Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മേൽക്കോയ്മയ്ക്ക് ശ്രമിക്കാതെ പ്രതിപക്ഷ സഖ്യത്തിന് കോൺഗ്രസ് പിന്തുണ നൽകണം; ഭൂരിപക്ഷമില്ലാതെ മുത്തലാഖ്, കശ്മീർ, പൗരത്വ നിയമഭേദഗതി ബില്ലുകൾ ബിജെപി പാസാക്കിയത് മറക്കരുത്; അധ്യക്ഷൻ പോലുമില്ലാത്ത ആഭ്യന്തര സംഘടനാ സംവിധാനവും ദോഷം ചെയ്യും; രാജ്യസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോൺഗ്രസ് രാഷ്ട്രീയ പാഠങ്ങൾ ഉൾക്കൊള്ളണമെന്ന് വർഗീസ് ജോർജ് മറുനാടനോട്

മേൽക്കോയ്മയ്ക്ക് ശ്രമിക്കാതെ പ്രതിപക്ഷ സഖ്യത്തിന് കോൺഗ്രസ് പിന്തുണ നൽകണം; ഭൂരിപക്ഷമില്ലാതെ മുത്തലാഖ്, കശ്മീർ, പൗരത്വ നിയമഭേദഗതി ബില്ലുകൾ ബിജെപി പാസാക്കിയത് മറക്കരുത്; അധ്യക്ഷൻ പോലുമില്ലാത്ത ആഭ്യന്തര സംഘടനാ സംവിധാനവും ദോഷം ചെയ്യും; രാജ്യസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ  കോൺഗ്രസ് രാഷ്ട്രീയ  പാഠങ്ങൾ ഉൾക്കൊള്ളണമെന്ന്  വർഗീസ് ജോർജ് മറുനാടനോട്

എം മനോജ് കുമാർ

 തിരുവനന്തപുരം: രാജ്യസഭാ തിരഞ്ഞെടുപ്പ് സമാഗതമായതോടെ ഒരിടവേളയ്ക്ക് ശേഷം ഈ കൊറോണ കാലത്ത് ദേശീയ രാഷ്ട്രീയം ചൂട് പിടിക്കുകയാണ്. ഈ മാസം 19 നാണ് രാജ്യസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ എംഎൽഎമാരെ ചാക്കിലാക്കി കൂടുതൽ രാജ്യസഭാ സീറ്റിനു ശ്രമിച്ച് ബിജെപി പണക്കൊഴുപ്പ് രാഷ്ട്രീയം പയറ്റുമ്പോൾ റിസോർട്ട് രാഷ്ട്രീയം കളിച്ച് സ്വന്തം കരുക്കളെ ഭദ്രമാക്കാനുള്ള നീക്കങ്ങളാണ് കോൺഗ്രസ് ശ്രമിക്കുന്നത്. തങ്ങളുടെ എംഎൽഎമാർ മറുകണ്ടം ചാടാതിരിക്കാൻ സമ്മർദ്ദതന്ത്രങ്ങളും ഭീഷണിയുമായി പ്രാദേശിക കക്ഷികളും രംഗത്തുണ്ട്. രാജ്യസഭയിലെ ഭൂരിപക്ഷം ഉറപ്പിക്കാനുള്ള ശ്രമങ്ങളാണ് ബിജെപി നടത്തുന്നത്. മുത്തലാഖ്, കാശ്മീർ, പൗരത്വ നിയമഭേദഗതി ബിൽ രാജ്യസഭയിൽ വന്നപ്പോഴുള്ള അവസ്ഥാ വിശേഷം മനസിലാക്കിയാണ് ബിജെപി സംസ്ഥാനങ്ങളിൽ നിന്നും കൂടുതൽ രാജ്യസഭാ എംപിമാർക്ക് ശ്രമം നടത്തുന്നത്. അവർ പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത് കോൺഗ്രസ് എംഎൽഎമാരെ തന്നെയാണ്.

ഗുജറാത്തിൽ ബിജെപി ഭീഷണി ഭയന്ന് ഒപ്പമുള്ള 65 എംഎൽഎമാരെയാണ് റിസോർട്ടുകളിലേക്ക് മാറ്റാൻ കോൺഗ്രസ് തീരുമാനിച്ചത്. രാജ്യസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ 8 കോൺഗ്രസ് എംഎൽഎമാരാണ് കോൺഗ്രസിൽ നിന്നും രാജിവച്ചത്. ഇതോടെ ഗുജറാത്തിൽ നിന്നും നാല് രാജ്യസഭാ സീറ്റുകളിൽ രണ്ടെണ്ണത്തിൽ ജയിക്കാമെന്ന് കോൺഗ്രസ് പ്രതീക്ഷ ഏറെക്കുറെ അസ്തമിക്കുകയാണ്. സ്ഥിതിഗതികൾ ഇങ്ങനെയിരിക്കെയാണ് ദേശീയ രാഷ്ട്രീയത്തിൽ മേൽക്കോയ്മയ്ക്ക് കോൺഗ്രസ് ശ്രമം നടത്തരുത് എന്ന ആവശ്യവുമായി എൽജെഡി അഖിലേന്ത്യാ ജനറൽ സെക്രട്ടറി വർഗീസ് ജോർജ് രംഗത്ത് വരുന്നത്.

മുന്നോട്ടുള്ള രാഷ്ട്രീയ നീക്കങ്ങളിൽ കമ്മ്യൂണിസ്റ്റ്-സോഷ്യലിസ്റ്റ്-പ്രാദേശിക പാർട്ടി സഖ്യമുണ്ടാക്കി ആ സഖ്യത്തിന് കോൺഗ്രസ് പിന്തുണ നൽകണം എന്നാണ് വർഗീസ് ജോർജ് ആവശ്യപ്പെടുന്നത്. കോൺഗ്രസ് ആഭ്യന്തര സംഘടനാ സംവിധാനം ദുർബലമായ സാഹചര്യത്തിൽ, കോൺഗ്രസ് എംഎൽഎമാർ ചാഞ്ചാട്ടം കാണിക്കുന്ന സാഹചര്യത്തിൽ ഇത്തരം ചാഞ്ചാട്ടം കാണിക്കാത്ത കമ്മ്യൂണിസ്റ്റ്-സോഷ്യലിസ്റ്റ്-പ്രാദേശിക സഖ്യങ്ങൾക്ക് കോൺഗ്രസ് പിന്തുണ നൽകുകയാണ് വേണ്ടത് എന്ന് വർഗീസ് ജോർജ് മറുനാടനോട് പറഞ്ഞു. കോൺഗ്രസ് അധ്യക്ഷനായി നിയോഗിക്കപ്പെട്ട രാഹുൽ ഗാന്ധി സ്ഥാനം ഏറ്റെടുക്കണമെന്ന് അഭ്യർത്ഥിച്ച് കോൺഗ്രസ് നേതാക്കൾ അദ്ദേഹത്തിനു പിന്നാലെ നടക്കുകയാണ്. യാതൊരു കാരണവശാലും നേതൃത്വം ഏറ്റെടുക്കില്ലെന്ന് പറഞ്ഞു അദ്ദേഹം ഒഴിഞ്ഞുമാറുകയാണ്. അത്തരം ഒരു പാർട്ടിയെ എങ്ങനെ പ്രതിപക്ഷ നേതൃസ്ഥാനത്ത് അവരോധിക്കാൻ കഴിയും. ഇത്തരം ഒരു നീക്കവുമായി മുന്നോട്ട് പോകാൻ ഇന്ത്യയിലെ പ്രതിപക്ഷ കക്ഷികൾക്ക് സാധിക്കുകയില്ലെന്നും വർഗീസ് ജോർജ് പറയുന്നു.

രാജ്യസഭയിലിപ്പോൾ ബിജെപിക്ക് ഭൂരിപക്ഷമില്ല. എന്നിട്ടും മുത്തലാഖ്, കാശ്മീർ, പൗരത്വ നിയമഭേദഗതി ബിൽ എന്നിവ രാജ്യസഭയിൽ അനായാസം പാസാക്കാൻ സാധിച്ചു. ഇത് മുഖപ്രതിപക്ഷമായ കോൺഗ്രസിന്റെ ഉദാസീനത കൊണ്ട് സംഭവിച്ചതാണ്. കോൺഗ്രസിന് രാജ്യസഭയിൽ വിപ്പ് കൊടുക്കാൻ തന്നെ പലപ്പോഴും സാധിക്കുന്നില്ല. കോൺഗ്രസ് പാർലമെന്റ് അംഗങ്ങൾ പരസ്പരവിരുദ്ധമായി സംസാരിക്കുകയും ചെയ്തു. കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിന് കശ്മീർ ബിൽ സമയത്താണ് കോൺഗ്രസ് ചീഫ് വിപ്പ് അസമിൽ നിന്നുള്ള ഭുബനേശ്വർ കലിത രാജ്യസഭയിൽ നിന്നുള്ള രാജി പ്രഖ്യാപിക്കുന്നത്. ഇപ്പോൾ അദ്ദേഹം ബിജെപി രാജ്യസഭാംഗമായി തന്നെ തിരികെ എത്തുകയും ചെയ്തിട്ടുണ്ട്. ബിജെപിക്ക് സഖ്യ കക്ഷികളുടെ പിന്തുണയുണ്ടെങ്കിലും രാജ്യസഭയിൽ ഭൂരിപക്ഷമില്ല. അതുകൊണ്ട് ജൂൺ പത്തൊമ്പതിനു നടക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ എന്ത് വിലകൊടുത്തും ഭൂരിപക്ഷം ഉണ്ടാക്കാനാണ് പരിശ്രമിക്കുക. അതിനു അവർ ലക്ഷ്യമിട്ടിരിക്കുന്നത് കോൺഗ്രസ് എംഎൽഎമാരെയാണ്. ഈ സാഹചര്യത്തിൽ കോൺഗ്രസ് ഉത്തരവാദിത്തമുള്ള പ്രതിപക്ഷം എന്ന നിലയിൽ ഉണർന്നു പ്രവർത്തിക്കണം.

ഈ വർഷം കർണ്ണാടകത്തിൽ പതിനഞ്ച്, മധ്യപ്രദേശിൽ ഇരുപത്തിനാല്, ഗുജറാത്തിൽ നാല്, ഉത്തർപ്രദേശിൽ ഒന്ന് എന്നിങ്ങനെ കോൺഗ്രസ് എംഎൽഎമാർ ബിജെപിലേക്ക് കൂറുമാറിയതോടെ ഇരുപത്തി രണ്ടു പ്രതിപക്ഷ പാർട്ടികളുടെ പിന്തുണയുണ്ടായിരുന്ന കോൺഗ്രസിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടു. ഇതിനു പ്രധാനപ്പെട്ട കാരണം കോൺഗ്രസിന് അധ്യക്ഷൻ പോലുമില്ലാത്ത ആഭ്യന്തര സംഘടനാ സംവിധാനമാണ്. ലോക്‌സഭയിൽ കശ്മീർ ബിൽ അവതരിപ്പിച്ചപ്പോൾ രാജ്യസഭയിലെ കോൺഗ്രസിന്റെ ചീഫ് വിപ്പ് ഭുവനേശ്വർ കലിത രാജിവെച്ച് ബിജെപി രാജ്യസഭാ അംഗമായി തിരികെ വന്നിരിക്കുന്നു. ഈ സാഹചര്യത്തിൽ ബിജെപിക്ക് ബദൽ കോൺഗ്രസ് ആണെന്ന തോന്നൽ ആ വിശ്വാസ്യത മുഴുവൻ നഷ്ടമായിരിക്കുന്നു. പ്രത്യേകിച്ചും ഈ കൊറോണ കാലത്ത് ബിജെപി സംസ്ഥാന സർക്കാരുകൾക്ക് ബദൽ ആയി പദ്ധതികൾ ആവിഷ്‌ക്കരിക്കാൻ കോൺഗ്രസ് സർക്കാരുകൾക്ക് സാധിച്ചില്ല.

കുടിയേറ്റ തൊഴിലാളികളെ തിരിച്ചയക്കുന്നതിനോ അവരെ ഭദ്രമായി നാട്ടിലേക്ക് തിരികെ എത്തിക്കുന്നതിനോ, കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ കോവിഡ് ലക്ഷണങ്ങൾ ഉള്ളവർക്ക് സൗജന്യ ചികിത്സ ഉറപ്പാക്കാനോ സൗജന്യ ഭക്ഷണം ഉറപ്പാക്കാനോ കോൺഗ്രസ് ഗവണ്മെന്റുകൾ ശ്രദ്ധിച്ചില്ല. ഇതിന്റെ ഫലമായി സംഘടനാപരമായും നയപരമായും കോൺഗ്രസ് ബദൽ എന്ന വിശ്വാസ്യത നഷ്ടമായി. എന്നാൽ ഇടത് പക്ഷ പാർട്ടി ഭരിക്കുന്ന കേരളത്തിൽ ബിജെപിയെ ഫലപ്രദമായി തടഞ്ഞു നിർത്തുന്നു എന്ന് മാത്രമല്ല കോവിഡ് കാലത്ത് ലോകത്തിനു തന്നെ മാതൃകയായി ബദൽ നയപരിപാടികളുമായി രംഗത്ത് വരാനും കഴിഞ്ഞു.

കേരളത്തിലെ കോൺഗ്രസ് ആവട്ടെ പെട്രോൾ വില വർധനവ്, പാചക വാതക വില വർധനവ്, സ്വകാര്യവത്ക്കരണം എന്നിവയ്ക്ക് എതിരെ ഒന്നും സംസാരിക്കാതെ നിലവിലെ ഇടത് പക്ഷ സർക്കാരിനെതിരെയുള്ള പ്രക്ഷോഭങ്ങളുമായി മുന്നോട്ട് പോയി. ഈ സങ്കീർണ്ണമായ സാഹചര്യത്തിലാണ് ജൂൺ 19 നു രാജ്യസഭാ തിരഞ്ഞെടുപ്പുകൾ വീണ്ടും വരുന്നത്. റായ്ബറേലിയിൽ കോൺഗ്രസ് എംഎൽഎപോലും ബിജെപിയിലേക്ക് മാറിക്കഴിഞ്ഞു. നിലവിലെ സാഹചര്യത്തിൽ കോൺഗ്രസ് നേതൃത്വവുമായി മുന്നോട്ടു പോയാൽ രാജ്യത്തെ പ്രതിപക്ഷ സംവിധാനം വീണ്ടും ദുർബലമാകും. അതുകൊണ്ട് മുൻപ് മൂന്നു തവണ സംഭവിച്ച പോലെ കമ്മ്യൂണിസ്റ്റ്-സോഷ്യലിസ്റ്റ്-പ്രാദേശിക പാർട്ടി സഖ്യമുണ്ടാക്കി ആ സഖ്യത്തിന് കോൺഗ്രസ് പിന്തുണ നൽകുകയാണ് വേണ്ടത്.

ദേവഗൗഡ, വി.പി.സിങ്, ഗുജ്‌റാൾ എന്നിങ്ങനെയാണ് കോൺഗ്രസ് പിന്തുണയോടെ വന്ന സർക്കാരുകൾ. പക്ഷെ ഈ മൂന്നു തവണയും സർക്കാരുകളെ ഭരിക്കാൻ കോൺഗ്രസ് അനുവദിച്ചില്ല. സ്വന്തം ജനപിന്തുണ നഷ്ടമാകുമെന്ന് കണ്ടു ഈ മൂന്നു സർക്കാരുകളെയും കോൺഗ്രസ് വലിച്ചു താഴെയിട്ടു. ഈ സാഹചര്യത്തിലാണ് ബിജെപി ഉയർന്നു വന്നത്. കോൺഗ്രസ് ആഭ്യന്തര സംഘടനാ സംവിധാനം ദുർബലമായ സാഹചര്യത്തിൽ കോൺഗ്രസ് എംഎൽഎമാർ ചാഞ്ചാട്ടം കാണിക്കുന്ന സാഹചര്യത്തിൽ ഇത്തരം ചാഞ്ചാട്ടം കാണിക്കാത്ത കമ്മ്യൂണിസ്റ്റ്-സോഷ്യലിസ്റ്റ്-പ്രാദേശിക സഖ്യങ്ങൾക്ക് കോൺഗ്രസ് പിന്തുണ നൽകണം.ബീഹാറിൽ തിരഞ്ഞെടുപ്പ് വരുമ്പോൾ കോൺഗ്രസ് ഒരു ജൂനിയർ പാർട്ണർ മാത്രമാകും. മുന്നണിയിൽ കോൺഗ്രസിന് സ്ഥാനമുണ്ടാകും. പക്ഷെ നയിക്കുക സോഷ്യലിസ്റ്റ് കക്ഷികൾ ആകും. ബീഹാറിൽ മുന്നണികൾ കമ്യൂണിസ്റ്റ് പാർട്ടികളെ കൂടി ഉൾക്കൊള്ളിക്കണമെന്നും വർഗീസ് ജോർജ് ആവശ്യപ്പെടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP