Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202121Wednesday

സ്‌ക്രീനിങ് കഴിഞ്ഞ് കോൺഗ്രസിന്റെ ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക ഡൽഹിയിലെത്തി; മാനദണ്ഡങ്ങൾ പലതും കൊണ്ടുവന്നെങ്കിലും അവസാന ഘട്ടത്തിൽ മേൽക്കൈ ഗ്രൂപ്പു സ്ഥാനാർത്ഥികൾക്ക് തന്നെ; ബുധനാഴ്ച ആദ്യഘട്ട പ്രഖ്യാപനം; കെ.സി വേണുഗോപാൽ ഗ്രൂപ്പ് മേൽക്കൈ നേടുമോ എന്നതിൽ അസ്വസ്ഥരായി ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും

സ്‌ക്രീനിങ് കഴിഞ്ഞ് കോൺഗ്രസിന്റെ ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക ഡൽഹിയിലെത്തി; മാനദണ്ഡങ്ങൾ പലതും കൊണ്ടുവന്നെങ്കിലും അവസാന ഘട്ടത്തിൽ മേൽക്കൈ ഗ്രൂപ്പു സ്ഥാനാർത്ഥികൾക്ക് തന്നെ; ബുധനാഴ്ച ആദ്യഘട്ട പ്രഖ്യാപനം;  കെ.സി വേണുഗോപാൽ ഗ്രൂപ്പ് മേൽക്കൈ നേടുമോ എന്നതിൽ അസ്വസ്ഥരായി ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കോൺഗ്രസിന്റെ സ്ഥാനാർത്ഥി നിർണായം അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കയാണ്. നിലവിൽ സിറ്റിങ് എംഎൽഎമാരിൽ കെസി ജോസഫ് ഒഴികെ എല്ലാവരും മത്സരിക്കുമെന്ന് ഉറപ്പാണ്. ഇത് കൂടാതെ പുതുമുഖങ്ങളെ പട്ടികയിൽ കൂടുതൽ ഉൾപ്പെടുത്താനാണ് ഹൈക്കമാൻഡ് ഒരുങ്ങുന്നത്. ഈ സാഹചര്യത്തിൽ സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നതിനു ഹൈക്കമാൻഡുമായുള്ള ചർച്ചയ്ക്കായി സംസ്ഥാന നേതാക്കൾ ഡൽഹിയിൽ. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർ ഇന്നലെ ഇവിടെയെത്തി.

ഉമ്മൻ ചാണ്ടി ഇന്നു രാവിലെ എത്തും. സ്ഥാനാർത്ഥികളെ നിശ്ചയിക്കാനുള്ള യോഗം പിന്നാലെ ചേരും. സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി താരിഖ് അൻവർ എന്നിവരുമായും സംഘം കൂടിക്കാഴ്ച നടത്തും. തിരുവനന്തപുരത്തു ചേർന്ന തിരഞ്ഞെടുപ്പ് സ്‌ക്രീനിങ് കമ്മിറ്റിയുടെ തുടർയോഗങ്ങളും നടക്കും. സ്ഥാനാർത്ഥി പട്ടികയ്ക്കു രൂപം നൽകിയ ശേഷം അംഗീകാരത്തിനായി കേന്ദ്ര തിരഞ്ഞെടുപ്പു സമിതിക്കു കൈമാറും. എ.കെ. ആന്റണിയെ ഇന്നലെ സന്ദർശിച്ച മുല്ലപ്പള്ളി, സ്ഥാനാർത്ഥി നിർണയത്തിന്റെ പുരോഗതി വിശദീകരിച്ചു.

കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർത്ഥിപ്പട്ടിക ബുധനാഴ്ച പ്രഖ്യാപിച്ചേക്കുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന സൂചന. എംപിമാരെ സ്ഥാനാർത്ഥികളായി പരിഗണിക്കുന്നില്ലെന്ന് ഹൈക്കമാൻഡ് പ്രതിനിധി താരിഖ് അൻവർ വ്യക്തമാക്കി. സിറ്റിങ് സീറ്റുകളുൾപ്പെടെ മുപ്പതോളം മണ്ഡലങ്ങളിൽ ഒറ്റപ്പേരാണുള്ളത്. മറ്റിടങ്ങളിൽ രണ്ട് മുതൽ പത്തിലേറെപ്പേർ വരെ പട്ടികയിലുണ്ട്. അതുമായി നേതാക്കൾ ഡൽഹിക്ക് തിരിച്ചിരിക്കുന്നത്. വിജയസാധ്യതയാണ് മാനദണ്ഡമെന്ന് പറയുമ്പോഴും ഗ്രൂപ്പുകൾ തന്നെയാണ് വീതംവെച്ചിരിക്കുന്നതെന്ന ആക്ഷേപവും നിലനിൽക്കുന്നുണ്ട്.

ഇതിനിടെ എംപിമാർ മൽസരിക്കുമെന്ന അഭ്യൂഹം വീണ്ടും ഉയർന്നെങ്കിലും കേരളത്തിന്റെ ചുമതലയുള്ള താരിഖ് അൻവർ നിഷേധിച്ചു. കെപിസിസി പ്രസിഡന്റ് മൽസരിക്കുമോയെന്ന് ഡൽഹിയിലെ ചർച്ചയിൽ അദേഹം തന്നെ പറയുമെന്നാണ് മറുപടി. സ്ഥാനാർത്ഥി പട്ടികയിൽ കെ.സി വേണുഗോപാൽ ഏതു രീതിയിൽ ഇടപെടുമെന്ന ആശങ്കയിലാണ് ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും അടക്കമുള്ള നേതാക്കൾ.

സ്‌ക്രീനിങ് കമ്മിറ്റി യോഗത്തിന് ശേഷം സ്ഥാനാർത്ഥി പട്ടികയുമായി നേതാക്കളെല്ലാം ഡൽഹിയിൽ എത്തിക്കഴിഞ്ഞു. ഡൽഹിയിലെ ചർച്ചക്ക് ശേഷം കെ.സി ഗ്രൂപ്പിലെ എത്ര പേർ പട്ടികയിൽ കയറിക്കൂടുമെന്നാണ് നേതാക്കളും അണികളും ഉറ്റുനോക്കുന്നത്. എ.ഐ.സി.സി അംഗീകാരം നൽകുന്ന സ്ഥാനാർത്ഥി പട്ടികയുടെ സ്വഭാവം നോക്കിയാവും കെ.സി വേണുഗോപാലിനോടുള്ള ഉമ്മൻ ചാണ്ടി, ചെന്നിത്തല ഗ്രൂപ്പുകളുടെ സമീപനം രൂപപ്പെടുക.

കെപിസിസി ഭാരവാഹികളെയും ഡി.സി.സി പ്രസിഡന്റുമാരെയും നിശ്ചയിച്ച ഘട്ടങ്ങളിലെല്ലാം കെ.സി വേണുഗോപാൽ അപ്രതീക്ഷിതമായി ഇടപെടുകയും എ, ഐ ഗ്രൂപ്പുകളിലൊന്നും പെടാത്ത ചിലർക്ക് പദവി ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്. ശക്തമായ എതിർപ്പ് അവഗണിച്ചും തൃശൂർ ഡി.സി.സി പ്രസിഡന്റായി എംപി വിൻസെന്റിനെ നിയമിച്ചത് ഒരു ഉദാഹരണം. സ്ഥാനാർത്ഥി നിർണയത്തിൽ ഗ്രൂപ്പ് ഇടപെടലുണ്ടാകില്ലെന്നാണ് പുറമേക്ക് എല്ലാ നേതാക്കളും പറയുന്നതെങ്കിലും സീറ്റുകൾ തീരുമാനിക്കുന്ന ഘട്ടമെത്തിയപ്പോഴേക്കും ഗ്രൂപ്പ് തലപൊക്കിക്കഴിഞ്ഞു. സീറ്റ് ലക്ഷ്യമിടുന്ന ചിലരെങ്കിലും ഐ, എ ഗ്രൂപ്പുകൾ വിട്ട് കെ.സി ഗ്രൂപ്പിൽ ചേർന്നിട്ടുണ്ട്. കേരളത്തിന്റെ ചാർജുള്ള എ.ഐ.സി.സി സെക്രട്ടറിമാരും താരീഖ് അൻവറും വി എം സുധീരനെ കണ്ടപ്പോൾ സ്ഥാനാർത്ഥിപ്പട്ടികയിലെ ഇടപെടലിൽ ആശങ്ക പ്രകടിപ്പിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് നടന്ന ചില കോൺഗ്രസ് പരിപാടികളിൽ പാർട്ടിയിലെ ഗ്രൂപ്പിനെതിരെ കെ.സി വേണുഗോപാൽ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. എന്നാൽ ഐ, എ ഗ്രൂപ്പിലുള്ള പലരും കെ.സി ഗ്രൂപ്പായി മാറുന്ന കാഴ്ചയാണ് പിന്നെ കണ്ടത്. ടി.എൻ പ്രതാപൻ അടക്കമുള്ള ചിലർ പ്രഖ്യാപിത കെ.സി ഗ്രൂപ്പായി മാറിയെന്ന് മാത്രമല്ല, കെ.സി ഗ്രൂപ്പിലേക്ക് ആളെ ചേർക്കുന്ന ദൗത്യത്തിലുമാണ്. എ, ഐ ഗ്രൂപ്പുകൾക്ക് സമാന്തരമായി സംസ്ഥാന തലത്തിൽ വ്യവസ്ഥാപിതമായി കെ.സി ഗ്രൂപ്പ് സംഘടിപ്പിക്കുന്ന ജോലി ഈ തെരഞ്ഞെടുപ്പ് കാലത്ത് സജീവമായി നടക്കുന്നുണ്ട്. ഐ ഗ്രൂപ്പിലുള്ള ചില സ്ഥാനാർത്ഥി മോഹികളെങ്കിലും കെ.സി ഗ്രൂപ്പിലും കാലുവെച്ച് നിൽക്കുന്നതിൽ രമേശ് ചെന്നിത്തല അസ്വസ്ഥനാണ്.

രാഹുൽ ഗാന്ധിയുടെ എല്ലാ കേരള സന്ദർശനത്തിലും ആദ്യാവസാനം അനുഗമിക്കുന്ന കെ.സി വേണുഗോപാൽ മറ്റു നേതാക്കൾക്ക് രാഹുലുമായി ഇടപെടാൻ അവസരം പോലും നൽകുന്നില്ലെന്ന ആക്ഷേപവുമുണ്ട്. സംഘടനാ ചുതമലയുള്ള ജനറൽ സെക്രട്ടറി രാഹുൽ ഗാന്ധിയുടെ പേഴ്‌സണൽ സ്റ്റാഫ് ആയി മാറുന്നുവെന്ന വിമർശനം പോലും നേതാക്കൾ ഉയർത്തുന്നു. ഗോവ മുതൽ പുതുച്ചേരി വരെയുള്ള സംസ്ഥാനങ്ങളിൽ കോൺഗ്രസ് ഭരണം അട്ടിമറിക്കപ്പെടാൻ കാരണമായ സംഘടനാ ദൗർബല്യത്തിന് കെ.സി വേണുഗോപാലും ഉത്തരവാദിയാണ്.

ഹൈക്കമാൻഡിനോട് ഇടഞ്ഞു നിൽക്കുന്ന 23 അംഗ തിരുത്തൽ വാദി സംഘവും കെ.സി വേണുഗോപാലിനെ ശത്രുപട്ടികയിൽ പെടുത്തിയിട്ടുണ്ട്. സംഘടനാ ചുതമലയുള്ള ജനറൽ സെക്രട്ടറി സംഘടനാ ദൗർബല്യങ്ങളുടെ ഉത്തരവാദിത്തം ഏൽക്കണമെന്നാണ് തിരുത്തൽവാദി സംഘത്തിന്റെ നിലപാട്. കേരളത്തിന്റെ പട്ടിക പുറത്തു വരുമ്പോൾ കെ.സി വേണുഗോപാൽ ഒരിക്കൽ കൂടി ശ്രദ്ധാകേന്ദ്രമാകും.

അതിനിടെ കെപിസിസി ജനറൽ സെക്രട്ടറി വിജയൻ തോമസ് കോൺഗ്രസിൽനിന്നു രാജിവച്ചു. നേമത്ത് മത്സരിക്കണമെന്ന ആവശ്യം അംഗീകരിക്കപ്പെടാത്തതാണു രാജിക്കു കാരണം. നേമത്ത് ബിജെപിയുമായി കോൺഗ്രസ് വീണ്ടും ധാരണയിലെത്തിയെന്നും കോൺഗ്രസിനെ തിരുത്താനാണു രാജിയെന്നും അദ്ദേഹം പറഞ്ഞു. ഭാവി പരിപാടി ഇന്നു പ്രഖ്യാപിക്കുമെന്നു കെടിഡിസി മുൻ ചെയർമാൻ കൂടിയായ വിജയൻ തോമസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP