Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202122Thursday

സ്വർണക്കടത്ത് കേസിൽ ദുരൂഹമരണം; തന്റേടമുണ്ടെങ്കിൽ അമിത് ഷാ വെളിപ്പെടുത്തണം; മറച്ചുവയ്ക്കാൻ കാരണം സിപിഎം-ബിജെപി കൂട്ടുകെട്ടെന്ന് കോൺഗ്രസ്; മുഖ്യമന്ത്രി മറുപടി പറയണമെന്ന് ചെന്നിത്തല; ചോദ്യങ്ങളല്ല ഉത്തരങ്ങളാണു ജനങ്ങൾക്കു വേണ്ടതെന്ന് ഉമ്മൻ ചാണ്ടി; എഴുതി തയ്യാറാക്കിയ തിരക്കഥയെന്ന് മുല്ലപ്പള്ളി; സിപിഎമ്മിനെയും ബിജെപിയേയും കടന്നാക്രമിച്ച് കോൺഗ്രസ് നേതാക്കൾ

സ്വർണക്കടത്ത് കേസിൽ ദുരൂഹമരണം; തന്റേടമുണ്ടെങ്കിൽ അമിത് ഷാ വെളിപ്പെടുത്തണം; മറച്ചുവയ്ക്കാൻ കാരണം സിപിഎം-ബിജെപി കൂട്ടുകെട്ടെന്ന് കോൺഗ്രസ്; മുഖ്യമന്ത്രി മറുപടി പറയണമെന്ന് ചെന്നിത്തല; ചോദ്യങ്ങളല്ല ഉത്തരങ്ങളാണു ജനങ്ങൾക്കു വേണ്ടതെന്ന് ഉമ്മൻ ചാണ്ടി; എഴുതി തയ്യാറാക്കിയ തിരക്കഥയെന്ന് മുല്ലപ്പള്ളി; സിപിഎമ്മിനെയും ബിജെപിയേയും കടന്നാക്രമിച്ച് കോൺഗ്രസ് നേതാക്കൾ

ന്യൂസ് ഡെസ്‌ക്‌

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ ദുരൂഹമരണം ഉണ്ടായിട്ടുണ്ടെങ്കിൽ തുറന്നു പറയാനുള്ള തന്റേടം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കാണിക്കണമെന്ന് കോൺഗ്രസ്. ദുരൂഹ മരണം സംബന്ധിച്ചുള്ള വാദങ്ങൾ ആർഎസ്എസും സിപിഎമ്മും തമ്മിലുള്ള രഹസ്യ ബന്ധം വെളിപ്പെടുത്തുന്നതാണ്. ഇക്കാര്യം മറച്ചുവയ്ക്കാൻ കാരണം സിപിഎം-ബിജെപി കൂട്ടുകെട്ടാണെന്നും കെപിസിസി.അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും സംയുക്തമായി നടത്തിയ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.

കൊലപാതകം നടന്നോയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. അമിത് ഷാ-പിണറായി വാക്പോര് നാടകമാണെന്നും ചെന്നിത്തല പറഞ്ഞു.

1980-ൽ കൂത്തുപറമ്പിൽ നിന്ന് പിണറായി ജനസംഘവുമായി കൈകോർത്ത് മത്സരിച്ചാണ് ജയിച്ചത്. ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരിയുമായിട്ടുള്ള രഹസ്യബന്ധം ഈ നാട്ടിലെ ജനങ്ങൾക്കറിയാം. മുഖ്യമന്ത്രിയുടെ മൂക്കിന് താഴെയുള്ള കോവളത്ത് സിപിഎമ്മിന്റെ ഓഫീസാണ് ബിജെപിയുടെതായി മാറിയത്. ആരാണ് ബിജെപിയുടെ വളർത്തിയതെന്ന് മുഖ്യമന്ത്രി മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പച്ചില കാട്ടി ആടിനെ കൊണ്ടുപോകുന്നത് പോലെയാണ് കോൺഗ്രസിനെ ബിജെപി കൊണ്ടുപോകുന്നത് എന്ന് പ്രസ്താവന പിണറായി വിജയൻ നടത്തി. ഇതുപോലൊരു നാണം കെട്ട പ്രസ്താവന പിണറായിക്കല്ലാതെ ആർക്കും നടത്താനാവില്ല. മലർന്നുകിടന്ന് തുപ്പുകയാണ് അദ്ദേഹം. കോൺഗ്രസിന് ഒരിക്കലും ഹിന്ദുമഹാ സംഘവുമായി, ജനസംഘവുമായിട്ടൊന്നും ബന്ധമുണ്ടായിട്ടില്ലെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു.

ലാവലിൻ കേസ് 26 തവണ മാറ്റിവെച്ചത് എന്തുകൊണ്ടാണെന്നും സ്വർണക്കടത്ത് കേസ് ഇഴയുന്നത് എന്തുകൊണ്ടണെന്നും ഇപ്പോൾ വ്യക്തമാകുന്നുണ്ടെന്നും ചെന്നിത്തല പറഞ്ഞു. പരസ്പരമുള്ള ചോദ്യങ്ങളല്ല ഉത്തരങ്ങളാണു ജനങ്ങൾക്കു വേണ്ടതെന്ന് ഉമ്മൻ ചാണ്ടി വ്യക്തമാക്കി.

ജനങ്ങൾക്കിടയിൽ സി പി എമ്മും ബിജെപിയും പുകമറ സൃഷ്ടിക്കുന്നുവെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിച്ചു. മുഖ്യമന്ത്രി മലർന്ന് കിടന്ന് മേലോട്ട് തുപ്പുകയാണ്. പിണറായിയുടേയും അമിത്ഷായുടേയും പ്രസംഗങ്ങൾ എഴുതി തയ്യാറാക്കിയ തിരക്കഥയാണെന്നും മുല്ലപ്പള്ളി ആരോപിച്ചു.

കോവളത്തെ സി പി എം ഓഫീസ് ബിജെപി ഓഫീസ് ആയതിൽ മുഖ്യമന്ത്രി ഉത്തരം പറയണം. കോൺഗ്രസ് മുക്ത കേരളമാണ് ബിജെപിയും സി പി എമ്മും ലക്ഷ്യമിടുന്നത്. ശംഖുംമുഖത്ത് ഞാൻ പ്രസംഗിക്കാം, പിറ്റേ ദിവസം താങ്കൾ ഒരു വലിയ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കണമെന്ന് അമിത് ഷാ പിണറായിയോട് പറഞ്ഞതായും മുല്ലപ്പള്ളി ആരോപിച്ചു.

ആളുകളെ കബളിപ്പിക്കാനാണ് അമിത് ഷായും പിണറായിയും നാടകം നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. എന്തുകൊണ്ട് സ്വർണക്കടത്ത് അന്വേഷണം മുന്നോട്ടുപോകുന്നില്ലെന്ന് അമിത് ഷാ പറയണം. അമിത് ഷാ മാലാഖ ചമയേണ്ട. അദ്ദേഹത്തിന്റെ ഗിരി പ്രസംഗമൊന്നും കേരളത്തിൽ ചെലവാകാൻ പോകുന്നില്ലെന്നും ചെന്നിത്തല ആരോപിച്ചു.

അവസരവാദികൾ കോൺഗ്രസ് വിട്ടുപോകും. അത് വടവൃക്ഷത്തിലെ ഇലകൾ കൊഴിയും പോലെയാണ്. നേമത്ത് ഏറ്റവും ശക്തനായ സ്ഥാനാർത്ഥിയെ കോൺഗ്രസ് നിർത്തുമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

അഭിപ്രായ സർവേകൾ സ്വാധീനങ്ങൾക്ക് വഴങ്ങിയാണ് നടത്തുന്നത്. അതിൽ കോൺഗ്രസിന് വിശ്വാസമില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഷാഫി പറമ്പിൽ പാലക്കാട് തന്നെ മത്സരിക്കും. കെ പി സി സി അദ്ധ്യക്ഷൻ മത്സരിക്കില്ല. എം പിമാർക്ക് ഇളവ് നൽകാൻ തീരുമാനിച്ചിട്ടില്ലെന്നും നേതാക്കൾ മാധ്യമങ്ങളോട് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP