ഉയർത്തി സ്പ്രിൻക്ലർ വിവാദം വിവാദത്തിലേക്ക് കോൺഗ്രസിന് നേരിയ മേൽക്കൈ നേടുന്നതായി. എന്നാൽ സാധാരണക്കാർക്ക് മനസിലാകാത്ത ഈ വിഷയം വേണ്ട വിധത്തിൽ ഏശുകയും ഉണ്ടായില്ല. എന്നാൽ കർണാടകത്തിലെ ഡി കെ ശിവകുമാർ തുടങ്ങിവെച്ച ശൈലിക്ക് കോൺഗ്രസ് ദേശീയ അധ്യക്ഷ സോണിയ ഗാന്ധിയും അവസരം ആക്കിയതോടെയാണ് സംസ്ഥാനത്തെ കോൺഗ്രസിനും അത് നേട്ടമായി മാറിയത്. 

അതിഥി തൊഴിലാളികളുടെ മടക്കയാത്രയ്ക്കുള്ള ചെലവ് വഹിക്കാമെന്ന കോൺഗ്രസ് ഓഫറിലെ അപകടം കണ്ട കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ജാഗ്രത പാലിക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. കോവിഡ് പ്രതിരോധനടപടികളിലെ വിള്ളലുകൾ ചൂണ്ടികാട്ടിയുള്ള രാഷ്ട്രീയമാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്. വാഗ്ദാനംചെയ്ത പണം സർക്കാർ നിരസിച്ചതോടെ സമരപരിപാടികളിലൂടെ രംഗം കൊഴുപ്പിക്കാനാണ് പാർട്ടി ശ്രമം. മാസങ്ങളായി ജോലിയില്ലാത്ത അതിഥി തൊഴിലാളികളിൽനിന്ന് സ്വദേശത്തേക്കുമടങ്ങാനുള്ള പണം ഈടാക്കുന്നത് ശരിയല്ലെന്നാണ് കോൺഗ്രസ് വാദം. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇതിന്റെ ചെലവ് വഹിക്കണമെന്നാണ് ആവശ്യം.

കേന്ദ്രം ഇതിന് തയാറാകാതെ വന്നപ്പോഴാണ് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ഒരു പടികൂടി കടന്ന് മടക്കയാത്രയ്ക്കുള്ള ചെലവ് പാർട്ടി വഹിക്കുമെന്ന് പ്രഖ്യാപിച്ചത്. അതത് പ്രദേശ് കോൺഗ്രസ് കമ്മിറ്റികൾക്ക് നിർദേശവും നൽകി. കേരളത്തിൽ കെപിസിസി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ചീഫ് സെക്രട്ടറിയെ ബന്ധപ്പെട്ട് കേരളത്തിൽനിന്ന് മടങ്ങുന്ന അതിഥി തൊഴിലാളികളുടെ ടിക്കറ്റിനുള്ള പണം സംഭാവനയായി പാർട്ടി നൽകുമെന്നറിയിച്ചു. ഇതിലെ രാഷ്ട്രീയം തിരിച്ചറിഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ വാഗ്ദാനത്തെ കളിയാക്കി. പ്രളയകാലത്ത് 1000 വീടുകൾ കെപിസിസി. നിർമ്മിച്ചുനൽകുമെന്ന ഉറപ്പ് പറയാതെ പറഞ്ഞ് മുമ്പ് നടത്തിയ വാഗ്ദാനത്തിന്റെ സ്ഥിതി എന്താണെന്ന് അറിയാമല്ലോയെന്ന് അദ്ദേഹം ചോദിച്ചു.

തങ്ങളുടേത് വെറുംവാക്കല്ലെന്ന് ബോധിപ്പിക്കാനാണ് ചില ഡി.സി.സി.കൾ പണവുമായി കളക്ടർമാരെ സമീപിച്ചത്. എന്നാൽ സർക്കാർ ഉത്തരവില്ലാത്തതിനാൽ അവർ പണം വാങ്ങാൻ കൂട്ടാക്കിയില്ല. ഇതിനെതിരേ സമരവും നടന്നു. പ്രത്യേകാവശ്യത്തിനെന്ന ഉപാധിവെച്ച് പണം സ്വീകരിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് സർക്കാർ. ആത്മാർഥതയുണ്ടെങ്കിൽ ദുരിതാശ്വാസ നിധിയിലേക്ക് പണം സംഭാവന ചെയ്യാമെന്നാണ് സർക്കാർ നിലപാട്. അതിഥി തൊഴിലാളികളിൽ കുറച്ചുപേർ ഇതിനകംതന്നെ സ്വന്തം സംസ്ഥാനങ്ങളിലേക്ക് മടങ്ങി. ശരാശരി 900 രൂപയാണ് അവരിൽനിന്ന് ടിക്കറ്റിനത്തിൽ ഈടാക്കിയത്. മറ്റുസംസ്ഥാനങ്ങളിൽനിന്നുപോയ അതിഥി തൊഴിലാളികളുടെ പക്കൽനിന്ന് സമാനമായ രീതിയിലാണ് പണം വാങ്ങിയത്. യാത്രക്കാരുടെ എണ്ണം കുറച്ചതിനാൽ യഥാർഥത്തിൽ ടിക്കറ്റ് നിരക്ക് കൂടുതലാകേണ്ടതാണ്. ആളില്ലാതെയാകും ട്രെയിൻ മടങ്ങുക.

തൊഴിലാളികളിൽനിന്ന് വാങ്ങിയ പണം സർക്കാരാണ് റെയിൽവേയിൽ അടയ്ക്കുക. മടങ്ങിയവരുടെ പണം ആരെങ്കിലും സ്പോൺസർ ചെയ്താലും തൊഴിലാളികൾക്ക് മടക്കി നൽകാനാകില്ലെന്നാണ് സർക്കാർ നിലപാട്. സമരരൂപമായി കോൺഗ്രസ് ഉയർത്തുന്ന സമ്മർദത്തിന് വഴങ്ങേണ്ടെന്നുമാണ് സർക്കാർ തീരുമാനം. കർണ്ണാടകയിലും കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലും അതിഥി തൊഴിലാളികളുടെ യാത്രാക്കൂലി നൽകിയത് സംസ്ഥാന സർക്കാരുകളാണ്. ഇതിൽ നിന്ന് തന്നെ അതിഥി തൊഴിലാളികളിൽ നിന്ന് നിർബന്ധപൂർവ്വം ടിക്കറ്റ് നിരക്ക് വാങ്ങണമെന്ന നിലപാട് കേന്ദ്രത്തിന് ഇല്ലെന്ന് വ്യക്തമല്ലേ എന്നാണ് കേന്ദ്ര സർക്കാരിലെ പ്രധാനി മറുനാടനോട് ചോദിച്ചത്. കേരളത്തിലെ വിഷയങ്ങളിൽ രാഷ്ട്രീയം തന്നെയാണ്.

ഈ ഘട്ടത്തിൽ ഇക്കാര്യത്തിൽ കൂടുതൽ വിവാദത്തിനില്ലെന്നും അവർ പറയുന്നു. അതിഥി തൊഴിലാളികളുടെ തീവണ്ടിയിലേക്ക് ആരെല്ലാം കയറണമെന്നത് ഉൾപ്പെടെ തീരുമാനിക്കുന്നത് സംസ്ഥാന സർക്കാരാണ്. റെയിൽവേ സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടറുകളിൽ ടിക്കറ്റ് കൊടുക്കുന്നില്ല. അതുകൊണ്ട് യാത്ര ചെയ്യുന്നവരുടെ ടിക്കറ്റ് നിരക്ക് പണം വാങ്ങി സംസ്ഥാന സർക്കാരുകൾ നൽകണമെന്നതാണ് റെയിൽവേയുടെ നിർദ്ദേശം. ഇത് അനുസരിച്ച് കോവിഡ് ബാധിതരല്ലാത്ത അതിഥി തൊഴിലാളികളുടെ പട്ടിക സംസ്ഥാന സർക്കാർ തയ്യാറാക്കും. ഇവരെ കോവിഡ് പരിശോധന നടത്തും. രോഗമില്ലെന്ന് കണ്ടാൽ യാത്രാനുമതി. ഇവരെ ക്യാമ്പുകളിൽ നിന്ന് കെ എസ് ആർ ടി സി ബസിൽ റെയിൽവേ സ്റ്റേഷനിൽ എത്തിക്കും. ഇങ്ങനെ ബസിൽ കയറുമ്പോഴാണ് ടിക്കറ്റ് നിരക്ക് വാങ്ങുന്നത്. തീവണ്ടി സ്റ്റേഷനിലെത്തുന്ന യാത്രക്കാർ കോവിഡ് മാനദണ്ഡം പാലിച്ച് വണ്ടിക്ക് അകത്തും കയറും. ജീവനക്കാരിൽ നിന്ന് പിരിച്ച തുക സർക്കാർ ഉദ്യോഗസ്ഥർ റെയിൽവേയിൽ അടയ്ക്കും. ഇതാണ് നടക്കുന്നത്. നിലവിലെ സാഹചര്യത്തിൽ ക്യാമ്പുകളിൽ എത്തി പണം അതിഥി തൊഴിലാളികൾക്ക് നൽകാൻ കോൺഗ്രസുകാർക്ക് കഴിയില്ല.

എന്നാൽ കോൺഗ്രസുകാർ നൽകുന്ന ചെക്ക് കളക്ടർക്ക് ഏറ്റുവാങ്ങാം. ഓരോ ട്രെയിനും യാത്ര പുറപ്പെടുന്നതിന് മുമ്പ് ആളെണ്ണം വച്ചാണ് ടിക്കറ്റ് നിരക്ക് അടയ്ക്കേണ്ടത്. അതുകൊണ്ട് തന്നെ കൃത്യമായ തുക സംസ്ഥാന സർക്കാരിനെ റെയിൽവേ അറിയിക്കും. ഇത് ഒന്നിച്ചാണ് അടയ്ക്കുന്നത്. അതുകൊണ്ട് തന്നെ കോൺഗ്രസുകാരിൽ നിന്ന് വാങ്ങുന്ന ചെക്ക് റെയിൽവേയ്ക്ക് ടിക്കറ്റ് ഇനത്തിൽ നൽകിയാൽ മതി. അതിന് സാങ്കേതിക പ്രശ്നമുണ്ടെങ്കിൽ ചെക്കിനെ പണമാക്കി മാറ്റി റെയിൽവേയ്ക്ക് കൊടുക്കാം. വലിയ സാങ്കേതിക പ്രശ്നങ്ങളൊന്നും ഇതിൽ ഇല്ല. ബസിലേക്ക് കയറുമ്പോൾ അവരിൽ നിന്ന് പണം വാങ്ങാതിരുന്നാൽ മതി. അതിന്റെ ആശ്വാസം പാവങ്ങൾക്ക് കിട്ടുകയും ചെയ്യും. ഇപ്പോൾ 1000 രൂപ ഇല്ലാത്തതിനാൽ പലർക്കും നാട്ടിലേക്കുള്ള യാത്ര വേണ്ടെന്ന് വയ്ക്കേണ്ടി വരുന്നുണ്ട്. കോൺഗ്രസിൽ നിന്നുള്ള തുക കളക്ടർമാർ വാങ്ങിയിരുന്നുവെങ്കിൽ ഈ പ്രശ്നവും പരിഹരിക്കപ്പെടുമായിരുന്നു.

അതിഥി തൊഴിലാളികൾക്ക് നേരിട്ട് കോൺഗ്രസിന് പണം നൽകാൻ വേണമെങ്കിൽ കഴിയും. ഏതെങ്കിലും ഓഫീസിൽ തീവണ്ടിക്കൂലി നൽകുന്നുവെന്ന് പ്രഖ്യാപിച്ചാൽ അവർ ഒഴുകിയെത്തും. എന്നാൽ അങ്ങനെ പണം കൊടുത്താൽ അവരെല്ലാം നാട്ടിലേക്ക് പോകുന്നവരാണോ എന്ന് ഉറപ്പിക്കാൻ കോൺഗ്രസിന് കഴിയില്ല. അതുകൊണ്ട് തന്നെ അങ്ങനെ പണം കൊടുത്താൽ അനർഹരുടെ കൈയിൽ അത് എത്തും. ഈ സാഹചര്യത്തിൽ സർക്കാർ സംവിധാനത്തിലൂടെ മാത്രമേ അതിഥി തൊഴിലാളികളുടെ ടിക്കറ്റ് വിഷയത്തിൽ കോൺഗ്രസിന് ഇടപെടാൻ കഴിയൂ. ഇതിനുള്ള സാഹചര്യമാണ് ഇടത് സർക്കാരിന്റെ മസിലു പിടിത്തത്തിൽ അവസാനിക്കുന്നത്. അതിനിടെ അതിഥി തൊഴിലാളികൾക്ക് തിരിച്ചുപോകാനുള്ള ട്രെയിൻ നിരക്കിനുള്ള തുക കെപിസിസി നൽകിയത് വാങ്ങാൻ ജില്ലാ കലക്ടർമാർ തയാറാകാതിരുന്നത് മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിച്ചു കഴിഞ്ഞു. ടിക്കറ്റിന്റെ തുക നൽകുമെന്ന് പറഞ്ഞപ്പോൾ കഴിഞ്ഞദിവസം വളരെ പരിഹാസവും പുച്ഛവും നിറഞ്ഞ രീതിയിലാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. മുഖ്യമന്ത്രിയുടെ പദത്തിന് ചേർന്നതല്ല ഈ വാക്കുകളെന്നും മുല്ലപ്പള്ളി ആരോപിച്ചു.

അതിഥി തൊഴിലാളികളുടെ യാത്രാ ചെലവിലേക്കായി കണ്ണൂരിൽ ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി ഏൽപിച്ച 10 ലക്ഷം രൂപയുടെ ചെക്ക് കണ്ണൂർ കലക്ടർ ടി.വി. സുഭാഷ് തിരിച്ചേൽപിച്ചു. സംസ്ഥാന സർക്കാരിന്റെ നിർദ്ദേശം ലഭിച്ചിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണു ചെക്ക് തിരിച്ചേൽപ്പിച്ചത്. അതേസമയം, സഹായവാഗ്ദാനം നൽകിക്കൊണ്ടുള്ള കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ കത്ത് കലക്ടർ വാങ്ങി. അതിഥി തൊഴിലാളികളുടെ യാത്രാ ചെലവിനായി കോൺഗ്രസ് നൽകിയ പത്ത് ലക്ഷം രൂപ എറണാകുളം ജില്ലാ കലക്ടർ എസ്. സുഹാസും കൈപ്പറ്റിയില്ല. ഡി.സി.സി. പ്രസിഡന്റ് ടി.ജെ വിനോദ് എംഎൽഎ, വൈസ് പ്രസിഡന്റുമാരായ മുഹമ്മദ് ഷിയാസ്, എം.ആർ അഭിലാഷ് എന്നിവരാണ് പത്ത് ലക്ഷം രൂപയുടെ ചെക്കുമായി ഇന്നലെ ഉച്ചയോടെ കലക്ടറേറ്റിൽ എത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP